മനസിലെന്നും നിറവും സുഗന്ധവും സന്തോഷവും നിറക്കുന്ന ചില ഓർമ്മകളുണ്ട് .ഒരുപക്ഷേ ജീവിതത്തിന്റെ എല്ലാ നഷ്ടങ്ങളെയും ഒറ്റയടിക്ക് മാച്ചുകളയുന്ന …..വീണ്ടും ഒരുണർവ് പകരുന്ന ചില ഓർമ്മകൾ .അവയിലൊന്നാണ് എന്നെ സംബന്ധിച്ച് വിഷു .കേരളത്തിന്റെ വസന്തകാലം …..വിളവെടുത്ത വയലുകളുഴുത് പുതുവിത്ത് വിതയ്ക്കുന്ന കാലം .പാടങ്ങളിലും പറമ്പുകളിലും കാർഷിക പുതുമകൾ മുളപൊട്ടാൻ തുടങ്ങുന്ന കാലം …കാടും മേടും വഴിയോരങ്ങളും കൊന്നപ്പൂക്കൾ തീർക്കുന്ന മഞ്ഞവസന്തം മനസിനുന്മേഷം പകരുന്ന കാലം .മാന്തളിരുണ്ണുന്ന കുയിലുകളും ,വേലിത്തലപ്പിലൂടെ പാളിനോക്കുന്ന ചെമ്പോത്തുകളും ,വയൽക്കരകളെ പടിയുണർത്തുന്ന വിഷുപ്പക്ഷിയും ഒക്കെ ഒക്കെ മനസ്സിൽ നിറയ്ക്കുന്നത് പ്രശാന്തമായ ചില ഓർമ്മകളാണ് .
ഒരു ക്രിസ്ത്യാനിയായതിനാൽ വലിയനോയമ്പും പെസഹായും ദുഖവെള്ളിയും ഈസ്റ്ററുമൊക്കെ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും കാലമാണ് ഞങ്ങൾക്ക്. അതെ കാലഘട്ടത്തിലാണ് പലപ്പോഴും വിഷു വരിക .ബാല്യത്തിൽ എന്റെ ചാച്ചി (KPAC ജോൺസൺ ) തരുന്ന ഒരു രൂപയായിരുന്നു എന്റെ വിഷു .നാടകത്തിന്റെയോ സിനിമയുടെയോ തിരക്കുകളിൽ പെട്ട് ചാച്ചി വീട്ടിലില്ലെങ്കിൽ അക്കൊല്ലം എനിക്ക് വിഷുവില്ല .എങ്കിലും ആ മാസങ്ങളിൽ പ്രകൃതിയിൽ സംഭവിക്കുന്ന ഋതുഭേദം അന്ന് മുതൽക്കേ എന്നെ ആകർഷിച്ചിരുന്നു .മറ്റേതൊരു കാലഘട്ടത്തിലുമില്ലാത്തതുപോലെ പ്രകൃതി അതിന്റെ സൗണ്ട് എഫക്ട്സ് കൊണ്ട് ഏറ്റവും ലൈവ് ആയിരിക്കുന്ന കാലമാണ് മേടമാസക്കാലം എന്നെനിക്കു തോന്നിയിട്ടുണ്ട് .12 വയസുകാരനായപ്പോൾ മുതൽ ഞാൻ പ്രൊഫഷണലായി ഗിറ്റാർ വായിക്കാൻ തുടങ്ങിയിരുന്നു .അതുകൊണ്ടുതന്നെ പ്രോഗ്രാമുകളുടെ തിരക്കുകളായിരുന്നു വിഷുക്കാലം .കൂട്ടുകാരിൽ പലരു പടക്കം പൊട്ടിച്ചും ഉത്സവപ്പറമ്പുകളിലെ മേളങ്ങളിൽ മുഴുകിയും രസിക്കുമ്പോൾ ഗിറ്റാറിന്റെ മാസ്മരികത സമ്മാനിക്കുന്ന സന്തോഷത്തിലാണ് ഞാൻ സംതൃപ്തി കണ്ടെത്തിയത് .ഗാനമേളകളായിരുന്നു ഏറെയും .ചാച്ചി എനിക്ക് സമ്മാനിച്ചിരുന്നത് പോലെ എനിക്ക് കിട്ടുന്ന പ്രതിഫലമൊക്കെ വിഷുദിനത്തിലല്ലെങ്കിൽ പോലും ഞാൻ അമ്മയുടെ കൈയ്യിൽ കൊടുത്തിരുന്നു ….കൈനീട്ടം പോലെ .ഒരുപാട് അഭിമാനം തോന്നിയിട്ടുണ്ട് അന്നൊക്കെ .അന്ന് ഗാനമേളകളിലും റെക്കോർഡിംഗുകളിലും ഗിറ്റാറിസ്റ്റായി തെളിഞ്ഞു നിന്നിരുന്ന കാലത്താണ് ജോൺ എന്ന ഒരു തമിഴ് റിഥം പ്രോഗ്രാമറേ ഞാൻ പരിചയപ്പെടുന്നത് .അദ്ദേഹത്തിന്റെ പ്രോഗ്രാമിങിൽ ആകൃഷ്ടനാവുകയും റിഥം പ്രോഗ്രാമ്മറാകാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തു .ഗാനമേളകളും സ്റ്റേജ് പ്രോഗ്രാമുകളും തകൃതിയായി അരങ്ങേറിയിരുന്ന ഒരു വിഷു കാലത്തിലാണ് ആദ്യമായി ഒരു റെക്കോർഡിങ്ങിൽ റിഥം പ്രോഗ്രാം ചെയ്യുന്നത് .അത് എന്റെ ഒരു പുതു ചുവടുവയ്പ്പായിരുന്നു .അങ്ങനെ കേരളത്തിലെ ആദ്യ റിഥം പ്രോഗ്രാമാറായി മാറാൻ അന്നത്തെ റെക്കോർഡിങ് വഴി എനിക്ക് സാധിച്ചു .എത്ര കഷ്ടപ്പെട്ടും ഏറ്റവും പെർഫെക്റ്റ് ആയി വർക്കുകൾ ചെയ്യുക …ആത്മാർത്ഥമായി സംഗീതരം ഗത്തായിരിക്കുക എന്നത് തുടക്കം മുതലേ ഞാൻ പരിശീലിച്ചിരുന്നു .സിനിമ എന്നല്ല ചെയ്യുന്ന വർക്കുകളുടെ പെർഫെക്ഷനിൽ ഒരു വിട്ടുവീഴ്ച്ചയുമില്ലായിരുന്നു. അതിനാലാവാം ചില വർഷങ്ങളിൽ തീയറ്ററിൽ ഇറങ്ങുന്ന എല്ലാ വിഷുച്ചിത്രങ്ങളിലും മ്യൂസിക്ക് പ്രോഗ്രാമറാകാൻ എനിക്ക് ഭാഗ്യം ലഭിച്ചിത്.
മലയാള സിനിമയിൽ മ്യൂസിക് പ്രോഗ്രാമാരായിത്തിളങ്ങിനിന്ന കാലത്താണ് എന്റെ വിവാഹം .ഭാര്യ സുമിൻ ഒരു മലയാളം അധ്യാപികയാണ് .അതുകൊണ്ടു തന്നെ കേരളത്തിന്റെ തനതു പാരമ്പര്യങ്ങളിലും അനുഷ്ടാനങ്ങളിലും അവൾക്ക് ഏറെ താത്പര്യമുണ്ടായിരുന്നു .എല്ലാ മതങ്ങളോടും നീതി പുലർത്തുക… എല്ലാ ആഘോഷങ്ങളും ആ മതക്കാരുടെ രീതിയിൽ ആഘോഷിക്കുക. എന്നതായിരുന്നു അവളുടെ പോളിസി. വിവാഹ ശേഷമാണ് വിഷുക്കണി കാണൽ എന്ന ചടങ്ങ് എന്റെ വീട്ടിൽ ആരംഭിച്ചത് .തലേന്ന് രാത്രിയിൽ തന്നെ എല്ലാവരും ഉറങ്ങിയ ശേഷം അവൾ വിഷുക്കണിക്കുള്ള ഒരുക്കങ്ങൾ നടത്തി വയ്ക്കും .വെളുപ്പിനെത്തന്നെ എന്നെയും കുടുംബാംഗങ്ങളേയും വിളിച്ചുണർത്തി കണ്ണു പൊത്തികൊണ്ടു വന്നു കണി കാണിക്കും .ഏഴുതിരിയിട്ട വിളക്കിന്റെ പ്രഭയിൽ ഉരുളിയിൽ നിറയുന്ന കാർഷിക സമൃദ്ധി ,കണിക്കൊന്നപ്പൂവ് ,കസവുകര മുണ്ട് ,സ്വർണം, വാൽക്കണ്ണാടി, നാണയങ്ങൾ എല്ലാം പാരമ്പര്യ രീതിയിൽ തന്നെ….പക്ഷെ ഒരു വ്യത്യാസം മാത്രം ദൈവങ്ങളുടെ ചിത്രം ഉണ്ടാവില്ല .നമ്മുടെ മനസ്സിലാണ് ദൈവം .ഈ വർഷം മുഴുവൻ നല്ലതാവാൻ മനസ്സിൽ ദൈവത്തോട് നിറഞ്ഞ ഒരു പ്രാർത്ഥന .കൈനീട്ടം കൊടുക്കാൻ പലപ്പോഴും ഞാൻ മറന്നു പോകും .അമ്മയ്ക്കും ചാച്ചിക്കും മക്കൾക്കും കൈനീട്ടം കൊടുക്കാൻ അവൾ ഓർമ്മിപ്പിക്കും . അന്നത്തെ ദിവസം പൂവരശിലയിൽ പൊതിഞ്ഞ ഇലയടയും കുമ്പിളപ്പവും സദ്യയും അടപ്രഥമനും ചക്കപായസവുമൊക്കെയുണ്ടായിരിക്കും .അന്നത്തെ ദിവസത്തിന്റെ മണം ഇപ്പോൾ മനസ്സിൽ നിറയുന്നത് പോലെ ……….പിന്നീടുള്ള എല്ലാ കൊല്ലവും ഇതേരീതിയിൽ എന്റെ വീട്ടിൽ വിഷു ആഘോഷിച്ചു പോന്നു .വിഷു ദിനത്തിൽ ഞാൻ റെക്കോർഡിങ് തിരക്കുകളുമായി ദൂരെയെവിടെയെങ്കിലുമാണെങ്കിൽ എന്റെ ഭാര്യ , വീട്ടിലെ കണിയൊരുക്കിയതിന്റെ ഫോട്ടോ എടുത്ത് വെളുപ്പിനെ തന്നെ അയച്ചു തന്ന് എന്നെ വിളിച്ചുണർത്താറുണ്ട് .ഏതു മതമായാലും ജാതിയാലും കേരളീയരായ നമ്മൾ കേരളത്തിന്റെ തനതു പാരമ്പര്യങ്ങൾ പാലിക്കുന്നത് ഏറ്റവും ഉചിതമാണെന്ന് അന്ന് മുതൽ എനിക്ക് തോന്നി .
ഒരു വിഷു ദിനത്തിൽ ഞാൻ കൈനീട്ടം കൊടുക്കാൻ തുടങ്ങും മുൻപ് സുമിൻ എന്റെ കൈയിലേക്ക് അവളുടെ കയ്യിലുള്ള പണം വച്ച് തന്നു .പിന്നാലെ ചാച്ചി വീടിന്റെ ആധാരം വച്ച് തന്നു, ‘അമ്മ അമ്മയുടെ കയ്യിലെ സമ്പാദ്യവും ……സ്വന്തമായി ഒരു റെക്കോർഡിങ് സ്റ്റുഡിയോ പണിയണമെന്ന വലിയ സ്വപ്നവുമായി നടക്കുന്ന കാലമായിരുന്നു അന്ന് .നമ്മുടെ വീടിരിക്കുന്ന സ്ഥലത്തു നീ ആഗ്രഹിക്കും പോലെ ഒരു സ്റ്റുഡിയോ പണിതോളൂ എന്ന് ചാച്ചി പറഞ്ഞപ്പോൾ കണ്ണും മനസ്സും നിറഞ്ഞു പോയി . എന്റെ സ്വപ്നങ്ങൾ സ്വപ്നമായി മാത്രം അവശേഷിക്കാതെ ഉയർത്തെഴുനേൽക്കുന്നതു പോലെ .എന്റെ സ്റ്റുഡിയോ സ്വപ്നമറിയാമായിരുന്ന ഭാര്യയോട് “ഇനി എല്ലാ കൊല്ലവും നീ തന്നെ എനിക്ക് കൈനീട്ടം തരണം” എന്ന് ഞാൻ പറഞ്ഞു .മേടമാസത്തിൽ കർഷകർ പുതു വിത്ത് പാകും പോലെ ഓഷിൻ ഗ്രീൻ സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോയുടെ വിത്ത് പാകുകയായിരുന്നു ആ വിഷു ദിനത്തിൽ .
“വിഷുപ്പക്ഷി ചിലച്ചു… കണികാണും നേരം ….. ചക്കയ്ക്കുപ്പുണ്ടോ തുടങ്ങിയ സുന്ദരഗാനങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ എത്രയെത്ര വിഷുക്കൾ പിന്നീട് കൊഴിഞ്ഞു .കത്തുന്ന വെയിലുരുക്കി പൊന്നാക്കിയണിഞ്ഞത് പോലെ ഒരിലപോലുമില്ലാതെ നിറയെ പൂവുമായി എത്രയെത്ര കണിക്കൊന്നകൾ എൻ്റെ വഴികളിൽ.
കണ്ണും മനസും ആത്മാവും കൊണ്ടാണ് ഒരു മ്യൂസിഷ്യനായ ഞാൻ വിഷുവിനേ സ്നേഹിക്കുന്നത് .അന്നും ഇന്നും എനിക്കുന്മേഷം നൽകുന്ന ….ഉണർവ്വ് നൽകുന്ന ഒരു കാലമണിത് . കേരളത്തിന്റെ സ്വന്തമായ ഈ വസന്തകാലം ഇന്ന് ഞാനും നിങ്ങളും എത്ര ആസ്വദിച്ചവരാണ് .കാർഷിക കേരളം എന്നുള്ള ലേബലൊക്കെ മാഞ്ഞു തുടങ്ങുന്ന ഇന്നത്തെ സാഹചര്യത്തിൽ വിഷുവിനു അതിന്റെ പരമ്പരാഗത ഭംഗികൾ നഷ്ടപ്പെടുന്നില്ലേ ……. മലീമസമായ ഭൂമിയിൽ വിഷുപ്പക്ഷികൾ വിരുന്നു വരാൻ മടിച്ചു തുടങ്ങി. പ്രകൃതിയുടെ സംഗീതം… താളം അതിൻ്റെ സാന്ദ്രത നഷ്ടപ്പെട്ട് നേർത്തതായി തുടങ്ങി.വരുന്ന തലമുറയ്ക്ക് ഓർത്തുവയ്ക്കുവാനെങ്കിലും ഈ സുന്ദരത്വങ്ങൾ ഈ ആചാരങ്ങൾ ഈ അനുഷ്ഠാനങ്ങൾ നിലനിന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു .റിതുഭേതങ്ങൾക്കൊപ്പം പ്രകൃതിയുടെ സംഗീതം പ്രകൃതിയുടെ സൗണ്ട് എഫക്ട് സ് പ്രകൃതിയുടെ വർണ്ണവിന്യാസങ്ങൾ വരുന്ന തലമുറയും അറിയേണ്ടേ ? .അതിനായി കുറേ നല്ല ശീലങ്ങൾ… നല്ല ആചാരങ്ങൾ നമുക്ക് കാത്തു സൂക്ഷിക്കാം.
എല്ലാവർക്കും ഒരു പുത്തനുണർവിന്റെ ഉന്മേഷത്തിന്റെ നല്ലതുടക്കത്തിന്റെ വിഷു ആശംസകൾ .
ബെന്നി ജോൺസൺ✍