കേരളക്കരയുടെ തീരങ്ങളിലേക്ക് ഒരു മലയാള നവവത്സരം കൂടി കടന്ന് വരുന്നതിൻ്റെ ആഘോഷത്തിലാണ്.
വിഷു- തമിഴ്നാട്ടിലും, കർണാടകയിലും കേരളത്തിലുമായി ഈ ഉത്സവം വളരെ കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. ഭാരതീയ ജ്യോതിഷ പ്രകാരം, ഈ വിഷുദിനത്തിൽ ആണ്, സൂര്യൻ മേടം രാശിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്.
ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒത്തിരി പ്രാധാന്യം കൊടുത്ത് കൊണ്ട്, കേരളീയ സമൂഹം വളരെ അധികം സന്തോഷത്തോടെ ഈ ദിവസത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നു.
പല തലമുറകളായി ഈ ആചാരങ്ങൾ, അവർ ക്രൃത്യനിഷ്ഠതയോടെ പാലിച്ചു വരുന്നു. ആ ആചാരങ്ങളുടെ കൽപടവുകൾ നമ്മുക്ക് ഒന്നൊന്നായി ചവിട്ടി കയറാം.
വിഷുക്കണി
“കണി” എന്ന പദത്തെ കൂട്ട് പിടിച്ച് കൊണ്ട് ആണ് “വിഷുകണി” എന്ന് പദം ഉണ്ടായത്. കണി എന്നാൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മൾ ആദ്യം എന്താണ് കാണുന്നത്, അതിനേയാണ് കണി കണ്ടു എന്ന് വിശേഷിപ്പിക്കുന്നത്. വിഷുക്കണ്ണ് എന്നാൽ, വിഷുദിനത്തിൽ ആദ്യമായി കാണുന്ന ഒന്ന്!
വിഷു കണി കാണാൻ വേണ്ടി, കണ്ണുകൾക്ക് നിറം പകരുന്ന മഞ്ഞ പൂക്കളായ കൊന്നപ്പൂക്കൾ, നാണയങ്ങൾ, നോട്ടുകൾ, വെള്ളി പാത്രങ്ങൾ, അരി, പുതിയ മുണ്ടും നേര്യതും, വെറ്റില, അടയ്ക്ക, നാരങ്ങാ, വെള്ളരിക്ക, തേങ്ങ,ചക്ക, പച്ചക്കറികൾ പിന്നെ വിശുദ്ധ ഗ്രന്ഥങ്ങൾ, ഇവ എല്ലാം കൂടി ഭഗവാന്റെ ചിത്രത്തിന്റെ മുന്നിൽ, തലേ ദിവസം തന്നെ വീട്ടിൽ ഉള്ള സ്ത്രീകൾ ഒരുക്കി വെയ്ക്കുന്നു.
ഒരു വീട്ടിൽ ഉളള, ഐശ്വര്യത്തിൻ്റെ പ്രതീകമായ ഓരോ വസ്തുക്കളും ഓട്ടുരുളിയിൽ വെയ്ക്കുകയും,
ഓട്ടുരുളിയുടെ പിറകിൽ ആയി വാൽക്കണ്ണാടി വെച്ച്, ശ്രീക്രൃഷ്ണൻ്റെ രൂപം പ്രതിഷ്ഠിക്കുന്നു. ഇതിന് മുൻപിൽ നിലവിളക്കിലും തൂക്ക് വിളക്കുകളിലും, എണ്ണയൊഴിച്ച്,തിരി കൊളുത്തുന്നു.
വിഷു പുലരിയിൽ, കാലത്ത് എഴുന്നേറ്റു, കണ്ണ് തുറക്കാതെ, പൂജാമുറിയിൽ പോയി ഭഗവാന്റെ ദർശനം ആ കണ്ണാടിയിൽ കാണുന്ന രീതിയ്ക്കാണ് കണി കാണൽ ചടങ്ങ് എന്ന് പറയുന്നത്.
ഇതിന്റെ പിറകിൽ ഉള്ള അർത്ഥം , നവവത്സരത്തിൽ വിഷുക്കണി കണ്ട് ഉണർന്നാൽ ബാക്കി ഉള്ള എല്ലാ ദിനങ്ങളിലും ഭാഗ്യവും നന്മകളും തങ്ങൾക്ക് വരും എന്നുള്ളതാണ്.
ശബരിമലയിലും, ഗുരുവായൂർ ക്ഷേത്രത്തിലെ വിഷു കണി കാഴ്ച പ്രസിദ്ധമാണ്.
കണികാണലിന് ശേഷം രാമായണമോ, ഭാഗവത പാരായണമോ ഉണ്ടാകും. പുസ്തകത്തിൻ്റെ ഏത് താളാണോ തുറന്നു വായിക്കുന്നത്, അതിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ, വായനക്കാരന്റെ ജീവിതത്തിൽ വരാനിരിക്കുന്നതായിട്ട് കണക്കാക്കപ്പെടുന്നു.
വിഷു കൈനീട്ടം
വിഷു കണി കണ്ടതിനു ശേഷം, കുളിച്ചു വിഷു കോടിയും ( വിഷു ദിനത്തിൽ ഉടുക്കുന്ന പുതിയ വസ്ത്രങ്ങളും) ധരിച്ച് കുടുംബത്തിലെ കാരണവരിൽ നിന്ന് വിഷു കൈനീട്ടമായി നാണയങ്ങളോ, നോട്ടുകളോ വാങ്ങാൻ എല്ലാ കുടുംബാംഗങ്ങൾ ഒന്നിച്ചു കൂടും. സമ്പത്തിനെ നാണ്യരൂപത്തിലാണ് കഴിവതും വിതരണം ചെയ്യുക. അത് മുതിർന്നവരുടെ കൈയ്യിൽ നിന്നും സ്വീകരിയ്ക്കുന്നത് ഹ്രൃദ്യംഗമായ ഒരു ചടങ്ങ് തന്നെയാണ്. കൈനീട്ടം മേടിച്ചു, ഇളയവർ മുതിർന്നവരുടെ കാലുകൾ തൊട്ടു അനുഗ്രഹം വാങ്ങിയ്ക്കാറുണ്ട്. മുതിർന്നവർ തങ്ങൾക്ക് എന്ത് കൈനീട്ടം ആണ് നൽകുന്നത് എന്ന് അറിയാൻ ഉള്ള ഉത്സാഹവും, സന്തോഷവും ഒക്കെ ഊഹിക്കാവുന്നതേയുള്ളൂ. ആയതിനാൽ, ഈ ആചാരങ്ങൾ കുടുംബത്തെ ഒന്നിപ്പിക്കുന്ന ഒരു ഉത്സവമാണെന്ന് തന്നെ പറയാം.
ചിലര്, കുടുംബാംഗങ്ങൾക്ക് മാത്രം അല്ല, വീട്ടിൽ വേലയ്ക്ക് നിൽക്കുന്നവർക്കും അയൽപക്കത്തുള്ളവർക്കും, ജാതി മത ഭേദമന്യേ അവരോട് അടുപ്പം ഉള്ളവർക്കും വിഷുക്കൈനീട്ടം കൊടുക്കുന്നു. അങ്ങനെ ചെയ്താൽ തങ്ങളുടെ സന്തതികൾക്കും വരും തലമുറയ്ക്കും ഭാവിയിൽ ഐശ്വര്യം കൈവരും എന്ന അടിയുറച്ച വിശ്വാസം കൊണ്ട് ആണ്. അങ്ങനെ വിഷു എന്ന ഉത്സവം ഉന്നതനേയും താണവനേയും, എല്ലാ മത വിഭാഗക്കാരേയും ഒന്നിപ്പിക്കുന്നു.
വിഷു സദ്യ
ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല, വിഭവസമൃദ്ധമായ സദ്യയും ഒരുക്കി ആണ് വിഷു കൊണ്ടാടുന്നത്. പ്രഭാതത്തിൽ വിഷു കഞ്ഞിയാണ് പ്രാതലിന്. തേങ്ങാപ്പാൽ ചേർത്ത് കഞ്ഞി. പിന്നെ വിഷുകട്ട, ഇതിൽ അരിയും, തേങ്ങാപ്പാലും, ശർക്കരയും ചേർത്ത് ഉണ്ടാക്കുന്നതാണ്. മത്തങ്ങാ, പയറ്, വെള്ളരിക്ക,കുമ്പളങ്ങ, ചേന, കാച്ചിൽ, ചേമ്പ് ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന സദ്യയും പായസവും ഉണ്ടാകും. മധുരം, പുളിപ്പ്, ചവർപ്പ്, ഉപ്പിലിട്ടത് എല്ലാം കൂടി സംതുലിതമായി കൂടി കലർന്ന സദ്യാ വിഭവങ്ങൾ, വാഴ ഇലയിൽ വിളമ്പി, നിലത്തിരുന്ന് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമ്പ്രദായം ആണ്. ഓരോ വിഭവങ്ങളും പ്രത്യേക രീതിയിൽ തയ്യാറാക്കിയവയും, വ്യത്യസ്ത രുചിയോടെ ഉള്ളവരും ആണ്.
വിഷു കണി കണ്ടതിനു ശേഷം, ദീപം കൊളുത്തി, വിഷു പടക്കങ്ങൾ പൊട്ടിച്ചും ആളുകൾ വിഷു ആഘോഷിക്കുന്നു.
ഉൾഗ്രാമങ്ങളിൽ, ഉണങ്ങിയ ഇലകൾ ചേർത്ത് കെട്ടിയ കുപ്പായം അണിയുന്ന സ്ത്രീകളും പുരുഷന്മാരും പ്രകടനങ്ങൾ നടത്തിയും, വീടുകൾ തോറും കയറിയിറങ്ങി കൈനീട്ടം വാങ്ങാറുണ്ട്. നാട്ടുമ്പുറത്ത് ഒക്കെ വിഷു മേളകളും സംഘടിപ്പിയ്ക്കാറുണ്ട്.
ഈ വിഷുദിനത്തിൽ, ഈ പറഞ്ഞ ആചാരങ്ങളും അനുഷ്ഠാനങ്ങളും, നിങ്ങളേയും വേണ്ടപ്പെട്ടവരേയും നാടിനേയും സ്നേഹത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് ആകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
-ദേവു- S✍