ഫ്‌ളോറിഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൊവിന്‍സ് വിമെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളോടനുബന്ധിച്ചു ഹാര്‍ട്ട് ഡേ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ അമേരിക്കന്‍ സമയം പത്തു മണിയ്ക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ ഫേസ്ബുക്/യൂട്യൂബ് ലൈവ് ആയി ആഘോഷിച്ചു. യോഗയും വ്യത്യസ്തമായ ചര്‍ച്ചയും കലാപരിപാടികളും കളികളും കോര്‍ത്തിണക്കിയ പ്രോഗ്രാം ജനശ്രദ്ധ പിടിച്ചുപറ്റി.

അമേരിക്കയിലെ പ്രശസ്ത യോഗ ഇന്‍സ്ട്രക്ടറായ ജെസ്സി പീറ്ററിന്റെ ഒരു മണിയ്ക്കൂര്‍ നീണ്ട യോഗ സെഷനില്‍ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിനു സഹായകമായ വിവിധ യോഗമുറകള്‍ പരിചയപ്പെടുത്തി. പ്രശസ്ത വാഗ്മിയും സൈക്കിയാട്രിക് മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് പ്രൊഫസറുമായ ഡോ. ബോബി വര്ഗീസ് സ്‌നേഹബന്ധങ്ങളുടെ വിവിധ തലങ്ങളെക്കുറിച്ചും ആരോഗ്യപരമായ വ്യക്തിബന്ധങ്ങളെക്കുറിച്ചും നഷ്ടപെട്ടുപോയ സ്‌നേഹബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സരസമായ ഭാഷയിലൂടെ അവതരിപ്പിച്ചത് ശ്രോതാക്കളെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിയ്ക്കുകയും ചെയ്തു.

അനുഗ്രഹീത ഗായിക സ്മിത ദീപകിന്റെ പാര്‍ത്ഥനാ ഗാനാലാപനത്തിനു ശേഷം വിമെന്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി സുനിത ഫ്‌ളവർ ഹില്ലിന്റെ സ്വാഗതത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് വാലന്റൈന്‌സ് സ്‌പെഷ്യലായി പ്രണയഗാനങ്ങള്‍ ചേര്‍ത്ത് ഫ്‌ളോറിഡ വിമെന്‍സ് ഫോറം അണിയിച്ചൊരുക്കിയ ഗാനമാലിക എന്ന നയനമനോഹരമായ പ്രോഗ്രാം അവതരിപ്പിച്ചു. വാന്‍കൂവറില്‍ നിന്നുള്ള അനുഗ്രഹീത ഗായകരായ ജോര്‍ജ്-ലിറ്റി ദമ്പതികളുടെ അതിമനോഹരമായ യുഗ്മ ഗാനാലാപനം പരിപാടിയ്ക്ക് മാറ്റു കൂട്ടി. തുടര്‍ന്ന് സജ്‌ന നിഷാദ് അവതരിപ്പിച്ച വാലെന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട വേര്‍ഡ് സ്ക്രാബ്ലിങ്ങിനു ശേഷം സെക്രട്ടറി സ്മിത സോണിയുടെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, സെക്രട്ടറി പിന്റോ കണ്ണമ്പിള്ളി, വിമെന്‍സ് ഫോറം പ്രസിഡന്റ് സൂസമ്മ ആന്‍ഡ്രൂസ്, സെക്രട്ടറി ആലീസ് മഞ്ചേരി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി. സി മാത്യു, ഫ്‌ളോറിഡ പ്രോവിന്‍സ് ചെയര്‍ മാത്യു തോമസ്, പ്രസിഡന്റ് സോണി കണ്ണോട്ടുതറ എന്നിവരെക്കൂടാതെ മറ്റു പ്രൊവിന്‍സുകളില്‍ നിന്നുമുള്ള നേതാക്കന്മാരും പങ്കെടുത്തു. ടെലികാസ്‌റ് ചെയ്തത് എ-വണ്‍ മീഡിയയുടെ സാരഥിയായ ഫിലിപ്പ് മാരേട്ടാണ്.
