17.1 C
New York
Wednesday, October 5, 2022
Home US News വയ്യ… മടുത്തു…. രാഷ്ട്രീയ ബാല്യം തെരഞ്ഞെടുപ്പ് ഗോദയിലിറക്കാനില്ല: സുല്ലിട്ട്….ഇ.പി ജയരാജൻ

വയ്യ… മടുത്തു…. രാഷ്ട്രീയ ബാല്യം തെരഞ്ഞെടുപ്പ് ഗോദയിലിറക്കാനില്ല: സുല്ലിട്ട്….ഇ.പി ജയരാജൻ

ശ്രീധർജി ✍

വയ്യ… മടുത്തു….തന്റെ രാഷ്ട്രീയ ബാല്യം തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ ഇനി ഇ.പി ജയരാജൻ ഒരുക്കമല്ല. ഇ.പി മതിയെന്നു പറഞ്ഞാൽ കേൾക്കാനുള്ള മനക്കട്ടി പാർട്ടിക്കുണ്ട്. കാരണം ഉരുക്കിന്റെ മറയല്ല സി.പി.എമ്മിനെന്ന് ആരേക്കാളും ജയരാജനറിയാം.പാർട്ടി പറഞ്ഞാലും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. പാർട്ടിയെ നിലപാട് ബോധ്യപ്പെടുത്തും. കാണുമ്പോൾ സുന്ദരകളേബരനാണെന്ന് കെ സുധാകരനു വരെ തോന്നാം. പ്രായമായി, എന്നുവച്ചാൽ വയസ് 71. രോഗം വന്നതോടെ ഇപ്പോഴത്തെ പോലെ തെരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞ് വരുന്ന കാര്യം ജയരാജൻ പറഞ്ഞപ്പോഴാണ് സത്യത്തിൽ പുറംലോകം പോലും ഞെട്ടിയത്. അതു മാത്രമല്ല, ഒരു തെരഞ്ഞെടുപ്പ് ജയരാജൻ ആഗ്രഹിക്കുന്നില്ല. എഴുപത് കഴിഞ്ഞാൽ പിന്നെ ക്ഷീണിതമായ പ്രായമാണ്.
പിണറായി വിജയന്റെ പ്രത്യേക ശക്തിയും ഊർജവും കഴിവുമൊക്കെ ജയരാജൻ ആഗ്രഹിച്ചിട്ട് കാര്യമില്ല. ഉപ്പോളം വരില്ല ഉപ്പിലിട്ടതെന്ന് ഇ.പിക്ക് അറിയാം. എങ്കിലും പിണറായിയുടെ പ്രവർത്തിയുടെ അടുത്തെത്താൻ കഴിഞ്ഞാൽ ജയരാജൻ മഹാപുണ്യവാനായി തീരുമെന്നതിലും രണ്ടു പക്ഷമില്ല. പിണറായി ആകാൻ കഴിയുന്നില്ലെന്നതാണ് ജയരാജന്റെ എന്നത്തെയും ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണവും നിശ്ചയദാർഢ്യവുമുണ്ട്. കണ്ണൂരിലെ കരുത്തനായിട്ടും ഇക്കാലയളവിൽ അതില്ലാതെ പോയതാണ് ജയരാജന്റെ വീഴ്ചകൾ. സഖാക്കളുമായി സമദൂരമാണെങ്കിലും ബന്ധുക്കളുമായി ഒരു ശരിദൂരം കണ്ടെത്തിയതാണ് തുടക്കകാലത്ത് ബന്ധുനിയമന വിവാദത്തിന്റെ പുകച്ചുരുൾ ഉയരാൻ കാരണം. ബന്ധുക്കൾ ശത്രുക്കളാണെന്ന് മന്ത്രി പദവിയിൽ നിന്നും ഇടക്കാലത്ത് മാറിനിന്നപ്പോഴാണ് മനസിലായത്. പണ്ട് പാർട്ടിശത്രുക്കളുടെ വെടിയുണ്ടയേറ്റതിന്റെ ശീൽക്കാരം ഇപ്പോഴും ജയരാജന്റെ കർണപുടങ്ങളിൽ തികട്ടി വരാറുണ്ട്. അതൊക്കെ വിപ്ളവ യാത്രയുടെ കൂടെപ്പിറപ്പാണെന്ന് കാണാനാണ് ഇ.പിക്ക് ഇഷ്ടം. കോൺഗ്രസിലെ കണ്ണൂർ സിംഹം കെ സുധാകരനെ പോലെ പാർട്ടിയുടെ ചുമതലക്കാരനാകുകയാണ് ഇ.പിയുടെ ഇനിയുള്ള ലക്ഷ്യം. പാർട്ടിയുടെ തലപ്പത്ത് നിന്നും കോടിയേരിയുടെ കൊടിയിറങ്ങിയെങ്കിലും അധികാര പദവികൾ ഇല്ലാതെ നിന്നെങ്കിലേ വിജയരാഘവന്റെ പകരക്കാരനാകാൻ കഴിയു. ത്യാഗം സഹിക്കാതെ മോഹം നടക്കില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിണറായി ആകാൻ വേണ്ടി അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിച്ച് പാർട്ടി സെക്രട്ടറി പദവിയുടെ പൊരുൾ തേടി ഒരു യാത്ര തുടങ്ങുകയാണ് കണ്ണൂരിലെ ജയരാജ ത്രയങ്ങളിലെ കാരിരുമ്പിന്റെ കട്ടിയുള്ള ജയരാജൻ.സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജൻ എസ്.എഫ്.ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ഡി.വൈ.എഫ്.ഐ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സി.പി.ഐം കണ്ണൂർ ജില്ലാ സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. 1991-ൽ അഴിക്കോട് നിന്ന് ആദ്യമായി നിയമസഭാംഗമായി.2011ലും 2016-ലും മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിണറായി മന്ത്രിസഭയിൽ വിവാദങ്ങളുടെ തോഴനായ വ്യവസായ മന്ത്രിയുമായി.ബന്ധുനിയമന വിവാദത്തേത്തുടർന്ന് 2016 ഒക്ടോബർ 14-ന് മന്ത്രിപദം രാജിവച്ചു. എന്നാൽ കേസ് നിലനിൽക്കില്ലെന്നു സർക്കാർ കഴിഞ്ഞവർഷം സെപ്റ്റംബർ 26 ന് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെയാണു ജയരാജൻ മന്ത്രിപദവിയിൽ അഗ്നിശുദ്ധി വരുത്തി തിരിച്ചുകയറിയത്. ആദ്യമായി സി.പി.എം ജയരാജൻമാർ ഇല്ലാതെ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിൽ ഇനിയൊരു മൽസരത്തിന് ഇല്ലെന്ന് ഇ.പി. സുല്ലിട്ട് കഴിഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: