17.1 C
New York
Saturday, October 16, 2021
Home Religion വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിന സ്മരണ.(ലേഖനം)

വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിന സ്മരണ.(ലേഖനം)

✍ജിത ദേവൻ

വിശ്വമഹാ ഗുരുവും സാമൂഹിക പരിഷ്കാർത്താവും, ചിന്തകനും, സന്യാസിവര്യനും, ദാർശനികനുമായ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം സെപ്റ്റംബർ 21 (കന്നി 5) ന് ആചരിക്കുന്നു. സർവ്വസംഗപരിത്യാഗികളായ സന്യാസിമാരുടെ ദേഹ വിയോഗത്തിനെ സമാധി എന്ന്‌വിശേഷിപ്പിക്കുന്നു.

പഞ്ചഭൂതങ്ങളാൽ നിർമിതമായ ശരീരം തന്റെ കർമ്മംപൂർത്തിയാക്കു മ്പോൾ സ്വയം നഷ്ടപ്പെടുത്തുന്നു. പുഴകൾ എല്ലാം കടലിൽ ലയിക്കുന്നപോലെ ആത്മാവ് പരമാത്മാവിൽലയിക്കുന്നു. ശ്രീനാരായണ ഗുരുവിനെപോലെയുള്ള മഹാത്മാക്കൾ കർമത്തിന്റെ കുരുക്കിൽ പെടാതെ മാനവ കുലത്തെ രക്ഷിക്കാൻ പിറവിയെടുത്ത യഥാർത്ഥ ഗുരുക്കന്മരാണ്.ആ ദൗത്യം പൂർത്തിയാകുമ്പോൾ സ്വശരീരം അവർ ഉപേക്ഷിക്കും. ഗുരുവിന്റെ കർമ്മം പൂർത്തിയായപ്പോൾ സ്വയം ശരീരംവെടിയുകയായിരുന്നു.

പുല്ലായും പുഴുവായും പക്ഷി മൃഗാദികൾ ആയും അനേകം ജന്മം എടുത്തതിനു ശേഷമാണു ഒരു മനുഷ്യജൻമം നേടുന്നത്. ശ്രീബുദ്ധൻ പോലും 449 ജന്മങ്ങൾ മാനായും മൈലായും മറ്റും പിറവിയെടുത്തതിന് ശേഷം 500 മത്തെ ജന്മത്തിലാണ് മനുഷ്യജൻമം എടുത്തത് എന്ന്‌ നമ്മൾ പഠിച്ചിട്ടുണ്ട്. ഏറ്റവും ശ്രെഷ്ഠമായ ജന്മമാണ് മനുഷ്യജന്മം..

യുഗപ്രഭാവനായ ശ്രീനാരായണ ഗുരു ജനിച്ചത് തിരുവനന്ത പുരത്തിന് അടുത്ത് ചെമ്പഴന്തി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിൽ ആണ്. സംസ്കൃത അദ്ധ്യാപകനായ മാടന്റെയും കുട്ടിയമ്മയുടെയും മകനായി 1855ഓഗസ്റ്റ് 28 ന് ചതയം നക്ഷത്രത്തിൽ ആണ് ജനനം. ജനിച്ചപ്പോൾ ആ പൈതൽ കരഞ്ഞില്ല, മാത്രമല്ല സമാധി ആകും വരെയും ഗുരു കരഞ്ഞിട്ടില്ല. വല്ലപ്പോഴും നേർത്ത പുഞ്ചിരി മാത്രം.

ചെറുപ്പം മുതൽ ഏകാന്തതയിൽ ധ്യാനവും പ്രാർഥനയുമായി ഇരിക്കാൻ ഇഷ്ടപ്പെട്ടു. നാണു എന്നാണ് ഗുരുവിനെ ചെറുപ്പത്തിൽ എല്ലാവരും വിളിച്ചിരുന്നത്. നാരായണൻ എന്ന യഥാർഥ പേര്‌ ആരുംവിളിക്കിച്ചിരുന്നില്ല. നാണുവിനെ ഇടക്ക് ഒക്കെ കാണാതാകും. മാതാപിതാക്കളും ബന്ധുക്കളും നാനാവഴിക്കും അന്വേഷിച്ചു പോകും. അവസാനം ആളൊഴിഞ്ഞ ഏതെങ്കിലും സ്ഥലങ്ങളിലൊ ക്ഷേത്രത്തിലോ ധ്യാനത്തിൽ ഇരിക്കുന്ന നാണുവിനെ കണ്ടെത്തും.

ഒരിക്കൽ വസൂരി പിടിപെട്ടു. അന്ന് വീട് വിട്ടു പോയി അന്നൊക്കെ വസൂരി വന്നാൽ മരണം ഉറപ്പാണ്. നാണു ആ സമയം ഒരു കാളിക്ഷേത്രത്തിൽ ധ്യാനത്തിൽ ഇരുന്നിട്ട് 18ദിവസം കഴിഞ്ഞാണ് മടങ്ങി എത്തിയത്. ബാല്യത്തിലെ സമൂഹത്തിലെ അനീതിയോട് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നു. ജാതി വ്യത്യാസം കൊടികുത്തി വാഴുന്ന നാളുകൾ. ഒരു ദിവസം നാണു നടന്നു വന്നപ്പോൾ ഒരു പുലയകുടിലിൽ കഞ്ഞി തിളച്ചു തൂവുന്നത് കണ്ടു. ആരെയും ആ പരിസരത്തൊന്നും കണ്ടില്ല. നാണു ആ കഞ്ഞി പാത്രം അടുപ്പിൽ നിന്നും താഴെ വച്ച് ഭദ്രമായി അടച്ച് വച്ച്. ആ. വിവരം വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾ നാണുവിനെ വഴക്ക് പറഞ്ഞു. എന്നാൽ നാണുവിന്റെ വാക്കുകൾക്ക് മുൻപിൽ അവർക്കുനിശബ്ദരാകേണ്ടി വന്നു. ആ പാവപെട്ട വീട്ടിൽ ആകെ ഉള്ള ഭക്ഷണം ആ കഞ്ഞി ആകും അത് തിളച്ചു തൂവി പോയാൽ അവർ പട്ടിണി ആകില്ലേ എന്ന്‌ ചോദിച്ചു. അതിന് ശേഷം ആരും ആ വക കാര്യങ്ങൾ നാണുവിനോട് ചോദിക്കില്ല.

വിദ്യാഭ്യാസത്തിനു ശേഷം ഒരു കുടിപള്ളികൂടം ഉണ്ടാക്കി അവിടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ നാണു നാണു ആശാൻ ആയി. ജാതിമത ഭേദമന്യേ എല്ലാകുട്ടികൾക്കും അറിവിന്റെ വെളിച്ചം പകർന്നു കൊടുത്തു. കുറെ നാളുകൾക്കു ശേഷം അഞ്ച്തെങ്ങുള്ള ഒരു പള്ളികൂടത്തിൽ അദ്ധ്യാപകനായി നിയമനം കിട്ടി. ആക്കാലത്താണ് മാതാപിതാക്കളും ബന്ധുക്കളും കൂടി നാണുവിനോട് ആ ലോചിക്കാതെ വിവാഹം നടത്താൻ തീരുമാനിച്ചത്. നാണുവിന്റെ അച്ചന്റെ സഹോദരി പുത്രിക്ക് പുടവ കൊടുത്തു വീട്ടിൽ കൊണ്ട് വന്നു. ആകെ വിഷമത്തിലായ നാണു വധുവിനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. ഒരു വൈവാഹിക ജീവിതം തനിക്ക് ഉണ്ടാകില്ലെന്നും തന്റെ കർമ്മ മേഖല വേറെ ആണെന്നും പറഞ്ഞു മനസിലാക്കി ആ വീട് വിട്ടുപോയി. പല സ്ഥലങ്ങളിലും അലഞ്ഞു. അതിനിടയിലാണ് ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടുന്നത്. പാണ്ഡിത്വത്തത്തിന്റെ ഗരിമയിൽ അവർ പരസ്പരം ആശയങ്ങൾ പങ്ക് വച്ചു. തന്റെ ശരിയായ വഴി തെരെഞ്ഞെടുക്കണമെന്നു ഗുരുവിനു മനസിലായി.. ഏകാന്തതയിൽ തപസ് ചെയ്യാൻ ആഗ്രഹിച്ചു. രണ്ട് പേരും കൂടി നിബിഡമായ വനത്തിൽ കൂടി സഞ്ചരിച്ചു മരുത്വ മലയിൽ എത്തി. ഭക്ഷണവും വെള്ളവും ആവശ്യത്തിന് മാത്രം കഴിച്ചു..

ചാതുർവർണ്യത്തിന്റെ ഫലമായി ഉണ്ടായ ജാതി വ്യവസ്ഥകൾ ഗുരുവിനെ ഏറെ ദുഖിപ്പിച്ചു. തൊട്ടു കൂടായ്മയും തീണ്ടി കൂടയ്മയും കൊടികുത്തി വാഴുന്ന കാലം.സ്ത്രീകളുടെ ജീവിതം ഏറെ പരിതാപകരം. നീചമായ ആചാരങ്ങളെ ഏതിർക്കാൻ ശക്തിയാർജ്ജിക്കണം എന്ന ചിന്തയോടെ വീണ്ടും അദ്ദേഹം തനിയെനെയ്യാറിന്റെ തീരത്തു കൂടി യാത്രയായി. നിബിഡവനത്തിൽ കൂടി നടന്നു . വെറും മണ്ണിൽ കിടന്നു. ആഹാരവും വെള്ളവും കഴിക്കാതെയായി. അപൂർവമായി പച്ചിലകളോ, കിഴങ്ങുകളോ,വെള്ളമോ കഴിച്ചു. ശരീരം ശോഷിച്ചു അസ്ഥിപഞ്ജരമായി. വനത്തിൽ വിറകും മറ്റും ശേഖരിക്കാൻ പോകുന്നവർ ഒരു മനുഷ്യൻ പലസ്ഥലങ്ങളിലും ധ്യാനനിരതമായി ഇരിക്കുന്നത് കണ്ടു. അവിടെനിന്നും ഗുരു പോകുന്ന വഴി കൊടിത്തൂക്കി മലയിൽ എത്തി. അവിടെ ഒരു ഗുഹയിൽ ധ്യാനനിമഗ്നനായി ഇരുന്നു. നാളുകൾക്കു ശേഷം അവിടെ നിന്നും പുറത്ത് വന്നത് തികഞ്ഞ ഒരു യോഗിവര്യനായിട്ടാണ്.. എത്രയോ വർഷത്തെ അതികഠി നമായ തപസും ധ്യാനവും കൊണ്ട് നേടിയ തപോശക്തിയുമായി ഗുരു വീണ്ടും യാത്രയായി.

അങ്ങനെ അരുവിപുറത്തു വന്ന ഗുരു അവിടെ ഒരു പർണശാല കെട്ടി. അവിടെ ഗുരുവിനെ കാണാൻ ധാരാളം പേര്‌ വരാൻ തുടങ്ങി. അന്ന് ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ഇല്ലായിരുന്നു. വളരെ നികൃഷ്ടമായി മേൽജാതിക്കാർ ഇവരോട് പെരുമാറി. താഴ്ന്നജാതിക്കാർക്കും ആരാധനാ സ്വാതന്ത്ര്യം നൽകാനായി ഗുരു തീരുമാനിച്ചു. നേരെ നെയ്യാറിൽ ഇറങ്ങി. ധ്യാനത്തിന് ശേഷം അവിടെനിന്നു ഒരു ശില മുങ്ങി എടുത്തു. അത് പർണശാലയിൽ പ്രതിഷ്ഠിച്ചു. ജാതി മത ഭേദമില്ലാതെ എല്ലാവർക്കും അവിടെ ആരാധന സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അങ്ങനെജാതി മേൽകൊയ്മക്ക് എതിരെ ആദ്യമായി ശക്തമായ മുന്നേറ്റം നടത്തി. ഇതിനെ എതിർത്തും അനുകൂലിച്ചും ധാരാളം പേര് മുന്നോട്ട് വന്നു.

കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു.ധാരാളം ക്ഷേത്രങ്ങൾ നിർമിച്ചു. അവസാനം ഗുരു ഇങ്ങനെ പറഞ്ഞു ഇനി ക്ഷേത്രങ്ങൾ അല്ല നമുക്ക് വേണ്ടത് സ്കൂളുകളും വ്യവസായ ശാലകളുമാണ്. വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ എന്ന്‌ ഗുരു അരുളിചെയ്തു.

ജാതിഭേദമതദ്വേഷമില്ലാതെ സർവ്വരെയും ഒരുപോലെ കണ്ടു ഗുരു.. മനുഷ്യനെ സ്നേഹിക്കാൻ ഉപദേശിച്ചു. മാനവ സേവ കഴിഞ്ഞിട്ട് മതി ഈശ്വര സേവ എന്ന്‌ ഉപദേശിച്ചു. സഹജീവികളെ സ്നേഹിക്കാനും അവരെ സഹായിക്കാനും കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് ഈശ്വരസേവ. ഒരു ഉറുമ്പിനെപോലും നോവിക്കരുത്. സകല ജീവികൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്‌. അവനവന് ആത്മസുഖത്തിനായി ചെയ്യുന്നത് അപരന് സുഖത്തിനായി വരണം എന്ന്‌ ഗുരു ഉപദേശിച്ചു.

ഒരു മതത്തെയും ഗുരു തള്ളിപ്പറഞ്ഞില്ല. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നാണ് ഗുരു പറഞ്ഞത്. എല്ലാമതവും മനുഷ്യനെ സ്നേഹിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഗുരു മുൻകൈ എടുത്ത് ലോകമതസമ്മേളം നടത്തുകയുണ്ടായി. അതിൽ വിവിധ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത മതത്തിൽപെട്ടവർ പങ്കെടുക്കുകയുണ്ടയി.
സത്യം, സ്നേഹം, ധർമ്മം എന്നീ മൂന്ന് ബിംബങ്ങളിൽ ഊന്നിയാണ് ഗുരു പ്രവർത്തിച്ചത്..

ഇന്ന് മതം അധികാരത്തിനും സ്വാർത്ഥ താല്പര്യത്തിനുമുള്ള കുറുക്കുവഴിയാണ്. വർഗീയതയും അന്ധമായ മതവിശ്വാസവും മനുഷ്യനെ തമ്മിൽ അകറ്റുന്നു. സ്നേഹവും സഹോദര്യവും കരുതലും ഇല്ലാതായി. ഗുരുദേവ സന്ദേശങ്ങൾ മതാന്ധതക്കും വർഗീയതക്കും എതിരാണ്..

ഗുരു തന്റെ സന്ദേശവും ദർശനവും കാവ്യാരൂപത്തിൽ ആണ് എഴുതിയിട്ടുള്ളത്. സംസ്കൃതത്തിലും മലയാളത്തിലും അനേകം കാവ്യങ്ങൾ എഴുതിയിട്ടുണ്ട്. ദൈവദശകം, അനുകമ്പ ശതകം ആത്മോപദേശകശതകം തുടങ്ങി അനേകം കൃതികൾ എഴുതി. ദൈവദശകം ലോകത്തിൽ ഒട്ടു മിക്ക ഭാഷകളിലും തർജ്ജമ ചെയ്തിട്ടുണ്ട്. ലോകമെങ്ങും ഗുരുവിന്റെ സന്ദേശങ്ങൾപ്രചരിച്ചു.

1928സെപ്റ്റംബർ 20ന് ഗുരു മഹാസമാധിയായി. സ്വജീവിതം കൊണ്ട് ലോകത്തിനു നല്ല മാതൃകയുംസന്ദേശവും നല്കി. ലളിതജീവിതം നയിച്ചു.എല്ലാ ഭവനങ്ങളിലും ഗുരുദേവ സന്ദേശം പാലിച്ചു ജീവിച്ചാൽ കുടുബവും നാടും രാജ്യവും ലോകവും നന്നാകും. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം പാലിച്ചാൽ ശാന്തിയും സമാധാനവും ഉണ്ടാകും.

അശാന്തി നിറഞ്ഞ ഇന്നത്തെ ലോകത്തിനു ഗുരുവിന്റെ സന്ദേശങ്ങൾ മാർഗദർശനം നൽകട്ടെ. വിശ്വമഹാഗുരുവിന് ആത്മ പ്രണാമം 🙏🙏🙏

✍ജിത ദേവൻ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: