17.1 C
New York
Thursday, October 28, 2021
Home Special ശതാബ്‌ദിയുടെ നിറവിൽ വാഗൺ ട്രാജഡി (ലേഖനം)

ശതാബ്‌ദിയുടെ നിറവിൽ വാഗൺ ട്രാജഡി (ലേഖനം)

✍സന്ധ്യവാസു, ഹനുമാൻകാവ്

ചരിത്രം ഓർമ്മിയ്ക്കു വാനും, ഓർമ്മിയ്ക്കപ്പെടാനും കൂടിയുള്ളതാണ്…

1921 നവംബർ മാസത്തിൽ നടന്ന (വർഷവും,മാസവും മാത്രമേ ആധികാരികമായി പറയാൻ കഴിയുകയുള്ളൂ അതും നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ.)

വാഗൺ ട്രാജഡി എന്ന ഈ ദാരുണ സംഭവം ദേശീയമായും, അന്തർദേശീയമായും ഏറെ ഒച്ചപ്പാടുകൾ ഉണ്ടാക്കിയ ഇന്ത്യയുടെ കറുത്ത ചരിത്രത്തിന്റെ ഒരു ഭാഗമായിരുന്നു.

ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ബ്രിട്ടീഷ് ഭീകരത യായിരുന്നു വാഗൺ ട്രാജഡി എന്ന കാര്യത്തിൽ തർക്കമില്ല.

1921 നവംബർ 20-ന് നടന്ന വാഗൺ കൂട്ടക്കൊല എഴുപതോളം പേരുടെ ജീവൻ നഷ്ടപ്പെട്ട ആ കറുത്ത അധ്യായത്തിന് 100 വയസ്സ് തികയുന്നു. മലബാർ കലാപം എന്നും, മാപ്പിള ലഹള എന്നും പേര് ചൊല്ലി വിളിക്കുന്ന ബ്രിട്ടീഷുകാരുടെ ഒരുതരം ക്രൂരവിനോദം അരങ്ങേറിയതായിരുന്നു പിന്നീട് ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ വാഗൺട്രാജഡി.

മലബാർ കലാപം എന്നു പേരുകേട്ട ജന്മിത്തത്തിനും, ബ്രിട്ടീഷ് വാഴ്ചയിലെ കിരാതനടപടികൾക്കും എതിരായ സമരം ഇരുപതാംനൂറ്റാണ്ടിന്റെ പിറവി തൊട്ടു തന്നെ രൂപംകൊണ്ടിരുന്നു. സമരത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ, ആത്മീയ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോൾ നിസ്വരായ ജനങ്ങൾ അതിനെതിരെ കലാപക്കൊടി ഉയർത്തി.നാടിന്റെ നാനാഭാഗങ്ങളിൽനിന്നും കലാപകാരികളെ പിടിച്ച് ജയിലിലടയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

ചരിത്രകാരനും അധ്യാപകനുമായ ശ്രീ. അബ്ദു ചെറുവാടിയുടെ വാഗൺട്രാജഡി സ്മരണികയിൽ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടവരിൽ പ്രധാനിയായിരുന്ന കൊന്നോല അഹമ്മദ് ഹാജി നൽകിയ അഭിമുഖസംഭാഷണത്തിൽ വാഗൺ ദുരന്തത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്.

മലബാറിലെ ലഹളകൾ കൊടുമ്പിരി കൊണ്ടിരിക്കെ വിചാരണ തടവുകാരെ ആദ്യം കണ്ണൂരിലെ സെൻട്രൽ ജയിലിലേക്കും അവിടെ സ്ഥലം തികയാതെ വന്നപ്പോൾ ബെല്ലാരി യിലേക്കും കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ചുമതലപ്പെടുത്തിയിരുന്നത് പട്ടാള കമാൻഡർ കർണ്ണൻ ഹം ഫ്രെഡ്, ജില്ലാ മേധാവി ഹിച്ച്കോക്ക് എന്നിവരെ ആയിരുന്നു.

തടവുകാരെ പുറത്തുനിന്നുള്ളവർ കാണാതിരിക്കുന്നതിനായി മദ്രാസ് സൗത്ത് മറാഠാ കമ്പനിക്കാരുടെ എം.എസ്. എം.എൽ. വി.1711 എന്ന് മുദ്രണം ചെയ്ത വാഗണിൽ ആണ് തടവുകാരെ കൊണ്ടുപോയത്.

കൊന്നോല അഹമ്മദ് ഹാജിയുടെ ഭാഷയിൽ പറഞ്ഞാൽ തലയിണയിൽ പഞ്ഞി നിറയ്ക്കുന്ന ലാഘവത്തോടെ തോക്കിൻ ചട്ട കൊണ്ട് കുത്തി നിറച്ചു കൊണ്ടുപോയത്.

അടച്ചുപൂട്ടിയ വാഗണിൽ കാലുകൾ നിലത്തു കുത്താൻ പോലും സ്ഥലമില്ലാതെ ജീവ ശ്വാസത്തിനായി പിടഞ്ഞവർ ദാഹിച്ചുവലഞ്ഞ് മറ്റൊരാളുടെ ശരീരത്തിൽ പൊടിയുന്ന ഉപ്പ്കണങ്ങൾ നക്കി തുടച്ചും,ശ്വാസം കിട്ടാതെയുള്ള പിടച്ചിലിൽ പരസ്പരം മാന്തിപ്പറിച്ചും, കടിച്ചുകീറിയും രക്തം കിനിയുമ്പോൾ അതു നക്കിത്തുടച്ചും ദാഹം ശമിപ്പിക്കാൻ പാടുപെട്ടു.

വാഗണിന്റെ ഇളകിപ്പോയ ആണിയുടെ സുഷിരത്തിൽ മൂക്കു ചേർത്തുവച്ച് അവസരത്തിനൊത്ത് ഓരോരുത്തരും ജീവവായുവിനായി കൊതിയോടെ പരസ്പരം മത്സരിച്ചു. എന്നിട്ടും അടുത്ത ആളുടെ ഊഴം വരുമ്പോഴേക്കും ചിലരെല്ലാം മേൽക്കുമേൽ മറിഞ്ഞുവീണു… ബോധം നഷ്ടപ്പെട്ടും, മലമൂത്ര വിസർജ്ജനം നടത്തിയും,കടിച്ചു കീറി രക്തം ചിന്തിയും പരസ്പരം ആരെയും തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിൽ ജീവൻ വെടിഞ്ഞിരുന്നു.

വണ്ടി പോത്തനൂരിൽ എത്തിയപ്പോഴേക്കും 64 പേരോളം മരിച്ചിരുന്നു. വാഗൺ തുറന്നപ്പോൾ പോലീസുകാർ പോലും ഞെട്ടുന്ന കാഴ്ചയാണ് കണ്ടത്.അറുപതു മാപ്പിളമാരും നാല് തിയ്യമാരും ആണ് മരിച്ചത്…എന്നും അഹമ്മദ് ഹാജിയുടെ ഓർമകളിൽ വിരിഞ്ഞ ആ ചിത്രം പങ്കുവയ്ക്കുമ്പോൾ നമുക്ക് അനുമാനിക്കാം….

സ്റ്റേഷൻ മാസ്റ്റർ മരിച്ചവരെ സ്വീകരിക്കാൻ തയ്യാറാവാതെ വന്നപ്പോൾ അവരെ
തിരിച്ച് തിരൂരിലേക്ക് തന്നെ കൊണ്ടുവരികയായിരുന്നു.

മൃതദേഹവുമായി വണ്ടി തിരൂരിലേക്ക് എത്തുന്നതറിഞ്ഞ് മലബാർ കലക്ടർ തോമസും, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും കാത്തുനിന്നിരുന്നു. വാഗൺ തിരൂരിൽ എത്തി തുറന്നപ്പോൾ അകത്തു രൂക്ഷഗന്ധം വമിക്കുന്നുണ്ടായിരുന്നു. മലമൂത്രവിസർജ്ജനത്തിൽ പുരണ്ടും, അന്യോന്യം കെട്ടിപ്പിടിച്ചു മുള്ള മൃതദേഹങ്ങളുടെ ആ കാഴ്ച ഹൃദയഭേദകമായിരുന്നു.

അത്രമേൽ അഴുകിയ ജഡങ്ങൾ പലതും തിരിച്ചറിയാനാവാത്തത് മൂലം സ്വദേശത്തേക്ക് കൊണ്ടുപോകാനാവാതെ തിരൂരിലെ കോരങ്ങത്ത് ജുമാ മസ്ജിദിലും, കോട്ട് ജുമാ മസ്ജിദിലുമായി ഖബറടക്കുകയാണ് ചെയ്തത്.

കൈനിക്കര മമ്മി ഹാജി, ഇറനാട്ടിൽ കമ്മുക്കുട്ടി, തുമ്പേരി ആലിക്കുട്ടി തുടങ്ങിയ നേതാക്കന്മാരാണ് മൃതശരീരങ്ങൾ ഏറ്റെടുത്തത്.

മരിച്ചവരിൽ ഉൾപ്പെട്ട ഹിന്ദുക്കളെ മുത്തൂര് ചോലക്കൽ ആണ് അടക്കം ചെയ്തത് എന്നും പറയപ്പെടുന്നു.

മരിച്ചവരിൽ തിരൂർ സ്വദേശികൾ ആരും ഉണ്ടായിരുന്നില്ല എന്നതും ഒരു വസ്തുതയാണ്.

ഇന്നത്തെ പുലാമന്തോൾ, കരുവമ്പലം പഞ്ചായത്തുകളിൽ നിന്നുള്ളവരായിരുന്നു മരിച്ചവരിൽ അധികവും.

എ.ആർ. നാപ്പ് ചെയർമാനും, മദിരാശി റിട്ടേർഡ് പ്രസിഡൻസി മജിസ്ട്രേറ്റ് അബ്ബാസലി, മണ്ണാർക്കാട് കല്ലടി മൊയ്തു, അഡ്വക്കേറ്റ് സുന്ദരയ്യർ എന്നിവർ അംഗങ്ങളായ കമ്മിറ്റിക്ക് ആയിരുന്നു ഈ ദാരുണ സംഭവത്തിന്റെ അന്വേഷണ ചുമതല.

വാഗൺ നിർമ്മിച്ച കമ്പനിക്കാരും, അത് ഏൽപ്പിച്ചു കൊടുത്ത ഇൻസ്പെക്ടറും ആണ് കുറ്റക്കാർ എന്നാണ് റിപ്പോർട്ട് വന്നത്. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് രണ്ട് റെയിൽവേ പോലീസുകാരെ പ്രതിയാക്കി മദിരാശി ഗവൺമെന്റ് കേസെടുത്തെങ്കിലും കോടതി പിന്നീട് രണ്ടു പേരെയും വെറുതെ വിടുകയാണ് ഉണ്ടായത്.

വാഗൺ ട്രാജഡി തിരൂരിന്റെ നീറുന്ന ഓർമ്മയായിരുന്നു. ഇന്ത്യ സ്വതന്ത്രയായ തോടെ സ്വാതന്ത്ര്യസമരത്തിലെ ഓരോ അധ്യായവും പുനർവായനയ്ക്ക് വിധേയമായി…

വാഗൺ ട്രാജഡിയുടെ എൺപതാം വാർഷികത്തിൽ തിരൂർ നഗരസഭ ഈ ദാരുണ സംഭവത്തിൽ ജീവൻ വെടിഞ്ഞ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി 1987-ൽ ടൗൺഹാൾ നിർമ്മിച്ചു.ദുരന്ത ചിത്രത്തിന്റെ ഓർമ്മപ്പെടുത്തലെന്നോണം ആ വാഗണിന്റെ മാതൃക ടൗൺഹാളിലെ ഒരുവശത്തായി രൂപകല്പന ചെയ്തിട്ടുണ്ട്.

കൂടാതെ വാഗൺ ട്രാജഡി മെമ്മോറിയൽ ബസ് വെയ്റ്റിംഗ് ഷെഡ് വെള്ളുവമ്പ്രം,

വാഗൺ ട്രാജഡി സ്മാരക മന്ദിരം ലൈബ്രറി & സാംസ്കാരികകേന്ദ്രം, കരുവമ്പലം.,

വാഗൺ ട്രാജഡി സ്മാരക ബ്ലോക്ക് വളപുരം ജി. എം.യു.പി.സ്കൂൾ വളപുരം പുലാമന്തോൾ.

എന്നിവയും ഈ ദുരന്തത്തിന്റെ സ്മാരകങ്ങളായ് നിലകൊള്ളുന്നു.

ഹൈസ്കൂൾ ക്ലാസിലെ ചരിത്ര അധ്യാപകൻ പറഞ്ഞുതന്ന ഓർമ്മയിൽ നിന്നാണ് വാഗൺട്രാജഡി ദുരന്തത്തെക്കുറിച്ച് ആദ്യം അറിഞ്ഞത്.

തിരൂർ ടൗൺ ഹാളിനു മുന്നിലുള്ള തീവണ്ടിയുടെ മാതൃക അന്നുമുതലാണ് മനസ്സിൽ ഒരു ചോദ്യചിഹ്നമായി ഉയർന്നത്.
പുസ്തകങ്ങളിൽനിന്നും വായിച്ചറിഞ്ഞ അറിവുകളിലെ അവനവനിസം തന്നെയാണ് ഇപ്പോഴും വ്യക്തതക്ക് വേണ്ടിയുള്ള ഒരു ചിന്തയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

സോഷ്യൽ മീഡിയ കുറെയേറെ സഹായിച്ചു എങ്കിലും ഒട്ടേറെപ്പേർ ലേഖനങ്ങളിലൂടെയും, കഥകളിലൂടെയും, സ്വന്തമായിറക്കിയ പുസ്തകങ്ങളിലൂടെയും ഒക്കെ പ്രതിപാദിക്കാൻ ശ്രമിക്കുന്നത് അവരവരുടെ മാത്രം കാഴ്ചപ്പാടുകളാണ്…

തക്കതായ രേഖകളില്ലാത്തതും ഒരു പരിധിവരെ ഈ ഊഹാപോഹങ്ങൾക്ക് കാരണമായി എന്നും പറയാം…

നിലനിൽപ്പിനു വേണ്ടിയും, രാഷ്ട്രീയ- ജാതി – മത – വർഗീയത കുത്തി നിറച്ച് പാർശ്വവൽക്കരിച്ച് അവരവരുടെ സ്വന്തം കാഴ്ചപ്പാടുകളിലൂടെ മാത്രം നോക്കി കാണുന്ന ഒരു ജനത വളർന്നു വരുന്ന ഒരു തലമുറയ്ക്ക് മുൻപിൽ വാഗൺട്രാജഡി എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു ദുരന്തത്തെ….
ഈ ദാരുണ സംഭവത്തെ… എങ്ങനെയാണ് വിവരിച്ചു കൊടുക്കുക….
ഏത് രേഖയാണ് തെളിവായി കേരളം ഉയർത്തിക്കാട്ടുക….

നമുക്ക് സർവ്വകലാശാലകൾ ധാരാളമുണ്ട് കേരളത്തിൽ ഈ സർവ്വകലാശാലകൾ ഒക്കെയും തന്നെ വെറും പരീക്ഷാകേന്ദ്രങ്ങൾ മാത്രം ആകുന്ന ഒരു കാഴ്ചയല്ലേ നമുക്ക് കാണാൻ കഴിയുന്നത്… അല്ലാതെ ചരിത്ര ഗവേഷണത്തിന് ഉതകുന്ന തരത്തിൽ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കപ്പുറം നിന്നുകൊണ്ട് ഈ ഒരു ചരിത്ര സംഭവത്തെ കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകർന്നു കൊടുക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു ഗ്രന്ഥമുണ്ടോ…
എന്നതും സംശയമാണ്.

✍സന്ധ്യവാസു,
ഹനുമാൻകാവ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: