ഉദ്വേഗ ഭരിതവും, സ്തോഭ ജനകവുമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ദൃശ്യവും, ഡിറ്റക്ടീവും, മെമ്മറീസും പോലുള്ള ചലച്ചിത്രങ്ങളിലൂടെ മലയാളിയുടെ ചോദനകളെ ത്രസിപ്പിച്ച ചലച്ചിത്ര സംവിധായകൻ ശ്രീ ജീത്തു ജോസഫ് ഫോമയുടെ മുഖാമുഖം പരിപാടിയിൽ പ്രവാസി മലയാളികളുമായി സംവദിക്കുന്നു. മാർച്ചു 13 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാന്റേർഡ് സമയം രാത്രി 9 .30 നു നടക്കുന്ന മുഖാമുഖം പരിപാടിയിൽ ചോദ്യകർത്താക്കളുടെ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകും.
ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായി ചലച്ചിത്ര രംഗത്തെത്തിയ ശ്രീ ജീത്തു മുവ്വാറ്റുപുഴ എം എൽ എ ആയിരുന്ന ജോസഫിന്റെ മകനാണ് . മികച്ച വിജയം നേടിയ ദൃശ്യം പോലെ തന്നെ മലയാളികൾ ഏറെ ആസ്വദിക്കുകയൂം രസിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഒന്നാണ് മൈ ബോസ്. അദ്ദേഹം തിരക്കഥയെഴുതിയ ലക്ഷ്യം വ്യത്യസ്‍തമായ രചന ശൈലികൊണ്ടും, കഥാവതരണ രീതികൊണ്ടും ശ്രദ്ധേയമായ ചിത്രമാണ്. തന്റേതായ അവതരണവും, കൈയടക്കവും മികച്ച രചനാ ശൈലിയും കൊണ്ട് സമ്പന്നമായ തിരക്കഥകളും കൊണ്ട് ചുരുക്കം ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സ്ഥാനമുറപ്പിച്ച ശ്രീ ജീത്തു ജോസഫിന്റെ പുതിയ ചിത്രം മലയാള ചലച്ചത്ര ലോകത്തെ അഭിനയ കുലപതി മോഹൻലാൽ നായകനാകുന്ന റാം ആണ്.
മലയാള ചലച്ചിത്രത്തിനു പുതിയ ഭാഷ്യങ്ങളെഴുതി തിരക്കഥയുടെ അനന്ത സാധ്യതകളെ നമ്മൾക്ക് വരച്ചു കാട്ടിയ ശ്രീ ജീത്തു ജോസഫുമായുള്ള മുഖാമുഖം പരിപാടിയിൽ എല്ലാ നല്ല സഹ്ര്യദയരും കലാസ്വാദകരും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്‌ഥിച്ചു.