വാഷിംഗ്ടണ്‍ ഡി.സി: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മാത്രമല്ല, അമേരിക്കന്‍ ജനതയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിയുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നവരെ അതിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി വാക്‌സിന്‍ സ്വീകരിക്കുവാന്‍ ഉപദേശിക്കണമെന്ന് ഡോ.ആന്റണി ഫൗസി ആവശ്യപ്പെട്ടു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നല്ലൊരു ശതമാനം വാക്‌സിന്‍ സ്വീകരിക്കാതിരിക്കുന്നത് അവരുടേയും, പൊതുജനങ്ങളുടെയും, അമേരിക്കയുടെ തന്നെ ആരോഗ്യാവസ്ഥയെ സാരമായി ബാധിക്കുമെന്നതിനാലാണ് ട്രമ്പിന്റെ ഇടപെടല്‍ ഈ വിഷയത്തില്‍ ഫൗസി അഭ്യര്‍ത്ഥിച്ചത്.
മാര്‍ച്ച് 14 ഞായറാഴ്ച ഫൗസി തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്, ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ്.
വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ് ജനുവരിയിലാണ് പ്രസിഡന്റ് ട്രമ്പ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. എന്നാല്‍ ഈ വിവരം ക്യാമറക്കു മുമ്പില്‍ പറയുന്നതിന് ട്രമ്പ് ശ്രമിച്ചില്ല. പ്രസിഡന്റ് ജിമ്മി കാള്‍ട്ടര്‍, ബില്‍ക്ലിന്റന്‍, ജോര്‍ജ് ഡബ്ലിയൂ ബുഷ്, ബരാക്ക് ഒബാമ എന്നിവര്‍ തങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച വിവരം പരസ്യമായി അറിയിച്ചിരുന്നു.
ഈയിടെ നടത്തിയ വാക്‌സിനെകുറിച്ചുള്ള അഭിപ്രായ സര്‍വ്വേയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍, കറുത്ത വര്‍ഗക്കാര്‍, എന്നിവര്‍ വാക്‌സിന്റെ സുരക്ഷിതത്വത്തെ കുറിച്ചു ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കോവിഡ് നയതന്ത്രങ്ങള്‍ പൂര്‍ണ്ണമായും എടുത്തു മാറ്റേണ്ട സമയമായിട്ടില്ലെന്നും, വീണ്ടും വ്യാപനത്തിനുള്ള സാധ്യത തള്ളികളയാനാകില്ലെന്നും, ഡോ.ഫൗസി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
