17.1 C
New York
Thursday, August 11, 2022
Home Religion വിശുദ്ധിയുടെ നെറുകയിൽ കോട്ടയം വലിയപള്ളി

വിശുദ്ധിയുടെ നെറുകയിൽ കോട്ടയം വലിയപള്ളി

റിപ്പോർട്ട്: സുരേഷ് സൂര്യ, ഫോട്ടോ: സജി മാധവൻ

ചരിത്രവും ആത്മീയതയും ഇഴചേർന്ന് വിശുദ്ധിയുടെ നെറുകയിൽ ശോഭിക്കുന്ന ദേവാലയമാണ് കോട്ടയത്തെ വലിയപള്ളി (സെൻ്റ് മേരീസ് ക്നാനായ പളളി) കോട്ടയം ചെറിയ പള്ളിക്കവലയ്ക്ക് സമീപമുള്ള ദേവാലയം  ഒരു പാട്ചരിത്ര ശേഷിപ്പുകൾ നിറഞ്ഞതാണ്. പേർഷ്യൻ കുരിശുകൾ ആദ്യ ക്നാനായ മെത്രാപ്പോലിത്ത മാർ സേവേറിയോസ് ഗീവർഗീസിൻ്റെ കബറിടം. കൊത്തുപണികൾ നിറഞ്ഞ അൾത്താര . തടിയിലെ കൊത്തുപണികൾ പോർച്ചുഗിസ് മാതൃകയിലുള്ള നിർമ്മിതി എന്നീ ഒട്ടേറേ സവിശേഷതകൾ പള്ളിക്കുണ്ട് . AD 1550 ലാണ് ഈ പള്ളി നിർമ്മിച്ചത് . AD 345 ൽ ജറുസലേമിൽ നിന്നും സമീപ പ്രദേശത്തു നിന്നും കാനാതൊമ്മൻ്റെ നേതൃത്വത്തിലാണ് സിറിയൻ ക്നാനായ ക്രിസ്ത്യാനികളുടെ പിൻതുടർച്ചക്കാർ ഇന്ത്യയിലേക്ക് കുടിയേറിയത്. ഉറഹ മാർ ഔസേപ്പ് ബിഷപ്പ് .രണ്ടു വൈദീകർ .രണ്ടു ശെമ്മാശന്മാർ അടക്കം നാനൂറ് പേരാണ് മൂന്ന് പായ്ക്കപ്പലിൽ ഇന്ത്യയിലേക്ക് എത്തിയത്.

കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ഇവരെ  ചേരമാൻ പെരുമാൾ രാജാവ് സ്വീകരിച്ചു . നെയ്ത്തിലും, കൃഷിയിലും ,കച്ചവടത്തിലും  കരകൗശല വേലയിലും വിദഗ്ധരായിരുന്നു ഈ സമൂഹം .ആയോധന കലകൾ വശമുള്ള ഇവർ രാജാവിൻ്റെ സൈന്യത്തിൻ്റെയും ഭാഗമായി   ഇതേ തുടർന്ന് പല   സൗകര്യങ്ങളും പദവികളും  ഇവർക്കു അനുവദിച്ചു .ആനപ്പുറത്ത് സവാരി.രണ്ടില ഇട്ട് ഊണ് തുടങ്ങി മറ്റുള്ളവർക്ക് നൽകാത്ത പദവികൾ ഇവർക്ക് രാജാവ് നൽകി .അങ്ങനെ തുടരുമ്പോൾ സാമൂതിരി കൊടുങ്ങല്ലൂർ അക്രമിച്ചു ഇതേ തുടർന്ന് ഇവർ ഇവിടെ നിന്ന് പലായനം ചെയ്തു . കേരളത്തിൻ്റെ തെക്കോട്ട് സഞ്ചരിച്ച് വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ  എത്തി, അവിടെയും വാണിജ്യവും മറ്റു തൊഴിലുകളും ചെയ്തു  കഴിഞ്ഞു. തൊഴിൽ നിപുണരായ ഇവരിൽ കുറച്ച് പേരേ കോട്ടയത്തേക്ക് അയക്ക്ണമെന്ന് കോട്ടയത്തെ രാജാവ് കടുത്തുരുത്തി സ്വരൂപത്തിലെ രാജാവിനോട് ആവശ്യപ്പെട്ടു ഇതേ തുടർന്ന് മൂഴിയിൽ മാത്തു കത്തനാരുടെ നേതൃത്വത്തിൽ പതിനൊന്നു കുടുംബങ്ങളിൽ നിന്ന് അൻപത് പേർ വള്ളത്തിൽ മീനച്ചിലാറ്റിലൂടെ   കോട്ടയത്തേയ്ക്കു പുറപ്പെട്ടു .തെക്കും കൂർ രാജാക്കൻമാരുടെ കോട്ടയായിരുന്ന തളിയിൽ കോട്ടയ്ക്കു താഴെ കാരിക്കുഴി എന്ന സ്ഥലത്ത് ഇവർ വള്ളമിറങ്ങി. വള്ളത്തിൻ്റെ മുൻപിൽ വച്ചിരുന്ന   തടിക്കുരിശ് അവിടെ സ്ഥാപിച്ചു .

അന്ന് നാലു ചന്തകൾ ഇവിടെയുണ്ടായിരുന്നു. വലിയങ്ങാടി സ്വർണവും  ഫർണിച്ചറുകളും തുണികളും അടക്കം വിലകൂടിയ സാധനങ്ങളുടെ കമ്പോളമായിരുന്നു. അറുത്തൂട്ടി ,പുത്തനങ്ങാടി ,താഴത്തങ്ങാടി എന്നി ചന്തകളും കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. തെക്കും കൂർ രാജാവ് ഇവർക്ക്   താമസിക്കാൻ   കരമൊഴിവായി  ഭൂമിയും നൽകി .ഇങ്ങനെ കഴിഞ്ഞുപോരുമ്പോൾ ആരാധനയ്ക്കായി  പള്ളി പണിയണമെന്ന് ഇവർ ആഗ്രഹിച്ചു .മാത്രമല്ല കൂട്ടത്തിലുള്ളവരിൽ ആരെങ്കിലും മരിച്ചാൽ ശവസംസ്ക്കാരം ദൂരെ സ്ഥലത്ത് പോയി നടത്തണമെന്നതും ഇവരെ അലട്ടിയിരുന്നു .പള്ളി വേണമെന്ന  ആവശ്യം രാജാവിനോടുണർത്തിച്ചു . പള്ളിയ്ക്കായി സ്ഥലം നൽകുന്നതിൽ രാജാവിനോടൊപ്പമുള്ളവർക്ക് താത്പര്യമില്ലായിരുന്നു .അവസാനം അമ്പലക്കാളയെ അഴിച്ചു വിടാമെന്ന് തിരുമാനമായി. അമ്പലക്കാള എവിടെ നിൽക്കുന്നുവോ  അവിടം പള്ളിയ്ക്കായി നൽകാമെന്നായിരുന്നു തീരുമാനം . അങ്ങനെ അഴിച്ചുവിട്ട കാളയ്ക്ക് പിന്നാലെ രാജകിങ്കരൻമാരും പോയി .വെക്ടാർകുന്ന് എന്നും മയിലാടും കുന്ന് എന്നും അറിയപ്പെടുന്ന സ്ഥലത്ത് കാള എത്തുകയും അവിടെ നിൽക്കുകയും ചെയ്തു. അങ്ങനെ ആ സ്ഥലം പള്ളി പണിയാനായി നൽകി . പാറകൾ നിറഞ്ഞ ഈ പ്രദേശത്ത് എങ്ങനെ പള്ളി പണിയാനാകും എന്ന് സ്ഥലം നൽകുന്നതിനെ എതിർത്തവർ പരിഹസിച്ചു.എന്നാൽ എല്ലാ തൊഴിലിലും ‘നിപുണരായ ഈ ജനവിഭാഗം അവിടെ പള്ളി പണിതീർത്തു .തടി കൊണ്ടായിരുന്നു ആദ്യം പള്ളി പണിതത് .ഇരുപതു  വർഷം ഈ പള്ളിയിൽ ഇവർ ആരാധന നടത്തി . പിന്നീട് ജീർണാവസ്ഥയിലായ  പളളി പുതുക്കി പണിയണമെന്ന് വിശ്വാസികൾ ആഗ്രഹിച്ചു .പോർചുഗീസുകാരനായ   അന്തോണിയെന്നറിയപ്പെടുന്ന ആൻ്റിണിമേസ്തിരിയാണ് പള്ളി പുനർ നിർമ്മിച്ചത് .കരിങ്കല്ലിൽ ആയിരുന്നു പള്ളി നിർമാണം. വേമ്പനാട്ട് കായലിൽ നിന്ന് വള്ളത്തിൽ കുമ്മായമെത്തിച്ചു.കൊത്തുപണികൾ നിറഞ്ഞ അൾത്താരകളും , തടിയിൽ വിടർന്ന ശില്പങ്ങളും  അനേകം വിസ്മയങ്ങളും കാഴ്ചകളും പള്ളിയിൽ ഉണ്ടായി . കല്ലിൽ നിർമിച്ച  പേർഷ്യൻ കുരിശുകൾ ദേവാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .

കുരിശിന് ചുറ്റും പാലവി (Pahalvi) ഭാഷയിൽ എഴുത്തുകളും ഉണ്ട് .തെക്കേ അൾത്താരയിലെ കുരിശിൽ സുറിയാനിയിൽ എഴുത്തുകളുമുണ്ട്.

യേശുക്രിസ്തുവിനെ കുറിച്ചും  സുവിശേഷ വാക്യങ്ങളും ആണ്  പേർഷ്യൻ കുരിശുകളിൽ  എഴുതിയിരിക്കുന്നത് . ദാനിയേൽ പ്രവാചകൻ്റെ കാലത്ത് നടന്ന കഥ സൂചിപ്പിക്കുന്ന തടിയിൽ തീർത്ത  രണ്ടു കൈ ചൂണ്ടികൾ ദേവാലയത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട് . ബാബിലോണിയയിലെ സാസ്നിയർ രാജാവിന് നേരെയുണ്ടായ ദൈവകോപത്തെയാണ് ഇത് സൂചിപ്പിക്കുന്നത് ,ദുർമാർഗിയായ  രാജാവിൻ്റെ കൊട്ടാരത്തിൽ വിരുന്നു നടക്കുമ്പോൾ ഭിത്തിയിൽ ചൂണ്ടു വിരൽ പ്രത്യക്ഷപ്പെടുകയും ചില വാക്കുകൾ  എഴുതപ്പെടുകയും ചെയ്തു .ആർക്കും വായിക്കാൻ കഴിയാത്ത ആ വാക്കുകൾ   കാരാഗൃഹത്തിൽ കഴിയുന്ന  ദാനിയേൽ പ്രവാചകന്  വായിക്കുവാൻ കഴിയുമെന്ന് സാസ്നിയറുടെ അമ്മ പറഞ്ഞതനുസരിച്ച് ദാനിയേലിനെ കാരാഗൃഹത്തിൽ നിന്നും കൊട്ടാരത്തിലെത്തിച്ചു ഈ എഴുത്തുകൾ വായിപ്പിച്ചു .”അളന്ന് അളന്ന് തൂക്കി ഖണ്ഡിച്ചു” എന്നായിരുന്നു ആ എഴുത്ത് .നിൻ്റെ രാജ്യം  രാജത്വം ഇവ നാലായി വിഭജിക്കപ്പെടും എന്നായിരുന്നു ആ വാക്കുകളുടെ ഉള്ളടക്കം .അന്നു രാത്രിയിൽ രാജാവ് കൊല്ലപ്പെടുകയും രാജ്യം നാലായി വിഭജിക്കപ്പെടുകയും ചെയ്തു. ആ കഥയാണ് ദേവാലയത്തിൻ്റെ തെക്കും വടക്കും ഭിത്തികളിൽ സ്ഥാപിച്ചിരിക്കുന്ന കൈചൂണ്ടികൾ സൂചിപ്പിക്കുന്നത്.  ദേവാലത്തെക്കുറിച്ചുള്ള ഈ ചരിത്രങ്ങൾ .പള്ളിയിലെ അംഗമായ മാത്യു കാരിയിൽ ആണ് മലയാളി മനസിന് വിവരിച്ചു നല്‍കിയത്.

മ്യൂറൽ പെയിൻ്റുകളും കൊത്തു പണികളും നിറഞ്ഞ അൾത്താര  വിസ്മയ കാഴ്ച്ചയാണ് .അപൂർവ്വവും കലാചാതുര്യം നിറഞ്ഞതുമായ ധാരാളം കൊത്തു പണികളും ദേവാലയത്തിലുണ്ട്. ക്നനായ സഭയുടെ പ്രഥമ മെത്രാ പോലിത്ത മാർ സേവേറിയോസ് ഗീവർഗീസ് തിരുമേനിയുടെ കബറിടം പള്ളിക്കുള്ളിലാണ്.

രാജാവ് അനുവദിച്ച സ്ഥലത്ത് പള്ളി പണിത് ആരാധന നടത്തി വന്ന ഈ സമൂഹത്തിലെ ഒരു വിഭാഗത്തിന് പളളിയുടെ അധികാര സ്ഥാന ങ്ങൾ വീതിച്ചു നൽകിയതിൽ അസംതൃപ്തി ഉണ്ടാകുകയും ഈ പള്ളിയിൽ നിന്ന് വേർപ്പെട്ടു പോകുവാൻ അവര്‍ ആഗ്രഹിക്കുകയും ചെയ്തു . ഇങ്ങനെ വിഘടിച്ചു മാറിയവർ രാജാവിനെ കാണുകയും പുതിയ പള്ളി വേണമെന്ന  ആവശ്യം അറിയിക്കുകയും  ചെയ്തു. മാതൃ ദേവലായത്തിൽ നിന്ന് ഒരു വിളിപ്പാടകലെ പള്ളി വേണമെന്ന ഇവരുടെ ആവശ്യത്തെ തുടർന്ന് വലിയ പളളിക്ക് അടുത്തു തന്നെ രാജാവ് സ്ഥലം അനുവദിക്കുകയും മാതൃ ദേവാലത്തിൻ്റെ അതേ രൂപകല്പനയിൽ പുതിയ പള്ളി നിർമ്മിക്കുകയും ചെയ്തു . അതാണ് കോട്ടയം ചെറിയ പള്ളി .ഇന്ത്യയുടെ വൈസ്റോയി ആയിരുന്ന ഇർവിൻ പ്രഭു ,ഹെയ്ലി ചക്രവർത്തി തുടങ്ങി പ്രഗത്ഭ മതികൾ  വലിയ പള്ളി സന്ദർശിച്ചിട്ടുണ്ട് .

ചരിത്രവും വിശ്വാസവും ഇഴ ചേർന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയ പള്ളി ഇന്നും സന്ദർശകരെ മാടി വിളിക്കുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: