17.1 C
New York
Thursday, December 2, 2021
Home US News *സാഷ -ജോലിയിൽ എന്നെ അത്ഭുതപ്പെടുത്തിയ കൗമാരക്കാരി*

*സാഷ -ജോലിയിൽ എന്നെ അത്ഭുതപ്പെടുത്തിയ കൗമാരക്കാരി*

ജ്യോതിസ് പോൾ, കാനഡ.

കാനഡയിലെ ചുരുങ്ങിയ കാലത്തെ ജീവിതത്തിനുള്ളിൽ തന്നെ നമ്മുടെ നാട്ടിൽ കാണാൻ കഴിയാത്ത പലതും എനിക്ക് കാണുവാൻ സാധിച്ചു. അതിൽ ഒന്നാണ് ഇവിടുത്തെ ആളുകളുടെ ജോലിയോടുള്ള മനോഭാവം. ജോലിയിൽ അജ ഗജ അന്തരമുള്ള അറബിനാട്ടിൽ നിന്നുമെത്തിയ എനിക്ക് ഇത് തികച്ചും പുതുമ തന്നെ ആയിരുന്നു. അതിൽ ഒന്നാണ് കൗമാരത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കുക എന്നുള്ളത്. അങ്ങനെ ജോലിയിൽ എത്തിയതായിരുന്നു വെറും പതിനേഴു വയസ്സുള്ള “സാഷ” എന്ന ഈ സിറിയക്കാരി പെൺകുട്ടി. അരചാൺ പൊക്കം, ഈർക്കിലിയെ തോൽപ്പിക്കുന്ന വണ്ണം, കുട്ടിത്തം മാറാത്ത മുഖം.. ജോലി ചെയ്യാനുള്ള മിനിമം ആരോഗ്യശേഷി പോലും ഉണ്ടോ എന്ന് നേരിൽ കണ്ടാൽ സംശയം തോന്നും. പക്ഷെ ഈ പെൺകുട്ടി ജോലിയിൽ അക്ഷരാർത്ഥത്തിൽ എന്നെ വിസ്മയപ്പെടുത്തി. ആഴ്ചയിൽ അഞ്ചു ദിവസവും സ്കൂളിൽ പോയിട്ടാണ് അവൾ ജോലിക്ക് എത്തുന്നത്. വീട്ടിൽ നിന്നും അര മണിക്കൂർ സ്വയം കാർ ഡ്രൈവ് ചെയ്താണ് ജോലിക്ക് വരുന്നതും പോകുന്നതും. ധാരാളം പഠിക്കാനും ഹോംവർക്കുകളും ഉള്ളതിനാൽ ജോലിയുടെ ഇടവേളകളിൽ ബുക്കും കൈയിലെടുത്തു എന്തൊക്കെയോ കുത്തിവരച്ചു എഴുതുന്നതും കാണാം.

ജോലിയിലും മിടുമിടുക്കി, ഓടിനടന്നു ജോലി ചെയ്തോളും, എത്ര വലിയ ജോലി കൊടുത്താലും “പറ്റില്ല” എന്ന വാക്ക് പറിയില്ല. ജോലി കുറഞ്ഞു പോയാൽ “ബോറടിക്കുന്നു” എന്ന് പറഞ്ഞു കൂടുതൽ ജോലിക്കായി കെഞ്ചും. വലിയ വ്യാപാര സ്ഥാപനമായതിനാൽ ഇടക്ക് അല്പം കായിക അധ്വാനമുള്ള ജോലിയും ഉണ്ട്. ഉറുമ്പ് അതിന്റെ അഞ്ചിരട്ടിയുള്ള ഭക്ഷണം ചുവന്നു കൊണ്ടുപോകൂന്നതുപോലെ ഉള്ള അവളുടെ പോക്ക് ഒന്ന് കാണേണ്ടതാണ്. കഠിനമുള്ള ജോലി അവൾ ഒറ്റക്ക് ചെയ്യുന്നത് കണ്ട് ആരെങ്കിലും സഹായിക്കാൻ തുനിഞ്ഞാൽ “വേണ്ട ഞാൻ ഒറ്റക്ക് ചെയ്തോളാം” എന്ന് കുട്ടിത്തം മാറാത്ത ആ കൊഞ്ചലോടെ പറയുന്നത് കാണാൻ ചേല് തന്നെ. ആളെ കണ്ടാൽ ഒരു പന്ത്രണ്ടു വയസ്സ് പറയും.. ഞാൻ “ബേബി സാഷ” എന്ന് വിളിക്കുമ്പോൾ ആ ദേഷ്യം ഒന്ന് കാണേണ്ടത് തന്നെ. പ്രായ കുറവുള്ളതിനാൽ പല മെഷിനുകളും അവൾക്ക് പ്രവർത്തിപ്പിക്കാൻ അനുവാദമില്ല . പക്ഷെ ഞങ്ങൾ പ്രായപൂർത്തി ആയവർക്ക് അതിനുള്ള ട്രെയിനിങ് ലഭിക്കുമ്പോൾ “എനിക്കും അത് വേണം” എന്ന് വാശി പിടിക്കും. നിനക്ക് അതിനുള്ള പ്രായം ആയിട്ടില്ല എന്ന് പറഞ്ഞാൽ “ഇതൊക്കെ എനിക്കും പറ്റും”പഠിച്ചേ തീരു എന്ന് വാശി പിടിക്കും. ഇനി അതിനു സമ്മതിച്ചില്ലേൽ മിഷ്യൻ പ്രവർത്തിപ്പിക്കാൻ ഒരു സഹായി ആയി നമ്മുടെ കൂടെ കൂടും.. നമ്മൾ അല്പം ബദ്ധിമുട്ടുള്ള ജോലി ചെയ്യുന്നതു അവൾ കണ്ടാൽ “എന്റെ ജോലി പെട്ടന്ന് തീർത്തു ഞാൻ സഹായിക്കാൻ വരാം കേട്ടോ” എന്ന് അവൾ പറയും… പഠിത്തത്തിലും ജോലിയിലും അവൾ കാണിക്കുന്ന ഉത്സാഹം എന്നെ പൂർണ്ണമായി അത്ഭുതപ്പെടുത്തി.

കാനഡയിലെ കുട്ടികളിലെ ഈ ഉത്സാഹമാണ് നമ്മൾ കണ്ടു പഠിക്കേണ്ടത്. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ധാരാളം പതിനേഴു വയസുകാർ ജോലി ചെയ്യുന്നുണ്ട്, അവരിൽ ഒരാളു മാത്രമാണ് സാഷ. ഇവിടെ മിക്ക കുട്ടികളും പതിനാറോ പതിനേഴോ വയസ്സിൽ ജോലിയിൽ പ്രവേശിക്കും. ശേഷം പഠിത്തവും ജോലിയും ഒന്നിച്ചു കൊണ്ടുപോകും, അങ്ങനെ മാതാപിതാക്കളെ ആശ്രയിക്കാതെ എല്ലാ ചിലവുകളും സ്വയം നോക്കും.. പിന്നെ മറ്റൊരു കാര്യം ആൺ പെൺ വേർതിരിവ് ഒന്നുമില്ല എന്നുള്ളതാണ്… ആണുങ്ങൾ ചെയ്യുന്ന എല്ലാ ജോലിയും പെണ്ണുങ്ങളും ചെയ്യും.. മൂന്നാമത് ഒരു കാര്യം ജോലിയിലെ ഉച്ചനീചത്വം ഇവിടെ ഇല്ല എന്നുള്ളതാണ് . സ്ഥാപനത്തിലെ ഏറ്റവും താഴ്ന്ന ജോലി ചെയ്യുന്ന ആളും സ്ഥാപനത്തിന്റെ മേധാവിയും ഒരേ രീതിയിൽ ബഹുമാനിക്കപ്പെടുന്നു എന്നുള്ളത് . “സർ” “ബോസ്സ്” എന്നുള്ള വിളി ഒന്നുമില്ല .. ഇനി “ഞാൻ ഈ സ്ഥാപനത്തിന്റെ മേധാവി” ആണ് എന്ന് ആരെങ്കിലും മേനി പറഞ്ഞാൽ “ഗുഡ് ഫോർ യു” എന്ന് സിമ്പിൾ ആയി പറഞ്ഞു മറ്റുള്ളവർ നടന്നകലും.. താഴ്ന്ന ജോലി ചെയ്യുന്ന ആൾക്കും ഇതേ മറുപടി തന്നെ ആയിരിക്കും ലഭിക്കുക.

ഇടക്കൊക്കെ എന്റെ ചെറുപ്പകാലം ഓർത്തു ഞാനും അഭിമാനം കൊള്ളാറുണ്ടായിരുന്നു. വീട്ടിൽ വലിയ സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ജീവിക്കാൻ വെണ്ടി ധാരാളം ജോലി ഞങ്ങൾ മക്കൾക്ക് ചെയ്യാൻ ഉണ്ടായിരുന്നു. മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞാൻ ഒൻപതാം വയസിൽ റബ്ബർ ടാപ്പിംഗ് പഠിച്ചു. പിന്നീട് കുറെ വർഷങ്ങൾ വീട്ടിലെ റബ്ബർ മരങ്ങൾ ഞാൻ തന്നെ ടാപ്പ് ചെയ്യേണ്ടി വന്നു. ഉയരമില്ലാത്തതിനാൽ തെങ്ങിന്റെ മടൽ റബ്ബർ മരത്തിൽ ചാരിവെച്ചായിരുന്നു ടാപ്പ് ചെയ്യാനുള്ള പട്ടയിൽ എന്റെ കൈ എത്തിച്ചിരുന്നത്. വീട്ടിൽ പശുക്കൾ കുറെ ഉള്ളതിനാൽ കറവയും ചെയ്യേണ്ടി വന്നു ..പത്തോ.. പന്ത്രണ്ടോ വയസുള്ളപ്പോൾ മൂന്ന് പശുക്കളെ കറന്നു അതിന്റെ പാലും ചുവന്നു ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള മിൽമയിൽ കാൽനടയായി എത്തിക്കേണ്ടതുണ്ടായിരുന്നു. കൂടാതെ പാവക്ക കൃഷി ഉള്ള കാലത്തു പാവക്ക നിറച്ച കോകൊട്ടയും തലയിൽ ചുവന്നു “എല്ലും തോലും” മാത്രമുള്ള എനിക്ക് വളരെ ദൂരം പോകണമായിരുന്നു. കൗമാരത്തിൽ തന്നെ തൂമ്പ പിടിച്ചു കൈ പാറപോലെ തഴമ്പിച്ചിരുന്നു. വേറെ മാർഗ്ഗമില്ലാത്തതുകൊണ്ടാണ് അന്ന് അതൊക്കെ ചെയ്യേണ്ടിവന്നത് . പക്ഷെ ഇവിടെ വന്നപ്പോൾ ഈ കുട്ടികൾ ചെയ്യുന്നത് കാണുമ്പൊൾ ഞാനൊക്കെ ചെയ്തത് ഒന്നുമില്ല എന്ന് ഇടക്ക് തോന്നി പോകും! ആരോഗ്യവും കായിക ശേഷിയും ഇല്ലാഞ്ഞിട്ടും, പ്രായക്കുറവ് എന്ന പരിമിതി ഉണ്ടായിട്ടും അതൊന്നും വകവെക്കാതെ ഒരു മടിയും ഇല്ലാതെ ജോലിചെയ്യുന്ന സാഷ എന്ന ആ കൊച്ചു മിടുക്കിക്ക് എന്റെ അഭിനന്ദനങ്ങൾ…

നമ്മുടെ നാട്ടിൽ പല ചെറുപ്പക്കാർക്കും ഇരുപതു കഴിഞ്ഞാലും “കാശ് കാശ് “ എന്ന് അച്ഛനമ്മമാരുടെ മുന്നിൽ കൈനീട്ടാൻ ഒരുമടിയും ഇല്ല … പഠനം ..വീണ്ടും പഠനം ..പഠനമോടു പഠനം.. ഈ കാലമൊക്കെയും അപ്പനമ്മമാർ കൈനീട്ടി കൊടുത്തുകൊണ്ടിരിക്കണം … ഇനി ആരാണെകിലും ആ കാലത്തു ജോലി ചെയ്താൽ പിന്നെ അത് “അത്ഭുതപ്പെടുത്തുന്ന വാർത്ത”യായി പത്രങ്ങളിൽ വരും! പഠനം കഴിഞ്ഞാലും എത്ര കാലം അപ്പനെയും അമ്മയെയും മുട്ടികൂടി കഴിയാവോ അത്രയും നാൾ ജോലിക്ക് പോകാതെ നടക്കുന്നവർ പോലും ഉണ്ട് …

എന്നാണോ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ജോലിയുടെ കാര്യത്തിൽ പാശ്ചാത്യ നാട്ടിലെ കൗമാരക്കാരുടെ നിലയിലേക്ക് എങ്കിലും ഉയരുന്നത് !! എന്നാണോ നമ്മുടെ നാട്ടിലെ ജോലിയിലെ ആൺ പെൺ വ്യത്യാസം മാറുന്നത് ….എന്നാണോ നമ്മുടെ നാട്ടിലെ ജോലിയിലെ ഉച്ചനീചത്വം അനുസരിച്ചുള്ള ബഹുമാന വ്യത്യാസം മാറുന്നത് !!…അങ്ങനെ ഉള്ള ഒരു നാളിനായി ഞാൻ പ്രതീകഷയോടെ കാത്തിരിക്കുന്നു …

ജ്യോതിസ് പോൾ, കാനഡ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: