സമ്മര്‍ദ്ദം സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയേ നേരിട്ട് ബാധിച്ചേക്കാമെന്ന് പഠനം. അമിതസമ്മര്‍ദ്ദം ആണ്ഡാശയത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളുടെ എണ്ണം കുറയാനും അവയുടെ ഗുണനിലവാരത്തെ ബാധിക്കാനും കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു.
എലികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. പെണ് എലികളെ മൂന്നാഴ്ചയോളം അലറുന്ന ശബ്ദത്തിലേക്ക് എക്സ്പോസ് ചെയ്തശേഷം അവയുടെ ലൈംഗിക ഹോര്‍മോണുകളിലെ സ്വാധീനം, അണ്ഡത്തിന്റെ എണ്ണവും ഗുണനിലവാരവും, ഇണചേരലിനുശേഷം ഗര്‍ഭിണിയാകാനും കുഞ്ഞുങ്ങളുണ്ടാകാനുമുള്ള കഴിവ് എന്നിവ വിശകലനം ചെയ്തു.
ഈ സാഹചര്യത്തില്‍ പെണ് എലികളുടെ ഈസ്ട്രജന്റെ അളവും എം എച്ച് ഹോര്‍മോണിന്റെ (ആന്റി മുള്ളേറിയന്‍ ഹോര്‍മോണ്‍) അളവും കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇവ രണ്ടും പ്രത്യുല്പാദനത്തിന് അനിവാര്യമാണ്. അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണവും ഗുണനിലവാരവും അടിസ്ഥാനമാക്കി ഒരു സ്ത്രീയുടെ അണ്ഡാശയത്തിന്റെ പ്രത്യുല്പാദന ശേഷിയാണ് ഒവേറിയന്‍ റിസര്‍വ്. പരിമിതമായ അണ്ഡങ്ങളാണ് ഒരു സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരിക്കുക. കൂടുതല്‍ അണ്ഡം സൃഷ്ടിക്കാന്‍ ശരീരത്തിന് കഴിയില്ല. ശേഷിക്കുന്ന അണ്ഡങ്ങളുടെ എണ്ണത്തിലോ ഗുണനിലവാരത്തിലോ ഉള്ള ശോഷണം മൂലം സ്വാഭാവിക പ്രത്യുത്പാദന ശേഷി കുറയുന്നതാണ് ഒവേറിയന്‍ റിസര്‍വിലുള്ള കുറവിനു കാരണം എന്നാണ് ഗവേഷകര്‍ പറയുന്നത്.