ആഗ്ര(ഉത്തർപ്രദേശ്): യുഎസ് വനിത അറസ്റ്റിൽ. വനിതാ പോലീസിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ അഞ്ചുവർഷമായി മഥുരയിൽ താമസിക്കുന്ന റെവേക്ക(രാധാ ദാസി)യെയാണ് വനിതാ സബ് ഇൻസ്പെക്ടർ റീതുവിന്റെ പരാതിയിൽ പോലീസ് അറസ്റ്റ്.
കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.വൃന്ദാവൻ നഗരത്തിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ ഇവർ ആക്രമിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇൻസ്പെക്ടറുടെ പരാതി. പോലീസിന്റെ സഹായത്തോടെ വൃന്ദാവനിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ റെവേക്ക ഇത് തടയുകയായിരുന്നു.പൊതുസ്ഥലത്ത് നിർമിച്ച ഒരു കുടിൽ പൊളിച്ചുനീക്കുന്നതിനിടെയായിരുന്നു ജെ.സി.ബി.യ്ക്ക് മുന്നിൽ ഇരിപ്പുറപ്പിച്ച റെവേക്ക അധികൃതരുടെ നടപടികൾ തടസപ്പെടുത്തി. തുടർന്ന് വനിതാ പോലീസ് ഇൻസ്പെക്ടർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇൻസ്പെക്ടറെ ആക്രമിച്ചത്. ഇൻസ്പെക്ടറുടെ കഴുത്തിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
യുഎസ് വനിത പറഞ്ഞത് തന്റെ ഗുരുവിന്റെ ഉടമസ്ഥതയിലുള്ള കുടിലാണെന്നും അത് പൊളിക്കാൻ പാടില്ലെന്ന് സർക്കിൾ ഓഫീസർ ഗൗരവ് ത്രിപാഠിയോട് പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നതെന്നും സർക്കിൾ ഓഫീസർ ഗൗരവ് ത്രിപാഠി പറഞ്ഞു.