നമ്മൾ അത്യാപത്തില്‍ പെടുമ്പോൾ അകമഴിഞ്ഞ് ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നു. അതുപോലെ തന്നെ തലനാരിഴക്ക് അപകടങ്ങളില്‍ നിന്ന് രക്ഷപെടുമ്പോഴും ഈശ്വരനെ സ്മരിക്കാറുണ്ട്. വലിയ ബുദ്ധിമുട്ടുകളും, പ്രാരാബ്ധങ്ങളും ഉണ്ടാകുമ്പോള്‍ ദേവാലയങ്ങളില്‍ പോകുന്നു. ബുദ്ധിമോശത്താല്‍ അബദ്ധം പിണയുമ്പോള്‍ ഈശ്വരചിന്ത വരുന്നു. ഈ അവസരങ്ങളിലെല്ലാം നമ്മൾ തികഞ്ഞ ഈശ്വരഭക്തരാണ്. അപ്പോഴെല്ലാം ആത്മാര്‍ത്ഥമായിത്തന്നെയാണ് നമ്മൾ ഈശ്വരനെ വിളിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.
എന്നാൽ ഇതൊരു ദൈവവിശ്വാസിയുടെ ലക്ഷണമല്ല. കാരണം ഇങ്ങനെയുള്ള അവസ്ഥയില്‍ ആരു സഹായത്തിനെത്തിയാലും അത് ഈശ്വരതുല്യമായി എല്ലാവരും സ്വീകരിക്കും. എന്നാൽ സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞു നില്‍ക്കുമ്പോഴും സ്വന്തം കർമ്മങ്ങൾക്കിടയിലും സമയം കണ്ടെത്തി ഈശ്വരനെ നിഷ്കാമമായി, നിസ്വാര്‍ത്ഥമായി ഭജിക്കുന്നവനാണ് യഥാര്‍ത്ഥ ഭക്തന്. അതിനു ഉദാഹരണമായി ഒരു പുരാണകഥ ഇവിടെ സൂചിപ്പിക്കുന്നു.
ഒരിക്കൽ വൈകുണ്ഠത്തിലെ ത്തിയ നാരദമുനി ഭഗവാന് വിഷ്ണുവിനോടു ചോദിച്ചു. ഭഗവാനേ! ഇന്നീ ലോകത്തില്‍ ആരാണ് അങ്ങയുടെ വലിയ ഭക്തന്? സദാനേരവും നാരായണ നാമം ജപിച്ചുനടക്കുന്ന താൻ തന്നെയായിരിക്കും ഭഗവാൻ്റെ ഏറ്റവും വലിയ ഭക്തനെന്ന് ഭഗവാൻ പറയുമെന്നാണ് നാരദമഹർഷി വിചാരിച്ചത്. എങ്കിലും ഭഗവാനില്‍ നിന്നും ആ ഉത്തരം കിട്ടണം. അതായിരുന്നു നാരദരുടെ ലക്ഷ്യം. എന്നാല്‍ ഭഗവാൻ പറഞ്ഞത് എന്റെ ഏറ്റവും വലിയ ഭക്തന് ഭൂമിയിലുള്ള ഒരു ഗൃഹസ്ഥാശ്രമിയാണ് എന്നാണ്. അതുകേട്ട് നാരദര് ഭഗവാനോട് ചോദിച്ചു. ആയാളുടെ മഹത്വം എന്താണ്? ഭഗവാന് പറഞ്ഞു… അദ്ദേഹം സ്വകര്‍മ്മം യാതൊരുമടിയോ പരിഭവമോ കൂടാതെ ചെയ്യുന്നതിനോടൊപ്പം യാതൊരു ലാഭേച്ഛയുമില്ലാതെ, കിട്ടുന്ന സമയം എന്നെ സ്മരിക്കുന്നു. നാരദന്റെയുള്ളില് അല്പം നീരസമുണ്ടെന്നു മനസ്സിലാക്കിയ ഭഗവാന് അവിടെ താലത്തില്‍ നിറച്ചുവെച്ചിരുന്ന എണ്ണ ചൂണ്ടിക്കാട്ടി നാരദനോട് പറഞ്ഞു. നാരദരേ ഈ താലത്തിലിരിക്കുന്ന എണ്ണയെടുത്ത് താഴെ തുളുമ്പാതെ വൈകുണ്ഠത്തിന് മൂന്നുവലംവെച്ച് ഇവിടിരിക്കുന്ന കെടാവിളക്കില്‍ ഒഴിക്കുക. പെട്ടന്നാകണം. വിളക്കിലെണ്ണ തീരാറായി. നാരദര് പെട്ടന്നു തന്നെ വളരെ പണിപ്പെട്ട് പ്രദക്ഷിണം പൂര്‍ത്തിയാക്കി എണ്ണവിളക്കിലൊഴിച്ചു. അപ്പോള്‍ ഭഗവാന് നാരദരോടു പറഞ്ഞു. സദാ നാരായണ നാരായണ ചൊല്ലുന്ന നാരദരെ! എന്തേ എന്നെ മറന്നുവോ? നാരദര്: അല്ല ഭഗവാനേ… എത്രക്ലേശം പിടിച്ച ജോലിയാണിത്? എണ്ണ തുളുമ്പാനും പാടില്ലാ, വിളക്ക് കരിന്തിരി കത്താറുമായി. ഈ ധൃതിയില്‍ അങ്ങയേ സ്മരിക്കാന്‍ പറ്റിയില്ല. അപ്പോൾ ഭഗവാന് പറഞ്ഞു അതാണു നാരദരേ ഞാന്‍ പറഞ്ഞത് ഒരു ഗൃഹസ്ഥാശ്രമി ആകുമ്പോള്‍ കർമ്മം യഥാവിധി പാലിക്കാൻ വലിയ ശ്രദ്ധയുണ്ടാകണം . അപ്പോഴും കിട്ടുന്ന സമയം എന്നെ സ്മരിക്കാന്‍ സമയം കണ്ടെത്തുന്നവനാണ് യഥാര്‍ത്ഥ ഭക്തന്. അല്ലാതെ ആപത്തില്‍ പെടുമ്പോഴും, ഞാന്‍ സംരക്ഷിക്കപ്പെടുമ്പോഴുമല്ല എന്നെ സ്തുതിക്കേണ്ടത്. എന്നെ സ്തുതിക്കുകയല്ല സ്മരിക്കുകയാണു വേണ്ടത്. നിന്റെ നിയോഗം നിന്റെ കര്‍മ്മമാണ്. അതിലുണ്ടാകുന്നതെല്ലാം നിന്റെ കര്‍മ്മഫലവുമാണ്. സുഖവും, ദുഃഖവുമെല്ലാം നീ തന്നെ സൃഷ്ടിച്ചതാണ്. ഞാന്‍ കൊടുത്തതല്ല. നിനക്കു സ്വയം നിയന്ത്രിക്കാവുന്ന കാമനകളെ തുറന്നുവിട്ട് സ്വയം മേയാന്‍ അനുവദിക്കുമ്പോള്‍ അതിന്റെ ഫലം സുഖദുഃഖമായി വരുമ്പോള്‍ ആരാണ് അതനുഭവിക്കേണ്ടത്?. അപ്പോഴെന്നെ പ്രാര്‍ത്ഥിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല. അതു സ്വാര്‍ത്ഥതയാണ്, പ്രാര്‍ത്ഥനയല്ല. പിന്നെ സ്തുതി; ഞാനാരാണെന്ന് എനിക്കു നന്നായറിയാമെന്നിരിക്കെ നീയാരെന്നു നിനക്കറിയാത്തിടത്തോളം നീയെന്താണ് എന്നെപ്പറ്റി സ്തുതിക്കുക? എന്നെ സ്മരിക്കുന്നതാണ് പ്രാര്‍ത്ഥന. എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലങ്കിലും എന്റെ ഭക്തർ എന്നെ സദാ സ്മരിച്ചുകൊണ്ടിരിക്കും. എന്നാല്‍ സ്തുതിക്കുകയില്ല. ഋഷിമാരെ ശ്രദ്ധിക്കുക. അവരെന്നെ സ്തുതിക്കുകയല്ല. ഏകാഗ്രതയില്‍ മൊത്തമായെന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ ഭാവനക്കനുസരിച്ച് എന്നെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു . ആ യജ്ഞത്തിന് തപസ്സെന്നുപറയുന്നു. ഇപ്രകാരം എന്നെ എത്രത്തോളം അവരുടെ മനസ്സിലേക്കാവാഹിക്കുന്നുവോ അത്രത്തോളം അവരുടെ മനസ്സ് നിര്‍മ്മലമാകുന്നു. അതാണ് ഭക്തി! അത്തരക്കാരെ ഭക്തനെന്നുവിളിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കാവശ്യങ്ങളില്ല. എന്തെന്നാല്‍ അവര്‍ സര്വ്വസംഗ പരിത്യാഗികളാണ്. അവരെ സംബന്ധിച്ചിടത്തോളം അവര്‍ കര്‍മ്മ വിമുക്തരാണ്. എല്ലാവര്ക്കും ഈ അവസ്ഥയില്‍ എത്താന്‍ കഴിയില്ല. കാരണം അത്തരക്കാർ ലോകനന്മക്കുവേണ്ടി മാത്രം ജന്മമെടുത്തവരും മറ്റുള്ളവര്‍ കര്‍മ്മപൂരണത്തിനുവേണ്ടി ജന്മമെടുത്തവരുമാകുന്നു. ഈ കര്‍മ്മബന്ധിത ജന്മത്തിലും സമയംകണ്ടെത്തി എന്നെ സ്മരിക്കുന്ന വിവേകി, വരും ജന്മങ്ങളിലൂടെ മേല്‍ വിവരിച്ച കര്‍മ്മവിമുക്ത ജന്മമായി ലോകനന്മക്കായി അവതരിച്ച് മോക്ഷപ്രാപ്തി നേടുന്നു. ഈ പറഞ്ഞവ കര്‍മ്മബന്ധിത ജന്മങ്ങളുടെ അവസാന ഘട്ടത്തിലുള്ള രണ്ടവസ്ഥയാണ്. ആദ്യഘട്ടത്തിലുള്ള ജന്മങ്ങള് എന്നെ സ്മരിക്കുന്നതുപോയിട്ട് ആ ഭാഗത്തു കൂടി സഞ്ചരിക്കുകപോലുമില്ല. ഇവരാരുതന്നെയായാലും അവന്റെ കര്‍മ്മം അവനറിയാതെതന്നെ ചെയ്തിരിക്കും. വരും ജന്മങ്ങളിലാണ് സ്തുതിയും സംഗീതവുമൊക്കെയായി തിരിച്ചറിവിലേക്കെത്തുക. സ്തുതികീര്‍ത്തനങ്ങള്‍ നിന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ്. ശ്രുതിതാളലയമല്ലാത്ത ഒരു സ്തുതിയും നീയിഷ്ടപ്പെടില്ല. കേള്‍ക്കാന്‍ താല്പര്യം കാണിക്കുകയുമില്ല. കര്‍ണ്ണാനന്തകരമായതും അര്‍ത്ഥപുഷ്ടിയുള്ളതുമായവ കേള്‍ക്കാനും കാണാനും ഭജിക്കാനും ഉത്സാഹംകൂടും. അവയൊന്നും എനിക്കുവേണ്ടിയല്ല. മറിച്ച് നിന്റെ കാമനകളെ തൃപ്തിപ്പെടുത്താനുള്ളവയാണ്. ഇവയെല്ലാം ഞാന്‍ നിനക്കുവേണ്ടി നിന്റെ കര്‍മ്മത്തിലൂടെ ചെയ്തുവെച്ചവയാകുന്നു. ഇവയെല്ലാം എനിക്കായിസമര്പ്പിക്കുന്നു എന്ന ധാരണ നിന്റെ മൂഢതയാകുന്നു. ഇതു ഭക്തിയുമല്ല. യഥാര്‍ത്ഥ ഭക്തനാകാന്‍ ജന്മത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തണം. അവിടെ യഥാര്‍ത്ഥ ഭക്തി ദര്‍ശിക്കാന്‍ കഴിയും. അതോടെ ജന്മമുക്തിയടഞ്ഞ് എന്നില്‍ ലയിക്കുന്നു.
✍ പി . എം . എൻ . നമ്പൂതിരി .
വളരെ ശരിയാണ്… നമുക്കു മനസ്സിലാക്കി ആസ്വദിക്കുന്ന രീതിയിൽ സ്തുതിക്കുകയല്ലേ നമ്മൾ…കാതിനിമ്പമില്ലാത്തതിലേക്കു ശ്രദ്ധ പോവില്ല 🙏🙏
ഭക്തി ക്ക് നിദാനം ഭഗവത് സ്മരണ തന്നെ.ഗ്രഹസ്ഥ നായി നിന്ന് കൊണ്ട് അതുവഴി മുക്തി സാദ്ധ്യ മാക്കാം.പുതിയ അറിവുകൾ ആയാസ്സം കൂടാതെ സിംപിൾ ആയി പറയുന്നതാണ് ഗുരുജി യുടെ രീതി
.Great. പ്രണാമം ഗുരുജി
🙏🙏🙏 👍 🌹
ഏതു പ്രവർത്തിയിലും ഈശ്വര സ്മരണ എപ്പോഴും നിലനിർത്തുന്നവൻ യഥാർത്ഥ കർമ്മയോഗി🙏
അതേ ഗുരു ജീ, നാലുവിധം ഭക്തരെപ്പററി ഭഗവാൻ ഭഗവദ് ഗീതയിൽ പറയുന്നുണ്ട്. നിർമ്മല മനസ്സോടെ നിഷ്ക്കാമമായി തന്റെ കർമ്മങ്ങൾ ഭംഗിയായി നിറവേററുകയും കിട്ടുന്ന സമയം താനും തന്റെ കർമ്മവുമെല്ലാം ഭഗവാന്റെ കൃപയാണ് എന്ന് സ്മരിക്കുകയും ചെയ്യുന്നവനെ ഭഗവാൻ ഇഷ്ട ഭക്തനായി കാണുന്നു. നാരദൻ തന്റെ കർമ്മത്തിൽ ശ്രദ്ധിച്ച് നാരായണജപം മറന്നു. ഇങ്ങനെ ഉത്തരവാദിത്വം, കടമ എല്ലാം കഴിഞ്ഞ് ലാഭേച്ഛയില്ലാതെയുള്ള ഭഗവത് സ്മരണ യാണു ഭഗവാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്