ഭാഗം ഒന്ന്….
ശ്രീലകം കർക്കിടകത്തിലെ കറുത്തിരുണ്ട കമ്പളം പുതച്ചു വിറങ്ങലിച്ചു നിന്നു. കനത്ത മഴമേഘങ്ങൾ നക്ഷത്രകുഞ്ഞുങ്ങളുടെ കണ്ണുകൾ മൂടികെട്ടിയതിനാലാവാം. ഇന്നത്തെ രാവിനു പതിവിലും കൂടുതൽ ഇരുളിച്ച. വിളിപ്പാടകലെയുള്ള പാടത്തിൻ്റെ കരയിൽ നിന്നും പട്ടികളുടെ ഭ്രാന്തമായ ഓരിയിടൽ അകാലത്തിൽ വേർപിരിഞ്ഞ ആത്മാവിൻ്റെ ദീനരോദനം പോലെ രാവിൻ്റെ കനത്ത നിശബ്ദതയെ കീറിമുറിക്കുന്നുണ്ട്. മൂങ്ങയുടെ നീട്ടിയുള്ള മൂളലും ചിറകടി ശബ്ദവുമെല്ലാം ഇരുട്ടിൻെറ ഭയാനതയ്ക്കാക്കംകൂട്ടി.
നാലുകെട്ടിൻെറ മുമ്പിലെ മുറ്റത്തു നിന്നാരോടെന്നില്ലാതെ കുഞ്ഞുണ്ണി നായർ പറഞ്ഞു.
“ഇന്നു രാത്രി മഴയധികരിക്കാൻ സാധ്യതയുണ്ട്. നാളെ കർക്കിടക വാവല്ലെ. കാരണവന്മാർ തുണ”
കോടമഞ്ഞിനെപ്പോലും കുളിരണിയിക്കുന്ന തണുത്ത കാറ്റും, കാതടയ്ക്കുന്ന ശബ്ദകോലാഹലത്തോടെ മണ്ണിൻെറ മാറിലേക്കു തലതല്ലി വീഴുന്ന മിന്നൽ പിണറുകളേയും നോക്കി കുഞ്ഞുണ്ണി നായർ സ്വയം പിറുപിറുത്തു.
“ഒരു ചാറ്റൽ മഴ പെയ്താലെ ഇവിടത്തെ കറണ്ടു പോകും അപ്പോൾ നിർത്താതെ പെയ്യുന്ന കനത്തമഴയുടെ കാര്യം പറയണൊ? എപ്പോൾ കറണ്ടു പോയെന്ന് ചോദിച്ചാൽ മതി.” പറഞ്ഞു നാവുവായിലിട്ടില്ല, ഒരു കൊള്ളിയാൻ വീശി, കറണ്ടു പോയി. ശ്രീലകവും പരിസരവും ഇരുട്ടിൽ കുളിച്ചു.
“കുഞ്ഞമ്മേ ഇനി കറണ്ടു വരുമെന്ന് തോന്നുന്നില്ല. നല്ല മഴ ഉണ്ടാകും. ആ കമ്പ്രാന്തലും തീപ്പെട്ടിയും ഇങ്ങോട്ടു കൊടുത്തോളു”
കുഞ്ഞുണ്ണി നായർ ഉള്ളിലേക്ക് നോക്കി കുറച്ചുറക്കെ വിളിച്ചു പറഞ്ഞു.
“ ദാ , വരുണൂ “, കുഞ്ഞമ്മ ഉള്ളിൽ നിന്നും മറുപടി കൊടുത്തുകൊണ്ട് വിളക്കുമായി പുറത്തേക്ക് വന്നു…
കുഞ്ഞാ, കുഞ്ഞാ..” കുഞ്ഞമ്മ നീട്ടി വിളിച്ചുകൊണ്ട് കത്തിച്ച നിലവിളക്കും, കുഞ്ഞനു കൊടുക്കുവാനുള്ള കമ്പ്രാന്തൽ വിളക്കും തീപ്പെട്ടിയുമായി വരാന്തയിലേക്കു വന്നു.
ആ വിളക്കിൻെറ വെളിച്ചത്തിൽ ലതിക കുഞ്ഞമ്മ രാജാരവിവർമ്മയുടെ എണ്ണഛായം പോലെ തോന്നിച്ചു.
നല്ല വെളുത്ത നിറം. ചെറുതായ് നീണ്ട മുഖം. വിടർന്ന കണ്ണുകൾ
വലതു മൂക്കിലെ വൈഡൂര്യ മൂക്കുത്തി തലയിളക്കുമ്പോൾ മിന്നും. എപ്പോഴും ചെറിയ കരയുള്ള മുണ്ടും നേര്യതുമാണ് വേഷം. അമ്പലത്തിൽ പോകുമ്പോൾ സ്വർണ്ണ കസവുള്ള ചന്ദനക്കളർ സാരി ചുറ്റും. അറ്റം കെട്ടിയ വെള്ളി പാകിയ കോലൻ മുടിത്തുമ്പിൽ തുളസിയോ, ചെത്തിപ്പൂവോ കാണും. നെറ്റിയിൽ ഒരിക്കലും മായാത്ത ഒരു ചന്ദനക്കുറി. ആകെമൊത്തം ഐശ്വര്യമുള്ള ഒരു കുലീനയായ മദ്ധ്യവയസ്ക..
നിലവിളക്കു താഴെ വച്ച് കുഞ്ഞമ്മ കുഞ്ഞിനെ നോക്കി പിന്നേയും വിളിച്ചു…
ശ്രീ….✍
തുടരും..