ഭാഗം 5
മുന്നിലാരോ നിൽക്കുന്നുണ്ടെന്നു അവൾക്കു തോന്നിയതും ഔസേപ്പച്ചന്റെ പൊട്ടിച്ചിരിയും ഒരുമിച്ചായിരുന്നു.അവൾ നോക്കിയപ്പോൾ ഔസേപ്പച്ചൻ അവളെ നോക്കി കളിയാക്കി ചിരിക്കുന്നു. “എന്നതാ കൊച്ചേ തനിച്ചിരുന്നു ചിരിക്കൂന്നേ. വട്ടായോ. “അദ്ദേഹം ചോദിച്ചു. അതു കേട്ട് നാണിച്ചു ‘ഒന്നുമില്ലെന്നും’ പറഞ്ഞു അവൾ രാധയുടെ അരികിലേക്ക് ഓടി.
ഔസേപ്പച്ചൻ പണിക്കാരുടെ അരികിലേക്ക് തോട്ടത്തിലേക്കും പോയി.’ഛെ.. മോശമായിപ്പോയി ‘അവൾ പിറുപിറുത്തു.”നീയെന്താ ഗൗരി പിറുപിറുക്കുന്നത് “രാധ ചോദിച്ചു.”ഒന്നുമില്ലേ “അവൾ മറുപടിയും കൊടുത്തു . അവളുടെ മനസ്സ് വീണ്ടും നൂലുപൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ പറന്നു നടന്നു.പ്രണയത്തിന് ഇത്രയും ശക്തി ഉണ്ടെന്നു അവൾ അറിയുകയായിരുന്നു. ജോയിയുടെ ചിരിയും നോട്ടവും മനസ്സിൽ നിന്നും മായുന്നില്ല.
കാലവേഗം കൂടും തോറും ജീവിതം അതിദ്രുതമൊഴുകുന്ന ഒരു പുഴയായി മാറി.ആഴിയെ പുൽകാൻ തിടുക്കം പൂണ്ടൊഴുകുന്ന, സുന്ദരിയായ പുഴപോലെ കാലവേഗത്തിൽ പെട്ട് ജീവിത സ്വപ്നങ്ങളെ തളിരണിയിക്കാൻ കൊതിക്കുന്ന സുന്ദരിയായി ഗൗരിയും മാറി. അതിനിടയിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ജീനക്ക് നല്ലൊരു വിവാഹാലോചന വരുന്നു. പയ്യൻ കാനഡയിൽ ഡോക്ടർ ആണ്. എല്ലാവർക്കും ഇഷ്ടം. അങ്ങനെ ആ ബന്ധം അവർ ഉറപ്പിക്കുന്നു. പിന്നീട് ഔസേപ്പച്ചൻ ജോണിക്കുട്ടിക്ക് വേണ്ടിയും നല്ലൊരു ബന്ധം കണ്ടെത്തി. പെണ്ണ് ബി എഡ് കഴിഞ്ഞു നിൽക്കുന്നു. നല്ല സുന്ദരി. നല്ല കുടുംബം. ജോണിക്കുട്ടിക്കും ഇഷ്ടമായി. ഔസേപ്പച്ചനും കുടുംബവും വളരെ സന്തോഷത്തോടെ ഈ വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതെല്ലാം നടക്കുമ്പോഴും ആരും അറിയാതെ ഗൗരിയും ജോയിയും അവരുടെ പ്രണയവും മുന്തിരി വള്ളികൾ തളിർക്കുന്നതും കാത്തിരിക്കുകയായിരുന്നു. പിന്നീട് അവരറിയാതെ തന്നെ ആ മുന്തിരിവള്ളികൾ അതിവേഗം തളിർത്തു പന്തലിക്കാൻ തുടങ്ങി . അവരുടെ നോട്ടങ്ങളും, ചിരികളും, തമാശകളും ആ വള്ളികളെ ഫലഭൂയിഷ്ടമാക്കി.
അങ്ങനെ നാടുനീളെ ക്ഷണിച്ചു ജീനയുടെയും,ജോണിയുടെയും വിവാഹങ്ങൾ നടന്നു .എല്ലാറ്റിനും വീട്ടിലെ അംഗങ്ങളെപ്പോലെ തന്നെ രാധയും കുടുംബവും പങ്കു കൊണ്ടു.അതിനിടയിൽ തനിക്കു കിട്ടുന്ന അവസരങ്ങളിൽ ജോയ് ഗൗരിയുടെ സമീപം എത്തുന്നുണ്ടായിരുന്നു. അതിൽ ഒരു വട്ടം ഗിരീഷിന്റെ മുന്നിൽ പെടുകയും ചെയ്തു. പക്ഷേ ഗിരീഷിന് സംശയം തോന്നാത്ത വിധത്തിൽ ജോയ് അത് കൈകാര്യം ചെയ്തിരുന്നു.പുതുപ്പെണ്ണ് വീട്ടിലെത്തിയ സന്തോഷം ജീനയുടെ അഭാവത്തിന്റെ തീവ്രതയെ കുറക്കാൻ സഹായിച്ചു. എന്നാൽ ജോണിക്ക് ജീനയെ പിരിഞ്ഞപ്പോൾ വലിയ വിഷമം ഉണ്ടായി.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ജോയ്ക്ക് പൂനയിൽ ഒരു ജോലി കിട്ടി. അവൻ ആ സന്തോഷം എല്ലാവരോടുമായി പങ്കു വെച്ചു. പക്ഷേ പൂനക്ക് പോകുന്ന വാർത്ത ഗൗരിയെ സങ്കടപ്പെടുത്തി. അവളുടെ പ്രണയത്തിന് മീതേ ആ സങ്കടം ഒരു വേഴാമ്പൽ പോലെ തേങ്ങാൻ തുടങ്ങി. പൂനക്ക് പോകുന്നതിന്റെ തലേ ദിവസം രാത്രി ഗൗരിയും ജോയിയും ആകാശത്തിലെ നക്ഷത്രങ്ങൾ പ്രണയം പ്രകാശമായ് പങ്കുവെക്കുന്നത് കണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു നക്ഷത്രത്തിന്റെ പ്രകാശം മാത്രം കുറഞ്ഞു പോയി അതു മേഘങ്ങൾക്കുള്ളിലായി. ഇതു ഗൗരിയിൽ ഒരു ഭീതി പരത്തി. എന്തായിരിക്കും താൻ അങ്ങിനെ കണ്ടത്. അവൾ ചിന്തിച്ചു. അത് പ്രകൃതി ഗൗരിക്ക് കൊടുത്ത ഒരു മുന്നറിയിപ്പായിരുന്നു. വരാൻ പോകുന്ന വിപത്തിന്റെ കാർമേഘപടലങ്ങൾ ഗൗരിയിലേക്കണയാൻ, അല്ലെങ്കിൽ ആ രണ്ടു കുടുംബങ്ങളെ മുഴുവനും മൂടാൻ പാകത്തിൽ ഒരുങ്ങുകയായിരുന്നു.
(തുടരും…. )
✍️സംഗീത