17.1 C
New York
Tuesday, May 17, 2022
Home Special "വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ" (8) വില്യം ഷേക്സ്പിയറുടെ "മാക്ബത്ത്"

“വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ” (8) വില്യം ഷേക്സ്പിയറുടെ “മാക്ബത്ത്”

അവതരണം: പ്രഭാ ദിനേഷ്.

‘മലയാളി മനസ്സ്’ ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ എന്ന പംക്തിയുടെ എട്ടാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❣️

ഇന്നത്തെ പംക്തിയിലൂടെ അവതരിപ്പിക്കുന്നത് വിശ്വസാഹിത്യ ആംഗലേയ സാഹിത്യകാരനായ വില്യം ഷേക്സ്പിയറുടെ “മാക്ബത്ത്” എന്ന ദുരന്തകൃതിയെ കുറിച്ചാണ്.

ഷേക്സ്പിയറുടെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിൽ ഒന്നാണ് ‘മാക്ബത്ത് ‘. ആദ്യ പ്രകടനം 1611 ഏപ്രിലിൽ ലണ്ടനിലെ ഗ്ലോബ് തീയേറ്ററിൽ നടന്നു. പ്രകടനം നാലു നൂറ്റാണ്ടുകളായി വേദി വിട്ടു പോയിട്ടില്ല.

കഥയിലെ പ്രധാന കഥാപാത്രങ്ങൾ:
ഡങ്കൻ( സ്കോട്ട്ലൻഡിലെ രാജാവ്), മാർക്കോമ്( ഡങ്കന്റെ മൂത്ത മകൻ), ഡൊണാൽ ബെയ്ൻ(ഇളയ മകൻ), മാക്ബത്ത്( കുലീനൻ, ഡങ്കന്റെ സൈന്യത്തിന്റെ സൈനിക നേതാവ്), ലേഡി മാക്ബത്ത്( മാക്ബത്തിന്റെ ഭാര്യ), ബാൻക്വോ(കുലീനൻ, ഡങ്കന്റെ സൈന്യത്തിന്റെ ജനറൽ), ഫ്ലിൻസ്( ബാൻക്യോയുടെ മകൻ), മാക്ടഫ്(സ്കോട്ടിഷ് പ്രഭു), ഡിവാർഡ്(ബ്രിട്ടീഷ് സൈന്യത്തിന്റെ നേതാവായ നോർതംബർലാൻഡിലെ ഏൾ ഇളയ ഡിവാർഡ് അദ്ദേഹത്തിന്റെ മകൻ ആണ്) ലെനോക്സ്, റോസ്, മെന്റിസ്, ആംഗസ്, കെതെന്സ്( സ്കോട്ടിഷ് പ്രഭുക്കന്മാർ).

യുദ്ധം വിജയിച്ച് വിജയശ്രീലാളിതനായി സ്കോട്ട്ലൻഡിലേയ്ക്ക് തിരിച്ചു വരുന്ന സുഹൃത്തുക്കളും, പ്രഭുക്കന്മാരും, പടനായകന്മാരുമായ മാക്ബത്തും, ബാൻക്വോ യിലൂടെയുമാണ് കഥ തുടങ്ങുന്നത്. സ്കോട്ട്ലൻഡിലെ രാജകൊട്ടാരത്തിൽ ഈ സമയം ഡങ്കൻ രാജാവ് യുദ്ധക്കളത്തിൽ നിന്നും തിരിച്ചെത്തിയ പട്ടാള മേധാവിയോട് യുദ്ധ വിശേഷങ്ങൾ ആരായുന്നു. പട്ടാള മേധാവിയുടെ വിവരണത്തിൽ മാക്ബത്ത് ധീരനായ ഒരു പോരാളിയാണെന്ന് മനസ്സിലാക്കുന്നു. ഇതിനിടെ രാജാവിനെതിരെ ഗൂഢാലോചന നടത്തിയ കൗഡോർ പ്രഭുവിനെ രാജാവ് മരണ ശിക്ഷയ്ക്ക് വിധിക്കുകയും, കൗഡോറിന്റെ പ്രഭു സ്ഥാനം ഡങ്കൻ സൈന്യത്തിന്റെ സൈനിക നേതാവും, കുലീനനും ആയ മാക്ബത്തിന് നല്കാനും തീരുമാനിയ്ക്കുന്നു. ഈ സന്തോഷ വാർത്ത അറിയിക്കാനായി പ്രഭു റോസ് പുറപ്പെടുന്നു.

മൂടൽമഞ്ഞ് തളം കെട്ടിയ ചതുപ്പുനിലത്തിന്റെ ഓരത്ത് നടപ്പാതയ്ക്കരികിൽ മൂന്ന് മന്ത്രവാദിനികൾ ഇരിക്കുന്നുണ്ട്. ഇവരുടെ മുമ്പിലൂടെയാണ് അയർലണ്ടിന്റെയും, നോർവെയുടെയും സൈന്യങ്ങളുടെ മേൽ വിജയം നേടിയ മാക്ബത്തും, ബാൻക്വോയും കടന്നു പോകുന്നത്. മന്ത്രവാദിനികളുടെ രൂപവും, വേഷവും കണ്ടപ്പോൾ ഉള്ളിൽ അല്പം ഭയം തോന്നിയെങ്കിലും മാക്ബത്താണ് ആദ്യം അവരോട് സംസാരിക്കാൻ ശ്രമം നടത്തിയത്. മന്ത്രവാദിനികൾ അത് ഇഷ്ടപ്പെടാത്തതു പോലെ മാക്ബത്തിനോട് നിശബ്ദമായിരിക്കാൻ വിരൾ ഉയർത്തി ആഗ്യം കാണിച്ചു.

പിന്നീട് ഒന്നാമത്തെ മന്ത്രവാദിനി മാക്ബത്തിനെ ഗ്ലാമിസ് പ്രഭുവേ എന്ന് അഭിവാദ്യം ചെയ്തെങ്കിലും മാക്ബത്തിന് പ്രത്യേകതയൊന്നും തോന്നിയില്ല, കാരണം മാക്ബത്ത് ഗ്ലാമിസിലെ പ്രഭു തന്നെയായിരുന്നു. രണ്ടാമത്തെ മന്ത്രവാദിനി പറഞ്ഞു “വരുന്ന കൗഡോർ പ്രഭുവേ”എന്ന്. മൂന്നാമത്തെ മന്ത്രവാദിനിയാകട്ടെ ” ഭാവിയിലെ രാജാവേ നിനക്ക് വന്ദനം” എന്നും അഭിവാദ്യം ചെയ്തു. ഈ രണ്ട് അഭിവാദ്യങ്ങളും മാക്ബത്തിനെ ചിന്താകുഴപ്പത്തിലാക്കി. കാരണം കൗഡോറിന്റെ പ്രഭു സ്ഥാനം രാജാവ് അയാൾക്ക് ഏല്പിച്ചു കൊടുത്ത കാര്യം അത്‌ വരെ മാക്ബത്ത് അറിഞ്ഞിട്ടില്ല. ഡങ്കൻ രാജാവിന്റെ വകയിലൊരു ബന്ധുവാണ് താൻ എങ്കിൽ പോലും രാജാവിന് അനന്തരാവകാശികൾ ആയി( മാൾക്കോ മും, ഡൊണാൾ ബെയ്ൻ) രണ്ട് ആൺമക്കൾ ഉണ്ടായിരിക്കെ രാജപദവി മാക്ബത്തിന് ഒരു ദിവാസ്വപ്നം മാത്രമാണ്.

അടുത്തതായി മന്ത്രവാദിനികൾ ബാൻക്വോയുടെ നേരെ തിരിഞ്ഞിട്ട് ഭാവി പ്രവചനം നടത്തിയത് മാക്ബത്തിനെക്കാൾ എളിയവൻ, എന്നാലും അവനേക്കാൾ മഹാൻ, അവനോളം സന്തോഷവാനല്ല, എന്നാൽ അതിനേക്കാൾ സന്തോഷവാൻ… നീ ഒരിക്കലും ഭരണഭാരം ഏറ്റെടുക്കില്ല. എന്നാൽ നിന്റെ മക്കൾ സ്കോട്ട്ലൻഡിന്റെ രാജാക്കന്മാരായി തീരുമെന്ന്. ഇത്രയും പറഞ്ഞതിന് ശേഷം ആ മൂന്ന് മന്ത്രവാദിനികളും വായുവിലേയ്ക്ക് അലിഞ്ഞു ചേർന്നു.

രണ്ടു പേരും മന്ത്രവാദിനികളുടെ പ്രവചനങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് നിൽക്കവേ, രാജാവിന്റെ സന്ദേശവുമായി റോസ് പ്രഭു ഇവർക്ക് അരികിലേയ്ക്ക് എത്തി കഴിഞ്ഞിരുന്നു. രാജാവ് കൈമാറിയ സന്തോഷവാർത്ത റോസ് പ്രഭു മാക്ബത്തിനെ അറിയിക്കുന്നു.
മന്ത്രവാദിനികളുടെ പ്രവചനം ഭാഗികമായി പൂർത്തിയായതിൽ അത്ഭുതപരതന്ത്രനായ മാക്ബത്തിന് സന്ദേശവാഹകനായ റോസ് പ്രഭുവിനോടും, അനുയായികളോടും വേണ്ട രീതിയിൽ സന്തോഷം പങ്കു വയ്ക്കുവാൻ പോലും സാധിച്ചില്ല. ആ സമയം അയാളുടെ അന്തരംഗം ഒരിക്കൽ അയാൾ സ്കോട്ട്ലണ്ടിന്റെ രാജാവാകും എന്ന മൂന്നാമത്തെ മന്ത്രവാദിനിയുടെ പ്രവചനത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിച്ച് വീർപ്പ് മുട്ടുകയായിരുന്നു.

മാക്ബത്ത് തിരിഞ്ഞ് ബാൻക്വോയോട് ചോദിച്ചു നിന്റെ മക്കൾ ഭാവിയിൽ രാജാക്കന്മാരാവും എന്ന് നീ പ്രതീക്ഷിക്കുന്നില്ലേ എന്ന്? നീ കണ്ടില്ലേ എന്റെ കാര്യത്തിൽ പ്രവചനം നിറവേറിയല്ലോ എന്ന്.

മറുപടിയെന്നോണം ബാൻക്വോ പറഞ്ഞത് ഈ പ്രതീക്ഷ ചിലപ്പോൾ രാജകീയ സിംഹാസനം നേടിയെടുക്കാൻ നിന്നെ പ്രേരിപ്പിച്ചേക്കാം, എന്നാൽ ഈ അന്ധകാര ശക്ത്തികൾ പലപ്പോഴും നമ്മെ വഴി തെറ്റിക്കാനായി ചെറിയ ചെറിയ കാര്യങ്ങളിൽ സത്യം പറഞ്ഞു വലിയ കാര്യങ്ങളിൽ നമ്മെ വഞ്ചിക്കാറാണ് പതിവെന്ന്. പക്ഷേ മന്ത്രവാദിനികളുടെ കുടില വാഗ്ദാനങ്ങളിൽ മുഴുകിപ്പോയ മാക്ബത്തിന്റെ മനസ്സ് സുഹൃത്തായ ബാൻക്വോ നല്കിയ മുന്നറിയിപ്പുകൾ ഒന്നും മുഖവിലയ്ക്ക് എടുക്കാൻ തയ്യാറായില്ല. സ്കോട്ലൻഡിന്റെ സിംഹാസനം എങ്ങനെ നേടിയെടുക്കാമെന്ന ചിന്ത മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.

മാക്ബത്തിന്റെ ഭാര്യയായ ലേഡി മാക്ബത്ത് അതി മോഹിയായ ഒരു ചീത്ത സ്ത്രീയായിരുന്നു. മാക്ബത്ത് മന്ത്രവാദിനികളുടെ പ്രവചനങ്ങളെ കുറിച്ചും അതിൽ ഒരു ഭാഗം സത്യമായി നിറവേറിയതിനെ കുറിച്ചുമൊക്കെ ഭാര്യയോട് വിശദീകരിച്ച് പറഞ്ഞു. അതു കേട്ടപ്പോഴേ അവളുടെ യുള്ളിൽ അധികാര ദുർമോഹം ആളിക്കത്തി. തന്റെ ഭർത്താവിന്റെ നേട്ടങ്ങൾ തന്റേതും കൂടിയാണെന്ന് മനസ്സിലാക്കിയ ലേഡി മാക്ബത്ത് രാജസിംഹാസനം കൈക്കലാക്കുന്നതിന് വേണ്ടി മാക്ബത്തിനെ പ്രേരിപ്പിക്കുവാൻ തുടങ്ങി. രക്തച്ചൊരിച്ചിലിലൂടെയല്ലാതെ സിംഹാസനം നേടിയെടുക്കാൻ സാധ്യമല്ലെന്ന് അറിയാമായിരുന്ന മാക്ബെത്ത് അല്പം മടിച്ചു നിന്നെങ്കിലും അയാളുടെ ഉള്ളിലെ ആഗ്രഹം ഊതി തെളിയിക്കാൻ ലേഡി മാക്ബത്ത് ശ്രമിച്ചു കൊണ്ടിരുന്നു.

മാക്ബത്തിന്റെ സവിശേഷ സേവനങ്ങളെ ആദരിക്കുന്നതിനായി ഡങ്കൻ രാജാവും, മക്കളായ മാൾക്കോ മും, ഡൊണാൾബെയിനും,പരിവാരങ്ങളുമായി മാക്ബത്തിന്റെ വാസസ്ഥലത്തേയ്ക്ക് വന്നു.

തൂക്കണാം കുരുവികളും, ചുണ്ടങ്ങക്കിളികളും കൂട് കൂട്ടിയ ശാന്തസുന്ദരമായൊരു കോട്ടയായിരുന്നു മാക്ബത്തിന്റെത്. ഈ പക്ഷികളുടെ സാന്നിധ്യം ആ പ്രദേശത്തിന്റെ തന്നെ ശാന്തതയെ വിളംബരം ചെയ്യുന്നതായിരുന്നു. രാജാവാകട്ടെ പ്രകൃതിയുടെ കുളിർമയിലും, ആതിഥേയ ലേഡി മാക്ബത്തിന്റെ പുഞ്ചിരിയിലും, സ്നേഹമസൃണമായ ആതിഥ്യത്തിലും സംപ്രീതനായി. എന്നാൽ അവളുടെ ചിരിക്കുന്ന മുഖത്തിനു പിന്നിൽ ഒളിച്ചിരിക്കുന്ന വിഷ സർപ്പത്തെ തിരിച്ചറിഞ്ഞില്ല. യാത്രാക്ഷീണം കൊണ്ട് രാജാവ് നേരെത്തെ തന്നെ ഉറങ്ങാൻ പോയി. രണ്ടു കാവൽ ഭടന്മാർ ഉറക്കറയിൽ കൂട്ടി നായി ഉണ്ടായിരുന്നു.

പാതിരാവായി, പ്രപഞ്ചത്തിന്റെ പാതിയും ഉറക്കത്തിലാകുന്ന സമയത്താണല്ലോ കുടില സ്വപ്നങ്ങൾ മനുഷ്യമനസ്സിനെ വേട്ടയാടുന്നത്. വഞ്ചകിയായ ലേഡി മാക്ബെത്ത് രാജാവിന്റെ കൊലപാതകം പ്ലാൻ ചെയ്യുന്നതിന് വേണ്ടി ഉറക്കമുണർന്നു. തന്റെ ഭർത്താവിന്റെ സ്വഭാവം നന്നായി അറിയാവുന്ന അവൾക്ക്, അയാൾ ഒരു അതിമോഹിയാണെങ്കിൽ പോലും ദയാലുവും, വിവേകശൂന്യമായ കൊലപാതകത്തിന് സ്വയം തയ്യാറാവുകയില്ലെന്ന്. രാജാവിനെ കൊല്ലാൻ അയാളെ കൊണ്ട് ഒരു വിധം സമ്മതിപ്പിച്ചതാണെങ്കിലും, അയാളുടെ സ്വഭാവത്തിന്റെ ആർദ്രത മൂലം തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുമോ എന്ന ചിന്തയും അവളെ അലട്ടിയിരുന്നു. അത് കൊണ്ട് തന്നെ അവൾ രാജാവിനെ കൊല്ലാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

രാജാവ് കിടന്ന മുറിയിലേയ്ക്ക് ചെന്നപ്പോൾ കാണുന്നത് യാത്രാക്ഷീണം കൊണ്ട് തളർന്നുറങ്ങുന്ന രാജാവിനെയാണ്. ആ സമയത്ത് സ്വന്തം പിതാവിന്റെ മുഖം അവളുടെ മനസ്സിലേയ്ക്ക് തെളിഞ്ഞ് വന്നപ്പോൾ ദൗത്യത്തിൽ നിന്ന് പിന്മാറാൻ പ്രേരിതയാവുകയും, മാക്ബെത്തിനെ കൊണ്ട് ആ രാത്രിയിൽ തന്നെ ആ ക്രൂരകൃത്യം ചെയ്യിപ്പിക്കാൻ പലതും പറഞ്ഞ് നിർബന്ധിക്കുകയുംചെയ്തു. അവസാനം രാജാവിനെ കൊല്ലാനുള്ള തീരുമാനവുമായി മാക്ബത്ത് മുന്നോട്ട് വരുമ്പോൾ ചോര ഒലിക്കുന്ന കത്തി അയാളുടെ നേരെ വരുന്നത് പോലെ ഭയം തോന്നിയെങ്കിലും അയാൾ രാജാവിനെ കത്തികൊണ്ട് ദാരുണമായി കുത്തികൊന്നു…

പിറ്റേന്ന് നേരം പുലർന്നപ്പോൾ രാജാവിന്റെ കൊലപാതക വിവരം എല്ലാവരും അറിഞ്ഞു. പുറമെ നടുക്കം ഭാവിച്ച മാക്ബെത്ത് സംശയത്തിനിരയായ രാജസേവകരെ രണ്ടുപേരെയും വെട്ടി കൊലപെടുത്തി.

രാജാവിന്റെ മരണത്തിൽ വഞ്ചനയും, കാപട്യവും മണത്തറിഞ്ഞ ആൺ മക്കളിൽ മൂത്തയാളായ മാൽക്കോം ഇംഗ്ലണ്ടിലെ രാജകൊട്ടാരത്തിലേയ്ക്കും, ഇളയ മകനായ ഡൊണാൾ ബെയ്ൻ അയർലണ്ടിലേയ്ക്കും രക്ഷപ്പെട്ടു. കിരീടാവകാശികളായ രാജകുമാരന്മാരുടെ അഭാവത്തിൽ അടുത്ത ബന്ധുവായ മാക്ബത്ത് കിരീടധാരണം ചെയ്യപ്പെട്ടു. അങ്ങനെ മന്ത്രവാദിനികളുടെ ഒരു പ്രവചനം കൂടി ശരിയായി വന്നു.

രാജ്യത്തെ ഏറ്റവും പ്രധാനമായ സ്ഥാനത്ത് അവരോധിക്കപ്പെട്ടെങ്കിലും, മന്ത്രവാദിനികളുടെ പ്രവചനപ്രകാരം തന്റെ മക്കളല്ല, മറിച്ച് സുഹൃത്തായ ബാൻക്വോയുടെ മക്കളാണ് തനിക്ക് ശേഷം രാജ്യം ഭരിക്കുക എന്ന ചിന്ത മാക്ബത്തിന്റെയും, ലേഡി മാക്ബത്തിന്റെയും ഉറക്കം വീണ്ടും നഷ്ടപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ സുഹൃത്തിനെയും മകനെയും കൊന്നു കളയണമെന്ന് തീരുമാനം എടുക്കുന്നു.

മാക്ബത്തിന്റെ സ്ഥാനാരോഹണത്തിന്റെ ആഘോഷം എന്ന വ്യാജേന അതിനുള്ള അവസരം ഒരുക്കാനായി രാജ്യത്തുള്ള എല്ലാ പ്രഭുക്കന്മാരെയും ക്ഷണിക്കുകയും ചെയ്യുന്നു. അത്താഴ വിരുന്നിന് വരുന്ന സുഹൃത്തായ ബാൻക്വോയെയും മകനെയും വധിക്കാൻ ആളെ ഏർപ്പാടാക്കുന്നു. പക്ഷേ ബാൻക്വോയുടെ മകൻ ഫ്ളയിൻസ് രക്ഷപ്പെടുന്നു.( പിന്നീട് ഫ്ളയിൻസിന്റെ സന്തതി പരമ്പരകൾ വളരെ കാലം സ്കോട്ട്ലൻഡ് ഭരിച്ചു).

പിന്നീടുള്ള മാക്ബത്തിന്റെ ജീവിതം ഭയാശങ്കകളുടെയും, രക്ത ചൊരിച്ചിലിന്റെതുമാണ്. മന്ത്രവാദിനികളുടെ പ്രവചനങ്ങളുടെ പുറകെ പോയി സ്വാർത്ഥമോഹങ്ങൾക്കായി ആരെയും കൊന്നു കളയാൻ മടിയില്ലാത്ത അവസ്ഥയിലേയ്ക്ക് മാക്ബത്ത് മാറുന്നു.

ഈ വിധത്തിലുള്ള പ്രവർത്തികൾ മറ്റ് പ്രഭുക്കന്മാരെയും മാക്ബത്തിനെതിരാക്കി. അവരിൽ ധൈര്യശാലികളായവർ ഇംഗ്ലണ്ടിലേയ്ക്ക് ചെന്ന് മാൾക്കോമുമായി ചേർന്ന് പുതിയ സൈന്യത്തിന് ശക്തി പകർന്നു. മാക്ബത്തിനോടുള്ള ഭയം മൂലം അയാളോട് വിധേയത്വം കാണിച്ചവർ പോലും മനസ്സിന്റെ ഉള്ളിൽ മാക്ബത്തിന്റെ പരാജയം ആഗ്രഹിച്ചു. മാക്ബത്തിന് ആരെയും വിശ്വാസമില്ലാതെയായി. താൻ കൊലപ്പെടുത്തിയ ഡങ്കൻ രാജാവ് പ്രജകളുടെയെല്ലാം കണ്ണിലുണ്ണിയായി വളരെ സമാധാനത്തോടെ രാജ്യഭരണം നടത്തിയ നാളുകളെ കുറിച്ച് ഓർത്തപ്പോൾ മാക്ബത്തിന് ഡങ്കനോട് അസൂയ തോന്നി.

ഇതിനിടെ മാക്ബത്തിന്റെ സകല ക്രൂരതയ്ക്കും, കുറ്റകൃത്യങ്ങൾക്കും കൂട്ടുനിന്ന അയാളുടെ പേടിസ്വപ്നങ്ങളിൽ അയാൾക്ക് ആശ്വാസവും അഭയവുമായിരുന്ന ഭാര്യയുമായ ലേഡി മാക്ബത്ത് മരണമടഞ്ഞു. ആത്മഹത്യയാണെന്ന് പറയപ്പെടുന്നു.

മാക്ബത്തിന് ജീവിതത്തോടുള്ള താല്പര്യം കുറഞ്ഞു. അയാൾ അലസനായി. പലപ്പോഴും മരണത്തിനു വേണ്ടി ആഗ്രഹിച്ചു.

ധൈര്യം നഷ്ടപ്പെട്ട്, തന്റെ പരാജയം അടുത്തു എന്ന് മനസ്സിലാക്കിയ മാക്ബത്ത് പറയുന്നുണ്ട് “ഒരു കാലത്തും ഒരാളും മന്ത്രവാദികളെയും, ദുഷ്ടാത്മാക്കളെയും വിശ്വസിക്കാതിരിക്കട്ടെ” അവരുടെ ദ്വയാർത്ഥം വരുന്ന പ്രവചനങ്ങൾ സഫലമാവുമ്പോൾ പോലും, അവയുടെ അർത്ഥവ്യാഖ്യാനങ്ങൾ കൊണ്ട് അവ നമ്മളെ നിരാശപെടുത്തുകയും, പരാജയ പെടുത്തുകയും ചെയ്യുമെന്ന്….

മാക്ടാഫ് മായി നടന്ന പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ മാക്ബത്തിന്റെ തലവെട്ടി യുവരാജാവായ മാൾക്കോമിനു മുമ്പിൽ സമ്മാനമായി കാഴ്ചവച്ചു. ജനങ്ങളുടെ ഹർഷാരവങ്ങൾക്കിടയിൽ ഡങ്കന്റെ മൂത്ത മകനായ മാൾക്കോം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നതോടെ കഥ അവസാനിക്കുന്നു…

ഷേക്സ്പിയറുടെ ഈ ദുരന്ത കഥയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് കാണാൻ കഴിയുന്നു. മിസ്റ്റിസിസം, വിധിയുടെ വിളയാട്ടം, കുറ്റകൃത്യങ്ങൾ, ക്രൂരത, പ്രതികാരം, സങ്കടം, പശ്ചാത്താപം അങ്ങനെയെല്ലാം…. മാക്ബത്തും, ലേഡീ മാക്ബത്തും സങ്കീർണ്ണവും, വിവാദപരവുമായ കഥാപാത്രങ്ങളാണ്. മാക്ബെത്ത് ക്രൂരനായിരുന്നിട്ടും, വായനക്കാരുടെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. .അയാളോട് സഹതാപമാണ് ശരിക്കും തോന്നുന്നത്. ഒടുവിൽ അയാളുടെ പ്രിയപ്പെട്ട സുഹൃത്ത് ബാൻക്വോ മുന്നറിയിപ്പ് നല്കിയതു പോലെ വിധി മാക്ബത്തിനെ നോക്കി ചിരിച്ചു. ഓരോ വായനക്കാരും അവരവരുടേതായ രീതിയിൽ നാടകത്തിലെ കഥാപാത്രങ്ങളെ വിലയിരുത്തട്ടെ😔😔

അടുത്ത ലക്കം വിശ്വസാഹിത്യകാരന്റെ മറ്റൊരു കൃതിയുടെ ആസ്വാദനവുമായി വീണ്ടും കാണാം🙏💕💕💕

സ്നേഹപൂർവം
പ്രഭാ ദിനേഷ്.

 

Facebook Comments

COMMENTS

1 COMMENT

  1. വില്ല്യം ഷേക്സ്പിയറിന്റെ മാക്ബത്ത്‌ എന്ന രചനയെ കുറിച്ചുള്ള മനോഹരമായ വിവരണം, ആശംസകൾ 🌹🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: