17.1 C
New York
Sunday, June 13, 2021
Home Special സാമൂഹ്യ മാധ്യമങ്ങളും സ്ത്രീയും (ലേഖനം)

സാമൂഹ്യ മാധ്യമങ്ങളും സ്ത്രീയും (ലേഖനം)

സുബി വാസു. നിലമ്പൂർ✍

ഇന്നത്തെ സമൂഹത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത സ്ത്രീകൾ വളരെ കുറവാണ്.വാട്ട്സ്ആപ്പ്,ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, യൂട്യൂബ്, തുടങ്ങി മിക്കവാറും സാമൂഹ്യമാധ്യമങ്ങളിൽ നല്ലൊരു സ്ത്രീ പങ്കാളിത്തം ഉണ്ട്. സോഷ്യൽ മീഡിയയുടെ വരവോടെ പലരുടെയും കഴിവുകൾ തെളിയിക്കാൻ ഒരു വേദി ഒരുങ്ങിയിട്ടുണ്ട്. അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവളാണ് സ്ത്രീയെന്ന സങ്കല്പം മാറി അതിനുമപ്പുറം പുറംലോകം അറിയേണ്ടവരും, ഒരുപാട് കഴിവുള്ള വ്യക്തിത്വങ്ങളും ഈ ചുമരുകൾക്കിടയിൽ ഒളിഞ്ഞിരുന്നെന്ന് മനസിലായി.
എഴുതാനും, വരക്കാനും, ഫോട്ടോഗ്രാഫിയിലും പാചക രംഗത്തും, നൃത്തവും പാട്ടും തുടങ്ങി തങ്ങളുടെ കഴിവുകൾ പ്രകടമാകാൻ സോഷ്യൽ മീഡിയ വേദിയൊരുക്കി. ജോലിക്കാരും,സാധാരണക്കാരും, വ്യത്യാസമില്ലാതെ എല്ലാവരെയും ഏറ്റവും നന്നായി ഉയർത്തികൊണ്ടുവരാൻ കഴിയുന്ന ഒരു ഇടമായി സോഷ്യൽ മീഡിയകൾ മാറി.
ഒരുപാട് ഒരുപാട് നല്ല ഉപയോഗങ്ങൾ സോഷ്യൽ മീഡിയകൾ കൊണ്ട് ഉണ്ട്.

നമ്മൾ പലതരത്തിലുള്ള വിരസതകളും, പ്രശ്നങ്ങളും അഭിമുഖേകരിക്കേണ്ടി വന്നവരും, അഭിമുഖേകരിക്കുന്നവരും ആണ്. സോഷ്യൽ മീഡിയയിൽ ഒരുപാട് നല്ല സൗഹൃദക്കൂട്ടായ്മകളും,എഴുത്തുകൂട്ടായ്മകളും, മറ്റു പലതരത്തിലുള്ള കൂട്ടായ്മകളും വളർന്നുവരികയും അവയിൽ നിന്നുമൊക്കെ നല്ല സൗഹൃദങ്ങളും, കൂട്ടും കിട്ടി തങ്ങളുടെ കഴിവുകൾ വളർത്തി അവയിലൂടെ വിഷമതകളെ, വിരസതകളെ ഒഴിവാക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും.
മിക്കവാറും എഴുത്തുകൂട്ടായ്മകളിൽ നല്ല എഴുത്തുകളും,സർഗാത്മക പരമായ ട്ടുള്ള പല സൃഷ്ടികളും രൂപംകൊള്ളുകയും നല്ല സൗഹൃദങ്ങൾ രൂപംകൊള്ളുകയും ചെയ്തിട്ടുണ്ട്.അതൊക്കെ കൊണ്ടു തന്നെ സ്ത്രീകളുടെ നല്ല ഒരു സപ്പോർട്ടർ ആയി സോഷ്യൽ മീഡിയ മാറിയിട്ടുണ്ട്.

പക്ഷേ സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ നിരവധിയാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ ചതിക്കുഴികളിൽ വീഴാൻ സാധ്യതയുണ്ട്.ഏറ്റവും കൂടുതൽ വ്യക്തിഹത്യയും ഹാരസ്മെന്റും നടക്കുന്ന ഇടങ്ങൾ കൂടിയാണ് സോഷ്യൽ മീഡിയകൾ പ്രത്യേകിച്ച് ഫേസ്ബുക്ക് പോലുള്ള സംവിധാനങ്ങളിൽ ഒരു സ്ത്രീയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഹരസ്മെന്റിനു വിധേയമാകുന്നു.പുതിയ പഠനമനുസരിച്ചു പത്തിൽ എട്ട് ആളുകൾ സമൂഹമാധ്യമങ്ങളിൽ ഹാരസ്മെന്റിനു വിധേയരാണ്.41ശതമാനം സ്ത്രീകൾ ലൈംഗിക  ആക്രമണങ്ങൾക്ക് ഓൺലൈനിൽ വിധേയമായതായും  സൈബർ സെക്യൂരിറ്റി സൊലൂഷൻ സ്ഥാപനം നടത്തിയ പഠനത്തിൽ പറയുന്നു.
പ്രധാനപ്പെട്ട നഗരങ്ങളിലാണ് ഇത് സംബന്ധിച്ച സർവേ നടത്തിയത്. അസഭ്യം, അധിക്ഷേപം, പരദൂഷണം, അപവാദപ്രചരണം, മോശമായ അഭിപ്രായപ്രകടനങ്ങൾ, ഭീഷണി, സംഘം ചേർന്നുളള ആക്രമണങ്ങളും അസഭ്യവർഷവുമെല്ലാം ഇതിലുണ്ട്.
ഗുരുതരമായ തലത്തിലുളള ഓൺലൈൻ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നത്. സർവേ പ്രകാരം 45ശതമാനം പേരം ശാരീരിക അക്രമത്തിന്രെ ഭീഷണി നേരിട്ടിട്ടുണ്ട്. 44 ശതമാനം പേർ സൈബർ ബുളളിയിങിന് വിധേയരായിട്ടണ്ടെന്നും റിപ്പോർട്ട് പറയുന്നു.

സ്ത്രീകളും അവരുടെ കാഴ്ചപ്പാടുകളും എപ്പോഴും പുരുഷന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കാം. പക്ഷെ അതിന്റെ തുറന്നു പറച്ചിലുകളിൽ അവൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ക്രൂശിക്കപ്പെടുന്നു. എവിടെയെങ്കിലും ഒരു വാർത്തയുണ്ടായാൽ അവിടെ ഒരു സ്ത്രീയും പുരുഷനും ഇടപെട്ടാൽ അതിലെ സ്ത്രീ തന്നെയാണ് ആദ്യം കുറ്റപ്പെടുത്തലും അശ്ലീലകരമായ അഭിപ്രായങ്ങളും സ്വീകരിക്കാൻ ബാധ്യതപ്പെട്ടവൾ എന്നാണ് സമൂഹമാധ്യമങ്ങളുടെ നിരീക്ഷണം.

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുമ്പോൾ ന്യായം സ്ത്രീയുടെ പക്ഷത്താണെങ്കിൽ പോലും സെലിബ്രിറ്റികളായ സ്ത്രീകൾ വളരെ പെട്ടെന്ന് ഹരാസ് ചെയ്യപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യും.

സമൂഹമാധ്യമത്തിൽ തുറന്നെഴുതുന്ന, നിലപാടുകൾ ഉറക്കെ വിളിച്ചു പറയുന്ന സ്ത്രീകളെ ധീരകളായി കാണുന്നതിനു പകരം അവൾ മറ്റേ കേസാണ്, വെടിപ്പല്ല, തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യുന്നവരുണ്ട്. വെർബൽ റേപ്പുകൾ പരസ്യമായിപ്പോലും നേരിടുന്ന ഈ സോഷ്യൽ മീഡിയാ കാലത്ത് അവൾ എത്രത്തോളം സുരക്ഷിതയാണെന്നാണ് കരുതുന്നത്?
സ്ത്രീയുടെ സൈബര്‍ ജീവിതത്തില്‍ പുരുഷസമൂഹം കല്‍പ്പിച്ചു നല്‍കുന്ന ഇടങ്ങള്‍ക്കുള്ളില്‍ കഴിയാതെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ഓരോ സ്ത്രീയുടെയും ഓരോ ദിവസത്തെയും സോഷ്യല്‍ മീഡിയ ജീവിതം ഒരു സമരമാണ് . പൊതുബോധം കല്‍പ്പിച്ചു നല്‍കുന്ന ഇടങ്ങള്‍ എന്നാല്‍ ഒന്നുകില്‍ പാചക ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ രാഷ്ട്രീയമോ ലിംഗസമത്വമോ ഒന്നും സംസാരിക്കാത്ത സിനിമാ,സാഹിത്യ ഗ്രൂപ്പുകള്‍ ഇവയിലൊക്കെ സ്ത്രീവിരുദ്ധതയുടെ വക്താക്കളായി “കുടുംബസ്ത്രീ” ആയി മാറുന്ന സ്ത്രീകള്‍ക്ക് വലിയ വരവേല്‍പ്പാകും സോഷ്യല്‍ മീഡിയ ആണ്‍കൂട്ടം നല്‍കുക . വലിയ ആക്രമണങ്ങള്‍ ഒന്നും അവര്‍ക്ക് നേരെ ഉണ്ടാകില്ല അവര്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീവിരുദ്ധതയുടെ പ്രതിരൂപമായ ഓണ്‍ലൈന്‍ ആങ്ങളമാര്‍ സംരക്ഷകരായി ഉണ്ടാകും. അല്ലെങ്കില്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും ഫോട്ടോ ഒക്കെ ഷെയര്‍ ചെയ്തു കുറച്ചു പൂവും കായും പൂച്ചക്കുട്ടിയും ഒക്കെ മാത്രം പോസ്റ്റ്‌ ചെയ്തു ഇരുന്നാലും കാര്യമായ ആക്രമണങ്ങള്‍ ഒന്നും ഉണ്ടാകില്ല ഇൻബോക്സ് തേടിയെത്തുന്ന ഞരമ്പ്‌ രോഗികളെ മാത്രം ഭയന്നാല്‍ മതി.

സോഷ്യൽ മീഡിയയിൽ ഇരിക്കുന്ന സ്ത്രീകൾക്ക് രാത്രി 10 മണിക്ക് ശേഷം പച്ച വെളിച്ചം തെളിഞ്ഞു നിന്നാൽ സദാചാരക്കാർ ഉപദേശവുമായി വരും., പത്തുമണിക്കു ശേഷം ഓൺലൈനിൽ ഇരുന്നാൽ അത്തരം സ്ത്രീകൾ മോശക്കാരാണ്. ഈ സമയത്ത് ചാറ്റിങ്ങിനു വരുന്നവർ, hai എന്ന് തുടങ്ങി ഒരു കാര്യവുമില്ലാതെ വെറുതെ വരുന്നവർ,സെക്സ് ചാറ്റും, സെക്സ് വീഡിയോകളും കൊണ്ട് ഇടുന്നവർ,വീഡിയോ കോൾ വിളിക്കുന്നവർ ഇങ്ങനെയുള്ള ആളുകളുടെ ഒരു നീണ്ടനിര തന്നെ കാണാം.

ഇനിഇതിനൊന്നും പോകാതെ മൈൻഡ് ചെയ്യാതെ ഇരുന്നാലും കേൾക്കണം. വെറുതെ തെറിവിളിക്കുന്നവർ, ഇവരുടെ ഇഷ്ടത്തിന് നിന്നില്ലെങ്കിൽ മോശമായി ചിത്രീകരിച്ചു കാണിക്കുക, അവരുടെ പോസ്റ്റിനു താഴെ തെറി കമന്റ്‌ ഇടുക തുടങ്ങി അവരെയും, കുടുമ്പത്തെയും മാനസികമായി തകർക്കാൻ ശ്രമിക്കുന്നആളുകൾ. ബ്ലോക്ക്‌ ഓപ്ഷൻ മാത്രമാണ് പലരും സ്വീകരിക്കുന്നത്.

സോഷ്യൽ മീഡിയ പലർക്കും വലിയൊരു കെണിയായി മാറിയിട്ടുണ്ട്.പെൺകുട്ടികളുടെ കൂട്ട ആത്മഹത്യയും മൊബൈൽ ഫോണിലൂടെയും ഇൻറെർനെറ്റിലൂടെയുമുള്ള അപവാദഫോട്ടോ പ്രചാരണത്തിലൂടെ തകർന്ന മറ്റനേകം സ്ത്രീകളുടെ കഥയും കേരളത്തിൻറെ മന:സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്. പീഡനത്തിനിരയായ പല പെൺകുട്ടികളും പിന്നീട് ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ കുറ്റവാളികൾ സമൂഹത്തിൽ വിലസുന്നത് നാം കണ്ടു. സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അവരെ ബ്ലാക്ക്‌ മെയിൽ ചെയ്തു വീണ്ടും അവരുടെ മാനവും പണവും കവരുന്നവർ സമൂഹത്തിൽ മാന്യന്മാരായി ചമയുന്നതും സർവ്വസാധാരണമായിരിക്കുകയാണു. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ്. മനുഷ്യ പുരോഗതിക്കായി നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകൾതന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പുറമെയാണ് അവരുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം അതിക്രമങ്ങൾ. ഇന്ത്യൻ പീനൽകോഡ് ,കേരള പോലീസ് ആക്റ്റ്, IT ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്ത്രീകൾക്കെതിരായുള്ള ഇത്തരം അതിക്രമങ്ങളെ നാം പ്രധാനമായും നേരിടുന്നത്. ജില്ല സൈബർ സെല്ലുകളിലും സംസ്ഥാന സൈബർ സെല്ലുകളിലുമെല്ലാം സ്ത്രീകളുടെ നൂറുകണക്കിന് പരാതികൾ ലഭിക്കുന്നുണ്ട്. മാന്യതമൂലം ചിലപ്പോൾ രക്ഷിതാക്കളോട് പോലും വിവരങ്ങൾ തുറന്നുപറയാൻ പെൺകുട്ടികൾ മടിക്കുക സ്വാഭാവികമാണ്. ഈ പരാതികൾ ഒന്നും തന്നെ കുറ്റവിചാരണയിലേക്ക് നീങ്ങുന്നില്ല. കേസുകൾ തീർപ്പാക്കാൻ ഉണ്ടായേക്കാവുന്ന കാലതാമസം ,അനുബന്ധിച്ചുള്ള ക്ലേശങ്ങൾ , നിയമത്തിൻറെ പഴുതുകൾ മൂലം പലരും കേസുമായി മുന്നോട്ടു പോകാൻ തയ്യാറാകുന്നില്ല.പലപ്പോഴും നിയമങ്ങളുടെ അപര്യാപ്തത ഇത്തരം പ്രശ്നങ്ങൾ കൂടുവാൻ കാരണമായിട്ടുണ്ട്.

എത്രയൊക്കെ സമൂഹം പുരോഗമിച്ചാലും, വിദ്യാഭ്യാസവും വിവരവും ഉണ്ടായാലും സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ വലിയ വത്യാസമില്ല. പരമ്പരാഗതമായി കരുതിവന്നആ വിശ്വാസം,അടുക്കളയിലെ നാലുചുമരുകൾക്കുള്ളിൽ ആണ് അവളുടെ ലോകമെന്നുള്ള കാഴ്ചപ്പാട് അതിനുമാറ്റമില്ല.ഒരു പെണ്ണാണ് എന്നുകരുതി ഇനിയും ചുമരുകൾക്കുള്ളിൽ ഒതുങ്ങണോ? സ്വന്തം കഴിവുകൾ ആ ചുമരുകൾക്കുള്ളിൽ ഒതുക്കി വെക്കണോ? മുന്നോട്ടു നടക്കണം നടന്നെ തീരൂ. അതിനു പരിവർത്തനം തുടങ്ങണം സ്വന്തം കുടുമ്പത്തിൽ തന്നെ. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ മനസിലാക്കിക്കണം. പെണ്ണേ നീ ഒതുങ്ങുകയല്ലവേണ്ടത് ഒപ്പത്തിനൊപ്പം നിൽക്കണം, മകനെ നീ മനസിലാക്കണം അവളൊരു പെണ്ണുമാത്രമല്ല അവളിലൊരു അമ്മയുണ്ട്, സഹോദരിയുണ്ട്. പെണ്ണിനെ ദേവതയായി കാണണ്ട, തുല്ല്യ പരിഗണന വേണ്ട ഒരു മാനുഷിക പരിഗണന മതി.

സുബി വാസു. നിലമ്പൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap