റിപ്പോർട്ട്: സുരേഷ് സൂര്യ – ചിത്രങ്ങൾ: സജി മാധവൻ.
കോവിഡ് എന്ന മഹാമാരിമൂലം ദീർഘകാലമായി അടഞ്ഞു കിടന്ന സിനിമാ തിയറ്ററുകൾ വീണ്ടും സജീവമായി, ഏറെ നാളായി ആരാധകർ കാത്തിരുന്ന വിജയ് യുടെ ‘മാസ്റ്റർ’ എന്ന മാസ്റ്റർപീസ് ചിത്രവുമായാണ് പ്രദർശനം വീണ്ടും ആരംഭിച്ചത്. വിജയ് യുടെ ചിത്രത്തിനായ് കാത്തിരുന്ന ആരാധകർ ആഘോഷപൂർവ്വമാണ് സിനിമയെ വരവേറ്റത്. കോട്ടയത്ത് നാലു തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. .നാലു തീയറ്ററിലും ആദ്യ ദിനത്തെ പ്രദർശനങ്ങൾ ഹൗസ് ഫുള്ളായിരുന്നു. പ്ലസ് ടൂ , കോളേജ് എന്നീ വിഭാഗങ്ങൾ വീണ്ടും തുറന്നതിനാൽ കൂടുതലും വിദ്യാർത്ഥികളുടെ തിരക്കായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ആളുകളെ കയറ്റി വിടുന്നത് എങ്കിലും, വൻ തിരക്കിനെ അപകടകരമായ ഒരു സാഹചര്യമായി കാണുന്നില്ലേ എന്ന ഞങ്ങളുടെ ഫോട്ടോഗ്രാഫർ സജി മാധവന്റെ ചോദ്യത്തിന് സെക്യൂരിറ്റിയുടെ മറുപടി ഇപ്രകാരം ആയിരുന്നു – ” കുടുംബം പോറ്റുവാനുള്ള വരുമാന മാർഗ്ഗത്തിനു വേണ്ടിയാണ് അപകടമാണെന്നറിഞ്ഞിട്ടും ഭയത്തോടുക്കൂടി ഞങ്ങൾ ഇവിടെ നിൽക്കുന്നത്. ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഞങ്ങളുടെ മുന്നിലില്ല.”. വിദ്യാർത്ഥികളുടെ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബ പ്രേക്ഷകർ കാര്യമായ തോതിൽ ഇതുവരെയും എത്തിത്തുടങ്ങിയിട്ടില്ല എന്നും തിയറ്റർ ജീവനക്കാർ പറഞ്ഞു. എന്നാൽ രണ്ടാം ദിവസമായ ഇന്നലെ മിക്ക തിയറ്ററുകളിലും ആളുകളുടെ തള്ളിക്കയറ്റം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തിയറ്ററുകളുടെ മേന്മ നോക്കിയാണ് മിക്ക ആളുകളും തിയറ്ററുകൾ തിരഞ്ഞെടുക്കുന്നത് എന്നതാണ് ഇതിനു കാരണമായി കണക്കാക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിജയ് ഫാൻസ് കൊട്ടും പാട്ടും പാലാഭിഷേകവും പോലുള്ള വലിയ ആഘോഷ പരിപാടികൾ ഒഴിവാക്കി. എങ്കിലും ആരാധകർ ചിത്രത്തിൻ്റെ റിലീസിംഗ് പറ്റുന്ന വിധം ആഘോഷമാക്കി മാറ്റി. തിയറ്ററിനകത്തും ആഘോഷം തുടർന്നു. . ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിൽ നായകനെ കണ്ട ആരാധകർ ശരിക്കും അത് ആഘോഷിച്ചു. റിലീസിംഗ് ദിവസം രാവിലെ മുതൽ തീയറ്ററുകളുടെ മുൻപിൽ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. മാസങ്ങൾ അടഞ്ഞു കിടന്ന തിയറ്ററുകൾ തുറന്നത് സിനിമ മേഖലയക്കും തിയറ്റർ വ്യവസായത്തിനുംഉണർവ്വ് പകരുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു . ജയസൂര്യയുടെ ചിത്രമാണ് അടുത്ത റിലിസ്.
