എന്റെ പിതാവിന്റെ ഏറ്റവും ഇളയ സഹോദരനാണ് വന്ദ്യ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ. എനിക്കും എന്റെ ജേഷ്ഠ സഹോദരങ്ങളായ മറ്റു ആറുപേർക്കും കുഞ്ഞുപ്പാപ്പൻ ആയിരുന്നു. എനിക്ക് ജീവിതപങ്കാളിയെ കണ്ടെത്തിയതും ഞങ്ങളുടെ വിവാഹം അനുഗ്രഹിച്ച് ആശീർവദിച്ചതും പ്രിയപ്പെട്ട കുഞ്ഞുപ്പപാപ്പാനാണ്.
ജ്യേഷ്ഠ സഹോദരങ്ങളുടെ മക്കളെ 85-ാം വയസ്സിലും സ്വന്തം മക്കളെപ്പോലെ കരുതി സ്നേഹിച്ച വളർത്തി വലുതാക്കുന്നതിൽ ആനന്ദം കണ്ടെത്തിയതുപോലൊരു അസാധാരണ വ്യക്തിത്വത്തെ കുടുംബങ്ങളുടെ ചരിത്രത്തിൽ കണ്ടെത്താനാകുമോ എന്ന് ഞാൻ സംശയിക്കുന്നു .
മൂന്നര വയസ്സിൽ മാതാവിൻ്റെ അകാല ദേഹവിയോഗം അറിയിക്കാതെയും വേദനിപ്പിക്കാതെയും മൂന്നു ജ്യേഷ്ഠ സഹോദരങ്ങളും പിതാവും ഞങ്ങളുടെ വല്യപ്പച്ചൻ കുഞ്ഞുമ്മൻ മത്തായിയും ചേർന്ന് വളർത്തിയ ബാല്യവും കൗമാരവും യൗവനവുമാണ് അച്ചൻ്റേത് .
അമ്മ കൂടെ ഇല്ലയെന്നതിരിച്ചറിവിൽ ദൈവത്തിൻ്റെ അമ്മയുടെ നാമത്തിലുള്ള മാതൃ ഇടവകയായ ഇന്നത്തെ കുമ്പഴ വലിയ കത്തിഡറലിൽ സ്വയം സമർപ്പിച്ച ബാലൻ വളർന്നു , ആത്മാവിൽ ബലപ്പെട്ടു . ദൈവകൃപയും അവനോടു കൂടെ ഉണ്ടായിരുന്നു .
52 വർഷം അമേരിക്കയുടെ ചരിത്രത്തിനു സാക്ഷ്യം വഹിക്കുവാനും മലങ്കര സഭയുടെ ചരിത്രത്തിൽ നക്ഷത്ര സമാനം ശോഭിക്കുവാനും കഴിഞ്ഞ കോർ എപ്പിസ്കോപ്പാ മരണത്തിനു തൊട്ടുമുമ്പുള്ള ഒരു ഇൻ്റർവ്യൂ വേളയിൽ പറഞ്ഞത് ഇങ്ങനെ :” ഒന്നും നേടിയതല്ല , എല്ലാം ദൈവദാനം .”
അച്ചൻ പിന്നിട്ട വഴികളിലൂടെ ഓട്ട പ്രദക്ഷിണം നടത്തുമ്പോൾ ഒരു കാര്യം ഞാൻ തിരിച്ചറിയുന്നു . ചരിത്രനിയോഗം പോലെയാണ് ശങ്കരത്തിലച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പതാകാവാഹകനായി അരനൂറ്റാണ്ടുമുമ്പ് അമേരിക്കയിലെത്തിയത് . മലയാളിയുടെ സ്ഥാനപതിയുടെ റോൾ അച്ചൻ്റെ ചുമലിൽ വയ്ക്കപ്പെടുകയായിരുന്നു .
നടന്നുപോയ വഴികളിലെല്ലാം ആഴമുള്ള പാദമുദ്രകൾ പതിക്കുവാൻ ഈ ദൈവദാസനു കഴിയുന്നത് .30 വർഷമായി അമേരിക്കയിൽ ഇരുന്ന് അത്ഭുതാദരവുകളോടെ ഞാൻ കാണുന്നു .
മലയാളി മനസ് എന്ന പേരിൽ ഞാൻ ഒരു ഓൺലൈൻ പത്രം ആരംഭിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും, പ്രോത്സാഹനം തന്നതും പ്രിയപ്പെട്ട കുഞ്ഞുപ്പാപ്പനാണ്. ആ വാർത്ത അറിഞ്ഞതുമുതൽ ദിവസവും നാലും അഞ്ചും പ്രാവശ്യം വിളിച്ചു പത്രത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമായിരുന്നു.
ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിന് തലേദിവസം വൈകിട്ട് എന്നെ വിളിച്ചു..’ മോനെ പത്രത്തിന്റെ കാര്യങ്ങൾ എവിടെവരെയായി , എന്തുവന്നാലും മോനെ ജനുവരി ഒന്നാം തീയതിതന്നെ പത്രം തുടങ്ങണെ. വിജയത്തിലെത്തും എന്ന കാര്യത്തിൽ സംശയം വേണ്ടാ. കാരണം മോന് പറ്റിയ ഫീൽഡ് ഇതാണ് . ഇതിൽ നീ ശോഭിക്കും. ആദ്യം ഇറങ്ങുന്ന പത്രത്തിൽ എന്റെ ആശംസയും പൊന്നമ്മയുടെ (പത്നിയും കവിയത്രിയുമായ എൽസി യോഹന്നാൻ) കവിതയും തന്നത് കൊടുക്കണം. നാളെ എന്റെ ഓപ്പറേഷൻ ആണ്. പ്രാർത്ഥിക്കണം’ ഇതായിരുന്നു എന്നോടുള്ള അവസാന വാക്കുകൾ. സങ്കടത്തോടെ പറയട്ടെ ‘ 2021 ജനുവരി ഒന്നിന് ‘ മലയാളി മനസ്സ് ‘ പത്രം പുറത്തിറങ്ങിയപ്പോൾ കുഞ്ഞുപ്പാപ്പൻ സമ്പൂർണ്ണ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയിൽ ആയിരുന്നു.
പൂർവികന്മാരുടെ കബറിടം സ്ഥിതി ചെയ്യുന്ന കുടുംബ പള്ളിയായ പന്തളം കടയ്ക്കാട് തലയനാടു പള്ളിയിലെ പ്രസിദ്ധമായ കുംഭം 9 പെരുന്നാളിന് കൊച്ചമ്മയോടൊപ്പം എല്ലാ വർഷവും അമേരിക്കയിൽനിന്നു പോയി പങ്കെടുത്ത് കുർബാന അർപ്പിച്ച് ധൂപപ്രാർത്ഥനനടത്തി അനുഗ്രഹീതനാകുവാൻ ഇക്കുറി മാത്രം അദ്ദേഹത്തിന് കഴിഞ്ഞില്ല .
ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച ശ്രേഷ്ഠ ആചാര്യ , അങ്ങയുടെ വഴിത്താരയിലെല്ലാം ദൈവാനുഗ്രഹത്തിൻറെ നക്ഷത്ര വെളിച്ചം നിറഞ്ഞുനിന്നത് ഞാൻ കാണുന്നു .
ദിവസവും മുടങ്ങാതെ ഒന്നിലധികം തവണ എന്നെ വിളിച്ചു വിശേഷങ്ങൾ തിരക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞുപ്പാപ്പന് ഇനി ഇല്ല എന്ന സത്യം ഞാൻ തിരിച്ചറിയുന്നു…. ഇല്ല , ..ഒരിക്കലും എനിക്ക് അങ്ങയെ മറക്കാനാവില്ല . പുണ്യശ്ലോയനായ അങ്ങയുടെ പാദാരവിന്ദങ്ങളെ സ്നേഹാദരബഹുമാന പുരസ്ക്കരം ഞാൻ ചുംബിക്കുന്നു..ഞങ്ങളുടെ ആദരാഞ്ജലികളും കണ്ണീർ പുഷ്പങ്ങളും പ്രാർത്ഥനകളും അർപ്പിക്കുന്നു.
ആ ധന്യാത്മാവിനു ആദരാഞ്ജലികൾ . ആ വിയോഗം രാജുവിനെ തളർത്താത്ത അദ്ദേഹം നയിച്ച പാതയിലൂടെ നീങ്ങി സന്തോഷവും സൽപ്പേരും ആർജ്ജിക്കാൻ അവിടുത്തെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏
സ്നേഹിക്കുമ്പോൾ സ്നേഹിക്കപ്പെടുമ്പോൾ വേർപാട് വേദനാജനകമാകുന്നു……..
അപ്പച്ചാ എത്രയോ തവണ മനസ്സുകൊണ്ട് അന്ത്യ ചുംബനം തന്നു കഴിഞ്ഞു. ……..
നിറ കണ്ണുകളോടെ വിട………