17.1 C
New York
Wednesday, December 1, 2021
Home US News വേരുകൾ തേടുമിടം (കഥ)

വേരുകൾ തേടുമിടം (കഥ)

ഉമ സജി, ന്യൂയോർക്ക്

എവിടേക്കാണ് പോകാൻ പുറപ്പെട്ടതെന്ന് മറന്നു പോയിരിക്കുന്നു. മുന്നിൽ വഴി രണ്ടായി പിരിയുന്നിടത്ത് അയാൾ ശങ്കിച്ചു നിന്നു. ഏതുവഴിയാകും അവിടേക്കുള്ളത്? വിടർന്നകണ്ണുകളും നനുത്ത ശബ്ദവും അയാളിലെ ഉണർവ്വിനെ വർദ്ധിപ്പിച്ചു. അവളിലേക്കെങ്ങനെയും എത്തണം. അവളൊരുന്മാദമായിരിക്കുന്നു. ഇനിയും കാത്തിരിക്കാനാവില്ല. മുന്നോട്ടാഞ്ഞ് ഇടത്തെക്ക് തിരിയാൻ ശ്രമിക്കുമ്പോൾ കേട്ടു പിന്നിലൊരു മുരളൾ. തിരിഞ്ഞുനോക്കിയ അയാൾ ഞെട്ടിപ്പോയി. ഒരു ചെന്നായ്. നാവ് നുണഞ്ഞ്, ചുവന്ന കണ്ണുകളിൽ ആർത്തിനിറച്ചു നിൽക്കുന്നു. മുന്നിൽ നിന്നു കേട്ട മറ്റൊരു മുരൾച്ച ഭയത്തോടെ അങ്ങോട്ടു നോക്കാൻ പ്രേരിപ്പിച്ചു.

കഴുത്തിനും കാലുകൾക്കും സ്വർണ്ണവർണ്ണവും മുഖവും ശരീരവും ഇളം കറുപ്പുകലർന്ന സ്വർണ്ണനിറവുള്ള ഒരു നായ. അയാളെതന്നെ നോക്കിനിൽക്കുന്നു. വല്ലാത്തൊരിഷ്ടം മനസ്സിലോടിക്കൂടി. ഇഷ്ടത്തോടെ തൊടാൻ ആഞ്ഞപ്പോൾ അതാ അതൊരു കൂട്ടം നായയ്ക്കളായി. ഒറ്റക്കയറിൽ ബന്ധിച്ച ഒരു കൂട്ടം നായ്ക്കൾ. അവയുടെ കണ്ണുകളിൽ ക്രൗര്യം.

പിന്നോട്ടോടാൻ തിരിയുമ്പോൾ വീണ്ടും അതെ ചെന്നായ. സൂക്ഷിച്ചു നോക്കി. അതിന് തന്റെ മുഖമല്ലെ? വീണ്ടും വീണ്ടും കണ്ണുകൾ അടച്ചു തുറന്നു. തന്റെ മുഖമുള്ള ചെന്നായ. മുന്നിലെ കൂട്ടമുരൾച്ചകേട്ട് നോക്കിയ അയാൾ കണ്ടത് ആ നായക്കൂട്ടത്തിന്റെ കയറിന്റെ അറ്റം പിടിച്ചിരിക്കുന്ന മനോഹരമായ കൈത്തണ്ടയാണ്.
തന്നെ എന്നും കൊതിപ്പിച്ചിട്ടുള്ള ഒന്നു തൊടാൻ മോഹിച്ചിട്ടുള്ള നനുത്ത രോമങ്ങളുള്ള വെളുത്ത കൈത്തണ്ടയും വിരലുകളും. ആർത്തിയോടെ നോക്കുമോൾ നായ്ക്കളുടെ മുരൾച്ചയ്ക്ക് ശക്തി കൂടി.

ഓരോ നായ്ക്കളിലും കണ്ടത് അവളുടെ മുഖം… വിടർന്ന കണ്ണുകളിൽ ശൗര്യം ഏറുന്നതും ക്രോധം കത്തിക്കയറുന്നതും കണ്ടു. പിൻവലിച്ച മിഴികൾ പിറകിലേക്ക് വീണ്ടും പാഞ്ഞു. അതാ ഇപ്പോഴും ആ ചെന്നായ തന്റെ മുഖവുമായി അവിടെ. അവളാ കയ്യൊന്നയച്ചാൽ നായക്കൂട്ടം തന്നെ കടിച്ചു കുടയുമെന്ന് തോന്നി. ഭയന്ന് വിറച്ച അയാളുടെ വിറയാർന്ന ശബ്ദം അവളോട് അരുതെയെന്ന് പറയാൻ വെമ്പി. ശബ്ദം തൊണ്ടയിൽ തടഞ്ഞു. വരണ്ട തൊണ്ട അല്പം ജലത്തിനും വായുവിനുമായി പിടഞ്ഞു. കണ്ണുകൾ തുറിച്ച് കൈകാലിട്ടടിച്ച് അയാൾ പ്രാണനു വേണ്ടി പിടഞ്ഞു. അവളുടെ കണ്ണുകളിൽ ദയയുടെ ഒരു നേർത്ത പ്രകാശത്തിനായി അയാളുടെ തുറിച്ച കണ്ണുകൾ തിരഞ്ഞു. ആസന്നമായ മരണത്തിലേക്ക് നടക്കെ അയാൾ സർവ്വശക്തിയുമെടുത്തലറി… രക്ഷിക്കൂ… പുറത്തേക്ക് വരാത്ത ശബ്ദത്തോടെ അയാൾ ഞെട്ടിയുണർന്നു.

മുറിയിലെ അരണ്ട വെളിച്ചം തിരിച്ചറിയാൻ കുറെ സമയം വേണ്ടിവന്നു. എഴുന്നേറ്റ് ബാൽക്കണിയിലെ തണുത്ത കാറ്റിലേക്കിറങ്ങുമ്പോഴും, തെറിച്ചു വീണ മഴത്തുള്ളികളെ കൈകളിൽ ചേർക്കുമ്പോഴും ഉള്ളം പുകയുകയായിരുന്നു. കണ്ടത് വെറുമൊരു സ്വപ്നമാണോ? ആ കണ്ണുകളിലെ തീഷ്ണത… ഞാൻ തേടിപ്പോകാൻ ശ്രമിച്ചത് അവളെയാണോ?

അവളുടെ ശബ്ദം ആദ്യമായി കേട്ടനിമിഷം ഉള്ളിലൊരു ചലനം നടന്നതാണ്. അറിയാവുന്നതൊന്നുമാത്രം ഒരു ഗവൺമെന്റ് ഓഫീസിലെ ജോലിക്കാരി എന്ന് മാത്രം. പേരോ മറ്റുവിവരങ്ങളോ ഇല്ലാതെ ശബ്ദത്തിനുടമയെ തിരഞ്ഞു കുറെ നാളുകൾ. ഒരിക്കൽ കളക്ട്രേറ്റിലെ തന്നെ മറ്റൊരു സെക്ഷനിലേക്ക് വിളിക്കുമ്പോൾ വീണ്ടും മറുതലയ്ക്കൽ അതേ ശബ്ദം. ഒരു നിമിഷം തുള്ളിച്ചാടണമെന്ന് തോന്നി.

എങ്കിലും പിന്നെയും കാത്തിരിക്കേണ്ടി വന്നു ശബ്ദത്തിന്റെ ഉടമയെ നേരിൽ കാണാൻ. ശബ്ദം പോലെ സുന്ദരമായ രൂപവും. ഇഷ്ടം ഉള്ളിൽ വളർന്നപ്പോൾ പതിയെ ഇഷ്ടവിഷയങ്ങൾ തിരയാൻ തുടങ്ങി. ഒരേ അഭിരുചി തിരിച്ചറിഞ്ഞ് സംസാരിക്കാൻ അവസരം കണ്ടെത്തി. എഴുത്തിനെയും പുസ്തകങ്ങളെയും അവളും ഇഷ്ടപ്പെട്ടത് അവളിലേക്കെത്താൻ എളുപ്പമായി. എന്റെ ഉള്ളിൽ അവളോടുള്ളത്
അടങ്ങാത്ത ആഗ്രഹമായിരുന്നോ? ഒരു ചെന്നായയുടെ ചാതുര്യത്തോടെ അവളെ അകപ്പെടുത്താനഗ്രഹിച്ചൊ മനസ്സ്.

പലതവണ അവളോടുള്ള ഇഷ്ടം പലവിധത്തിൽ വെളിപ്പെടുത്താൻ ശ്രമിച്ചു. പലപ്പോഴും മറ്റു പലർക്കും തന്നോടുള്ള ഇഷ്ടങ്ങളായി പറഞ്ഞു. ചിലതൊക്കെ സൗഹൃദങ്ങളുടെ പരിണാമങ്ങളായി അവതരിപ്പിച്ചു. അപ്പോഴെല്ലാം അവൾ പറഞ്ഞു അതൊക്കെ നിങ്ങളുടെയും അവരുടെയും കാര്യങ്ങൾ. ഞാനിത്തരം കാര്യങ്ങളെയൊന്നും സീരിയസ്സായി കേൾക്കാനിഷ്ടപ്പെടുന്നില്ല. ഒരിക്കൽ അവളോടു പറഞ്ഞു അവളെന്റെ ആത്മമിത്രമാണെന്ന്. അതാണ് ഞാനെല്ലാം അവളോട് ഷെയർ ചെയ്യുന്നതെന്ന്. രണ്ടാമതൊന്നാലോചിക്കാതെ അവൾ മറുപടി പറഞ്ഞു. ഒരാൾക്ക് ഒരാളെയെ ആത്മമിത്രമാക്കാൻ കഴിയൂ. നിങ്ങളെ അങ്ങനെ കാണാനെനിക്കാവില്ല. നമുക്ക് നല്ല സുഹൃത്തുക്കളാവാം. ഒരു ആത്മബന്ധം എനിക്ക് നിങ്ങളൊടില്ല.

ഉത്തരം നിരാശ്ശപ്പെടുത്തിയെങ്കിലും പിൻമാറാൻ മനസ്സ് തയാറായില്ല.അവളൊടുള്ള ഇഷ്ടം തന്നെ അന്ധനാക്കിയിരുന്നു. ഒരിക്കൽ ഒരു ബുക്കിനെക്കുറിച്ച് പറയുന്നതിനിടയിൽ പറഞ്ഞു. ഒരു “സ്ത്രീയുടെ ഹൃദയം തേനീച്ചക്കൂടുപോലെയാണെന്ന്”. അതിൽ ഓരോ അറയിലും ഓരോരുത്തരെ പ്രതിഷ്ഠിക്കാൻ കഴിയുമെന്ന്. അവളതിനെ പ്രതിരോധിച്ചു. നിങ്ങൾക്ക് തെറ്റി. “ശ്വാസകോശം തേനീച്ചക്കൂടുപോലെയാണ്. പക്ഷെ ഒരു സ്ത്രീയുടെ ഹൃദയം അതൊരു ദേവാലയമാണ്. അതിൽ ഒരു ദേവനെയെ പ്രതിഷ്ഠിക്കാൻ കഴിയൂ.ഒരുദേവനുവേണ്ടിയെ നിത്യപൂജയുണ്ടാവു. ഒരിക്കൽ തുറന്ന് അകത്തുകയറിയ ദേവനല്ലാതെ ആ വാതിലിലൂടെ ആർക്കും പ്രവേശനമുണ്ടാവില്ല. ദേവൻ സ്വയം ഇറങ്ങിപ്പോയാലും ആ വാതിലിൽ ആർക്കും പ്രവേശിക്കാനാവില്ല”.

അവളെ പുച്ഛത്തോടെ നോക്കി ഞാൻ പരിഹസിച്ചു. എത്രയോ സ്ത്രീകളെ എനിക്കറിയാം. ഒരുപാട് പേരെ ചേർത്തുനിർത്തിയവരെ. ഓരോഅറയിലും മോഹങ്ങൾ കൊണ്ട് പറുദീസ തീർത്തവർ. അവളതിനും പതറാതെ മറുപടി തന്നു. നിങ്ങൾ പറഞ്ഞത് നേരാണ്. അവൾ അങ്ങനെ ചേർത്തു നിർത്തിയവരൊന്നും ആ ഹൃദയത്തിൽ കയറ്റിയവരാകില്ല. “ഒരു സ്ത്രീക്ക് ഒരു പുരുഷനെ മാത്രമെ ആത്മാവിൽ ചേർക്കാൻ കഴിയൂ. ആത്മാവിൽ ചേർത്തയാളെ ഒരിക്കലും ഇറക്കിവിടാനുമാവില്ല”.

“ആത്മാവെന്നാൽ വരുകൾ തേടുന്നിടമാണ്”.. വർഷങ്ങളെടുക്കാം വേരുകൾക്കവിടെ എത്തിച്ചേരാൻ. എത്തിച്ചേർന്നാൽ പിന്നെയത് ശാഖികളായി ആഴത്തിൽ പടർന്നിറങ്ങും. ഒരിക്കലും പറിഞ്ഞുപോകാത്തവിധം ആഴത്തിൽ ചേർന്നിരിക്കും.

നിങ്ങൾ പുരുഷന്മാർ അങ്ങനെയാവാം. ചിലരെങ്കിലും മറിച്ചുണ്ടാകാം. എങ്കിലും കൂടുതൽപേരും ആരെയും ആത്മാവിൽ ചേർത്തുനിർത്തില്ലായിരിക്കും. ഓരോ സൗഹൃദങ്ങളും ഓരോ തരത്തിൽ കൂടെയുണ്ടാവും വേണ്ടെങ്കിൽ വലിച്ചെറിയും. ഒരു മനസാക്ഷിക്കുത്തുമില്ലാതെ. സ്ത്രീയും ചെയ്യുമത്. അവളുടെ ആത്മാവിനെ തിരിച്ചറിയും വരെ. അവരെയാകാം നിങ്ങൾ ഇതുവെ കണ്ടതും പരിചയപ്പെട്ടതും.

ഒരുപാടാലോചിച്ചു. അവൾ പറഞ്ഞതുപോലെ ഇന്നുവരെ ആത്മാവിനോട് ചേർന്നു നിൽക്കുന്ന ഒരാളെ കണ്ടെത്തിയില്ലെ ഞാൻ. ഓരോ സൗഹൃദങ്ങളും പടിയിറങ്ങുമ്പോഴും താൽക്കാലികമായ നൊമ്പരം മാത്രമായിരുന്നു. ഒരു നഷ്ടങ്ങളും തന്നെ അധികനാൾ വേദനിപ്പിച്ചില്ല. അടുത്ത സൗഹൃദത്തിനായി മനസ്സ് അന്വേക്ഷിച്ചുകൊണ്ടിരുന്നു.
അവളുടെ സാമീപ്യം വല്ലാത്തൊരനുഭൂതി തന്നിലെത്തിക്കുന്നത് തിരിച്ചറിഞ്ഞു. ഏതു വിധമായാലും അത് നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ചു. ഇരപിടിക്കാൻ പതുങ്ങുന്ന ഒരു വേട്ടമൃഗം തന്റെ ഉള്ളിൽ ജാഗ്രതയോടെ ഇരുന്നു.

ഒരിക്കൽ വിണ്ടും ഞാനാവർത്തിച്ചു അവളെന്റെ ആത്മമിത്രമാണെന്ന്. എന്നെ അറിയുന്ന സുഹൃത്താണവളെന്ന്. നിന്നെ ഞാനെന്റെ ആത്മാവിൽ ചേർത്തിരിക്കുന്നു എന്ന്. ആദ്യം ചിരിച്ചുതള്ളിയ അവൾ തറെ അടുത്ത നീക്കത്തിൽ പകച്ചു നിന്നു. അവളുടെ തുടുത്ത വിരലുകൾ തന്റെ കൈക്കുള്ളിലാക്കി അവളെ തന്നില്ക്കടുപ്പിക്കാൻ ശ്രമിച്ചു. തന്നിലെ പ്രണയമാണോ ഉണർന്നത് അതോ കാമമോ. അതവളെ ചൊടിപ്പിച്ചു. ഒരിക്കലും കാണാത്ത ഒരു ഭാവം ആ മിഴികളിലുണർന്നു. ശരിക്കും പറഞ്ഞാൽ ഇന്ന് സ്വപ്നത്തിൽ കണ്ട നായ്ക്കളുടെ കണ്ണിൽ തെളിഞ്ഞ ഭാവം. തീപാറുന്ന നോട്ടത്തിൽ അറിയാതെ എന്റെ കൈ അയഞ്ഞു. അവൾ പറഞ്ഞു, ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ വിരൽ തുമ്പിൽ സ്പർശിക്കാൻ ശ്രമിക്കുന്നതുപോലും അവൾ ക്ഷമിക്കില്ലയെന്ന്. നിങ്ങളിൽ നന്മ കണ്ടതാണ് ഞാൻ ചെയ്ത തെറ്റെന്ന്. അവളുടെ കണ്ണിലെ അഗ്നിക്ക് ലാവയുടെ ചൂടുണ്ടായിരുന്നു. തന്നെ പച്ചയ്ക്ക് ഉരുക്കാനുള്ള ചൂട്.

തന്നെ വെറക്കപ്പെട്ടവനായി ചിത്രീകരിച്ച അവളെ വെറുതെ വിടരുതെന്ന് മനസ്സ് പറഞ്ഞു. തന്നിലെ പതുങ്ങിയിരുന്ന ചെന്നായ നാവ് നീട്ടിനുണഞ്ഞു. കുതന്ത്രങ്ങൾ നെയ്യാൻ തുടങ്ങി മനസ്സ്. അവളുടെ മനസ്സിലേക്കെങ്ങനെയും എത്തണം. അവളെക്കൊണ്ടു പറയിക്കണം അവൾക്കെന്നെ ഇഷ്ടമാണെന്ന്. അത് എന്ത് നീചത്വം ചെയ്തിട്ടായാലും. അവളോടു സോറി പറഞ്ഞു. വീണ്ടും കൂടെക്കൂടാൻ ശ്രമിച്ചെങ്കിലും അവളൊഴിഞ്ഞുമാറി. പിന്നീട് അവളുടെ കണ്ണുകളിൽ വെറുപ്പിന്റെ തേനീച്ചകളെയാണ് കണ്ടതെല്ലാം. അവ കൂട്ടത്തോടെ തന്റെ നേരെ വരുന്നപോലെ.

അതിനിടയിലെ ഈ സ്വപ്നം ഒരു അടയാളമാണൊ, തനിക്കുള്ള മുന്നറിയിപ്പ്. ആ തണുപ്പിലും അയാൾ വല്ലാതെ വിയർക്കുന്നണ്ടായിരുന്നു.

ഉമ സജി, ന്യൂയോർക്ക്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: