ഒന്നേകാല്‍ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹോളിവുഡ് ചലച്ചിത്രങ്ങള്‍ വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ദ കോണ്‍ജൂയറിംഗ്; ഡെവിള്‍ മെയ്ഡ് മിഡ് ഇറ്റ് കോണ്‍ജൂയറിംഗ് പരമ്പരയിലെ അവസാനചിത്രമാണ്. ടൈറ്റിലിന്റെ രണ്ടാം ഭാഗത്തില്‍ യു.എസ്. രാഷ്ട്രീയത്തിലെ പ്രമാദമായ കേസിലെ പ്രതികള്‍ ഉയര്‍ത്തിയ പ്രതിരോധവുമായുള്ള സാമ്യം ആകസ്മികമായി കരുതാം. ഈ ചലച്ചിത്രത്രയത്തിലെ മുന്‍ ചിത്രങ്ങള്‍ ദ കോണ്‍ജൂയറിംഗും ദ കോണ്‍ ജൂയറിംഗ് ടൂവും സംവിധാനം ചെയ്തത് ജെയിംസ് വാന്‍ ആയിരുന്നു. ഇത്തവണ സംവിധായക മേലങ്കി അണിഞ്ഞിരിക്കുന്നത് മൈക്കേല്‍ ഷാവേസ് ആണ്.
കണക്ടിക്കട്ടിലെ ചെറിയ നഗരമായ ബ്രൂക്ക് ഫീല്‍ഡില്‍ കമിതാക്കള്‍ ആര്‍ണിയും ഡെബിയും വിവാഹമോതിരം കൈമാറുമ്പോള്‍ പ്രേതബാധിതമായ വീട്ടിനുള്ളില്‍ നിന്ന് ചെകുത്താന്‍ ആവാഹിച്ച എഡ് ആക്രമിക്കുന്നു. ചെകുത്താനെ തന്നിലേയ്ക്ക് ആവാഹിച്ച് ആര്‍ണി അയാളെ 22 തവണ കുത്തി കൊലപ്പെടുത്തുന്നു. ആര്‍ണിയുടെ പ്രതിരോധം ദ ഡെവിള്‍ മെയ്ഡ് മീ ഡൂ ഇറ്റ് ഏറ്റെടുത്ത് ക്രമമല്ലാത്ത സ്വഭാവക്കാരായ ലൊറെയ്ന്‍ വാറനും ഭര്‍ത്താവ് എഡ് വാറനും കോടതിയില്‍ ആര്‍ണി കുറ്റക്കാരനല്ലെന്ന് തെളിയിക്കുവാന്‍ സ്വകാര്യ അന്വേഷണം ആരംഭിക്കുന്നു. ഇതിന് അവര്‍ ഉയര്‍ത്തുന്ന വാദം കോടതിയില്‍ ദൈവനാമത്തില്‍ പ്രതിജ്ഞ സാധാരാണമായതിനാല്‍ ദൈവം ഉണ്ട് എന്ന് കോടതി അംഗാകരിക്കുന്നതിന് തെളിവാണ്, ദൈവം ഉണ്ടെങ്കില്‍ സാത്താനും ഉണ്ട് എന്നാണ്.
വൈദിക വൃത്തിയില്‍ നിന്ന് വിരമിച്ച യൂജിന്‍ ബണ്ടുറാന്റിനെ സഹായത്തോടെ നഗരത്തില്‍ നിന്ന് അപ്രത്യക്ഷയായ ജസീക്കയെ കണ്ടെത്തുവാനും രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കുവാനും ലൊറെയ്‌നും എഡിനും കഴിയുന്നു. ആര്‍ണിയുടെ വാദം കോടതി അംഗീകരിക്കുന്നു.
ദ എക്‌സോര്‍സിസ്റ്റും ഡേമിയനും അടക്കി വാണ എഴുപതുകളിലെ ഹോളിവുഡില്‍ അനുകരണങ്ങള്‍ ധാരാളം ഉണ്ടായി. വളരെ-ചുരുക്കം ചിത്രങ്ങളേ വിജയിച്ചിട്ടുള്ളൂ. മിക്കവാറും എല്ലാ ചിത്രങ്ങളും പാരാനോര്‍മല്‍ പള്‍പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയുടെ പരാജയങ്ങള്‍ക്ക് കാരണം കെട്ടുറപ്പില്ലാത്ത തിരക്കഥകളും സര്‍വസാധാരണമായ സംഭാഷണങ്ങളുമാണ്. ദ ഡെവിള്‍ മെയ്ഡ് മി ഡൂ ഇറ്റിനും ഈ പരിമിതികള്‍ ഉണ്ട്. എഡിന്റെ വികലാംഗത്വം ആദ്യ റീലുകളില്‍ പ്രത്യക്ഷമാണ്. തുടര്‍ന്ന് കഥാപാത്രത്തിന്റെ ഈ സ്വഭാവവിശേഷം എഡും സംവിധായകനും മറന്നത് പോലെയുണ്ട്.
പിശാചിന്റെ ആക്രണങ്ങളും ആവാഹിക്കലും അക്രമരംഗങ്ങളും പശ്ചാത്തലവും സ്‌പെഷ്യല്‍ ഇഫക്ട്‌സും ശബ്ദനിയന്ത്രണവുമെല്ലാം ശ്വാസം അടക്കിപിടിച്ച് സീറ്റിനരികിലേയ്ക്ക് നീങ്ങിയിരുന്ന് പ്രേക്ഷകര്‍ ആസ്വദിക്കും. പ്രേക്ഷകരെ ഭയചകിതരാക്കുന്ന ഗിമ്മിക്കുകള്‍ മുന്‍കൂട്ടി പ്രവചിക്കാവുന്ന നിലവാരത്തിലേയ്ക്ക് താഴാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. 112 മിനിട്ടിന്റെ ദൈര്‍ഘ്യത്തിനൊടുവില്‍ സംഭവിക്കുന്ന ചിത്രത്തിന്റെ അന്ത്യത്തിനും കണ്ടുമടുത്ത ഫോര്‍മുലകളുടെ ഗന്ധമുണ്ട്.
പാട്രിക് വില്‍സണ്‍(എഡ് വാദന്‍), വേര ഫാര്‍മിഗ(ലൊറെയ്ന്‍ വാറന്‍), റൂ അരി ഒകോണര്‍(ആന്‍ ചെയ്ന്‍ ജോണ്‍സണ്‍), സാറ കാതറൈന്‍ ഹൂക്ക് (ഡെബി ഗാറ്റ്‌സെല്‍), ജൂലിയന്‍ ഹില്ലിയാര്‍ഡ്(ഡേവിഡ് ഗ്ലാറ്റ് സെല്‍), ജോണ്‍ നോബിള്‍(കാസ്റ്റ്‌നര്‍) ഇവരാരും നമ്മെ അത്ഭുതപ്പെടുത്തില്ല. സാധാരണ അഭിനയം മാത്രം കാഴ്ച വയ്ക്കുന്നു. ഡേവിഡ് ലെസലി ജോണ്‍സണ്‍-മക്‌ഗോള്‍റിക്കിന്റെ തിരക്കഥയില്‍ പരിമിതികള്‍ ധാരാളമുണ്ട്. മൈക്കേല്‍ ബര്‍ജസിന്റെ ക്യാമറജോലിയും പീറ്റര്‍ ഗൊവസ്ഡാസിന്റെ ചിത്രസംയോജനവും കുറ്റമറ്റതാണ്. മൈക്കേല്‍ ഷാവെസിന്റെ സംവിധാനം സാധാരണ നിലവാരം പുലര്‍ത്തുന്നു. വളരെയധികം സാധ്യതകളുണ്ടായിരുന്നെങ്കിലും അവര്‍ ഫലപ്രദമായി മുതലെടുക്കുവാന്‍ കാര്യമായ ശ്രമം ഉണ്ടായില്ല.