ബെന്നി മാത്യുവിനാല്‍ വഞ്ചിക്കപ്പെട്ട യുവതി താന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പോലീസിലും മറ്റും നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. അമേരിക്കയിലുള്ള ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും തന്റെ നിസ്സഹായവസ്ഥയെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. ഇന്ത്യാ പ്രസ് ക്ലബ്ബ് ഡാളസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അവരില്‍ ഒരാളാണ്. അദ്ദേഹവും ഈ കേസില്‍ യുവതിയെ സഹായിക്കാന്‍ നിരന്തരം പ്രയത്നിക്കുന്നുണ്ട്. പക്ഷെ, കേരളത്തിലെ കേസില്‍ ഇടപെടാന്‍ അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ വകുപ്പില്ല. എന്നാല്‍, ബെന്നി മാത്യു ഗ്രീന്‍ കാര്‍ഡിനുവേണ്ടി അമേരിക്കയില്‍ ഒരു ‘വ്യാജ’ വിവാഹം നടത്തിയിട്ടുണ്ടെങ്കില്‍ അയാളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാം. അതിനുള്ള ശ്രമത്തിലാണ് സണ്ണിയും മറ്റുള്ളവരും.
യുവതി അയച്ച ഇ-മെയിലിലെ വിവരങ്ങളനുസരിച്ച്, 2015 മുതലാണ് സംഭവത്തിന്റെ തുടക്കം. കൊച്ചി സ്വദേശിനിയും സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തില്‍ 2012 മുതല്‍ 2015 വരെ ആര്‍ എന്‍ ആയി ജോലി ചെയ്തിരുന്ന ബി എസ് സി നഴ്സുമായ ജെ.ജെ. (സ്വകാര്യതയെ മാനിച്ച് മുഴുവന്‍ പേര് നല്‍കുന്നില്ല) എങ്ങനെയാണ് ബെന്നി മാത്യു എന്ന അമേരിക്കന്‍ മലയാളിയുടെ വഞ്ചനയില്‍ അകപ്പെട്ടതെന്ന് വിവരിക്കുന്നുണ്ട്.
“2015 ഏപ്രിലിൽ കേരളത്തിലെ പ്രശസ്തമായ ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ബെന്നി മാത്യുവിൽ നിന്നുള്ള വിവാഹാലോചന വന്നത്. താനൊരു എൻആർഐ ആണെന്നും, അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ ആറ് വര്‍ഷമായി ‘അഡ്മിനിസ്‌ട്രേറ്റര്‍’ ആയി ജോലി ചെയ്യുന്നു എന്നും, അമേരിക്കയിലെ ‘ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍’ ആണെന്നുമാണ് പറഞ്ഞത്. വിവാഹശേഷം അദ്ദേഹത്തോടൊപ്പം എന്നെ യുഎസ്എയിലേക്ക് കൊണ്ടുപോകുമെന്നും വാഗ്ദാനം ചെയ്തു. അദ്ദേഹം പറഞ്ഞത് വിശ്വസിച്ച് ഞങ്ങൾ വിവാഹത്തിന് സമ്മതിച്ചു,” യുവതി പറയുന്നു.
ബെന്നി മാത്യുവിന്റെ ഈ വാഗ്ദാനത്തില്‍ ആകൃഷ്ടരായാണ് ഇരു കുടുംബങ്ങളും ആലോചിച്ച് വിവാഹത്തിന് സമ്മതിച്ചത്. അതുപ്രകാരം 2015 ജൂലൈ 16-ാം തിയ്യതി കോതമംഗലം മാർത്തോമാ പള്ളിയിൽ വെച്ച് ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹവും നടന്നു. വിവാഹശേഷം ബെന്നി 15 ദിവസം ഭാര്യയോടൊപ്പം കഴിഞ്ഞു. അതിനിടെ ചില അടിയന്തിര ഔദ്യോഗിക ജോലികൾ ചെയ്തു തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് ബെന്നി അമേരിക്കയിലേക്ക് തിരിച്ചുപോന്നു. അതിനു മുമ്പ് ജെ.ജെയുടെ സൗദി അറേബ്യയിലെ ജോലി രാജിവെക്കാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി അത് ചെയ്യണം എന്ന് പറഞ്ഞതനുസരിച്ച് സൗദിയില്‍ പ്രതിമാസം 80,000 രൂപ (1110.00 ഡോളര്‍ + താമസ സൗകര്യം) ശമ്പളം ലഭിച്ചിരുന്ന ജോലി യുവതി രാജി വെക്കുകയും ചെയ്തു. വിവാഹ സമ്മാനമായി തന്റെ കുടുംബം 71.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തന്നിരുന്നു. ബെന്നി അമേരിക്കയിലേക്ക് തിരിച്ചു പോയ ഉടനെ അയാളുടെ മാതാപിതാക്കളും സഹോദരിയും ആ ആഭരണങ്ങളെല്ലാം കൈവശപ്പെടുത്തി എന്ന് ജെ ജെ പറയുന്നു.
2015 നവംബർ 25 ന് ജോലി രാജിവച്ച് ഭര്‍ത്താവ് അമേരിക്കയിലേക്ക് കൊണ്ടുപോകുന്ന ദിവസവും കാത്തിരുന്ന യുവതിക്ക് നിരാശയായിരുന്നു ഫലം. 2016 ഡിസംബറിൽ ബെന്നി വീണ്ടും നാട്ടിലെത്തി. പത്തു ദിവസം ഭാര്യയോടൊപ്പം താമസിച്ചു. 2017 ജനുവരിയിൽ യു എസിലേക്ക് തിരിച്ചു പോരുകയും ചെയ്തു. അതിനു ശേഷമാണ് ജെ ജെ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. എന്നാല്‍, വിവരം അറിഞ്ഞ ബെന്നി തന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായാണ് പെരുമാറിയതെന്ന് യുവതി പറയുന്നു. നിരുത്തരവാദപരമായ സംസാരങ്ങളായി പിന്നീട്. തന്റെ വൈകാരികമായ ആവശ്യങ്ങളില്‍ ശ്രദ്ധ ചെലുത്താതായി. തന്നോട് സംസാരിക്കുന്നതുപോലും നിര്‍ത്തി എന്ന് അവര്‍ പറയുന്നു.
“താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും സന്തോഷത്തോടെ സംസാരിക്കുന്നത് നിര്‍ത്തി എന്നു മാത്രമല്ല എന്റെ ഗർഭകാലത്ത് അദ്ദേഹം വിളിക്കുകയോ സാമ്പത്തിക സഹായമോ ഒന്നും നല്‍കിയില്ല. 2017 സെപ്തംബറില്‍ താനൊരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഇതുവരെ, അദ്ദേഹം എന്റെ കുട്ടിയുടെ മുഖം പോലും കണ്ടിട്ടില്ല. കഴിഞ്ഞ 3 വർഷമായി അദ്ദേഹം എന്നെയും എന്റെ കുട്ടിയെയും കുറിച്ച് അന്വേഷിച്ചിട്ടില്ല,” യുവതി പറയുന്നു.
ബെന്നി മാത്യുവിന് ജെ.ജെ.യില്‍ കുട്ടി ജനിച്ച വിവരം അറിഞ്ഞതുമുതല്‍ ബെന്നി നാട്ടിലുള്ള മാതാപിതാക്കളേയും ബന്ധുക്കളേയും പ്രകോപിപ്പിച്ച് ഭാര്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് അവരെക്കൊണ്ട് ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നു പറയുന്നു.
അതിനിടെ ജെ.ജെയുടെ ബന്ധുക്കളിലാരോ കുട്ടിയുടെ ഫോട്ടോ ബെന്നിയുടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ബെന്നി പ്രകോപിതനായി എന്ന് പറയുന്നു. അതിനുശേഷം ബെന്നി ഫോണിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്നയുമല്ല, അമേരിക്കയില്‍ ബെന്നിയുടെ ഫോണ്‍ കോളുകളും സന്ദേശങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് ബെന്നിയുടെ മാതാപിതാക്കള്‍ മരുമകളെ പറഞ്ഞു ധരിപ്പിച്ചു. അതിന്റെ കാരണം അവര്‍ പറഞ്ഞത് “ബെന്നിക്ക് കുട്ടിയുണ്ടെന്നറിഞ്ഞാല്‍ ഗ്രീന്‍ കാര്‍ഡിന് പ്രശ്നമുണ്ടാകും. കാരണം, അവന്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ ‘സിംഗിള്‍’ ആണെന്നാണ് കാണിച്ചിരിക്കുന്നത്. ഇപ്പോള്‍ കുട്ടിയുടെ ഫോട്ടോ പ്രശ്‌നമുണ്ടാക്കും. അമേരിക്കന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ബെന്നി ‘വിവാഹിതന്‍’ ആണെന്നറിഞ്ഞാല്‍ അവന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദ് ചെയ്ത് ജയിലിലടയ്ക്കും,” എന്നു പറഞ്ഞതായി ജെ.ജെ. പറയുന്നു. അതൊരു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയായിരുന്നു എന്ന് ജെ.ജെ. മനസ്സിലാക്കിയിരുന്നു.
ഇവിടെയാണ് ബെന്നിയും മാതാപിതാക്കളും ഗൂഢാലോചന നടത്തി നിയമാനുസൃതം വിവാഹം ചെയ്ത ജെ ജെ യെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. അമേരിക്കയില്‍ ബെന്നിയ്ക്ക് ജയില്‍ വാസം വേണ്ട എന്ന് ആഗ്രഹമുണ്ടെങ്കില്‍ വിവാഹമോചനം നടത്തി എന്ന രേഖയുണ്ടാക്കി അമേരിക്കയിലേക്ക് അയച്ചുകൊടുക്കണം എന്ന് ജെ ജെ യെ പറഞ്ഞു വിശ്വസിപ്പിച്ചു. ബെന്നിക്ക് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക പ്രതിവിധി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് മാത്രമാണെന്നും, അതിനാല്‍ താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെന്ന് ഔദ്യോഗിക രേഖയുണ്ടാക്കണമെന്ന് ബെന്നി അയാളുടെ മാതാപിതാക്കളോടും സഹോദരനോടും ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുകയും, അവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി താന്‍ വിവാഹമോചന രേഖകളില്‍ ഒപ്പിടാമെന്ന് സമ്മതിക്കുകയും ചെയ്തതായി യുവതി പറയുന്നു. ബെന്നിയുടെ മാതാപിതാക്കളേയും സഹോദരനേയും വിശ്വസിച്ച് താന്‍ രേഖകളില്‍ ഒപ്പിട്ടു.
പരസ്പര സമ്മതത്തോടെ, എല്ലാ നിബന്ധനകളും അംഗീകരിച്ചാണ് താന്‍ ഒപ്പിടുന്നതെന്ന് സത്യവാങ്മൂലവും വിവാഹമോചന ഹര്‍ജിയോടൊപ്പം മൂവാറ്റുപുഴ കുടുംബ കോടതിയില്‍ സമര്‍പ്പിച്ചു. കോടതി നടപടിക്രമങ്ങള്‍ക്ക് ബെന്നിയുടെ മാതാപിതാക്കളും സഹോദരനും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു എന്ന് യുവതി പറയുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നതെന്നും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും തീർപ്പാക്കുമെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ, കോടതിയില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മൂവാറ്റുപുഴ കുടുംബ കോടതിയില്‍ കേസ് വിചാരണയ്ക്കു വന്ന സമയത്ത് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ജഡ്ജിക്ക് ചില സംശയങ്ങള്‍ തോന്നിയതും, ബെന്നിയുടെ അഭാവവുമാണ് അതിന് കാരണം. തന്നെയുമല്ല, ബെന്നിയുടെ മാതാപിതാക്കളുടെ പരസ്പര വിരുദ്ധ പ്രസ്താവനയും കോടതിയെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തു. അതോടെ ആ വിവാഹമോചന ഹര്‍ജി കോടതി തള്ളി.
ആ സംഭവത്തിനുശേഷം ബെന്നിയുടെ മാതാപിതാക്കള്‍ തന്നെ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് യുവതി പറയുന്നു. തന്നെ ഒരിക്കലും വീടിന് പുറത്ത് പോകാൻ അനുവദിച്ചില്ല, ആരെയും കാണാനും അനുവദിച്ചില്ലെന്നും യുവതി പറയുന്നു. താന്‍ വീട്ടുതടങ്കലിലായ സമയത്തെല്ലാം ബെന്നി മാതാപിതാക്കള്‍ക്ക് ഫോണ്‍ ചെയ്യുന്നത് താന്‍ ശ്രദ്ധിച്ചിരുന്നു എന്ന് യുവതി പറയുന്നു. +1 786 395 7772 എന്ന നമ്പറിൽ നിന്നാണ് ഫോണ്‍ ചെയ്യാറെന്നും പറയുന്നു.
(തുടരും)
