ഒറ്റപ്പെട്ടുപോകുന്നവന്റെ ആവനാഴിയിൽ അമ്പുകൾ ഓരോന്നായി അവശേഷിക്കുവാൻ
ഇനിയേറെ സമയമില്ല…
നഷ്ടബോധത്തിന്റെ ഓർമ്മപ്പെടുത്തലുകൾ കവിതയുടെ നാമ്പുകൾ പലതും അടർത്തിമാറ്റപ്പെട്ടു…
കാലത്തിന്റെ കണക്കുപുസ്തകത്തിൽ ഒരു കവികൂടി തെരുവിൽ അലയാൻ
വിധിയേറ്റു വാങ്ങി…
ഭ്രാന്തനെന്ന് ആർത്തുകൂവുവാൻ ആയിരങ്ങൾ….
പ്രത്യയശാസ്ത്രത്തിന്റെ വഴികളിൽ കവിതകൾകൊണ്ടു വിപ്ലവംകുറിച്ചവൻ…
സനാതനത്തിന്റെ ചുവരുകൾക്കുള്ളിൽ വിശുദ്ധിയുടെ കുപ്പായമണിഞ്ഞവൻ…
മേൽക്കോയ്മകളിൽ കവിക്കും കവിതയ്ക്കും ജാത്യാദി മൂല്യങ്ങൾ കല്പിച്ചപ്പോൾ തിരസ്കരിക്കപ്പെട്ടവൻ……
പക്ഷപാതത്തിന്റെയും കുതികാൽ വെട്ടിന്റെയും കൗശലങ്ങളുടെ ചേർത്തുപിടിയ്ക്കലുകൾ
അവനെ പലരും ഒറ്റപ്പെടുത്തി….
അവൻ ചുറ്റും നോക്കി…
വിശന്നപ്പോൾ താൻ അന്നം നൽകിയോൻ,
അക്ഷരങ്ങളുടെ വഴികളിൽ താൻ മാർഗ്ഗം നൽകിയവൻ,
കിടക്കാനിടമില്ലാതെവന്നപ്പോൾ
കിടക്കാനിടം നൽകിയോൻ,
ജീവൻ പകുത്തു തനിക്കു നൽകാൻ
മടിയില്ലെന്നോതിയോർ…
എല്ലാം മറന്ന് മുന്നിലും
പിന്നിലുമുണ്ട്…
തന്റെ അധഃപതനം കാണാൻ
പുതിയ യൂദാസ്സുകളുടെ അവതാരങ്ങൾ…
എല്ലാം തിരിച്ചറിയുന്ന
ക്രൂശിതനായ കർത്താവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക്
പലപല അർത്ഥങ്ങളുണ്ടായിരുന്നു…
ജന്മംകൊണ്ടും കർമ്മംകൊണ്ടും ത്യാഗംകൊണ്ടും സ്നേഹംകൊണ്ടും താൻ തിരിച്ചറിഞ്ഞ നേരിന്റെയും നെറികേടിന്റെയും
ഒരുപിടി നേർചിത്രങ്ങൾ…
ഇവിടെ അക്ഷരക്കൂട്ടുകളുടെ കുറിമാനങ്ങളിൽ,
അറിയാതെ തൂലിക ചലിക്കുമ്പോൾ
അകലെനിന്നും വീണ്ടും കേൾക്കുന്നുണ്ട്,
സത്യാന്വേഷണങ്ങളുടെ വഴിത്താരകളിൽ
കലികാലത്തിന്റെ ചാവേറുകൾ
ബലികഴിച്ച ആയിരങ്ങളുടെ രോദനങ്ങൾ….
കണ്ണുമൂടപ്പെട്ട നീതിദേവത കണ്ണുകൾ
ഒന്നുകൂടി ഇറുക്കിയടച്ചു
തന്റെ കൈകളിലേൽപിച്ച നിയമത്രാസിന്റെ
നിസ്സഹായതയോർത്ത്….
സി. ജി.ഗിരിജൻ ആചാരി തോന്നല്ലൂർ
Good. Meaningful
ഹൃദ്യമായ കവിത 👍👍👍🌹
നല്ലെഴുത്ത്…