വാർത്ത: പി.പി. ചെറിയാൻ
വാഷിങ്ടൻ ഡിസി ∙ ക്ലൈമറ്റ് പോളസി ആന്റ് ഇനവേഷൻ സീനിയർ അഡ്‌വൈസറായി ഇന്ത്യൻ അമേരിക്കൻ വംശജയും എനർജി എക്സ്പേർട്ടുമായ സോണിയാ അഗർവാളിനെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റു ചെയ്തു. ജനുവരി 14 വ്യാഴാഴ്ചയാണ് ബൈഡൻ അഡ്മിനിസ്ട്രേഷനിലെ ഏറ്റവും പുതിയ നിയമനം പ്രഖ്യാപിച്ചത്. ഗ്ലോബൽ റിസേർച്ച് അറ്റ് ക്ലൈമറ്റ് വർക്ക്സ് ഫൗണ്ടേഷനിലും അമേരിക്കൻ എനർജി ഇന്നവേഷൻ കൗൺസിലും സോണിയ അഗർവാൾ പ്രവർത്തിച്ചിരുന്നു.
ഒഹായോയിൽ ജനിച്ചു വളർന്ന അഗർവാൾ സിവിൽ എൻജിനീയറിംഗിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബൈഡൻ – ഹാരിസ് ഭരണത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജർ നിരവധിയാണ്. സുപ്രധാനമായ നാഷണൽ സെകൂരിറ്റി കൗൺസിലിൽ തരുൺ ചമ്പ്ര, സുമോന്ന ഗുഹ, ശാന്തി കളത്തിൽ എന്നിവരുടെ നിയമനം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതോടൊപ്പം നാഷണൽ എക്കണമോക്ക് കൗൺസിൽ ഡപൂട്ടി ഡയറക്ടർ തസ്തികയിൽ ഭരത് രാമമൂർത്തിയേയും ബൈഡൻ– ഹാരിസ് ടീം നിയമിച്ചിട്ടുണ്ട്.
