ഉണർവ്വിലൊരുസൂര്യൻ ഉദിച്ചിരിക്കാം..
തടവറകൾ പൊട്ടിത്തകർന്നിരിക്കാം..
സ്വാതന്ത്ര്യഗീതത്തിന്നലകളീ മണ്ണിൽ,
ശാന്തിതൻ പുതുപൂക്കൾ
പൊഴിച്ചിരിക്കാം..
ഉണർവ്വിലൊരുസൂര്യൻ ഉദിച്ചിരിക്കാം..
തടവറകൾ പൊട്ടിത്തകർന്നിരിക്കാം..
ഈ മണ്ണിലുണ്ടെൻറെ ചങ്കിലെ ചോര..
ഈ വിണ്ണിലുണ്ടെൻറെ പിടയുന്ന
പ്രാണൻ..
ഈ കൊടുംകാട്ടിലെ ഇരുളിൻറെ
വന്യത-
യേറ്റിയെൻ നെഞ്ചിൽ പുതു
നെരിപ്പോടിൻ ജ്വാലകൾ..
ഈ മലനാടിൻറെ അടിമക്കിടാങ്ങൾ..
കത്തിച്ചെടുത്തതിൽനിന്നായിരം
നാളങ്ങൾ..
പട്ടിണിവറ്റിച്ചോരുടലിൻറെ നിണമൂറ്റി,
കെട്ടുപോകാതെ കാത്തവരാണവർ..
മാറ്റൊലികൊള്ളുമീ വിപ്ലവശംഖൊലി..
മാറ്റമില്ലാത്തൊരീ
വ്യവസ്ഥിതിക്കോട്ടയിൽ..
ഇനിയെത്ര ജീവനീ
ത്യാഗത്തിൻബലിക്കല്ലിൽ,
കുരുതിപൂജയ്ക്കായ്..നാം തർപ്പണം
ചെയ്യണം..?
വെടിയേറ്റരിപ്പപോൽ തകരുന്നീ
തനുവേകി..
“നാളെ”തൻ സ്വപ്നം ഞാൻ
കാത്തുവയ്ക്കാം..
കാണില്ല…,ഞാനാ സൂര്യോദയത്തിലെ-
ന്നാടിൻറെ മോചനക്കാഴ്ച്ചകാണാൻ..
പൊടിയാതെന്നസ്ഥി നീ കണ്ടെടുക്ക..
അതിലൊരുകത്തി നീ പണിതൊരുക്ക..
അതുകാട്ടി നിൽക്ക നീ കാവലാളായ്..
കാരിരുമ്പാക്കി നിൻ കരളും,കരങ്ങളും..
തലമുറകൾക്കായ് നീ മാറ്റിവയ്ക്ക..
കരുതലോടിന്നാടിൻ സ്വാതന്ത്ര്യത്തെ..
“മർദ്ദിതർ-ചൂഷിത”രില്ലാത്തോരാ
മണ്ണിൽ,
സ്വർഗ്ഗലോകം നീ പണിതു തീർക്ക..
ആക്കിടരുതെന്നെ
ബലിമണ്ഡപങ്ങളിൽ..
ആക്കല്ലേ നീയെന്നെ “രക്തസാക്ഷി”
വിഗ്രഹമാകേണ്ട.. വിശ്രുതനാകേണ്ട..
വിപ്ലവകാരിക്ക് മരണമില്ല………..
അജിത് അമൃതം. ✍️