നെന്മാറ: ആരുമറിയാതെ സ്വന്തം വീട്ടിൽ യുവാവ് പതിനെട്ടുകാരിയായ പെൺകുട്ടിയെ ഒളിച്ചു താമസിപ്പിച്ചത് പത്തുവർഷം. നാട്ടുകാരും പോലീസുകാരും ഒരുപോലെ ഞെട്ടി. അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) സമീപവാസിയായ വേലായുധൻ്റെ മകൾ സജിതയെ (28) റഹ്മാൻ്റെ വീട്ടിൽ ഇത്രയും കാലം ഒളിപ്പിച്ചത്. യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച റഹ്മാന്‍ മൂന്നു മാസം മുൻപു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞദിവസം നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിൻ്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർപോലുമറിയാതെയായിരുന്നു യുവതി ആ വീട്ടിൽ താമസിച്ചിരുന്നത്.
യുവതിയെ കാണാനില്ലെന്നു പറഞ്ഞു 2010 ഫെബ്രുവരി രണ്ടാം തീയതി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് 24കാരനായ റഹ്മാൻ പതിനെട്ടുകാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. സജിതയെ പിന്നീട് റഹ്മാൻ സ്വന്തം വീട്ടിൽ ഒളിച്ചു താമസിപ്പിക്കകയായിരുന്നു. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു. വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു നൽകും. ശുചിമുറി ഉപയോഗിക്കാൻ രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കും. ഇതായിരുന്നു പതിവ്.
മൂന്നു മാസം മുൻപ് ഇവർ വീടുവിട്ടിറങ്ങി. വിത്തനശ്ശേരിയിലുള്ള ഒരു വാടക വീട്ടിലായിരുന്നു പിന്നീട് ഇവർ താമസിച്ചിരുന്നത്. റഹ്മാനെ കാണാതായതോടെ ബന്ധുക്കൾ പരാതി നൽകിയെങ്കിലും പോലീസ് അന്വേഷണത്തിൽ കണ്ടെത്താനായിരുന്നില്ല.
പിന്നീട് ഇയാളുടെ സഹോദരൻ റഹ്മാനെ കാണുകയും വീണ്ടും പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റഹ്മാനൊപ്പം സജിതയും കണ്ടെത്തുന്നത്. തുടർന്ന് രണ്ടു പേരെയും പോലീസ് ആലത്തൂർ കോടതിയിൽ ഹാജരാക്കി. കോടതിയിൽ യുവതി റഹ്മാൻ ഒപ്പം താമസിക്കാനാണ് താല്പര്യമെന്നു പറഞ്ഞതോടെ രണ്ടുപേരെയും കോടതി വിട്ടയച്ചു.