2018 ലെ വേനലവധി ! വിഷുക്കാലം!
ഒരു യാത്ര പോയാലോന്നൊരു മോഹം.
പത്താം ക്ലാസ്സിൽ പഠിക്കുന്ന മകന്,
ക്ലാസ്സ് നേരത്തെ തുടങ്ങുമെന്നതിനാൽ യാത്ര അധികംദൂരേക്ക് വേണ്ടെന്ന് തീരുമാനിച്ചാണ് വയനാട് തിരഞ്ഞെടുത്തത്. ഞങ്ങൾ മൂന്നു കുടുംബത്തിലെ പന്ത്രണ്ട് പേരടങ്ങുന്ന ഒരു ചെറിയ സംഘം ഒരു വെള്ളിയാഴ്ച ദിവസം, അതിരാവിലെ തന്നെ വയനാടൻ കാടുകളിലേക്ക് യാത്ര തിരിച്ചു.
കോടമഞ്ഞിറങ്ങുന്ന വയനാടൻ ചുരങ്ങളിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. ആറാം വളവിലുള്ള ഓലമേഞ്ഞ കൊച്ചു ചായക്കടയിൽ നിന്ന്, ചൂടുകട്ടനും വടയും കഴിച്ച് ഇത്തിരി വിശ്രമം. വീണ്ടും കോടമഞ്ഞിനിടയിലൂടെ ജീവൻ പണയം വച്ചുള്ള യാത്ര,
വയനാട് ചുരം നിർമ്മിക്കാൻ ബ്രിട്ടീഷുകാരെ സഹായിച്ച് രക്തസാക്ഷിയായ ‘കരിന്തണ്ടൻ’ എന്ന ആദിവാസി ധീരനെ നമിച്ചു കൊണ്ട് ഞങ്ങൾ പ്രയാണം തുടർന്നു.
കുറുവാ ദ്വീപിലെ പാറക്കെട്ടുകളെ ചുറ്റി പുളഞ്ഞൊഴുകുന്ന കുഞ്ഞരുവികളിൽ കുളിച്ച്, പൂക്കോട് തടാകത്തിലെ ബോട്ടുയാത്ര, ബാണാസുര സാഗർ തീരത്തുള്ള, മനോഹരമായ പൂന്തോട്ടം, ഊഞ്ഞാലാട്ടം, കുതിര സവാരി, എല്ലാം നന്നായി ആസ്വദിച്ചു. പ്രാചീന ജൈന ക്ഷേത്രങ്ങളുടെ ശേഷിപ്പുകൾ പലയിടത്തും
കാണാം. നവീനശിലായുഗവുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന അമ്പുകുത്തിമലയിലെ എടക്കൽ ഗുഹയും അവിടത്തെ ശിലാലിഖിതങ്ങളും നിത്യവിസ്മയമായി ഇന്നും നിലകൊള്ളുന്നു.
ചില്ലു കുപ്പിയിലടച്ച, ഉപ്പും മുളകുപൊടിയും ചേർത്ത പൈനാപ്പിൾ കഷണങ്ങളുടെ രുചി ഇപ്പോഴും നാവിലുണ്ട്.
വയനാടിന്റെ തനത് ഉൽപന്നങ്ങളായ കാട്ടുതേനും, കരകൗശല വസ്തുക്കളും, ഔഷധക്കൂട്ടുകളും വാങ്ങാൻ മറന്നില്ല.
ആദിവാസി ബാലൻമാർ വിഷുക്കണിയൊരുക്കാനുള്ള കൊന്നപ്പൂവും,
കാട്ടുകനികളുമായി വഴിയിലുടനീളം
കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ അവരെ നിരാശപ്പെടുത്തിയില്ല.
പിതൃക്കളുടെ പുണ്യസ്ഥലമായ തിരുനെല്ലി ക്ഷേത്രവും, തിരുനെല്ലിക്കാടുകളൂം പിന്നിട്ട്, തോൽപെട്ടി വന്യമൃഗസങ്കേതത്തിൽ എത്തിച്ചേർന്നു.
സന്ധ്യയായതിനാൽ ഉൾക്കാടുകളിലേക്ക് പ്രവേശനം അനുവദിച്ചില്ല. തോൽപ്പെട്ടിയിലെ മനോഹരമായ കൊച്ചു കോട്ടേജുകൾ ഞങ്ങൾക്ക് ആതിഥ്യമൊരുക്കി.
നീന്തൽക്കുളത്തിലെ കുളിയും നീന്തലുമൊക്കെ മനസ്സിൽ കുളിരു പെയ്യിച്ചു.
മക്കളെ ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കേണ്ടതായിരുന്നുവെന്ന പ്രാഥമിക തത്വം ഞങ്ങൾ അവിടെ നിന്നും പഠിച്ചു. അന്ന് കുളത്തിൽ മുങ്ങിത്താഴാൻ പോയ മക്കൾ പിന്നീടാണ് നീന്താൻ പഠിച്ചത്!
കോട്ടേജുകളിലെ താമസം രസകരവും സാഹസികവുമായിരുന്നു. ഉറക്കത്തിനു താരാട്ടായി , കുറുക്കന്റെ കൂവൽ, കുറുനരിയുടെ ഓരിയിടൽ, കാട്ടാനയുടെ ചിന്നം വിളി, ചീവീടുകളുടെ നിർത്താതെയുള്ള കരച്ചിൽ, വവ്വാലുകളുടെ ചിറകടി ശബ്ദം, ഇര തേടിയുള്ള യാത്രയിൽ ഇരയാക്കപ്പെട്ടവരുടെ രോദനങ്ങൾ,
വേട്ടമൃഗങ്ങളുടെ ആക്രോശങ്ങൾ …
എല്ലാം നന്നായി അനുഭവിച്ചു …. ആസ്വദിച്ചു.
പിറ്റേന്ന്, കൂടുതൽ സാഹസികത തേടിയും രാത്രിയിൽ ഇര തേടുന്ന വന്യമൃഗങ്ങളെ അടുത്തു കാണുന്നതിനും വേണ്ടി (കുറച്ച് മാനുകളെയും കാട്ടുപോത്തുകളയുമേ പകൽ സമയം ഞങ്ങൾ കണ്ടിരുന്നുള്ളു.) ചെറുപ്പക്കാർ ഒരു രാത്രിയാത്ര, നൈറ്റ് ജീപ്പ് ട്രക്കിംഗ് ഏർപ്പാടാക്കി. രാത്രി
ഭക്ഷണത്തിനുശേഷം, കൈക്കുഞ്ഞുങ്ങളും കൊച്ചുകുട്ടികളുമടങ്ങുന്ന ഞങ്ങളുടെ സംഘം രാത്രി ഒൻപതരയോടെ ട്രക്കിംഗിന് പുറപ്പെട്ടു.
റേഞ്ച് ഓഫീസിലെയാണ് ജീപ്പ്. പരിചയസമ്പന്നനായ ഡ്രൈവറുമുണ്ട്.
ഒരഞ്ഞൂറു മീറ്റർ പോയിക്കാണും റോഡരികിൽ ഒരു കൊമ്പനാന.
അല്പം ദൂരെ നിന്ന് ഞങ്ങൾ അതിനെ വീക്ഷിച്ചു. എല്ലാവർക്കും ആവേശമായി.
നാട്ടിൽ ചെന്ന് വിളമ്പേണ്ട വീരസാഹസിക കഥകൾ എല്ലാവരും മനസ്സിലെഴുതി !
കുറച്ചു കൂടി പോയപ്പോൾ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് തൊട്ടരികിൽ ഒരു ഒറ്റയാൻ തുമ്പിക്കൈ ഉയർത്തി, അലറി ചിന്നം വിളിച്ച് നിൽക്കുന്നു, കുട്ടികൾ പേടിച്ച് കരയാൻ തുടങ്ങി.
വന്യമൃഗങ്ങളുടെ സ്വഭാവ സവിശേഷതകൾ നന്നായറിയുന്ന ഡ്രൈവർ പേടിക്കേണ്ടന്നും വണ്ടി ഇരമ്പിക്കുമ്പോൾ അവ ‘പേടിക്കും’ അടുത്തേക്ക് വരില്ലയെന്നുമൊക്കെ പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്.
രണ്ടാമത്തെ ചിന്നംവിളിയിൽ വണ്ടിക്കകത്ത് കൂട്ടക്കരച്ചിലായി. ആനയുടെ ചിന്നം വിളിയേക്കാൾ വലിയ നിലവിളികൾ വണ്ടിക്കുള്ളിൽ നിന്ന് പുറപ്പെട്ടു തുടങ്ങി.
ഡ്രൈവറുടെ തൊട്ടു പിന്നിൽ ഇരുന്ന ഞാൻ, “വേഗം പോ ചേട്ടാ ” എന്നു ബഹളം വച്ച് അദ്ദേഹത്തിന്റെ മുതുകിൽ
ആഞ്ഞടിച്ചതോർക്കുമ്പോൾ ഇപ്പോഴും കൈകൾ വിറയ്ക്കുന്നുണ്ട്.
കാടും, വഴികളും കൈവെള്ളയിലെന്ന പോലെ പരിചയമുള്ള ഡ്രൈവർ, വണ്ടി മുന്നോട്ട് നീക്കി നിർത്തി. എല്ലാവർക്കും ശ്വാസം നേരെ വീണു. കട്ടികളുടെ കരച്ചിൽ അപ്പോഴും തീർന്നിരുന്നില്ല.
രക്ഷപ്പെട്ടെന്ന് കരുതി തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ഞങ്ങളെ ലക്ഷ്യം വച്ച് ഓടി വരുന്ന കാട്ടുകൊമ്പനെയാണ്. അത് ഓടി കാട്ടിലേക്കു പൊയ്ക്കൊള്ളുമെന്ന ഡ്രൈവറുടെ ഉപദേശം… ആരു കേൾക്കാൻ!
സുജ ഹരി✍