ഭാഗം 4
പകലിനോട് യാത്ര ചൊല്ലിയകലുന്ന സാന്ധ്യമേഘങ്ങൾ ഒരു വേള മിഴിപൂട്ടി നിന്നിരുന്നോ… അറിയാതെ വഴിതെറ്റി വന്ന തെന്നലിൽ നിന്നും അവിടമാകെ മാദക ഗന്ധം വമിച്ചിരുന്നോ,..അത്രയും മനോഹരമായ കാഴ്ച്ച ആയിരുന്നു ആ പടിപ്പുര പടികളിൽ നടക്കുന്നത്. ജോയ് ഇരിക്കുന്ന പടിയിലേക്ക് വെക്കാനായി ഗൗരി കാൽ ഉയർത്തി താഴ്ത്തിയത് ജോയുടെ കൈവെള്ളയിലേക്ക് ആയിരുന്നു. അവൻ മനഃപൂർവ്വം അവൾ അറിയാതെ അവളുടെ പാദത്തിനടിയിലേക്ക് അവന്റെ കൈ ധൃതിയിൽ വെക്കുകയായിരുന്നു. ഇതറിഞ്ഞ ഗൗരി എന്തു ചെയ്യണമെന്നറിയാതെ പെട്ടന്ന് കാൽ പിൻവലിച്ചു. പക്ഷേ അവരുടെ മനസ്സുകൾ ആ നിമിഷത്തിൽ ഏതോ ഒരു നിർവൃതിയിലേക്ക് പോവുകയായിരുന്നു. പെട്ടന്നു ഗൗരി പുല്ലുകെട്ടുമായി പടികളിലൂടെ ഓടിക്കയറി.
അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു. അതു കണ്ട് ഊറിച്ചിരിക്കുകയായിരുന്നു ജോയ്.
ആ രാത്രി മുഴുവൻ അവളുടെ മനസ്സ് നിഗൂഢതയുടെ അഗാധതയിലേക്ക്, ആഴ്ന്നിറങ്ങുന്ന ഭയ വിഹ്വലതകളാൽ ഇഴയെടുത്ത് വല നെയ്യുകയായിരുന്നു. ജോയിച്ചായനെ കണ്ടാൽ ഇനി മിണ്ടാതെ മാറിനിൽക്കണം. തന്റെ സ്ഥാനം മറന്നുള്ള ഒന്നും ഇനി മുതൽ ഉണ്ടാവരുത്. എന്ന് തീരുമാനിച്ചു ഉറപ്പിച്ചാണ് ഗൗരി പിറ്റേന്നു പുലർച്ചെ എഴുന്നേൽക്കുന്നത്.ഉറക്കച്ചടവുള്ള മുഖം കഴുകി, മുടിവാരിക്കെട്ടി അവൾ രാധയുടെ അടുത്തേക്ക് അടുക്കളയിലേക്ക് ചെന്നു. അപ്പോൾ തന്നെ
രണ്ടുപേരും കട്ടൻ കാപ്പിയും കുടിച്ചു ഔസേപ്പച്ചന്റെ വീട്ടിൽ ജോലിക്ക് പോയി. അവിടെയെത്തിയപ്പോഴൊക്കെ അവൾ അറിയാതെ അവളുടെ മിഴികൾ ആരെയോ തിരയുന്നുണ്ടായിരുന്നു. അമ്മിണിപ്പശുവിന് പുല്ലു കൊടുക്കുമ്പോഴാണ് അവൾ ആ ശബ്ദം കേട്ടത്. “അമ്മച്ചിയെ ഞാൻ ഇറങ്ങുവാണേ “ജോയിച്ചായൻ. അവൾ പെട്ടന്ന് ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി. അവളെ നോക്കിക്കൊണ്ട് ആയിരുന്നു ജോയിയുടെ സംസാരം. അപ്പോഴേക്കും അവിടേക്കു ആലീസെത്തി .”നീയെപ്പോഴാടാ ചെറുക്കാ തിരിച്ചെത്തുന്നെ “…ആലീസ് ചോദിച്ചു. “വൈകുന്നേരം ആകും അമ്മച്ചി “. അവൻ ഷൂസ് ഇടുന്നതിനിടയിൽ പറഞ്ഞു.
ജോയ് പോയിട്ടും ആലീസിന്റെ മനസ്സിലെ തീ കെട്ടടങ്ങിയില്ല. പ്രണയത്തിന്റെ, സ്നേഹത്തിന്റെ ഒരു മായിക ലോകം അവളെ പൊതിയുകയായിരുന്നു. ഇതുവരെ അറിയാത്ത ആ ലോകത്തിൽ ഭാരമില്ലാതെ പറന്നു നടക്കുന്ന രണ്ടു ആത്മാവുകൾ. മുഖം മാത്രമുള്ള അവയ്ക്ക് രൂപം ഇല്ലായിരുന്നു.പക്ഷേ ഒടുവിൽ അവൾ കണ്ടു. ആ ആത്മാവുകളുടെ മുഖങ്ങൾക്കു തന്റെയും ജോയിച്ചായന്റെയും ഛായ ആയിരുന്നു.
ഉച്ചക്ക് ശേഷം ആലീസ് രാധയോട് പുതിയ വീടുപണിയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു. അടുത്ത മഴക്കാലം ആകുമ്പോഴേക്കും പണി തീർക്കണമെന്ന് ജോണിക്കുട്ടി ഗണേഷിനോട് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കേൾക്കുമ്പോഴും ഗൗരിയുടെ മനസ്സ് ജോയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. അവൾ ജോയ്ക്കൊപ്പം പാർക്കിലൂടെ നടന്നു പോകുകയായിരുന്നു. ഇടയ്ക്കിടെ തനിയെ ചിരിക്കുന്ന അവളുടെ മുന്നിലേക്ക് അദ്ദേഹം എത്തിയിട്ടും അവൾ കാണുന്നുണ്ടായിരുന്നില്ല.
(തുടരും )
✍️സംഗീത