വാർത്തയും, ചാനൽ അന്തി ചർച്ചകളും മെല്ലാം കൊടുമ്പിരി കൊള്ളുന്ന കാലം. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയുകയും കോളിളക്കം സൃഷ്ടിക്കപെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ ചർച്ചയെ ചെയ്യാതെ ഒരു റിപ്പോർട്ട് കടന്നുപോയി. ദേശീയ കുടുംബ ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടാണതു . ആ റിപ്പോർട്ടിലെ പല വിവരങ്ങളും ഇന്നത്തെ പരിഷകൃത സമൂഹത്തിന് യോജിക്കാൻ പറ്റുന്നതല്ല എത്രയൊക്കെ ഉന്നതിയിലെത്തി, വികാസം പ്രാപിച്ചു എന്ന് നാം പറയുമ്പോഴും നമ്മുടെ അടിസ്ഥാന പരമായിട്ടുള്ള വിശ്വാസങ്ങളിലും നാട്ടുനടപ്പു കളിലും ഇപ്പോഴും നാം പഴഞ്ചൻ തന്നെയാണ് എന്ന് തെളിയിക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
നമ്മുടെ ജനനിരക്ക്, മരണനിരക്ക് എന്നിവ കുറഞ്ഞിരിക്കുന്നു, ആരോഗ്യരംഗത്ത് വളർച്ചനേടിയിരിക്കുന്നു തുടങ്ങി ഒട്ടനവധി നല്ല നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിന്റെ ഉള്ളിലേക്ക് വരുമ്പോഴേക്കും ഈ നേട്ടങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ അല്ല എന്ന് തോന്നാം.
ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കുറച്ചു കാര്യങ്ങൾ ഒന്നു നോക്കാം. രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നു; ഗാർഹിക പീഡനം നേരിടുന്ന 77% സ്ത്രീകളും ഉള്ളിലൊതുക്കി സഹിച്ച് ജീവിക്കുന്നു; മിക്കവാറും സ്ത്രീകൾ ഭർത്താവിന്റെ ഉപദ്രവങ്ങൾ ഏറ്റിട്ടും അവരുടെ കൂടെ തന്നെ ജീവിക്കാൻ താല്പര്യപ്പെടുന്നു.
ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷൻ എന്നുള്ള ഭേദം തന്നെ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത്, പുരുഷൻ ചെയ്യുന്ന എല്ലാ ജോലികളും സ്ത്രീകൾ ചെയ്തു തുടങ്ങിയിരിക്കുന്നകാലത്തു, പുരുഷനേക്കാൾ ഒരുപിടി സ്ത്രീകൾ മുന്നിൽ നിൽക്കുന്ന അവസ്ഥയിൽ ഏറിയ ഭാഗം സ്ത്രീകളും ചൂഷണത്തിനിരയാക്കുന്നു എന്ന് പറയുമ്പോൾ അവിടെയല്ലേ നമ്മൾ ചിന്തിക്കേണ്ടത്. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹമായി ഇന്നും അടിച്ചമർത്തലുകൾ നിലനിൽക്കുന്നു, ഇന്നും വികസനമെന്നത് കുറച്ചാളുകളിൽ ഒതുങ്ങി യിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ റിപ്പോർട്ട്.അടിസ്ഥാനപരമായി ഇന്നും വിവേചനങ്ങൾ അനുഭവിക്കുന്നു എന്നതിന്റെ തെളിവുകൾ കൂടിയാണ്. മതപരമായിട്ടുള്ളവിവേചനം, രാഷ്ട്രീയപരമായിട്ടുള്ള വിവേചനം, എത്രയൊക്കെ മറയിട്ട് മൂടിയാലും അതു മറനീക്കി പുറത്തു വരും എന്നതിന്റെ ഉദാഹരണങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു.
ചിരപുരാതന കാലം മുതലേ സ്ത്രീക്കു കൽപ്പിക്കപ്പെട്ട ഇടങ്ങളുണ്ട്. അതിനപ്പുറത്തേക്ക് അവൾക്കൊരു ലോകം അന്യമായിരുന്നു. പെൺകുട്ടികൾ അടങ്ങി ഒതുങ്ങി അടുക്കള പണികൾ പഠിച്ചു ജീവിക്കണം. വിവാഹം കഴിയുന്നതോടെ ഭർത്താവിന്റെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും അറിഞ്ഞു ആ വീടിനു വേണ്ടി ജീവിച്ചു, മക്കൾക്ക് വേണ്ടി ജീവിച്ചു അങ്ങനെ വാർദ്ധക്യം വരുമ്പോൾ ഒറ്റപെട്ടു അങ്ങനെ മരണം. ഒരുപാട് ഒരുപാട് ചൂഷണം അന്നും ഇന്നും സ്ത്രീകളും പെൺകുട്ടികളും അനുഭവിച്ചു. ദേവദാസി പോലുള്ള പ്രാകൃത വ്യവസ്ഥകൾ സ്ത്രീചൂഷണത്തിന്റെ വലിയൊരു ലോകമാണ്. ബാല്യവിവാഹവും, സതിയും, സ്ത്രീധനവും എല്ലാം ചൂഷണത്തിന്റെ വിവിധ തലങ്ങൾ കാട്ടിതന്നു.സ്ത്രീ എന്നും ലൈംഗികപരമായ ഉപയോഗിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് എന്നുകരുതുന്ന സമൂഹമനസ്ഥിതിക്ക് ഇന്നും ഒരു മാറ്റം വന്നിട്ടില്ല എന്നാണ് അർത്ഥം.
സ്ത്രീ സമൂഹം നേരിടുന്ന ലൈംഗിക അതിക്രമങ്ങളുടെ പട്ടിക നീണ്ടു നീണ്ടു വന്നു കൊണ്ടേയിരിക്കുന്നു. നോട്ടം കൊണ്ടോ, സ്പർശനം കൊണ്ടോ, ലൈംഗിക ചുവയോടെ സംസാരിച്ചുകൊണ്ടോ സ്ത്രീകളെ മാനസികമായും ശരീരികമായും ഉപദ്രവിക്കുന്നവർ, അവരുടെ ഇഷ്ടത്തെ മറികടന്ന് അവരുടെമേൽ ആധിപത്യം നേടാൻ ശ്രമിക്കുന്നവർ, ഇവിടെയൊക്കെ സ്ത്രീയെ കേവലമൊരു ഉപഭോഗവസ്തുവായി കാണുന്നു. സ്ത്രീധനം, മാനഭംഗം ബലാത്സംഗം, ഗാർഹിക പീഡനം തുടങ്ങി നിരവധി പ്രശ്നങ്ങൾ നമ്മുടെ സ്ത്രീകൾ നേരിടുന്നുണ്ട്. അതും നമ്മുടെ രാജ്യത്തു മൂന്നിലൊന്ന് സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നു എന്ന് പറയുമ്പോൾ അതൊരു വലിയ പോരായ്മ തന്നെയാണു. അതിനപ്പുറത്തേക്ക് ഗാർഹിക പീഡനങ്ങളുടെ നിരക്കും നാം നോക്കേണ്ടതാണ്.
ഗൃഹം, അല്ലെങ്കിൽ ഒരു വീട് അവിടെ നമുക്ക് സുരക്ഷയാണു അനുഭവപ്പെടുന്നത്. പക്ഷേ അവിടെ പോലും പീഡനം അനുഭവിക്കേണ്ടി വരുമ്പോൾ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും.
സ്ത്രീധനത്തിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, സൗന്ദര്യത്തിന്റെ പേരിൽ അതിക്ഷേപങ്ങൾ, പീഡനങ്ങൾ. ഭർത്താവിൽ നിന്നും, അമ്മായി അമ്മയിൽ നിന്നുംഏൽക്കേണ്ടി വരുന്ന ശാരീരിക മാനസിക പീഡനങ്ങൾ, എവിടെയാണ് സ്ത്രീകൾ സുരക്ഷിതയായിരിക്കുന്നത്. 77ശതമാനം സ്ത്രീകളാണ് ഗാർഹിക പീഡനങ്ങൾ സഹിച്ചു ജീവിക്കുന്നത്. എവിടെയാണ് നമുക്ക് പിഴക്കുന്നത്?എന്തുകൊണ്ടാണ് സ്ത്രീകൾ ഇതൊക്കെ സഹിച്ചു ജീവിക്കുന്നത്? അവർക്കു എല്ലാം ഉപേക്ഷിച്ചു പോന്നൂടെ? സ്വന്തം വീടില്ലേ? ഭർത്താവിനെ ഉപേക്ഷിച്ചൂടെ? തുടങ്ങി നിരവധി ചോദ്യങ്ങൾ മുൻപിലുണ്ട്. പക്ഷേ അവിടെയൊക്കെ ഉത്തരങ്ങൾ നമുക്ക് മുന്നിലുണ്ട്.
സ്ത്രീ സുരക്ഷായുടെയും, സ്ത്രീശക്തീകരണത്തിന്റെയും ആദ്യ പാഠങ്ങൾ തുടങ്ങേണ്ടത് നമ്മുടെ വീടുകളിൽ നിന്നാണ്. വിവേചനമില്ലാതെ മക്കളെ വളർത്തികൊണ്ട് വരുക, അതിനോടൊപ്പം സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുക.
സ്ത്രീകൾ സർവം സഹകൾ ആണെന്ന് നമ്മുടെ സമൂഹം മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. അവളാണ് സഹിക്കേണ്ടത്, അവളാണ് ക്ഷമിക്കേണ്ടത്. ഒരു സ്ത്രീ ഭർത്താവിനെ ഉപേക്ഷിച്ചു ഇറങ്ങിയാൽ ആ സമൂഹത്തിൽ അവൾക്കുകിട്ടുന്ന ഒരുപാട് പേരുകൾ ഉണ്ട്. സ്ത്രീകൾ ഇറങ്ങി വരുമ്പോൾ ആ സ്ത്രീയെ കൂടുതൽ ശിക്ഷിക്കപ്പെടുക എന്നല്ലാതെ ആ സ്ത്രീക്ക് നീതി വാങ്ങിക്കൊടുക്കാൻ ഒരു സമൂഹവും തയ്യാറാകുന്നില്ല. സ്വന്തം വീട്ടിൽ പോലും അന്യയാകേണ്ടി വരുന്നു അതുകൊണ്ട് തന്നെ എന്തും സഹിക്കാൻ അവൾ തയ്യാറാകുന്നു.
ഒട്ടുമിക്ക സ്ത്രീകളും മക്കൾക്ക് വേണ്ടിയാണു എല്ലാം സഹിക്കുന്നത്. പലപെൺകുട്ടികളും പക്വത ഇല്ലാത്ത സമയത്താണ് വിവാഹിതയാകുന്നത് അതുകൊണ്ടുതന്നെ പുതിയ ഒരു ജീവിതം തുടങ്ങുമ്പോൾ അതിലുള്ള കല്ലുകടികളെ തരണം ചെയ്യാൻ അവൾക്ക് കഴിഞ്ഞുന്നു വരില്ല. ലൈംഗിക അതിക്രമ കേസുകൾ നാൾക്കുനാൾ വർധിച്ചു വരുകയാണ്.എന്തുകൊണ്ട് ഇത്രയൊക്കെ അക്രമങ്ങൾ സ്ത്രീകൾക്ക് നേരെ നടക്കുന്നു? എന്തുകൊണ്ട് സ്ത്രീയെന്നും അപകടത്തിൽപ്പെട്ടവർ ആകുന്നു?എല്ലാവരും ചർച്ച ചെയ്യേണ്ട ഒരു കാര്യമാണിത്.
പരിഷ്കൃത സമൂഹത്തിൽ സ്ത്രീക്ക് നൽകുന്ന വിലയെന്താണ്? സ്ത്രീകളോടുള്ള സമീപനം എങ്ങനെ ആയിരിക്കണം? സ്ത്രീയുടെ അവകാശങ്ങളും സംരക്ഷണങ്ങളും എങ്ങനെയായിരിക്കണം? എന്നതിനെപ്പറ്റി എല്ലാം നമ്മൾ ബോധവാന്മാരായിരിക്കേണ്ട ആവശ്യകത ഏറിയിരിക്കുന്നു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു പോലെ വളർത്തേണ്ടതുണ്ട് അവർക്ക് അവരുടെ ജെണ്ടർ ഇക്വാലിറ്റി നിലനിർത്താൻ ആവശ്യമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടതും അത്യാവശ്യമാണ് അല്ലെങ്കിൽ ഇനിയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും, പീഡനങ്ങളും എല്ലാം തന്നെ തുടർക്കഥയാവും.
സുബി വാസു നിലമ്പൂർ
മികച്ച ലേഖനം. ആശംസകൾ