17.1 C
New York
Thursday, December 2, 2021
Home Special വൈക്കത്ത് സാമൂഹ്യ മാറ്റത്തിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ : (കോട്ടയത്തിന്റെ സുവിശേഷം -14)

വൈക്കത്ത് സാമൂഹ്യ മാറ്റത്തിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ : (കോട്ടയത്തിന്റെ സുവിശേഷം -14)

✍️ചരിത്രസഞ്ചാരി ©️

വൈക്കത്ത് സാമൂഹ്യ മാറ്റത്തിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ :

“ഇണ്ണയിക്ക് സായന്തിനം അഞ്ചുമണിക്ക് ബോട്ടുജെട്ടിക്ക് പക്കത്തിൽ ജാർജ് ജാസഫ് പേശുകിറാർകൾ”… ഡും.. ഡും… ഡും…. മുത്തുസാമി എന്ന ആ പാവം തമിഴൻ തന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ തകരപാട്ടയിൽ ആഞ്ഞടിച്ചുകൊണ്ട് വൈക്കം സത്യാഗ്രഹസമര വിളംബരം വൈക്കം തെരുവീഥികളിലൂടെ കൊട്ടിയറിച്ചുകൊണ്ടു ഏകനായി നടന്നു. തലേ ദിവസം മുത്തുസ്വാമിയുടെ ചെണ്ട സവർണരുടെ ഗുണ്ടകൾ തല്ലിപൊളിച്ചുകളഞ്ഞിട്ടും ഒരു തരിമ്പും ആവേശം കൈവിടാതെ മുത്തുസ്വാമി തന്റെ കർമത്തിൽ മുഴുകി..

വർണവിവേചനത്തിനെതിരെ കേരളം ഒന്നിച്ചുയർത്തെഴുന്നേറ്റത് കോട്ടയത്ത്‌ 1924 മാർച്ച്‌ 30ന് വൈക്കത്ത് തുടങ്ങിയ ഐതിഹാസ സമരത്തോടെ ആയിരുന്നു. ചാതുർവർണ്യത്തിലൂന്നിയ അയിത്താചരണത്തിനെതിരെ നടന്ന ജനകീയ ഗാന്ധിയൻ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം. ന്യുനപക്ഷമായ ബ്രാഹ്മണർ തങ്ങളുടെ പ്രാമാണ്യം അഷ്ടബന്ധമിട്ടുറപ്പിക്കാൻ തീണ്ടലും, തൊടീലും എന്ന ആശയം ഉപയോഗിച്ചപ്പോൾ രാജാക്കന്മാർ പോലും ബ്രാഹ്മണർക്കുമുന്പിൽ രണ്ടടി തീണ്ടാപ്പാടകലെ നിൽകേണ്ടിയവരായി മാറി. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മുൻപിൽ ഇരിക്കാത്ത മഹാരാജാവ് സമ്മാനങ്ങൾ തിരുമുൽക്കാഴ്ചയായി സമർപ്പിച്ച് നമസ്ക്കരിച്ചു നിന്ന് അനുഗ്രഹങ്ങൾ മേടിച്ചപ്പോൾ രാജ്യത്തെ ഭൂമിയുടെ ഉടമാവകാശം ബ്രഹ്മസ്വവും, ദേവസ്വവും കയ്യടക്കി. കേരളത്തിലെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനും ബ്രാഹ്മണർ വഹിച്ച പങ്ക് വലുതായിരുന്നു. 64 ജാതികൾ സൃഷ്ട്ടിച്ച സമൂഹം പുരോഗമനപരമായ എല്ലാ ആശയങ്ങൾക്കും തടസ്സം നിന്നുകൊണ്ട് 8 അടി മുതൽ 84 അടി വരെ സമൂഹത്തിനെ വേർതിരിച്ചു ജാതിപ്പേരിൽ അകലം ഇട്ട് നിർത്തി. സവർണരും, അവർണരും, അവർണർ തമ്മിൽത്തമ്മിലും തീണ്ടൽ ഉള്ള ലോകത്തൊരേയൊരു പ്രദേശം കേരളം ആയപ്പോൾ വിവേകാനന്ദൻ “ഭ്രാന്താലയം” എന്ന് കേരളത്തിനെ വിളിച്ചു !

കോൺഗ്രസ്സും, വൈക്കം സത്യാഗ്രഹവും :

1923-ൽ പാലക്കാട്‌ നടന്ന കോണ്ഗ്രസ്സിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ അയിത്തോച്ചാടനശ്രമങ്ങളിൽ കേരളത്തിലെ കോൺഗ്രസ്‌ സജീവമായി. പ്രസ്തുത സമ്മേളനത്തിൽ നടന്ന പന്തിഭോജനം നാട്ടിൽ കോളിളക്കവും, ടി. ആർ. കൃഷ്ണസ്വാമിക്ക് തന്റെ അഗ്രഹാരത്തിൽ നിന്ന് ഒഴിഞ്ഞു മാറേണ്ട സാഹചര്യവും സൃഷ്ടിക്കപ്പെട്ടു.

കോൺഗ്രസിന്റെ 1917-ലെ കൽക്കട്ട സമ്മേളനത്തിൽ ജാതീയവിഭജനങ്ങൾക്കും, സാമൂഹ്യ അസമത്വങ്ങൾക്കുമെതിരെ പ്രമേയം പാസ്സാക്കിയപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയിൽ ഇത് ഇടം പിടിച്ചു. 1920-ൽ നാഗ്പ്പൂർ കോൺഗ്രസ്‌ സമ്മേളനം അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന പ്രമേയം പാസ്സാക്കി ഒരു പടി കൂടി മുന്നോട്ട് കയറി. 1921-ൽ അഹമ്മദാബാദിലും, 1922 -ൽ ബാർദോളിയിലും കൂടിയ കോൺഗ്രസ്‌ സമ്മേളനങ്ങൾ അയിത്താചരണം നിരോധിക്കണം എന്നാവിശ്യപ്പെടുന്ന പ്രമേയങ്ങൾ പാസ്സാക്കപ്പെട്ടു. 1924-ൽ കർണാടകയിലെ കാക്കിനഡ കോൺഗ്രസ്‌ സമ്മേളനത്തെ തുടർന്ന് പ്രവിശ്യാ കോൺഗ്രസ്‌ കമ്മറ്റികൾ അയിത്താചരണത്തിനെതിരായ സമരം മുഖ്യ അജണ്ടയാക്കി സമരമാർഗത്തിൽ ഇറങ്ങിയത് ടി. കെ. മാധവന്റെയും, കെ.പി.കേശവമേനോന്റെയും ശ്രമഫലം കൊണ്ടായിരുന്നു. ടി.കെ.മാധവൻ അയിത്തജാതിക്കാർക്ക് വേണ്ടി അയിത്തോച്ചാടനം എന്ന ലക്ഷ്യത്തിലേക്കായി ഒരു അപേക്ഷാപത്രം തയ്യാറാക്കി കോൺഗ്രസ് പ്രസിഡന്റ്‌ മൗലാന മുഹമ്മദാലിക്കും, നാനൂറോളം വരുന്ന വിഷയനിർണയ കമ്മറ്റിക്കാർക്കും, ഇരുന്നൂറോളം പത്രപ്രധിനിധികൾക്കും കൊടുത്തു. സർദാർ കെ.എം. പണിക്കർ ആയിരുന്നു കോൺഗ്രസ്‌ പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചക്ക് വേദി ഒരുക്കിയത്. അപേക്ഷാപത്രം വായിച്ച മൗലാന മുഹമ്മദാലി ഉറച്ച ശബ്ദത്തിൽ ടി.കെ. മാധവനോട് ചോദിച്ചത് നിയമലംഘനം നടത്തി ക്ഷേത്രത്തിൽ പ്രവേശിക്കാൻ തയ്യാറാണോ എന്നായിരുന്നു. “അതെ” എന്ന് പറഞ്ഞ മാധവന് കോൺഗ്രസ്‌ ഈ സമരം ഏറ്റെടുക്കുന്നു എന്ന ഉറപ്പുടൻ കിട്ടി.

റിട്ടയേർഡ് ഹൈകോടതി ജഡ്ജി സി. രാമൻ തമ്പി, സി. വി. കുഞ്ഞിരാമൻ തുടങ്ങിയവർ ക്ഷേത്രപ്രവേശനത്തിനായി ആഹ്വാനങ്ങളും, ലേഖനങ്ങളുമായി പൊതുരംഗത്തേക്ക് നേരത്തെ വന്നിരിന്നു. അരുവിപ്പുറത്ത് വെച്ചു നടന്ന 1904-ലെ എസ്.എൻ. ഡി.പി യോഗത്തിന്റെ പ്രഥമ സമ്മേളനത്തോടെ ഈഴവശക്തി സമാഹരിക്കപ്പെട്ടു. 1921-ൽ തൃശ്നാപ്പള്ളിയിൽവെച്ച് മഹാത്മാഗാന്ധിയെ കാണാൻ ടി.കെ മാധവന് ഭാഗ്യം സിദ്ധിച്ചപ്പോൾ അയിത്തോച്ചാടനത്തിനും, ക്ഷേത്രപ്രവേശനത്തിനും ഗാന്ധിയൻ സമരമാർഗമാണ് ഇതിന് പ്രയോഗിക്കാൻ പറ്റിയ ആയുധം എന്ന് തിരിച്ചെറിഞ്ഞു. 1914-ൽ സ്ഥാപിതമായ എൻ. എസ്.എസ് എന്ന സംഘടനയിലൂടെ മന്നത്തു പത്മനാഭനും സാമൂഹ്യ നവീകരണത്തിന്റെ കാഹളമുയർത്തി.

1924 ജനുവരി 24 ന് എറണാകുളത്ത് കൂടിയ കേരളത്തിലെ കോൺഗ്രസ്സ് കമ്മറ്റി കെ.കേളപ്പൻ കൺവീനറും, ടി.കെ.മാധവൻ, ടി.ആർ.കൃഷ്ണസ്വാമി അയ്യർ, കുറൂർ നീലകണ്ഠൻ നമ്പൂതിരി, കണ്ണന്തോട് വേലായുധമേനോൻ തുടങ്ങിവരുടെ നേതൃത്വത്തിൽ അയിത്തോച്ചാടന കമ്മറ്റി രൂപീകരിച്ചു. അവർ തിരുവതാംകൂറിലുടനീളം ഗ്രാമഗ്രാമാന്തനഗരങ്ങളിൽ അവർണ്ണർക്ക് വഴിനടക്കാനും, ക്ഷേത്രപ്രവേശനത്തിനുമുള്ള അവകാശത്തിനായി വൻപിച്ച പ്രചാരണപരിപാടികൾ തുടങ്ങി. ഇരുപത്തിനാലു ദിവസം കൊണ്ട് കേരളം ഉണർന്നെഴുന്നേറ്റു.

എന്തുകൊണ്ട് വൈക്കം :

വൈക്കം സത്യാഗ്രഹത്തിന് ഒരു നൂറ്റാണ്ട് മുൻപ് ആ നാട്ടിലെ ഒരുപറ്റം യുവാക്കൾ നിരോധനം ലംഖിച്ച് ക്ഷേത്രത്തിൽ കയറി ആരാധന നടത്തിയതിന്റെ ഫലം മഹാരാജാവിന്റെ കല്പനപ്രകാരം പ്രസ്തുത യുവാക്കളെ വെട്ടിനുറുക്കി അടുത്തുള്ള കുളത്തിലെറിഞ്ഞതായിരുന്നു. ഇന്നത് ദളവകുളം. കൂടാതെ ശ്രീനാരായണ ഗുരുവിനെ വൈക്കത്തെ ക്ഷേത്രവഴിയിലൂടെ നടക്കാൻ അനുവദിക്കാത്തത്ര വിവേചനം നിലനിൽക്കുന്ന സ്ഥലമായതും ഒരു കാരണമായി. ടി.കെ മാധവനാണ് വൈക്കം തന്നെ സമരഭൂമി എന്ന് തീരുമാനിച്ചത്. 1924 മാർച്ച്‌ 30ന് സമരം തുടങ്ങാൻ തീരുമാനിച്ച് ഗാന്ധിജിക്ക് കെ.പി കേശവമേനോൻ കത്തയച്ചു. പൂർണ പിന്തുണയറിയിച്ച് ഗാന്ധിജിയുടെ മറുപടി മടക്കതപാലിൽ എത്തി.

സത്യാഗ്രഹം തുടങ്ങുന്നതറിഞ്ഞു ആയിരങ്ങൾ വൈക്കത്തേക്ക് പ്രവഹിച്ചു. പോലീസും അണിനിരന്നു. സത്യഗ്രഹദിവസം മൂന്നു പേർ നിയമം ലംഖിച്ച് അറസ്റ്റ് വരിക്കാൻ കുളിച്ചു കുറിയിട്ടു. കുഞ്ഞാപ്പി എന്ന പുലയനും, ബാഹുലേയൻ എന്ന ഈഴവനും, ഗോവിന്ദപണിക്കർ എന്ന നായരും കാലത്ത് ഏഴു മണിക്ക് ക്ഷേത്രാവഴിയിലേക്ക് നടന്നപ്പോൾ ആയിരങ്ങൾ സാക്ഷിയായി. പോലീസ് അവരെ അറസ്റ്റ്‌ ചെയ്തു. തികച്ചും ഗാന്ധിയൻ സമരമാർഗങ്ങളിലൂന്നിയുള്ള സമരമായതിനാൽ അനിഷ്ട സംഭവങ്ങൾക്ക് പ്രസക്തിയില്ലായിരുന്നു. മജിസ്‌ട്രേറ്റ് ആണ്ടിപ്പിള്ളയുടെ മുൻപാകെ ഹാജരാക്കപ്പെട്ടവർ ജാമ്യം എടുക്കാനോ, കേസ് വാദിക്കാനോ തയ്യാറാകാത്തതിനാൽ ആറു മാസം തടവിലാക്കപ്പെട്ടു . രണ്ടു ദിവസം തുടർന്ന സത്യഗ്രഹ സമരം ഗാന്ധിജിയുടെ അഭ്യർത്ഥന പ്രകാരം നിറുത്തിവെച്ചെങ്കിലും ഏപ്രിൽ 7ന് വീണ്ടും പുനരാരംഭിച്ചു. സത്യാഗ്രഹം പുനരാരംഭിച്ചത് ടി.കെ മാധവന്റെയും, കെ.പി.കേശവമേനോന്റെയും അറസ്റ്റോടുകൂടിയായിരുന്നു. ഇത് വലിയ ചലനം സമൂഹത്തിൽ ഉണ്ടാക്കി. പ്രക്ഷുബ്ധമായ അന്തരീക്ഷം സംജാതമായപ്പോൾ പ്രധിഷേധം കേരളമാകെ അലയടിക്കാൻ തുടങ്ങി. മധുരയിലെ അഭിഭാഷകവൃത്തി നിർത്തിവെച്ചുകൊണ്ട് ബാരിസ്റ്റർ. ജോർജ് ജോസഫ് എന്ന ചെങ്ങന്നൂരുകാരൻ വൈക്കത്തെത്തി. വഴിനടക്കാനുള്ള സമരം വ്യക്തിയുടെ മൗലീക അവകാശമാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ മാത്രം നടന്ന സമരം നാലു വശത്തുമുള്ള നടയിലേക്കദ്ദേഹം വ്യാപിപ്പിച്ചു. കെ.കേളപ്പനുൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ജയിലിൽ അടക്കപ്പെട്ടപ്പോൾ സത്യാഗ്രഹസമരത്തിന്റെ പൂർണ ചുമതല ഏറ്റെടുത്തുകൊണ്ട് ജോർജ് ജോസഫ് വൈക്കം ബോട്ട് ജെട്ടികവലയിൽ കൂടുന്ന പുരുഷാരത്തിനോട് ദിവസവും പ്രസംഗിച്ചുകൊണ്ടിരുന്നു. അധികം താമസിയാതെതന്നെ ബാരിസ്റ്റർ ജോർജ് ജോസഫ് അറസ്റ്റിലായി.

ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നും സത്യാഗ്രഹത്തിന് സന്നദ്ധഭടന്മാരെത്തി. പഞ്ചാബിലെ അമൃതസറിൽ നിന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ നിർദേശാനുസരണം ലാൽസിങ് എന്നൊരാളുടെ നേതൃത്വത്തിൽ വലിയൊരുസംഘം വൈക്കത്തെത്തി സൗജന്യ ഭോജനശാല തുടങ്ങി. വൈക്കം സത്യാഗ്രഹം ഹിന്ദുക്കൾ മാത്രം നടത്തേണ്ടതാണെന്ന ഗാന്ധിജിയുടെ ആശയം സിക്കുകാരുടെ ഭോജനശാലയുടെ പ്രവർത്തനം 1924 ഏപ്രിൽ 29 മുതൽ ജൂൺ 25 വരെ മാത്രമായി പരിമിതപ്പെടുത്തി.

ഇ.വി.രാമസ്വാമി നായ്ക്കർ എത്തുന്നു :

ഈ സന്ദർഭത്തിൽ തമിഴ്നാട് കോൺഗ്രസ്സ് അധ്യക്ഷനും, ഈറോഡ് മുനിസിപ്പൽ ചെയർമാനും, വലിയ ധനാഢ്യനും, ബ്രാഹ്മണനും ആയ “അബ്രാഹ്മണപ്രസ്ഥാനത്തിന്റെ” നേതാവ് “പെരിയോർ ” എന്ന് തമിഴൻ ആദരവോടെ വിളിക്കുന്ന ഇ.വി.രാമസ്വാമിയെ കത്തിലൂടെ ടി.കെ.മാധവനും, കെ.പി.കേശവമേനോനും, ജോർജ് ജോസെഫും കൂടി സത്യാഗ്രത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ക്ഷണിച്ചുവരുത്തി. കത്ത് കിട്ടിയ പെരിയോർ മറ്റുപരിപാടികൾ എല്ലാം മാറ്റിവെച്ച് തമിഴ്നാട് കോൺഗ്രസ്സ് അധ്യക്ഷപദവി രാജഗോപാലാചാരിയെ ഏല്പിച്ച് വൈക്കത്തേക്ക് പുറപ്പെട്ടു. ഏപ്രിൽ 14-ന് അദ്ദേഹം വൈക്കത്തെത്തി. പെരിയോർ തിരുവതാംകൂറാകെ തന്റെ മനോഹരമായ തമിഴ്ഭാഷയിൽ പ്രസംഗപര്യടനം നടത്തിയപ്പോൾ ജനം ഇളകി മറിഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഇടിമുഴക്കം പോലെ തിരുവതാംകൂറാകെ മുഴങ്ങി. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ തമിഴ്നാട് യാത്രയിൽ ഇറോഡിൽ വിശ്രമിച്ചിരുന്നത് ഇ.വി.രാമസ്വാമിയുടെ ബംഗ്ലാവിൽ ആയിരുന്നെങ്കിലും ഇ.വി.രാമസ്വാമി പരിചിതഭാവം കാണിക്കാതെ തന്റെ കർമത്തിലും, ആശയത്തിലും ഉറച്ചു നിന്നു. ക്ഷേത്രവഴികൾ മഹാരാജാവിന്റെ മുത്തച്ഛന്റെ വകയല്ല എന്നാക്രോശിച്ചു. ഇതിൽ ക്രുദ്ധനായ രാജാവ് ഇ.വി യെ കഠിനതടവിലാക്കി ക്രിമിനൽ പുള്ളികളോടൊപ്പം പാർപ്പിച്ചു. ഇന്ത്യയാകെ ഈ സംഭവങ്ങൾ വലിയ പത്രവാർത്ത ആയിതുടങ്ങി.

*കേരളചന്ദ്രിക പത്രത്തിന്റെ എഡിറ്റർ ശ്രീ.അബ്ദുൽ റഹ്മാൻ സാഹിബ്‌ സത്യാഗ്രഹസ്ഥലത്തെത്തിയതോടെ മുസ്ലിം ജനസാമാന്യം സമരത്തിനനുകൂല നിലപാടെടുത്തു. ഈഴവരുടെ സാമുദായിക പിന്തുണ കുറവാണെന്ന് തോന്നിയപ്പോൾ എസ്.എൻ.ഡി.പി യോഗം ഇരുപത്തൊന്നാം വാർഷിക സമ്മേളനം വൈക്കത്തു വെച്ചു നടത്തി സത്യാഗ്രഹത്തിന് പിന്തുണ അറിയിച്ചു.ഇതോടെ ഈഴവയുവാക്കൾ ഖദർ ധരിക്കുകയും, കോൺഗ്രസ്‌ അനുകൂലികളാകുകയും, അവരുടെ കുടുംബങ്ങളിലെ സ്ത്രീകൾ “പിടിയരി” ശേഖരിച്ച് വൈക്കം സത്യാഗ്രഹത്തിന് എത്തിച്ചുകൊണ്ട് ഈ സമരത്തിൽ പങ്കാളികളാകുകയും ചെയ്തു. അതേ പന്തലിൽ വെച്ചുതന്നെ മെയ് 8 ന് നായരീഴവസമ്മേളനം ചെങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന് ദിവാൻജിയെ കണ്ട് ഒരു നിവേദനം കൊടുക്കാൻ തീരുമാനിച്ചു.

*1924 ആഗസ്ത് 7 ന് ഹിസ് ഹൈനെസ്സ് ശ്രീ പത്മനാഭദാസ വഞ്ചീപാല ശ്രീ മൂലം തിരുന്നാൾ സർ രാമവർമ കുലശേഖര കിരീടപതി മന്നെ സുൽത്താൻ മഹാരാജ രാജരാമരാജ ബഹദൂർ ജി.സി.ഐ എന്ന് വിളിക്കപ്പെട്ട തിരുവതാംകൂർ മഹാരാജാവ് നാടുനീങ്ങി.

സെപ്റ്റംബർ 1-ന് തിരുവതാംകൂറിന്റെ സിംഹാസനത്തിലേക്ക് റീജന്റ് റാണിയായി പൂരാടം തിരുനാൾ ലക്ഷ്മീബായ് സ്ഥാനമേറ്റു. അന്നുച്ചക്ക് റീജന്റ് റാണിയുടെ ഉത്തരവിൻപടി കാരാഗൃഹത്തിൽ അടക്കപ്പെട്ട സത്യാഗ്രഹികളെയത്രയും വെറുതെ വിടുന്നതായി ദിവാൻ രാഘവയ്യ ഉത്സാഹമൊട്ടും ഇല്ലാതെ പ്രഖ്യാപിച്ചു. ജനം ആവേശത്തോടെ ഈ വാർത്ത ഏറ്റെടുത്തപ്പോൾ റീജന്റ് റാണി വൈക്കം സത്യാഗ്രഹത്തിന് സന്തുഷ്ടമായ പരിസമാപ്തി കൊണ്ടുവരുമെന്നുള്ള പ്രതീക്ഷക്ക് നിറം വെച്ചുതുടങ്ങി.

99-ലെ വെള്ളപ്പൊക്കം :

കൊല്ലവർഷം 1099-ലെ (1924) വലിയ വെള്ളപ്പൊക്കം കേരളക്കരയെ വിഴുങ്ങി. പേമാരി തീർത്ത വെള്ളപ്പൊക്കത്തിലും സത്യാഗ്രഹികൾ പകലന്തിയോളം കഴുത്തോളം വെള്ളത്തിൽ നിന്നുകൊണ്ട് സമരം തുടർന്നു. വാളണ്ടീർമാർ വെള്ളപ്പൊക്കദുരിതാശ്വാസത്തിൽ ഏർപ്പെട്ട് നാടിന് ആശ്വാസവും, തണലും ആയി.

സവർണജാഥ :

സത്യാഗ്രഹത്തിന് സവർണരുടെ പിന്തുണ ആർജിക്കാൻ രണ്ട് ജാഥകൾ നടത്താൻ തീരുമാനം ആയി.വടക്കുനിന്നുള്ള ജാഥ മന്നത്തു പത്മനാഭനും, തെക്കുനിന്നുള്ള ജാഥ ഡോ.പെരുമാൾ നായിഡുവും നയിച്ച് നവംബർ 11ന് തിരുവനന്തപുരത്തെത്തി വൻപിച്ച പൊതുസമ്മേളനം നടത്തി. 22000 പേർ ഒപ്പിട്ട നിവേദനം നവംബർ 12ന് സെയ്താൽമാൻഡ് കൊട്ടാരത്തിന്റെ പ്രതാപം നിറഞ്ഞ അകത്തളത്തിൽ വെച്ച് റീജന്റ് റാണിക്ക് സമർപ്പിച്ചു. പരിഷ്കരണവാദത്തിന്റെ കാമ്പും, കാതലും സശ്രദ്ധം കേട്ട മഹാറാണി എൻ. കുമാരൻ പ്രജാസഭയിൽ സമർപ്പിച്ചിരിക്കുന്ന നിവേദനം ജനുവരി മാസത്തിൽ ചർച്ചക്കെടുക്കുമ്പോൾ , ചർച്ചയുടെ ഫലം നോക്കി വേണ്ട നടപടിയിലേക്ക് കടക്കാം എന്നവരെ അറിയിച്ചു. ദിവസങ്ങളായുള്ള ചർച്ചക്കൊടുവിൽ 1925 ഫെബ്രുവരി 7- ന് എൻ കുമാരന്റെ സഞ്ചാരസ്വാതന്ത്ര്യ പ്രമേയം വോട്ടിനിട്ടപ്പോൾ 21 വോട്ടിനെതിരെ 22 വോട്ടിനു പ്രമേയം പരാജയപ്പെട്ടു . പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തതിൽ ഒരു ഈഴവ മെമ്പറും ഉണ്ടായിരുന്നു. ഈ തോൽവിയുടെ പിന്നിൽ ദിവാൻ രാഘവയ്യ ആയിരുന്നുവെന്ന് സംസാരം ഉണ്ടായത് അദ്ദേഹത്തിന്റെ മതിപ്പുളവാക്കിയ ദിവാൻ ഭരണത്തിന് ലജ്ജിപ്പിക്കുന്ന വിരാമം ഇട്ടു . സത്യാഗ്രഹികൾക്കും, ജനങ്ങൾക്കും രാഘവയ്യയിൽ ഉള്ള വിശ്വാസം പോയിത്തുടങ്ങിയിരുന്നു. തന്റെ നയങ്ങൾക്ക് വിരുദ്ധമായ ദിശയിൽ ചലിക്കുന്ന ദിവാനെ തൽസ്ഥാനത്തു നിന്ന് മാറ്റി പുതിയ ദിവാനുള്ള സാധ്യതക്കൾ തേടി റസിഡന്റ് സായ്‌പ്പുമായി റാണി ചർച്ചകൾ തുടങ്ങി.

വൈക്കം സത്യാഗ്രഹത്തിന് വ്യക്തിപരമായ പരിഹാരം തേടുന്നതിനായി മഹാത്മാഗാന്ധി മാർച്ച്‌ 10ന് വൈക്കത്തെത്തി. പതിനായിരം പേരോളം അടങ്ങുന്ന ഒരു വൻ ജനാവലി ഗാന്ധിജിയുടെ വാക്കുകൾക്കായി കാതോർത്തു. കെ.കാമരാജ് എന്ന പതിനേഴു വയസ്സുകാരനും, വൈക്കം മുഹമ്മദ്‌ ബഷീർ എന്ന പയ്യനും ഗാന്ധിജിയെ തൊട്ടുകൊണ്ട് ജീവിതത്തിലേക്ക് കടന്നു. ചില ബ്രാഹ്മണരുമായി വിഫലമായ പ്രശ്നപരിഹാര ചർച്ചകൾ നടത്തി റീജന്റ് റാണിയെ കാണാനായി ഗാന്ധിജി വർക്കലയിലേക്ക് യാത്രതിരിച്ചു. മഹത്മാവിനായി സ്റ്റേറ്റ് കാർ അയച്ചുകൊണ്ട് റീജന്റ് റാണി മഹാത്മാ ഗാന്ധി എന്ന ജനനേതാവിനോടുള്ള തന്റെ ആദരം പ്രകടിപ്പിച്ചു. ഗാന്ധിജിയും, മഹാറാണിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ചതിലധികം അഭിപ്രായ ഐക്യം ഉണ്ടായതിന്റെ പ്രതിഫലനം ഗാന്ധിജിയുടെ വാക്കുകളിൽ നിന്ന് വേർതിരിച്ചറിയാം. അദ്ദേഹം പറഞ്ഞു : “വൈക്കത്തെ വീഥികൾ എല്ലാ ജാതിക്കാർക്കുമായി തുറന്നുകൊടുക്കണം എന്നുതന്നെയാണ് മഹാറാണി കരുതുന്നെതെന്ന് പറയാൻ എനിക്ക് മടിയില്ല.”

കർക്കശക്കാരനായ ദിവാൻ രാഘവയ്യക്ക് പകരം ഒഫീഷിയേറ്റിങ് ദിവാനായി ആർ. കൃഷ്ണപിള്ള എത്തിയപ്പോൾ വൈക്കം ക്ഷേത്രത്തിലേക്കുള്ള കിഴക്കേനട ഒഴിച്ചുള്ള റോഡുകളിൽ അവർണ്ണർക്ക് പ്രവേശനം അനുവദിച്ചു. അതിനുശേഷം സത്യാഗ്രഹം കിഴക്കേനടയിൽ മാത്രമായി ചുരുക്കി. ബാരിസ്റ്റർ.മോറിസ് വാട്ട്സ് ദിവാനായപ്പോൾ ക്ഷേത്രത്തിന്റെ തെക്കുകിഴക്കും, വടക്കുകിഴക്കും ഉള്ള സ്ഥലങ്ങൾ പൊന്നിൻ വിലക്കെടുത്തുകൊണ്ട് കിഴക്കേനടയിലേക്ക് പുതിയ റോഡുണ്ടാക്കി, അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു. വഴിനടക്കാനുള്ള അവർണ്ണരുടെ അവകാശം സ്ഥാപിച്ചുകിട്ടിയപ്പോൾ സത്യാഗ്രഹസമരം അവസാനിപ്പിക്കാൻ ഗാന്ധിജി കമ്പി അടിച്ചു. ടി.കെ മാധവൻ സത്യാഗ്രഹം നിർത്തുന്നതായി പ്രഖ്യാപിച്ചു. ഇ.വി.രാമസ്വാമി നായിക്കരുടെ അധ്യക്ഷതയിൽ കൂടിയ മഹായോഗം സത്യഗ്രഹം വിജയിപ്പിക്കാൻ സഹായിച്ച എല്ലവർക്കും നന്ദി രേഖപ്പെടുത്തി.

കേരളത്തിൽ സാമൂഹ്യ മാറ്റത്തിന്റെ ശംഖൊലി മുഴക്കാനായി കേരളത്തിലെത്തി,സത്യഗ്രഹം നടത്തി, തടവിൽ കിടന്ന്, സമരം വിജയിപ്പിച്ച ഇ.വി.രാമസ്വാമി നായിക്കർക്ക് മലയാളി വൈക്കത്തൊരു പ്രതിമ സ്ഥാപിച്ചുകൊണ്ട് കടമ നിറവേറ്റിയ ചാരിതാർഥ്യത്തിൽ തമിഴ് രാഷ്ട്രീയത്തിനെ കളിയാക്കി കാലം പോക്കുന്നു.

തുടർന്ന് തിരുവതാംകൂറിൽ പൊതുവഴികൾ ഓരോന്നോരോന്നായി എല്ലാ വിഭാഗത്തിലുമുള്ള പ്രജകൾക്കായി തുറക്കപ്പെട്ടു. മഹാറാണി ആറ്റിങ്ങലിലുള്ള തന്റെ കൊട്ടാരത്തിന്റെയും, ക്ഷേത്രത്തിന്റെയും ചുറ്റുമുള്ള വഴികൾ എല്ലാവർക്കുമായി തുറന്നുകൊടുത്തുകൊണ്ട് ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള പരസ്യപ്പലകകൾ സ്ഥാപിച്ചു. “സ്വാതന്ത്ര്യത്തിന്റെ അടിത്തറ” എന്ന് ഗാന്ധിജി പുകഴ്ത്തി. മഹത് വ്യക്തികളും, സ്ത്രീകളും, സാധാരണക്കാരും, മഹിളാ സംഘടനകളും മഹാറാണിയെ അഭിനന്ദിച്ചുകൊണ്ട് സെയ്താൽമൻഡ് കൊട്ടാരത്തിലേക്ക് കത്തുകൾ എഴുതി.

ടി.കെ.മാധവൻ :

അവർണ്ണർക്ക് വഴിനടക്കാനുള്ള സമരം കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെ നാഴികകല്ലായി മാറിയത് ടി.കെ മാധവൻ എന്ന മഹാപ്രതിഭയുടെ ആത്മാർത്ഥ സമീപനവും, ഉദാത്ത വീക്ഷണവും, ഉറച്ച തീരുമാനവുമായിരുന്നു. 603 ദിവസം നീണ്ടുനിന്ന സത്യാഗ്രഹം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ സുവർണഅധ്യായമായി . വൈക്കം സത്യാഗ്രഹത്തിന് പിന്തുണ കൊടുത്ത കോൺഗ്രസ്‌ പ്രസിഡണ്ട് മൌലാന മുഹമ്മദലിയോടുള്ള ബഹുമാനാർത്ഥം സ്വന്തം പുത്രന് മുഹമ്മദലി എന്ന് പേരിട്ടു. പിന്നീട് ടി.കെ.മാധവൻ തടവിൽ കിടന്നപ്പോൾ കേരളത്തിൽ എത്തിയ ഗാന്ധിജി ആ കുട്ടിയെ ബാബു വിജയനാഥ് എന്ന് പുനർനാമകരണം ചെയ്തനുഗ്രഹിച്ചു. 1930 ഏപ്രിൽ 26ന് തന്റെ വീടിന്റെ മുറ്റത്ത് ബദാം മരച്ചുവട്ടിൽ രക്തം ശർദിച്ചത് ആരും കാണാതിരിക്കാൻ കയ്യിലിരുന്ന വടികൊണ്ട് മുറ്റത്തെ മണൽകൊണ്ടു മൂടി അസ്തമയ സൂര്യനെ നോക്കിയങ്ങനെ ഇരുന്നു….. നൂറ്റാണ്ടുകൾ കൂടുമ്പോൾ അവതരിക്കുന്ന അപൂർവ വ്യക്തിത്വങ്ങൾ….

അകാലികൾ :

കുറൊഞ്ഞോരു കാലം കൊണ്ട് സത്യാഗ്രഹികൾക്കായി അകാലികൾ 30000 പേർക്ക് ഭക്ഷണം ഒരുക്കി, 4000 രൂപയും ചിലവാക്കി. തിരിച്ചു പഞ്ചാബിലേക്ക് ട്രെയിൻ കയറുമ്പോൾ മലയാളിക്ക് നല്ലൊരോർമയും, ചപ്പാത്തി എന്ന വിശിഷ്ട ഭോജ്യവും സമ്മാനിച്ചു. മലയാളിയുടെ സാമൂഹ്യപരിവർത്തനത്തിനായി പഞ്ചാബിൽ നിന്നെത്തിയവർക്ക് തിരിച്ചൊന്നും കൊടുക്കാൻ ഇന്നുവരെ മലയാളിക്ക് സാധിച്ചിട്ടുമില്ല ! തീരാത്ത കടങ്ങൾ !

ബാരിസ്റ്റർ ജോർജ് ജോസഫ് :

ഗാന്ധിജിയുടെ പ്രിയസുഹൃത്ത്. വൈക്കം സത്യാഗ്രഹത്തിൽ ഹൈന്ദവസഹോദരങ്ങൾ മാത്രം മതി എന്ന് പറഞ്ഞപ്പോൾ ജോർജ് ജോസഫും, പത്‌നി സൂസന്നയും മധുരക്കുള്ള വണ്ടി കയറി. ബാരിസ്റ്റർ ജോർജ് ജോസഫ് സാമാന്യാർത്ഥത്തിൽ ജീവിതത്തിൽ പ്രിത്യേകിച്ചൊന്നുമായില്ല. പക്ഷെ ചെന്നേടത്തൊക്കെ ജീവിച്ചു എന്ന തെളിവശേഷിപ്പിച്ചു !

റീജന്റ് റാണി :

കാലം കടന്നുപോയികൊണ്ടിരിന്നു.. 1957 മെയ്‌ മാസത്തിൽ റീജന്റ് റാണിയുടെ സെയ്താൽമാൻഡ് കൊട്ടാരത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ചരിത്രത്തിന്റെ തിരുശേഷിപ്പായ തിരുവതാംകൂറിന്റെ കൊടിയുടെ സ്ഥാനത്ത് ഒരു ചെങ്കൊടി ഉയർന്നു. കൊട്ടാരത്തിലെ ദാസിപ്പെണ്ണുങ്ങൾ വരെ യൂണിയൻകാരായി. കൊട്ടാരത്തിലെ ഭക്ഷണകാര്യത്തിൽ വരെ മെല്ലെപോക്ക് പ്രഖ്യാപിച്ചുകൊണ്ട് സേവകർ “തൊഴിലാളികളായി” പരിവർത്തിതരായി. ഒരു നാൾ അതിരാവിലെ പൊടുന്നനെ കൊട്ടാരവാതിൽക്കൽ ഒരു കാർ വന്നു നിന്നു. മഹാറാണി സേതുലക്ഷ്മിബായ് പള്ളിക്കെട്ടുകാരനായ വലിയ കോയിതമ്പുരാനും വേഗം ആ കാറിൽ കയറി. കൊട്ടാരത്തിലെ ജോലിക്കാർ അന്ധാളിപ്പോടെ നോക്കി നിൽക്കെ ആ കാർ ഒരിരമ്പലോടെ സെയ്താൽമാൻഡ് കൊട്ടാരത്തിൽ നിന്ന് പാഞ്ഞകന്നു. പിന്നിലേക്ക് നോക്കാതെ ഇരുന്ന റീജന്റ് മഹാറാണിയുടെ കണ്ണിൽ ഒരിറ്റു കണ്ണീർ പൊടിഞ്ഞപ്പോൾ, പിറകിൽ അതുവരെ സേവകരായിരുന്നവർ, കാലങ്ങളോളം ജോലി നൽകിയ മഹാറാണിക്കെതിരെ ഉശിരോടെ മുദ്രാവാക്യം വിളിക്കുന്ന ശബ്ദം അവർക്ക് കേൾക്കാമായിരുന്നു. മഹാറാണിയുടെ ഹംബർ കാർ തന്റെ ഭരണകാലത്ത് പണിതുയർത്തിയ ട്രിവാൻഡ്രം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലേക്ക് കയറ്റിനിർത്തി. അവിടെ പുതിയ യാത്രക്ക് ചൂളം വിളിച്ചു നിന്ന തീവണ്ടിയിലേക്ക് തിടുക്കപ്പെട്ടു കയറിയപ്പോൾ മഹാറാണിയെ തിരിച്ചറിഞ്ഞ ജനം താണുവണങ്ങാൻ തുടങ്ങി. ട്രെയിൻ മെല്ലെ മുൻപോട്ട് കുതിക്കാൻ തുടങ്ങിയപ്പോൾ “ഹേർ ഹൈനെസ്സ് ശ്രീ പത്മനാഭസേവിനി വഞ്ചിധർമവർദ്ധിനി രാജരാജേശ്വരി മഹാറാണി പൂരാടം തിരുനാൾ സേതുലക്ഷ്‌മീബായി മഹാരാജ സി ഐ” യിൽ നിന്ന് ശ്രീമതി.സേതുലക്ഷ്മിബായി, ശ്രീനിവാസ്, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ എന്ന മേൽവിലാസത്തിലേക്ക് മാറുന്നതിന്റെ തിരിച്ചറിവ് ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കി, പാതി വായിച്ച പുസ്തകം തുറന്നു..

✍️ചരിത്രസഞ്ചാരി ©️
charitrasanchari@gmail.com

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: