17.1 C
New York
Tuesday, September 28, 2021
Home Literature വഴിത്തിരിവ് (കഥ)

വഴിത്തിരിവ് (കഥ)

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

ഉന്നത റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായ മൈക്കിളിന്റെ മകൾക്കുള്ള അനുമോദന ചടങ്ങ് ആയിരുന്നു അന്ന് വൈകുന്നേരം ഫ്ലാറ്റിലെ കമ്മ്യൂണിറ്റിഹാളിൽ. ഫ്ലാറ്റ് നിവാസികളും മകളുടെ കൂടെ പഠിച്ച കൂട്ടുകാരും എല്ലാവരും ഒത്തുകൂടി ആ സായാഹ്നത്തിൽ.മുണ്ടും ചട്ടയും ധരിച് സന്തോഷാശ്രുക്കളുമായി മൈക്കിളിന്റെ അമ്മ ഒരു കോണിൽ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. ഇതൊന്നും കാണാൻ മൈക്കിളിന്റെ അപ്പൻ ഇല്ലാതെ പോയല്ലോ എന്ന് ദുഃഖമായിരുന്നു അവർക്ക്.

തൃശ്ശൂരിലെ വലിയ ഒരു ജ്വല്ലറി വ്യാപാരിയായിരുന്നു അദ്ദേഹം. നാല് മക്കളായിരുന്നു ആ ദമ്പതികൾക്ക്. മൂത്തമകൻ ബസ് സർവീസ് കാര്യങ്ങൾ നോക്കുന്നു. അപ്പൻ ജ്വല്ലറിയിൽ. ഇളയവനായിരുന്നു മൈക്കിൾ. പത്താംക്ലാസ് വരെ നല്ല ശിക്ഷണത്തിൽ വളർന്ന കുട്ടിയായിരുന്നു മൈക്കിൾ.സ്കൂളിൽ ഫസ്റ്റ് ബെല്ലടിക്കുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർ കാറിൽ അവനെ കൊണ്ടാക്കും. അതുപോലെ തന്നെ ഉച്ചയ്ക്ക് ഉണ്ണാൻ പോകുന്നതും വരുന്നതും എല്ലാം കൃത്യസമയത്ത് ആയിരുന്നു. അപ്പൻ ഇടക്കിടെ സ്കൂളിൽ വന്നു അധ്യാപകരെ കണ്ട് വിവരങ്ങളൊക്കെ തിരക്കുകയും ചെയ്യുമായിരുന്നു. കോളേജിൽ പോക്ക് തുടങ്ങിയതോടെയാണ് മൈക്കിൾ കൈവിട്ടു പോയത്. ആ കാലഘട്ടത്തിൽ അവൻ കോളേജിൽ പഠിക്കാൻ പോയിരുന്നത് തന്നെ കാറോടിച്ച് ആയിരുന്നു. ഇളയമകൻ ആയതുകൊണ്ട് കുറച്ച് അധികം ലാളിച്ചു. പഠനം കഴിഞ്ഞാൽ കൂട്ടുകാരുമൊത്തു ബാറിൽ പോയി മദ്യപിച്ച് റോഡിലൂടെ കാർ ഭരതനാട്യം കളിച്ചാണ് വീട്ടിൽ എത്തിയിരുന്നത്. ഭരതനാട്യം മൈക്കിളിന്റെ കാർ വരുന്നുണ്ടടാ ജീവൻ വേണമെങ്കിൽ മാറിക്കോ എന്നും പറഞ്ഞു ആൾക്കാർ വഴിമാറി രക്ഷപ്പെട്ടു പോവുക ആയിരുന്നു പതിവ്. ചില ദിവസം രാത്രി ചേട്ടൻറെ ബസിലെ ഡ്രൈവറെ മാറ്റി ഇരുത്തി ഹെവി വെഹിക്കിൾ ലൈസൻസ് ഒന്നും ഇല്ലാത്ത മൈക്കിൾ ബസ് ഓടിച്ചു യാത്രക്കാരെയും കൊണ്ടുപോകും. അനിയൻറെ ഒരു ആഗ്രഹം അല്ലേ എന്ന് കരുതി ചേട്ടനും കണ്ണടച്ചു കൊടുത്തു. കോളേജ് കാലഘട്ടത്തിൽ സുന്ദരനായിരുന്ന ഇവനെ എല്ലാവരും ഒരു നടൻറെ പേര് ചേർത്താണ് വിളിച്ചിരുന്നത്. പിന്നെ ഒരു പെൺകുട്ടിയോട് വലിയ പ്രേമം ആണെന്നും പറഞ്ഞ് കാറോടിച്ച് അതിനെ പിന്തുടരുകയായിരുന്നു കുറെക്കാലം ജോലി. ആ പെൺകുട്ടി ഇതൊന്നും അറിഞ്ഞിരുന്നില്ല. ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ ട്യൂട്ടർ ആയിരുന്നു ആ പെൺകുട്ടി. എങ്കിൽ ആ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് കൂടുതൽ അവളെ കാണാനുള്ള അവസരം സൃഷ്ടിക്കാമല്ലോയെന്ന് വിചാരിച്ച് അഡ്മിഷൻ എടുക്കാൻ ചെന്നപ്പോൾ ആ പെൺകുട്ടി ഒറ്റ ചോദ്യം. “എന്താ മൈക്കിൾ, മൈക്കിൾ എന്തിനാ ടൈപ്പ്റൈറ്റിങ് പഠിക്കുന്നത്? ബോംബെക്ക് വല്ലതും പോകാൻ പരിപാടിയുണ്ടോ? നിൻറെ മൂത്ത പെങ്ങളും ഞാനും ഒന്നിച്ചു പഠിച്ചതാണ് അവൾ കല്യാണം കഴിഞ്ഞ് ഇപ്പോൾ അങ്കമാലിയിൽ ആണല്ലേ”? എന്ന്. അഡ്മിഷൻ ഫീസും കൊടുത്ത് മൈക്കിൾ അവിടുന്ന് അന്ന് മുങ്ങി. പിന്നെ അവിടെ പോയിട്ടില്ല, അതോടെ പ്രേമം അവസാനിപ്പിച്ചു.
പിന്നെയും കൂട്ടുകാരുമായി ചുറ്റാനും അടിച്ചു പൊളിക്കാനും കാശ് കിട്ടാതായി തുടങ്ങിയപ്പോൾ വീട്ടിൽ നിൽക്കുന്ന ജോലിക്കാരനെ കൊണ്ട് വീട്ടിൽ നിന്ന് തന്നെ ചില്ലറ മോഷണങ്ങൾ ഒക്കെ നടത്തി അങ്ങനെ മുന്നേറുകയായിരുന്നു. അപ്പോഴാണ് ഒരു ദിവസം വീട്ടിലെ ഇരുമ്പ് ലോക്കറിൽ നിന്നും വലിയൊരു മോഷണം നടന്നത്. അപ്പൻ പൊലീസിൽ വിവരം അറിയിച്ചു. പോലീസ് വന്ന് അന്വേഷണമായി. വീട്ടിലെ ജോലിക്കാരൻ 2 ദിവസം മുമ്പ് അവൻറെ വീട്ടിൽ പോയിരുന്നു. പോലീസ് അവന്റെ വീട്ടിലെത്തി അവിടെനിന്ന് പൊക്കി നല്ല രണ്ട് പെട കിട്ടിയപ്പോൾ അവൻ പറഞ്ഞു മോഷണമുതൽ മൈക്കിൾ ഏട്ടന് കൈമാറിയിട്ടുണ്ട് എന്ന്. ചില്ലറ മോഷണങ്ങൾ മൈക്കിൾ അവനെക്കൊണ്ട് നടത്തിച്ചിരുന്നു എന്നത് നേര്. പക്ഷേ ഇത്രയും വലിയൊരു തുക മൈക്കിൾ എടുത്തിരുന്നില്ല. ഏതായാലും പയ്യനെ വെറുതെവിട്ടു. സ്വന്തം അപ്പൻറെ കാശ് കട്ടിട്ട് വേലക്കാരനെ അകത്താക്കി എന്ന് ആ നാട്ടിൽ പാട്ടായി. പ്രണയ നൈരാശ്യവും കള്ളൻ പട്ടവും കിട്ടിയതോടെ മൈക്കിളിന്റെ സമനില തെറ്റും എന്ന ഘട്ടമെത്തി. കെട്ടിച്ചു വിട്ട മൂത്ത പെങ്ങൾ അമ്മായി അമ്മയുടെയും നാത്തൂൻമാരുടെയും കുത്തുവാക്ക് കേൾക്കാൻ വയ്യ എന്ന് പറഞ്ഞ് രണ്ടുദിവസം കരഞ്ഞു പിഴിഞ്ഞ് വീട്ടിൽ വന്നു നിന്നത് അപ്പന് എരിതീയിൽ എണ്ണ പകർന്നത് പോലെയായി.

അപ്പൻ കുറച്ച് കാശ് എടുത്തു മൈക്കിളിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു. “ദയവു ചെയ്ത് എൻറെ തലയിൽ നിന്ന് ഒന്ന് ഒഴിഞ്ഞു പോ. എൻറെ ഒരു പെൺ കൊച്ചിനെ കൂടെ ഞാൻ ഒന്ന് അന്തസ്സായി കെട്ടിച്ചു വിട്ടോട്ടേ” എന്ന്. മൈക്കിൾ ആകെ തകർന്നുപോയി. ആ കാശും കൊണ്ട് അന്നവൻ കൽക്കത്തക്ക് ട്രെയിൻ കയറി അവൻറെ അമ്മായിയുടെ (അപ്പന്റെ പെങ്ങൾ ) വീട്ടിൽ എത്തി. വലിയ മിലിറ്ററി ഓഫീസർ ആയിരുന്നു അവിടത്തെ ഗൃഹനാഥൻ.

നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ ആയ മൈക്കിളിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് അവിടെ തുടങ്ങി. അമ്മായി ആദ്യത്തെ ഒന്ന് രണ്ട് മാസം അവനെ ഒരു ഡി അഡിക്ഷൻ സെൻററിൽ എത്തിച്ചു ചികിത്സക്ക് വിധേയനാക്കി. മദ്യം എന്ന വിഷത്തിൽ നിന്ന് പരിപൂർണ്ണമായി മുക്തിനേടി. ആ പട്ടാളച്ചിട്ടയുള്ള വീട്ടിൽ അച്ചടക്കത്തോടെ മൈക്കിൾ അവിടെനിന്ന് ഒരു വർഷത്തെ ഒരു കോഴ്സിന് ചേർന്ന് പഠനം തുടങ്ങി. ഭക്ഷണവും താമസവും ഫ്രീ ആണെങ്കിലും പഠനത്തിനും മറ്റും ഉള്ള ഫീസ് ജോലി എടുത്തു ഉണ്ടാക്കേണ്ടി വന്നു.

അവൻറെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട എന്നും 10 പൈസ അവനു വേണ്ടി ഞാൻ അയച്ചു തരില്ല എന്നും അപ്പൻ പെങ്ങളെ വിളിച്ചു പറഞ്ഞിരുന്നു. തൃശൂർ കോളേജിൽ പഠിച്ചിരുന്ന കാലത്ത് കൂട്ടുകാരുടെ ഫീസ് പോലും അടച്ചിരുന്നത് മൈക്കിൾ ആയിരുന്നു. ആ കാലമൊക്കെ കണ്ണീരോടെ അവൻ ഓർത്തു. സ്വന്തമായി അധ്വാനിച്ച് നേടിയ പൈസ കൊണ്ട് ഫീസ് കൊടുത്തു നന്നായി പഠിച്ച് അവൻ ഒരു ജോലി സമ്പാദിച്ചു.

ഒരു അഞ്ചു വർഷം കഴിഞ്ഞു. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെ പോലെ മൈക്കിൾ ഉയർത്തെഴുന്നേറ്റു. അവൻറെ ഒരു രണ്ടാം വരവായിരുന്നു അത്. ഇതിനോടകം ഈ ആങ്ങള ഇനി നാട്ടിലേക്ക് വരില്ല എന്ന ഉറപ്പിൽ പ്രശസ്തമായ ഒരു കുടുംബത്തിലേക്ക് ഇളയ പെങ്ങളെ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നുവെന്നും അപ്പൻ സ്വത്ത് ഭാഗം വെച്ചപ്പോൾ മൈക്കിളിന് ഒരു പൈസപോലും വച്ചിരുന്നില്ല എന്നും അമ്മായി വഴി മൈക്കിൾ അറിഞ്ഞിരുന്നു. പിന്നെ അവൻറെ ഓരോ പ്രവർത്തിയും ആരോടൊക്കെയോ വാശി തീർക്കുന്നത് പോലെ ആയിരുന്നു. സാമ്പത്തികസ്ഥിതി കുറഞ്ഞ ഒരു വീട്ടിൽ നിന്ന് അതി സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് പ്രണയിനിയോട് ഉള്ള പക വീട്ടി. അഞ്ചാറു വർഷത്തെ കൽക്കത്ത ജീവിതം കുറെ കാര്യങ്ങൾ ജീവിതത്തിൽ മൈക്കിളിനെ പഠിപ്പിച്ചിരുന്നു.
75% മദ്യപാനികളും സാധാരണഗതിയിൽ തിരിച്ച് തുടങ്ങിയിടത്തുതന്നെ എത്താറുണ്ട്. പക്ഷേ മൈക്കിൾ അതിന് ഒരു അപവാദം ആയിരുന്നു. മൈക്കിളിന്റെ രണ്ടാംവരവിൽ അദ്ദേഹം ഒരു കല്യാണത്തിന്റെ കോക്ക്ടെയിൽ ഡിന്നറിൽ പോലും പങ്കെടുക്കാറില്ല എന്ന് മാത്രമല്ല യുവാക്കളെ യൊക്കെ ഉപദേശിച്ചു ആ പ്രദേശത്തു നിന്ന് തന്നെ ഓടിച്ചു വിടാറുണ്ടായിരുന്നു. പിന്നെ ബന്ധുമിത്രാദികളെ സന്ദർശിക്കലും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കലും ആയിരുന്നു മൈക്കിളിന്റെ പ്രധാനജോലി. നാട്ടുകാരും വീട്ടുകാരും ചങ്ക് ഫ്രണ്ട്സും എല്ലാവരും കൈയൊഴിഞ്ഞപ്പോൾ ഒരു അമ്മായി ഏറ്റെടുക്കാൻ ഉണ്ടായതുകൊണ്ടാണല്ലോ മൈക്കിളിന് ഒരു പുനർജന്മം കിട്ടിയത്. ആ ഓർമ്മ എന്നും ഉള്ളതുകൊണ്ട് രക്തബന്ധം ഒരു നിസ്സാര കാര്യമല്ല എന്ന തിരിച്ചറിവ് മൈക്കിളിന് എപ്പോഴുമുണ്ട്.

വയസ്സായ അമ്മയെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് പൊന്നുപോലെ നോക്കുന്നത് മൈക്കിൾ ആണ്. ഈ അമ്മയുടെ പ്രാർത്ഥനയും കണ്ണുനീരും ആണ് മൈക്കിളിനെ ഇവിടം വരെ എത്തിച്ചത് എന്ന് അയാൾക്ക് നന്നായി അറിയാം. ഇന്ന് മൈക്കിൾ ഏറ്റവും മാന്യനായി ഭാര്യയും രണ്ട് പെൺമക്കളോടും ഒപ്പം ജീവിക്കുന്നു. നാളെ കഴിഞ്ഞ് മുസോറിയിലേക്ക് ട്രെയിനിങ്ങിനു പോകുന്ന അവൻറെ മകൾക്ക് നല്ലതുമാത്രം വരണേ എന്ന പ്രാർത്ഥനയുമായി ആ മുത്തശ്ശി ഇരുന്നു.

“ നീതിമാന്മാരെ അന്വേഷിച്ചല്ല പാപികളെ തേടിയാണ് ക്രിസ്തു വന്നത്.”
പശ്ചാത്തപിക്കുന്ന ഒരു പാപിയെ പറ്റി സ്വർഗ്ഗം സന്തോഷിക്കും.

✍മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: