വാർത്ത: പി.പി. ചെറിയാൻ
സണ്ണിവെയ്ൽ: ഡാലസ് കൗണ്ടിയിൽ മലയാളി സജി ജോർജ് മേയർ പദവി അലങ്കരിക്കുന്ന സണ്ണി വെയ്ൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് ട്രസ്റ്റി ബോർഡിൽ മലയാളിയായ ലീ മാത്യുവിന് നിയമനം ലഭിച്ചു. ഹെൽത്ത് കെയർ ഇൻഡസ്ട്രിയിൽ പതിനേഴ് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ലീ മാത്യുവിനെ ബോർഡംഗമായി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് സൂപ്രണ്ട് ഡഗ് വില്യംസ് പറഞ്ഞു. പാൻഡമിക്കിനെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ ലീയുടെ സേവനം സ്കൂളിനു മുതൽ കൂട്ടായിരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. കൂടുതൽ വിദ്യാർഥികളെ ആരോഗ്യ മേഖലയിലേക്ക് ആകർഷിക്കുന്നതിന് ഇവരുടെ സേവനം ഇടയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു
നിയമനം ലഭിച്ചതിൽ സന്തുഷ്ടയാണെന്ന് ലീ മാത്യു പറഞ്ഞു. എല്ലാ വിഭാഗക്കാരെയും ഉൾകൊള്ളുന്നതിന് ട്രസ്റ്റി ബോർഡ് സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണെന്നും ലീ പറഞ്ഞു. സണ്ണി വെയ്ൽ ബെയ്‍ലർ സ്ക്കോട്ട് ആൻഡ് വൈറ്റ് ഹോസ്പിറ്റൽ ക്ലിനിക്കൽ ഓപ്പറേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്ന ലീ മാത്യു നാഴ്സിങ്ങിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. സണ്ണി വെയ്ൽ എലിമെന്ററി സ്കൂൾ വിദ്യാർഥികളായ അമിലിയ, നഥനിയേൽ, ഭർത്താവ് ജോൺ എന്നിവരോടൊപ്പം സണ്ണിവെയ്ൽ സിറ്റിയിലാണ് താമസിക്കുന്നത്. ഡാലസ് സെന്റ് പോൾസ് ചർച്ച് മുൻ ട്രസ്റ്റി ജോൺ മാത്യു, ഗ്രേസികുട്ടി ദമ്പതികളുടെ മകൻ ജോണിന്റെ ഭാര്യയാണ് ലീ മാത്യു.