വെരി. റവ. ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പാ M.A.,M.S.,M.T.R.,M.S.,G.S.T.,S.T.M.
ജീവിതരേഖ
മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയ്ക്ക് അമേരിക്കയിൽ ആദ്യമായി ഇടവകകൾ രൂപീകരിക്കുവാൻ നിയമിതനായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ പൗരോഹിത്യ പാരമ്പര്യമുള്ള പുരാതന പ്രസിദ്ധമായ ശങ്കരത്തിൽ കുടുംബത്തിൽ കുഞ്ഞുമ്മൻ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനായി 1936 മാർച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ ജനിച്ചു.
കുഞ്ഞൂഞ്ഞുകുട്ടി എന്നായിരുന്നു ഓമനപ്പേര്. നാലു സഹോദരന്മാരിൽ. കുഞ്ഞനുജനായിരുന്നു കുഞ്ഞൂഞ്ഞുകുട്ടി. മൂന്നര വയസ്സിൽ മാതാവിൻ്റെ ദേഹവിയോഗം. മൂന്ന് ജേഷ്ഠ സഹോദരന്മാരും പിതാവുംകൂടി ഈ ബാലനെ വളർത്തുന്ന ചുമതല ഏറ്റെടുത്തു. 27-ാമത്തെ വയസ്സിൽ പിതാവിൻ്റെ ദേഹവിയോഗം.
പുത്തൻകാവിൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടുകൂടി 12-ാം വയസ്സിൽ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ 1953 ഓഗസ്റ്റ് 29-ന് 17-ാം വയസ്സിൽ ശെമ്മാശുപട്ടം (കോറൂയോ) നൽകി.

1957 ഡിസംബർ എട്ടിന് ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയിൽനിന്ന് യവ്പ്പദിയക്നോ പട്ടവും, 1970 ഓഗസ്റ്റ് 16-ന് യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തായിൽനിന്ന് പൂർണ്ണ ശെമ്മാശ്ശുപട്ടവും സ്വീകരിച്ചു. അഭിവന്ദ്യ ഔഗേൻ മെത്രാപ്പോലീത്തായുടെകൂടെ താമസിച്ച് സുറിയാനി പഠനവും വേദശാസ്ത്ര പഠനവും ആരംഭിച്ചു. 1970 ഓഗസ്റ്റ് 21-ന് തൂമ്പമൺ ഭദ്രാസനത്തിന്റെ ദാനിയേൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്താ വൈദികപട്ടം നൽകി.

1980 ഏപ്രിൽ 26-ന് മാർത്തോമ്മാ മാത്യുസ് പ്രഥമൻ കാതോലിക്കാബാവാ 44-ാം വയസ്സിൽ അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ കോർ എപ്പിസ്ക്കോപ്പയായി സ്ഥാനാഭിഷേകം ചെയ്തു. മലങ്കരസഭയുടെ അന്നുവരെയുള്ള ചരിത്രത്തിൽ പരിശുദ്ധ പരുമല തിരുമേനി കഴിഞ്ഞാൽ ഏറ്റവും പ്രായം കുറഞ്ഞ കോർ എപ്പിസ്ക്കോപ്പയായിരുന്നു ഇദ്ദേഹം .

ബസ്സേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാബാവായുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. കോട്ടയം ദേവലോകം അരമനയിൽ താമസിച്ച് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മലങ്കരസഭ’ യുടെ എഡിറ്ററായി പ്രവർത്തിച്ചു.

ഓർത്തഡോക്സ് സഭയിലെ പ്രമുഖ സുവിശേഷപ്രസംഗകരിൽ ഒരാളും വേദശാസ്ത്രപണ്ഡിതനും ധ്യാനഗുരുവും മികച്ച സംഘാടകനുമായിരുന്നു. വേദശാസ്ത്രത്തിൽ ഉപരിപഠനത്തിനായി (S.T.M.) ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്ന് എക്യുമെനിക്കൽ സ്കോളർഷിപ്പ് ലഭിച്ച് 1970 സെപ്റ്റംബർ 12-ന് അമേരിക്കയിൽ എത്തി. പഠനം പൂർത്തിയാക്കിയതിനെത്തുടർന്ന് കിഴക്കിൻ്റെ കാതോലിക്കാ പ. ബസ്സേലിയോസ് ഔഗേൻ ബാവാ അമേരിക്കയിൽ മലങ്കരസഭയുടെ ഇടവകകൾ സ്ഥാപിക്കുവാൻ 1971 ഓഗസ്റ്റ് 2-ന് നിയമിച്ച് കല്പന നൽകി. തുടർന്ന് അതേ വർഷം ഡിസംബറിൽ അമേരിക്കയിലെ മലങ്കരസഭയുടെ പ്രഥമ ഔദ്യോഗിക ഇടവകയായ ന്യൂയോർക്ക് സെൻറ് തോമസ് ഇടവക രൂപീകരിക്കുകയും ബാഹ്യകേരള ഭദ്രാസനത്തിൽ ഉൾപ്പെടുത്തുകയും ആ ഇടവകയുടെ വികാരിയായി 1977 വരെ തുടരുകയും ചെയ്തു.
സെൻറ് തോമസ് ചർച്ച് ന്യൂയോർക്ക്, സെൻറ് ഗ്രിഗോറിയോസ് ചർച്ച് എൽ മോണ്ട്, സെൻറ് തോമസ് ചർച്ച് ഡിട്രോയിറ്റ് , സെൻറ് തോമസ് ചർച്ച് വാഷിംഗ്ടൺ ഡി. സി., സെൻറ് ജോർജ് ചർച്ച് സ്റ്റാറ്റൻ ഐലൻഡ്, സെൻറ് തോമസ് ചർച്ച് ഫിലാഡൽഫിയ, സെൻറ് തോമസ് ചർച്ച് ലോംഗ് ഐലൻഡ്, ന്യൂയോർക്ക് മുതലായ ഇടവകകളുടെ സ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായകമായ പങ്കു വഹിച്ചു. 1986 മുതൽ ലോംഗ് ഐലൻഡ് സെൻറ് തോമസ് ഇടവകയുടെ വികാരിയായി മരണം വരെയും തുടർന്നു. ഇദ്ദേഹം അമേരിക്കയിൽ രൂപീകരിച്ച ഏഴു പള്ളികളും ഇന്ന് ഭദ്രാസനത്തിൽ മികവോടെ നിലകൊള്ളുന്നു.
വിദ്യാഭ്യാസം

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽനിന്ന് ധനതത്വശാസ്ത്രത്തിൽ ബി.എ.യും മലയാളത്തിൽ എം. എ. യും ഡിഗ്രികൾ, കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നിന്ന് ജി. എസ്.റ്റി. ബിരുദം. ന്യൂയോർക്കിൽ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്ന് വേദശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും(S.T.M.) എക്യുമെനിക്കൽ ഫെലോ ബഹുമതിയും. അമേരിക്കൻ കൗൺസിൽ ഓഫ് പാസ്റ്ററൽ എഡ്യൂക്കേഷൻ്റെ കീഴിൽ രണ്ടു വർഷത്തെ ക്ലിനിക്കൽപാസ്റ്ററൽ കൗൺസിലിംഗ് അഭ്യസനം. ന്യൂയോർക്ക് ലോംഗ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് മാനസിക ചികിത്സാ ശാസ്ത്രത്തിലും കുടുംബ കൗൺസിലിംഗിലും മാസ്റ്റർ ബിരുദം(M.S.) ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് (M.A.) ബിരുദം (തെറാപ്യൂട്ടിക്ക് റെക്രിയേഷൻ). ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയിൽനിന്ന് M.S. ബിരുദം ( റീ ഹാബിലിറ്റേഷൻ കൗൺസിലിംഗ്).CW. പോസ്റ്റ് കോളജിൽനിന്ന് മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ബോധവൽക്കരണ പരിശീലനം (സർട്ടിഫിക്കേഷൻ). വേദശാസ്ത്രഗവേഷണത്തിൽ ഡോക്ടറേറ്റ് ബിരുദം എന്നിവ നേടി.
അമേരിക്കൻ ഭദ്രാസന രൂപീകരണത്തിലും വളർച്ചയിലും നിർണ്ണായക പങ്കുവഹിച്ചു . ഭദ്രാസന കൗൺസിൽ മെംബർ , ഭദ്രാസന ക്ലേർജി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു . ചരിത്രത്തിൽ ആദ്യമായി കിഴക്കിൻ്റെ കാതോലിക്കാ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ അമേരിക്ക സന്ദർശിച്ച അവസരത്തിൽ (1979-ൽ ) അതിനുള്ള ക്രമീകരണങ്ങൾ ഭദ്രാസന മെത്രാപ്പോലീത്തായോടൊപ്പം ചെയ്തു . സ്വീകരണ കമ്മറ്റിയുടെ ജനറൽ കൺവീനറായി പ്രവർത്തിച്ചു .

ഒട്ടേറെ പ്രൗഢ ലേഖനങ്ങളുടെ കർത്താവ് , പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും , പ. ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെയും ; പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെയും കൂടെ താമസിച്ച് വേദശാസ്ത്രത്തിലും ആരാധനാക്രമത്തിലും വിദഗ്ധ പരിശീലനം നേടി .
പന്തളം , തലനാട് കുടുംബയോഗരക്ഷാധികാരി, വിളയിൽ ശങ്കരത്തിൽ ശാഖാ കുടുംബയോഗ പ്രസിഡൻ്റ് , അമേരിക്കയിലെ ശങ്കരത്തിൽ കുടുംബയോഗ പ്രസിഡൻ്റ് , അഖില കേരളാ ബാലജനസഖ്യം എക്സ് ലീഡേഴ്സ് ഫോറം നോർത്ത് അമേരിക്കൻ യൂണിയൻ്റെ മുഖ്യരക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പോലീത്താ ഇദ്ദേഹത്തിന്റെ സഹോദര പുത്രനാണ്. ശങ്കരത്തിൽ മാത്യൂസ് കോർ എപ്പിസ്കോപ്പാ യുടെ സഹോദരപുത്രനായ ഇദ്ദേഹം ശങ്കരത്തിൽ കുടുംബത്തിൽനിന്നുള്ള രണ്ടാമത്തെ കോർ എപ്പിസ്കോപ്പായാണ്. പരേതരായ ജോർജ്ജ്, വർഗ്ഗീസ്, ഏബ്രഹാം എന്നീ മൂന്ന് സഹോദരന്മാരാണ് ഇദ്ദേഹത്തിനുള്ളത്.
കടമ്പനാട് താഴേതിൽ മുണ്ടപ്പള്ളിൽ റിട്ട. ഹെഡ്മാസ്റ്റർ റ്റി. ജി. തോമസിൻ്റെ പുത്രി സുപ്രസിദ്ധ കവയിത്രി ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ ലാണ് ( റിട്ട. എഞ്ചിനീയർ , നാസാ കൗണ്ടി D.P.W ) സഹധർമ്മിണി. രണ്ടു പുത്രന്മാർ മാത്യു യോഹന്നാൻ – ഇൻവെസ്റ്റ്മെന്റ് ബാങ്കർ. തോമസ് യോഹന്നാൻ -അറ്റോർണി.. ലൂണാ ജയാ യോഹന്നാൻ കൊച്ചുമകൾ.

Deepest sympathy an prayers for the loss of a Good Samaritan , a Good Shepherd who took care of his sheep and loved them until the last minute. Very Rev. Dr. Yohannan Sankarathil Cor Episcopa was a good friend of mine, and he was an educated Scholar in Malayalam and English. I am pretty sure that he got a place in the right hand of our Heavenly Father.
With love and prayers and condolences to the bereaved family and friends.
Deep Condolences and Prayers…
-manojmathew, sankarathil, Mumbai-
Very sad to hear this news. Condolences to the family, especially to Elcy Sankarathil. Prayers to the departed