മനുഷ്യരാശിയുടെ പിറവിയോളം പഴക്കമുണ്ടാകും Viral fever എന്ന സാധാരണക്കാരൻ്റെ സ്വന്തം"പനിയ്ക്കും".
ഒരു കാലത്ത് കൊട്ടാരത്തിൻ്റെ
അകത്തളങ്ങളിൽ തകർത്താടിയിട്ടുണ്ടാകാമെങ്കിലും കുടിലുകളിൽ അന്തിയുറങ്ങിയിരുന്ന സാധാരണക്കാരിൽ പക്ഷാഭേദം കൂടാതെ കളം നിറഞ്ഞാടിയിരുന്ന,
സന്തത സഹചാരിയായിരുന്ന നമ്മുടെ സ്വന്തം ദ്വയാക്ഷര നാമധാരിയായ പാവം “പനി”യെ മറന്നുവോ !.
പഴയ തലമുറ കൈമാറി വന്നിരുന്നൊരു പഴമൊഴി തന്നെയുണ്ടായിരുന്നു
“പനിയ്ക്കൊരു പട്ടിണി മതിയെന്ന്”.
അല്പസ്വല്പം ശരീരവേദന, നനുത്ത കുളിര്, കിടുങ്ങൽ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ ഭാവരൂപങ്ങളോടെ രംഗപ്രവേശം ചെയ്ത് രണ്ടോ മൂന്നോ ദിവസം കൊണ്ട് ക്രമേണ കളമൊഴിയുന്ന നിരുപദ്രവകാരിയായിരുന്നില്ലെ മ്മുടെ സ്വന്തം പനി.
സ്കൂളുകൾ തുറക്കുമ്പോൾ കാലം തെറ്റാതെ കാത്തിരുന്ന് കടന്നു വന്നിരുന്ന കാലവർഷവും പനിയെ എതിരേൽക്കുവാൻ നമ്മുടെ കുട്ടിക്കാലവും മറക്കാനാവില്ലല്ലൊ.
ആദ്യ ദിവസം തന്നെ നനഞ്ഞ് കുതിർന്ന് തിരികെ വീട്ടിലെത്തുമ്പോഴേയ്ക്കും നമുക്കൊപ്പം പടികടന്നെത്തുന്ന
പാവം പനി നമുക്കിന്നും സുഖം പകരുന്ന ഒരു കുളിരോർമ്മയായി അവശേഷിയ്ക്കുന്നു.
തൊടിയിലെവിടെയും സർവ്വസാധാരണമായി കണ്ടുവരാറുള്ള സിദ്ധൗഷധമായ തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീരിൽ പൊടിയരി ചേർത്ത് വേവിച്ചൊരല്പം കഞ്ഞി രണ്ടുനേരവും കഴിച്ച് പുട്ടുകുടത്തിൽ തുളസിയിലയോ പനികൂർക്കയോ രണ്ടും കുടിയോ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ നിന്നും രണ്ടോ മൂന്നോ തവണ ആവിയും കൊണ്ട് പുതച്ചുമൂടി ഒരു രാത്രി പട്ടിണിയും കിടന്നാൽ ശരീരം വിട്ടൊഴിഞ്ഞു പോയിരുന്ന നിരൂപദ്രവകാരിയായിരുന്ന
നമ്മുടെ സ്വന്തം പനി ഇന്നെവിടെ?!.
ഇന്നിപ്പോൾ വികസിത രാജ്യങ്ങളുടെ നിർമ്മാണ ഫലമായി ലോകം കീഴടക്കി മുന്നേറുന്ന വരേണ്യവർഗ്ഗ വൈറസുകൾ
നമ്മുടെ സ്വന്തം Viral fever കുടുംബത്തെക്കൂടി പറയിപ്പിയ്ക്കുവാനുള്ള പുറപ്പാടിലും!.
Viral fever കുടുംബത്തിലെയാണെങ്കിലും ബൂർഷ്വാ സന്തതിയായതിനാൽ ലേശം പോലും കരുണയോ കരുതലോ മാനവികതയോ ടിയാന് തൊട്ടു തീണ്ടിയിട്ടില്ല.
നമ്മുടെ സ്വന്തം പനി നമ്മിലെ പ്രതിരോധശേഷിയെ ഊട്ടി ഉറപ്പിച്ചിരുന്നുവെങ്കിൽ അതേ കുടുംബത്തിലെ പ്രസ്തുത വരേണ്യൻ കുത്തക മുതലാളിത്ത സാമ്രാജ്യശക്തികളെ പോലെ തന്നെ നമ്മിലെ പ്രതിരോധ ശക്തിയെ തുടക്കത്തിലെ തകർത്തു കൊണ്ടാണ് മുന്നേറുന്നത്.
സാധാരണക്കാരൻ്റെ ദു:ഖങ്ങളോ ദുരിതങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളാ കുത്തകകൾക്ക് മനസ്സിലാകില്ലല്ലൊ ..
അത് Virus ആയാലും മുതലാളിയായാലും.
സാധാരണക്കാരൻ്റെ സ്വന്തം പനി വന്നാൽ അയൽ വീടുകളിൽ നിന്നെങ്കിലും സഹായം ലഭ്യമായിരുന്നുവെങ്കിൽ വരേണ്യ വൈറസിൻ്റെ കടന്നാക്രമണം നമ്മെ പൊതു സമൂഹത്തിൽ നിന്നു പോലും ഒറ്റപ്പെടുത്തുകയും ഭീകരാവസ്ഥയിലെത്തിയ്ക്കുകയും ചെയ്യുന്നു.
സാധാരണക്കാരൻ്റെ ആശ്വാസകേന്ദ്രങ്ങളായ ആതുരാലയങ്ങളിൽ നിന്നു പോലും നമ്മെ ഒറ്റപ്പെടുത്തുന്നു. ചെറുപനി മുതൽ ജീവൻ കാർന്നുതിന്നുന്ന ക്യാൻസർ വരെ ഈ വരേണ്യ കാണാ കൃമിയുടെ മുന്നിൽ എത്രയോ ഭേദമെന്ന് ചിന്തിക്കേണ്ടി വന്നിരിക്കുന്നു.
ആശുപത്രികളിൽ ദൈനം ദിനം എത്തിക്കൊണ്ടിരുന്ന ലക്ഷക്കണക്കിന് രോഗികൾ പോലും മറ്റു രോഗപീഡകൾ സഹിയ്ക്കുവാനും വരേണ്യൻ്റെ മാരണ പീഡയിൽ നിന്നും മോചിതരാകുവാനും ശീലിച്ചു തുടങ്ങിയിരിക്കുന്നു. സാധാരണ പനി ഒരു പ്രകൃതിജന്യ രോഗമായിരുന്നുവെങ്കിൽ കോവിഡെന്ന വരേണ്യ വൈറസ് മനുഷ്യനിർമ്മിതമായതിനാലാവാം പ്രകൃതി പോലും വിറങ്ങലിച്ചു നിൽക്കുന്നു.
ഒരു കാലത്ത് സാധാരണക്കാരനിൽ അന്യമായിരുന്ന പ്രഷറും ഷുഗറും കൊളസ്ട്രോളും സമ്പന്നരുടെ കുത്തകയായിരുന്ന ഹൃദയസ്തംഭനവും എല്ലാം സമ്പന്ന സന്തതിയുടെ വരവോടെ നിഷ്പ്രഭമായി തീർന്നു!.
ദന്തഗോപുരവാസമോ സഹസ്രകോടീശ്വരനെന്ന അഹംഭാവമോ ഈ കുത്തക സന്തതിയുടെ മുന്നിൽ വിലപ്പോകുന്നില്ലെന്നൊരു സോഷ്യലിസ്റ്റു കാഴ്ചപ്പാടുണ്ടെന്നതല്ലാതെ…
ജുറാസിക് പാർക്കിലെ ഭീകര ജീവിയെപോലെ…
ഭസ്മാസുരനു നൽകിയ വരം പോലെ…
ഈ കൊടും ഭീകരനിൽ നിന്നും എത്രയോ ഭേദമായിരുന്നില്ലെ ഈ തറവാട്ടിലെ ആയിരുന്നെങ്കിലും നമ്മുടെ സ്വന്തം … സാധാരണക്കാരൻ്റെ പനിയെന്ന
“Viral fever”!.
ഇതിൽ നിന്നും നാം ഒരു പാഠമുൾക്കൊണ്ടു.
“സമ്പന്നതയേക്കാൾ ഭേദം ദാരിദ്ര്യം തന്നെ” !.
അത് ജീവിതാവസ്ഥയായാലും രോഗാവസ്ഥയായാലും!.
അനുഭവത്തിൻ്റെ നേർസാക്ഷ്യ ചിന്ത!
സ്നേഹാദരവോടെ സ്വന്തം
.ഹരിദാസ് പല്ലാരിമംഗലം.✍