ശ്രുതി അപ്പാർട്ട്മെന്റിൽ നടന്ന രസകരമായ ഒരു അനുഭവ കുറിപ്പാണ് ഇത്. ഇവിടെ ഈനാശു എന്ന് പേരുള്ള ഒരു സെക്യൂരിറ്റി ഉണ്ട്. സെക്രട്ടറി സെക്യൂരിറ്റി ചേട്ടനെയും കൊണ്ട് ആശുപത്രിയിൽ പോയിരിക്കുകയാണ്. എല്ലാവരും ഫ്ലാറ്റിൽ കൂട്ടംകൂടി നിന്ന് അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഈനാശു ചേട്ടന് എന്താണാവോ പറ്റിയത്. ദിവസവും മോട്ടോർ ഓൺ ചെയ്തു വാട്ടർടാങ്കുകൾ നിറയ്ക്കുക,ലൈറ്റുകൾ ഓഫ്&ഓൺ ആക്കുക, ചെടി നനയ്ക്കുക, ചവറുകൾ ഇൻസിനേറ്ററിലിട്ട് കത്തിക്കുക ഇത്യാദി പൊതു ജോലികൾക്കു പുറമേ ഫ്ലാറ്റ് താമസക്കാർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി കൊടുക്കുകയോ, അങ്ങനെ എന്ത് സഹായം വേണമെങ്കിലും ചെയ്യും. കുടുംബം ഇല്ലാത്തതുകൊണ്ട് ഇവിടെ ഡ്രൈവേഴ്സ് റൂമിലാണ് താമസം. ശമ്പളത്തിനു പുറമേ ഈനാശു ചേട്ടന് എല്ലാവരും നല്ല ടിപ്പും കൊടുക്കും.രാത്രി കാലങ്ങളിൽ ഇദ്ദേഹം ചെറിയ ഒരു വടിയുമായി ഫ്ലാറ്റിന് ചുറ്റും നടക്കും. ശ്രുതി അപ്പാർട്ട്മെൻറ് നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത് തന്നെ നമ്മുടെ ഈനാശു ചേട്ടന്റ ഫ്ലാറ്റ് എന്നാണ്. ഓണത്തിന് കുട്ടികൾക്ക് ഊഞ്ഞാലു കെട്ടാനും, വൈകുന്നേരം സമയങ്ങളിൽ കുട്ടികളുടെ തമ്മിൽതല്ല് തീർക്കാനും അങ്ങനെ എല്ലാത്തിന്റെയും മുമ്പിൽ ചേട്ടൻ ഉണ്ടായിരുന്നു.ആർക്കും ഇദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയുമില്ല. ആരെങ്കിലും ഗസ്റ്റ് വന്നാൽ ഉടനെ അവരെ കൃത്യമായി ആ ഫ്ലാറ്റിൽ എത്തിക്കും. വീട് എവിടെയാ എന്ന് എങ്ങാനും ഒരു കുശലം അവർ ചോദിച്ചാൽ ഉടനെ ചേട്ടൻ പറയും മഞ്ജുവാര്യരുടെ വീടിൻറെ അപ്പുറത്തു ആണെന്ന്. ആണോ? വരുന്നവർ ഒന്നു ഞെട്ടി ലേഡീ സൂപ്പർസ്റ്റാറിനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉടനെ പറയും. “40 വർഷമായില്ലേ മോനെ ഞാൻ അവിടുന്ന് ഇങ്ങോട്ട് പോന്നിട്ട് പിന്നെ എങ്ങനെ കാണാനാ” എന്ന്? തൃശ്ശൂര് എന്ന നാടിനെ കുറിച്ച് കുറച്ച് വീരവാദം ഒക്കെ മുഴക്കും എങ്കിലും ചേട്ടനെ കൊണ്ട് ആർക്കും ഉപകാരം അല്ലാതെ ഒരു ഉപദ്രവും ഇല്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഫ്ലാറ്റിൽ രാത്രി 7 മണി ആയിട്ടും ലൈറ്റുകൾ ഒന്നും ഓൺ ചെയ്തിട്ടില്ല. ഫ്ലാറ്റ് സെക്രട്ടറി വിവരമറിഞ്ഞ് ചേട്ടനെ തിരക്കിയെങ്കിലും കണ്ടില്ല. ഫോൺ ചെയ്ത് ചോദിച്ചപ്പോൾ കറണ്ട് ചാർജ് കൂട്ടി ഇല്ലേ ശരിക്ക് രാത്രി ആവട്ടേ എന്നിട്ടേ ഞാൻ ലൈറ്റുകൾ ഇടുന്നുള്ളൂ എന്ന് മറുപടി. എന്തെങ്കിലും ആകട്ടെ എന്നു കരുതി സെക്രട്ടറി.
കുറച്ചുനാളായി ചേട്ടൻ ഇങ്ങനെയാണ്. ജോലികളൊക്കെ കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും ഒന്നിന്റെയും മുന്നിൽ ചേട്ടൻ ഇല്ല. എല്ലാവരും പരസ്പരം ഇത് പറഞ്ഞു കൊണ്ടിരുന്നു. വെള്ളം ഓൺ ചെയ്യുന്നുണ്ട്, ചെടികൾക്ക് അതിരാവിലെ തന്നെ നനക്കുന്നുണ്ട്. ഇതെന്തുപറ്റി? നമ്മുടെ സെക്യൂരിറ്റി ചേട്ടൻ ഒളിച്ചിരുന്ന് ആണോ ഈ ജോലികൾ ഒക്കെ ചെയ്യുന്നത്? അങ്ങനെ ഫ്ലാറ്റു നിവാസികൾ ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് ഓരോന്ന് പറഞ്ഞു കൊണ്ട് നിൽക്കുമ്പോഴാണ് സെക്രട്ടറിയും സെക്യൂരിറ്റി ചേട്ടനും കൂടി എല്ലാവരുടെയും ഉത്കണ്ഠ അവസാനിപ്പിച്ച് കാറിൽ വന്ന് ഇറങ്ങിയത്.
ദേഹമാകെ വീർത്തു നീരുവച്ചിരുന്ന സെക്യൂരിറ്റി ചേട്ടനെ സെക്രട്ടറി താങ്ങി പിടിച്ചുകൊണ്ട് റൂമിൽ കൊണ്ടാക്കി. കൂടെ മരുന്നു കുപ്പികളും. എല്ലാവരും വിവരം അറിയാൻ സെക്രട്ടറിയുടെ ചുറ്റുംകൂടി. അപ്പോഴാണ് യഥാർത്ഥ വിവരം അറിയുന്നത്.
അടുത്തിടെ ദുബായിൽ നിന്ന് വന്ന ഒരു ഫ്ലാറ്റ് നിവാസി കളയാൻ വച്ചിരുന്ന കുറച്ചു സോപ്പും ക്രീംമും ഡൈയും പെർഫ്യൂമും ഒക്കെ ഇനാശു ചേട്ടൻ എടുത്തുകൊണ്ടുവന്ന് മുറിയിൽ സൂക്ഷിച്ചു വച്ചിരുന്നു. രാത്രി ഫോറിൻ സോപ്പിട്ട് കുളിച്ച്, ക്രീം ദേഹമാകെ കുഴമ്പ് തേച്ചുപിടിപ്പിക്കുന്നത് പോലെ തേച്ചു പിടിപ്പിച്ചു. ഡൈ തലയിലും. നേരം വെളുത്തപ്പോൾ ഇതാ ഈ സ്ഥിതിയായി.പുറത്തു പറയാൻ നാണക്കേട് ആയതുകൊണ്ട് കുറച്ചു ദിവസം ഒളിച്ചിരുന്ന് ജോലികളൊക്ക ചെയ്തു. സെക്രട്ടറി ഇനാശു ചേട്ടനെ കാണാതെ അന്വേഷിച്ചു എത്തിയപ്പോഴാണ് ഈ വിവരം അറിയുന്നത്. ക്രീമും ഡൈയും ഒക്കെ പരിശോധിച്ചപ്പോഴാണ് മനസ്സിലായത് അതെല്ലാം തന്നെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞതു ആയിരുന്നു എന്ന്. അങ്ങനെ അവിടുന്ന് ചേട്ടനെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോയതായിരുന്നു സെക്രട്ടറി. ഒരുമാസം ചികിത്സിക്കണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഫ്ലാറ്റ് നിവാസികൾ എല്ലാം വിവരമറിഞ്ഞ് അവരവരുടെ ഫ്ളാറ്റുകളിലേക്ക് തിരിച്ചുപോയി. ഏതായാലും ഇനി ഫ്ലാറ്റ് നിവാസികൾ കളയാൻ വെക്കുന്ന സാധനങ്ങൾ കളയുക തന്നെ ചെയ്യും എന്ന തീരുമാനം ആയിരിക്കും ചേട്ടൻ എടുത്തിട്ടുണ്ടാവുക എന്ന് നമുക്ക് ആശിക്കാം.
മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍