ആ പിഞ്ചു ജീവനെ ഭൂമിയിൽ കളിച്ചു വളരാൻ അനുവദിക്കാതെ ഞെരിച്ചു തീർത്തത് ആരാണെന്നു അറിയില്ല…. ഇപ്പോൾ ആ കുഞ്ഞു നിശ്ചലമായിരിക്കുന്നു…… ഇനി ഒരു പാൽപ്പുഞ്ചിരി ആ പിഞ്ചിളം ചുണ്ടിൽ വിടരില്ല…,… ഒരു കുഞ്ഞു നോട്ടം ആ കുഞ്ഞു കൺകളിൽ ഇനിഉണ്ടാവില്ല…. ആർക്കും ഭാരമാകാതെ അതിനെ പറഞ്ഞു വിട്ടില്ലേ…..എന്തിനായിരുന്നു….. ആരോടുള്ള പകയായിരുന്നു….. നല്ല ഓമനത്തമുള്ള ഒരു ആൺകുഞ്ഞ് ആയിരുന്നു.ലില്ലി അതിനെ ഏറ്റു കൊള്ളാമെന്നു പറഞ്ഞിരുന്നതല്ലേ… ആരുമറിയാതെ ആ കുഞ്ഞിനെ നന്നായി വളർത്തിക്കോളാമെന്നു ഔസേപ്പച്ചൻ ഗണേഷിനോട് പറഞ്ഞിരുന്നതല്ലേ…. എന്നിട്ടും പകയുടെ കറുത്ത കൈകളാൽ ആ കുഞ്ഞിനെ കൊന്നു കളഞ്ഞു ദുഷ്ടന്മാർ…. കൃഷ്ണൻ ഒരു പ്ലാസ്റ്റിക് കൂടിലിട്ട് ആ കുഞ്ഞിനെ അപ്പോൾ തന്നെ വീട്ടിലെത്തി കുഴിവെട്ടി അതിലിട്ട് മൂടി…. ഈ പാപക്കറ എങ്ങിനെ കഴുകി കളയും….. അറിയില്ല…. കാലം മാത്രം സാക്ഷി.
ആ കുഞ്ഞിലൂടെ ആ പകയുടെ പുക കെട്ടടങ്ങിയില്ല. കൃഷ്ണന്റെയും കുടുംബത്തിന്റെയും വേദന ഏറ്റെടുത്തു പാർട്ടി പ്രവർത്തകർ രംഗത്തെത്തി. ആദ്യമേ ഔസേപ്പച്ചന് എതിരായിരുന്നു അവരുടെ പാർട്ടി. കിട്ടിയ തക്കം പാഴാക്കാതെ അവർ ഗൂഢ തന്ത്രങ്ങൾ മെനയാൻ തുടങ്ങി.
ജോണിക്കുട്ടിക്കാണേൽ ഒരു പാർട്ടിയോടും പ്രത്യേക മമതയൊന്നും ഇല്ലായിരുന്നു.സ്ക്കൂളിൽ അവധി ദിനങ്ങളിൽ ചില പാർട്ടിക്കാരും ചില അധ്യാപകരും നാട്ടുകാരുമൊക്കെ ചേർന്നു സ്കൂളിനടുത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു മുറിയിൽ വെച്ചു ചില കള്ളു സൽക്കാരങ്ങളൊക്കെ ഇടയ്ക്കു നടക്കാറുണ്ടായിരുന്നു.ചിലപ്പോഴൊക്കെ ജോണിക്കുട്ടിയും അതിൽ പങ്കു ചേരാറുണ്ടായിരുന്നു. മദ്യം വിഷം മാത്രമല്ല വിഷസർപ്പവുമാകുമെന്ന് ജോണിക്കുട്ടിക്ക് അറിയില്ലായിരുന്നു.
ഔസേപ്പച്ചനും, ആലീസിനും ഇത്രയും പ്രശ്നങ്ങൾ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞപ്പോഴേക്കും ജീവിതം മടുത്തത് പോലെയായി. പെട്ടന്നു പ്രായം കൂടിയത് പോലെ. ദിനചര്യകളൊക്കെ തെറ്റിത്തുടങ്ങി. പ്രഭാത സൂര്യനെ എതിരേറ്റ് പടിപ്പുര വാതിൽ തുറക്കാതെയായി.ജോയി പിന്നേ വിളിച്ചില്ല. ജോണിക്കുട്ടി അന്വേഷിച്ചു ചെന്ന വിവരം ജോയ് അറിഞ്ഞിരുന്നു. “കുറ്റബോധത്തിന്റെ ഒരു കണിക പോലും അവശേഷിക്കാത്ത അവന്
എന്തു അപ്പച്ഛനും അമ്മച്ചിയും. അല്ലേലും ഇനി അവൻ ഇവിടേക്ക് വരരുത്. ഞങ്ങൾക്ക് ഒരു മോനേയുള്ളു… ജോണിക്കുട്ടി.”ആലീസ് ഇടയ്ക്കിടെ ലില്ലിയോട് പറയുമായിരുന്നു. ഔസേപ്പച്ചൻ ഓഹരിയെല്ലാം രണ്ടായി വീതം വെച്ചു.ജോണിക്കുട്ടിക്കും, ജീനക്കും മാത്രമായി.”ഇത്രയും ക്രൂരത നമ്മോട് കാണിച്ച ജോയ് എന്നെങ്കിലും തിരിച്ചു വന്നാൽ ഈ വീട്ടിൽ കയറ്റിയേക്കരുത് കൊച്ചേ …”ഔസേപ്പച്ചൻ ലില്ലിയോടായി പറഞ്ഞു.ഒരു സാന്ത്വനത്തിന്റെ തെന്നൽ പോലും ആ വഴി വരാതായി. എവിടെയും വേദനയുടെയും വേർപിരിയലിന്റെയും നൊമ്പരപ്പൊട്ടുകൾ മാത്രമായി.
രാധയും കുടുംബവും ഔസേപ്പച്ചൻ നിർമ്മിച്ചു കൊടുത്ത വീട്ടിൽ ഔസേപ്പച്ചനോടും, കുടുംബത്തോടും പകയുമായി സസുഖം വാഴുന്നു. എന്നാൽ ജോയി ചെയ്ത തെറ്റിന് എന്തു പ്രായശ്ചിത്തം ചെയ്യാനും ഔസേപ്പച്ചൻ തയ്യാറാണെന്നു അവരെ അറിയിച്ചതും ആണ്. ഔസേപ്പച്ചനെയും ആലീസിനെയും പഴയ സന്തോഷമായ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന് ലില്ലിക്കു ബോധ്യമായി. പിറ്റേ ദിവസം വൈകുന്നേരത്തെ ചായ കുടിക്കാനായി എല്ലാവരും ഒന്നിച്ചിരുന്നു. ലില്ലി പക്കാവട ഉണ്ടാക്കിയിരുന്നു. അവൾ അതിന്റെ രുചി എങ്ങനെയുണ്ടെന്നു അപ്പച്ചനോട് തിരക്കി. ഔസേപ്പച്ചൻ “കൊള്ളാം “എന്നു പറഞ്ഞു. ‘എങ്ങനെ ഇവരിൽ ഉത്സാഹം കൊണ്ടു വരും കർത്താവേ’ എന്നു ചിന്തിച്ചിരുന്ന ലില്ലി തറയിലേക്ക് ബോധമറ്റു വീണു. “അയ്യോ ” എന്നും പറഞ്ഞു മൂന്നുപേരും കൂടി എടുത്തു ലില്ലിയെ മുറിയിൽ കിടത്തി. ഔസേപ്പിന്റെ അനിയന്റെ വീട് അടുത്ത് തന്നെയായിരുന്നു. അയാളുടെ മകൾ നേഹ ഡോക്ടർ ആയിരുന്നു. ജോണിക്കുട്ടി പെട്ടന്ന് തന്നെ അവളെ വിളിച്ചു വരുത്തി.അവൾ വന്നു ലില്ലിയെ പരിശോധിച്ചു. ലില്ലിയുടെ ആഗ്രഹപ്രകാരം കർത്താവ് ആ കുടുംബത്തെ സന്തോഷത്തേരിലേറ്റാൻ ലില്ലിയെ അനുഗ്രഹിച്ചു കഴിഞ്ഞിരുന്നു. ആ വാർത്ത കേട്ട ഔസേപ്പിനും കുടുംബത്തിനും ഒരു കുളിർമഴയിൽ നനഞ്ഞ പ്രതീതി ആയിരുന്നു……..
(തുടരും )
✍️സംഗീത