47 വർഷം ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ ബന്ധം പിരിക്കാൻ തുടങ്ങിയ മക്കളെ പേടിച്ച് 77 വയസ്സുകാരനായ ഷംസുദ്ദീൻ മിയയും 65 വയസ്സുകാരിയായ രേഖ ബീഗവും ഒളിച്ചോടിയ വാർത്ത ഇന്ന് ഫേസ്ബുക്കിൽ വായിച്ചപ്പോൾ ഏകദേശം ഇതിനു സമാനമായ ഒരു അനുഭവകഥ എൻറെ ഓർമയിലേക്ക് വന്നു.
എൺപതുകളുടെ അവസാനം. ഞാൻ പ്രസവത്തിനായി തിരുവനന്തപുരത്തെത്തി. അപ്പോഴേക്കും അച്ഛനുമമ്മയും മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. ഉറക്കവും റസ്റ്റ് എടുക്കലും ടീവി കാണലുമൊക്കെയായി സമയം കളയുകയായിരുന്നു ഞാൻ. ടിവിയിൽ ഇന്നത്തെ പോലെ പല ചാനലുകൾ ഒന്നും ഇല്ല. വൈകുന്നേരം മാത്രം ചില ഹിന്ദി സീരിയലുകൾ കാണാം. അങ്ങനെ ഒരു ദിവസം ഉച്ചമയക്കത്തിനിടയിലാണ് വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന രണ്ട് കമിതാക്കളുടെ സ്വരം ഞാൻ കേട്ടത്.
“അംബിക ഇന്ന് രാവിലത്തെ ഭക്ഷണം തന്നില്ല അല്ലേ? ഞാൻ പറഞ്ഞിട്ടില്ലേ, ബ്രഷ് വച്ച് ഒന്നും പല്ലുതേക്കണ്ട, ഉമിക്കരി ആണ് ബെസ്റ്റ് എന്ന്. ഇപ്പോൾ എന്തായി? “
കാമുകൻറെ മറുപടി. “എനിക്ക് കണ്ണ് കാണുമോ, ഞാനെൻറെ ബ്രഷ് എന്ന് കരുതി പല്ലു തേച്ചത് അംബികയുടെ ബ്രഷ് കൊണ്ടായിരുന്നു. അതിൻറെ ശിക്ഷ ആയിട്ടാണ് ഇന്ന് രാവിലത്തെ ഭക്ഷണം കട്ട് ചെയ്തത്. “
കാമുകൻ അന്ധൻ ആണെന്ന് മനസ്സിലായി എനിക്ക്.ബ്രഷ് മുറിയിൽതന്നെ വെച്ചിട്ടു പല്ലുതേക്കുന്ന സമയത്ത് മാത്രം എടുത്തു കൊണ്ടു വന്നാൽ പ്രശ്നം തീരും എന്ന് പറഞ്ഞു കാമുകി ആശ്വസിപ്പിക്കുന്നുണ്ട്. പിന്നെ എന്തൊക്കെയോ കരുതിവെച്ച ഭക്ഷണം കാമുകന് കൊടുക്കുന്നുണ്ട്.
എൻറെ മുറിയുടെ ജനാല ഞാൻ പതുക്കെ തുറന്നു. കാമുകീ കാമുകന്മാരെ ഒന്ന് കാണാനുള്ള ആകാംക്ഷ അത്രയ്ക്കുണ്ടായിരുന്നു എനിക്ക്. അപ്പോഴാണ് മനസ്സിലായത് 2 വൃദ്ധരായ മനുഷ്യരാണെന്ന്. വൃദ്ധൻ കരയുന്നു, വൃദ്ധ ആശ്വസിപ്പിക്കുന്നു. എന്റെ തലവെട്ടം കണ്ടതും രണ്ടുപേരും രണ്ടു വഴിക്ക് പോയി. രണ്ടുപേരും മുഷിഞ്ഞതും പിന്നി തുടങ്ങിയതും ആയ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്. ഞാൻ വലിയൊരു കണ്ടുപിടുത്തം നടത്തിയതു പോലെ അമ്മയോട് പറഞ്ഞു.
“അമ്മേ, ഇപ്പുറത്തെ വീട്ടിലെ മെയിൽ സെർവെൻറ് നമ്മുടെ വീടിൻറെ മുകളിൽ താമസിക്കുന്ന വീട്ടിലെ ഫീമെയിൽ സർവെവെന്റുമായി പ്രണയത്തിലാണ്. എല്ലാവരും ഉച്ചമയക്കത്തിന് പോകുന്ന സമയം ആണ് അവർ പ്രണയ സല്ലാപത്തിന് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടുപേരും അവരവർ നിൽക്കുന്ന വീടുകളിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ പരസ്പരം പങ്കു വയ്ക്കുന്ന സമയമാണ് അത്.”
അമ്മയുടെ മറുപടി കേട്ട് ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെ ആയി.
“അത് സെർവെൻറ്സ് ഒന്നും അല്ല. അവർ ഭാര്യഭർത്താക്കന്മാർ ആണ്. അവർക്ക് രണ്ട് പെൺമക്കളാണ്. രണ്ടുമക്കളെയും പഠിപ്പിച്ചു.സർക്കാർ ഉദ്യോഗസ്ഥർ ആക്കി. സ്ഥലവും വീടും കൊടുത്തു. ഓരോ സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് വിവാഹവും കഴിപ്പിച്ചു. രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു. മൂത്ത മകളുടെ കൂടെ അമ്മ, രണ്ടാമത്തെ മകളുടെ കൂടെ അച്ഛൻ.അവർ പരസ്പരം കാണുന്ന സമയമാണ് ഉച്ചസമയം” എന്ന്.
ഇങ്ങനെ ഒരു അവസ്ഥാവിശേഷം ഉണ്ടായാലോ എന്ന് ഭയന്ന് ആകും ഷംസുദ്ദീനും ബീഗവും കൂടി ഒളിച്ചോടിയത്. ഒരാൾ മറ്റൊരാൾക്ക് താങ്ങും തണലും ആകേണ്ട സമയത്ത് രണ്ടുപേർക്കും മക്കൾ അനുവദിച്ചു തരുന്ന സമയത്തുമാത്രം, ജയിലിൽ സന്ദർശന സമയം അനുവദിച്ചു കിട്ടുന്നതുപോലെ കാണേണ്ട ഗതികേട് വേണ്ടെന്ന് തീരുമാനിച്ചു കാണും ആ ദമ്പതികൾ.
മേരി ജോസി മലയിൽ, തിരുവനന്തപുരം.