വാഷിംഗ്ടണ്‍ ഡി.സി: നാല് മാസം മുമ്പ് ഹെല്‍ത്ത് സെക്രട്ടറിയായി ബൈഡന്‍ നോമിനേറ്റ് ചെയ്ത സേവ്യര്‍ ബസേറയുടെ നിയമനം നേരിയ ഭൂരിപക്ഷത്തിന് യു.എസ്. സെനറ്റ് അംഗീകരിച്ചു.
മാര്‍ച്ച് 18 വ്യാഴാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 49 നെതിരെ 50 വോട്ടുകള്‍ നേടിയാണ് സേവ്യര്‍ ജയിച്ചത്.
ട്രമ്പ് ഭരണകൂടം കൊണ്ടുവന്ന നിരവധി ആരോഗ്യ സംരക്ഷണ പദ്ധതികള്‍ റദ്ദാക്കിയത് റിപ്പബ്ലിക്കന്‍ അംഗങ്ങളെ പ്രകോപിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റരായ മയിനില്‍ നിന്നുള്ള സൂസന്‍ കോളിന്‍സ് ഡെമോക്രാറ്റിക് സെനറ്റര്‍മാരോടൊപ്പം വോട്ടു ചെയ്തു.
കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആകുന്നതിനു മുമ്പു രണ്ടു പതിറ്റാണ്ടോളം യു.എസ്. ഹൗസില്‍ അംഗമായിരുന്നു. ഫെഡറല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി നിയമിക്കപ്പെടുന്ന ആദ്യ ലറ്റിനൊയാണ് സേവ്യര്‍.
ഹെല്‍ത്ത് ഇന്‍ഡസ്ട്രിയില്‍ പരിചയ സമ്പന്നനല്ലാത്ത സേവ്യറിനെ സുപ്രാധ പോസ്റ്റില്‍ നിയമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഗര്‍ഭഛിദ്രത്തിനനുകൂലമായ നിലപാടും, മെഡിക്കെയര്‍ ഫോര്‍ ഓള്‍ എന്ന വാദഗതിയും, ബിസിനസ്സിനും, ചര്‍ച്ചുകള്‍ക്കും, പാന്‍ഡമിക്കിനെ തുടര്‍ന്ന് കാലിഫോര്‍ണിയായില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതും സേവ്യറിനെ എതിര്‍ക്കുന്നതിന് റിപ്പബ്ലിക്കന്‍ അംഗങ്ങളെ പ്രേരിപ്പിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം അവസാനിപ്പിക്കുന്നതിന് കാത്തിരിക്കുന്ന അമേരിക്കന്‍ ജനതക്കു ആവശ്യമായ ക്രിയാത്മക നിര്‍ദേശം നല്‍കുന്നതിന് ഹെല്‍ത്ത് സെക്രട്ടറിയുടെ സേവനം അടിയന്തിരമായി ലഭിക്കേണ്ടതുണ്ടെന്ന സെനറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ റോണ്‍ വിന്‍ഡന്‍ അഭിപ്രായപ്പെട്ടു.