വേളാങ്കണ്ണി പള്ളി
തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലാണ് ഈ മാതൃ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്.
16, 17 നൂറ്റാണ്ടുകളില്‍ ഉണ്ടായ രണ്ടു ദര്‍ശനങ്ങളാണ് ഈ ദൈവാലയ സ്ഥാപനത്തിന്റെ പിന്നിലുള്ളത്.
ഒന്നാമത്തേത് – ഒരു ദിവസം ഒരു ഇടയ ബാലന് പതിവുപോലെ ഉച്ചയ്ക്ക് പാലുമായി ആട്ടുടമയുടെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. കടുത്ത ഉച്ചച്ചൂടില്‍ നടന്നു തളര്‍ന്ന അവന് ഒരു ആല്‍ത്തറയില്‍ കയറി വിശ്രമിക്കവെ ഉറങ്ങിപോയി (നാഗപട്ടണത്തുള്ള നമ്മുടെ നാഥയുടെ കുളം എന്ന് ഇന്നും അറിയപ്പെടുന്ന സ്ഥലത്തായിരുന്നു ഈ ആല്‍വൃക്ഷം). ഉറക്കത്തില്‍ മനോഹരമായൊരു ശബ്ദം കേട്ട് അവന് ഞെട്ടിയുണര്‍ന്നു. കണ്ണുതുറന്ന അവന് തന്റെ മുമ്പില്‍ വളരെ ശോഭതുളുമ്പുന്ന ഒരു കുഞ്ഞിനെയും പിടിച്ചുകൊണ്ടു നില്ക്കുന്ന ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു. അവള് അവനോട് തന്റെ കുഞ്ഞിന് അല്പം പാല് യാചിച്ചു. പാത്രത്തില്‍ പാല് കുറഞ്ഞാല്‍ യജമാനനില്‍ നിന്ന് ഉണ്ടാകാവുന്ന ശിക്ഷ അവന് ഓര്‍ത്തെങ്കിലും അവരുടെ ആഗ്രഹം അവന് സാധിച്ചു കൊടുക്കുക തന്നെ ചെയ്തു. ഇതേ തുടര്‍ന്ന് അവന് ഭയചകിതനായി യജമാനന്റെ അടുത്തെത്തി. വിറയലോടെ പാല്‍ക്കുടം തുറന്നു. അത്ഭുതം; പതിവുപോലെ പാല് വക്കോളമുണ്ട്. ഇതുകണ്ട അവന് അത്ഭുത സ്തബ്ധനായി. ആ ബാലന് തന്റെ ഹൈന്ദവ യജമാനനോട് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ഇതുകേട്ട അദ്ദേഹം കുട്ടിയേയും കൂട്ടി ദര്‍ശന സ്ഥലത്തേയ്ക്ക് വന്നു. അവിടെവച്ച് അതേ ദര്‍ശനം അദ്ദേഹത്തിനുമുണ്ടായി. ഹൈന്ദവ രീതിയിലുള്ള ഒരു വണക്കം അവിടെ ആരംഭിച്ചതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ് എന്ന് കരുതപ്പെടുന്നു.
രണ്ടാമത്തേത് – വേളാങ്കണ്ണിക്കടുത്തുള്ള നടുത്തിട്ട എന്ന സ്ഥലത്ത് മോര് വില്‍പ്പന നടത്തിക്കൊണ്ടിരുന്ന ഒരു മുടന്തനായ കുട്ടിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതാണ്. തന്റെ ദിവ്യശിശുവിന് അവന്റെ അടുക്കല്‍ നിന്ന് കുറച്ച് മോര് വാങ്ങി കൊടുത്തശേഷം നാഥ അവന്റെ മുടന്ത് സുഖമാക്കി. അതോടൊപ്പം ഈ സംഭവം നാഗപട്ടണത്തുള്ള ഒരു കത്തോലിക്കനെ അറിയിക്കാനും മാതാവ് ആവശ്യപ്പെട്ടു. തലേ രാത്രിയില്‍ ഈ മനുഷ്യനും ഇതേ ദര്‍ശനമുണ്ടായതായി പറയപ്പെടുന്നു. അദ്ദേഹം ആ ബാലനില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. അവിടെ മുന്‍ പറഞ്ഞപോലെ ഒരു ദിവ്യത്വം നിറഞ്ഞ സ്ത്രീയെ അവളുടെ ശിശുവുമൊത്ത്, തദ്ദേശീയരായ ഹിന്ദുക്കള്‍ ഒരു ദേവതയാണെന്നു വിചാരിച്ച്, ഏതാനും വര്‍ഷംമുമ്പ് ദര്‍ശനമുണ്ടായതായി പറയപ്പെടുന്ന ആ കുളക്കരയില്‍ വണങ്ങി വരുന്നതായി അറിയുകയും ചെയ്തു. കൂടാതെ ആ ദിവ്യ സ്ത്രീയും പൈതലും അയാള്‍ക്ക് വീണ്ടും ഒരു ദര്‍ശനം നല്‍കുകയും അവളുടെ ബഹുമാനാര്‍ത്ഥം ഒരു ദേവാലയം പണിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍തന്നെ അദ്ദേഹം ഓലകൊണ്ട് ഒരു ചെറിയ ഷെഡുണ്ടാക്കി മാതാവിന്റെ ഒരു രൂപം നിര്‍മ്മിച്ച് അവിടെ ഒരു പീഠത്തില്‍ സ്ഥാപിച്ചു. ഈ സംഭവം നാടെങ്ങും പരന്നു. ജനം കൂട്ടമായി ഒഴുകി. ധാരാളം അത്ഭുതങ്ങളും സംഭവിക്കാന്‍ തുടങ്ങി.
17-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ നാവികാധിപത്യ കാലത്ത് ചൈനയില്‍ നിന്ന് ഒരു കച്ചവടകപ്പല് ശ്രീലങ്കയിലേക്ക് പോകുമ്പോള്‍ കൊടുങ്കാറ്റില്‍ പെട്ടു. ഈ സമയം അതിലെ നാവികര്‍ മാതാവിന്റെ മാധ്യസ്ഥ്യം തേടുകയും, ആപത്തില്‍നിന്ന് രക്ഷപെട്ടാല്‍ കപ്പല്‍ അടുക്കുന്ന ദിക്കില്‍ മാതൃമഹത്വത്തിനായി ഒരു ദൈവാലയം പണിയാമെന്ന് നേര്‍ച്ചനേരുകയും ചെയ്തു. ഉടന്‍തന്നെ കാറ്റില്‍പ്പെട്ട കപ്പല്‍ വേളാങ്കണ്ണിക്കു സമീപം നങ്കൂരം ഉറപ്പിച്ചു. അവര്‍ ഓലമേഞ്ഞ പള്ളിയിലേക്ക് മാതാവിനാല്‍ പ്രത്യേകം ആനയിക്കപ്പെട്ടു. അവിടെ എത്തിയ അവര്‍ നേര്‍ച്ച നിറവേറ്റാന്‍ അവിടെ ഒരു പള്ളിപണിയാന്‍ ആരംഭിച്ചപ്പോള്‍ മാതാവ് അവര്‍ക്ക് വീണ്ടും പ്രത്യക്ഷപ്പെട്ട് പള്ളി പണിയേണ്ട സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തു. ഇന്നത്തെ പള്ളി ആ സ്ഥാനത്തു തന്നെയാണ് നിര്‍മ്മിതമായിരിക്കുന്നത് എന്ന് ചരിത്രങ്ങളില്‍ കാണുന്നു.
അന്ന് പണിത പള്ളിക്ക് 24 അടി നീളവും 12 അടി വീതിയുമാണ് ഉണ്ടായിരുന്നത്. പില്ക്കാലത്ത് കപ്പല്‍ക്കാരുടെ ചെറിയപള്ളി 70 അടി നീളവും 22 അടി വീതിയുമുള്ള ഒരു വലിയ പള്ളിയാക്കി. പുതിയ പള്ളിയുടെ പണിതീര്‍ന്നപ്പോള്‍ മാതൃരൂപം സ്വയം പഴയപള്ളിയില്‍ നിന്ന് അവിടേക്ക് അത്ഭുതകരമായി മാറി വന്നുവെന്ന് പഴമക്കാര്‍ പറയുന്നു. 1920 ല്‍ ആ പള്ളി വീണ്ടും വലുതാക്കി അതില്‍ രണ്ട് ഗോത്തിക്ക് സ്തൂപങ്ങളും പണിതുയര്‍ത്തി. സെപ്റ്റംബര്‍ 8-ാം തീയതി ആഘോഷിക്കുന്ന മാതാവിന്റെ ജനനതിരുനാളാണ് ഇവിടുത്തെ പ്രധാന തിരുനാള്‍.