പ്രത്യാശയുടെ ഈ ഉയിർപ്പു പെരുനാളിലേക്കു കടക്കുമ്പോൾ എന്നെ മദിക്കുന്നത് രണ്ട് വ്യത്യസ്തമായ ചിന്തകളാണ്. ഒന്ന് ഞാൻ പിതാവിനെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കയും ചെയ്ത എന്റെ അമ്മയുടെ കസിൻകൂടിയായ വന്ദ്യ യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്കോപ്പായുടെ ദേഹവിയോഗത്തിലുള്ള ദുഖം.. മറ്റൊന്ന്, അദ്ദേഹം ആരുടെ മുൻപിൽ ജീവിതകാലം മുഴുവൻ കണ്ണീരോടെ പ്രാത്ഥിച്ചിരുന്നുവോ ആ പിതാവിന്റെ സന്നിധിയിലേക്ക് കൈകളുയർത്തി ഒരു പിഞ്ചു ബാലനേപ്പോലെ അദ്ദേഹം നടന്നടുക്കുമ്പോൾ ആ സ്വർഗ്ഗിയ പിതാവ് അച്ചന്റെ ആത്മാവിനെ ആശ്ലേഷിക്കുവാൻ തന്റെ ദൂതഗണത്തോടൊപ്പം മുൻപോട്ട് വരുന്ന ധന്യമായ ആ മുഹൂർത്തം .
ഇത് ഞാൻ എന്റെ മനസ്സിൽ കാണുമ്പോഴുള്ള സന്തോഷം. ക്രിസ്തീയമായി നോക്കുമ്പോൾ രണ്ടാമത്തെ ചിന്തയാണ് അഭികാമ്യം എങ്കിലും മാനുഷിക ബലഹീനതക്ക് അടിമപ്പെട്ടു പലപ്പോഴും ഞാൻ ആദ്യ ചിന്താഗതിയിലേക്കു വഴുതി മാറാറുണ്ട്.
ആ വന്ദ്യ പിതാവിനേക്കുറിച്ചു ഞാനോർക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് എന്റെ ബാല്യകാല സ്മരണകളാണ്. പഴയകാല ബ്ളാക്ക് ആന്റ് വൈറ്റ് ടെലിവിഷൻ ചിത്രങ്ങൾ പോലെ. വെളുപ്പിന്റെയും കറുപ്പിന്റയും രൂപ രേഖകളാൽ ഇടകലർന്ന ചിത്രങ്ങൾ …. കാരണം ഞാൻ ജനിക്കുന്നതിനു മുൻപേ അദ്ദേഹം ശെമ്മാശ്ശനായതാണ്. അപ്പോൾ സ്വാഭാവികമായും ഞാൻ കണ്ടുവളർന്നത് ശുഭ്ര വസ്ത്രധാരിയായ വളരെ ചുറുചുറുക്കുളള നല്ല സംഘാടകനായ, യോഗ്യനായ ഒരു ശെമ്മാശ്ശനെയാണ്.
കോട്ടയത്തു വൈദിക സെമിനാരിയിലും തുടർന്ന്, സഭാ പിതാക്കന്മാരോടുമൊപ്പം പ്രവത്തിക്കുന്ന സമയത്തും വല്ലപ്പോഴും വിണുകിട്ടുന്ന ഒഴിവു ദിവസങ്ങളിൽ കുമ്പഴയിലും പരിസര പ്രദേശത്തുമുള്ള ബന്ധുമിത്രാദികളെ സന്ദർശിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു, താല്പര്യം കാണിച്ചിരുന്നു. അദ്ദേഹം കടന്നു വരുബോൾ എന്റെ ചീകി ഒതുക്കി വച്ചിരിക്കുന്ന മുടി സ്നേഹത്തോടെ ഉഴപ്പാൻ വരുന്നത് ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്.
ഇതിനിടയിലദ്ദേഹം വിവാഹിതനായി വൈദികനായി. ജീവിതത്തിന്റെ ഇടനാഴികളിലെവിടയോ ഞങ്ങൽ രണ്ടുവഴികളിലുടെ യാത്രതുടർന്നു. കാലം മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു ..ഏതാണ്ട് ഇരുപത്തെട്ടു വർഷങ്ങൽക്ക് ശേഷം ചക്രവാളങ്ങൾക്കിപ്പുറം ന്യൂയോർക്കിൽ ഞാനച്ചനെ വീണ്ടും കണ്ടുമുട്ടുമ്പോൾ ആകെ മാറിയിരുന്നു. ഇടക്കെട്ടിന്റെ നിറവും തൊപ്പിയുടെ ഉയരവും താടിയിലെ വെള്ളിവരകളോടും കുടിയ പ്രൗഢ ഭാവം എന്നെ സന്തോഷവാനാക്കി …ഇടവക പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ ഉള്ളിലെ ഭക്തിയും, ലാളിത്ത്യവും സ്നഹവും കരുതലും ഞാൻ അടുത്തറിഞ്ഞു. വിമുക്ത ഭടന്മാർ ഇടദിവസങ്ങളിൽ സംഘടിക്കുന്ന സ്ഥലം അതിരാവിലെ എത്തി ശുചിയാക്കി വിശുദ്ധ ദേവാലയമാക്കി സ്വർഗ്ഗീയ ആരാധന നടത്തുന്ന വൈദികനെ , ഇടവക ജനത്തിനു വേണ്ടി ഏതുസമയവും നിസ്വാത്ഥ്ര സേവന തല്പരനായി നില്കുന്ന ആത്മീയ പിതാവിനെ ഞാൻ അങ്ങേയറ്റം സ്നേഹിച്ചു.
1986 മുതൽ ശുശ്രൂഷിക്കുന്ന ഇടവകക്കൊരു ദേവാലയം പണിയണമെന്ന് തീരുമാനിക്കുമ്പോൾ അത് നാട്ടിലെ പള്ളി പോലെ വേണമെന്നു നിർബന്ധം. കേരളാ മോഡൽ ദേവാലയം കണ്ടിട്ടുപോലുമില്ലാത്ത അമേരിക്കൻ ആർക്കിടെക്കിന് ആശയങ്ങൾ നല്കി കഴിവതും നാട്ടിലേപ്പോലെ തന്നെ ദേവാല പണി പൂർണ്ണമാക്കി .അതേ.. ആ വന്ദ്യ വൈദികൻ ഒരു പുരോഹിതൻ മാത്രമല്ല , സാമ്പത്തിക വിദഗ്ധൻ , നല്ല ഒരു സംഘാടകൻ , ആശാരി, മേസ്തിരി, നല്ല ഒരു ഡിസൈനർ , ഒരു നല്ല ആർക്കിടെക്ക് എന്നുവേണ്ട കലാപരമായ എല്ലാ മേഘലകളിലും കഴിവു തെളിയിച്ചിരുന്നു.
അച്ചനോടോപ്പം നിസ്വാർത്ഥമായി പ്രവർത്തിക്കാൻ ഒരു നല്ല സംഘം തന്നെ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.. അച്ചനെക്കുറിച്ച് ഓർക്കുമ്പോൾ ഒരു വ്യക്തിയെ എടുത്തു പറയാതിരിക്കാൻ കഴിയില്ല. അദ്ദേഹം പറഞ്ഞ ഒരു വാക്കിവിടെ ഉദ്ദരിക്കുന്നു. “ അച്ചന്റെ മനസ്സു വിഷമിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല” ഈ ഒറ്റ വാചകത്തിലറിയാം അവരു തമ്മിലുള്ള ആത്മാർത്ഥമായ സുഹൃത്ബന്ധത്തിന്റെ ആഴം. അത് മറ്റാരുമല്ല വിരലിലെണ്ണാവുന്ന ആദ്യകാല മലയാളികളില് ഒരാളായ യശഃ ശ്രീനായ P I ജോണിച്ചായൻ കർതൃ സന്നിധിയിൽ രണ്ടുപേരും വീണ്ടും കണ്ടുമുട്ടിയിട്ടുണ്ടാകുമെന്നു പ്രത്യാശിക്കുന്നു.
വന്ദ്യ യോഹന്നാനച്ചന്റെ ദേഹ വിയോഗത്തിൽ എനിക്ക് നഷ്ടമായത് എന്റെ ആത്മീയ പിതാവിനെയാണ്, ഒരു നല്ല ഗുരുവിനെയാണ്, ഒരു നല്ല സഹപ്രവർത്തകനെയാണ്. ഞാൻ അമേരിക്കയിൽ വന്നതിനു ശേഷം എന്റെ പള്ളിയിൽ വന്ദ്യനായ യോഹന്നാനച്ചനില്ലാത്ത ആദ്യത്തെ ഈസ്റ്ററാണിത്. എങ്കിലും, ഈ ഉയിർപ്പു ദിവസത്തിൽ ഞാൻ പ്രത്യാശയോടെ എന്റെ മനസ്സിൽ കാണുന്നു സ്രിഷ്ടി സ്സ്ഥിതി സംഹാര കലയുടെ രഹസ്യമറിയാവുന്ന പിതാവാം ദൈവം അച്ചന്റെ ആത്മാവിനെ തന്റെ മുന്തിരിതോപ്പിലെ വേല ചെയ്യുന്നവരോടൊപ്പം ചേർക്കുന്ന ധന്യമായ മുഹൂത്ത്രം…