17.1 C
New York
Wednesday, May 31, 2023
Home Special റേഡിയോ- ഗൃഹാതുരത്വം നിറഞ്ഞ.. മധുരിക്കുന്ന ഓർമ്മകൾ..(ലേഖനം)

റേഡിയോ- ഗൃഹാതുരത്വം നിറഞ്ഞ.. മധുരിക്കുന്ന ഓർമ്മകൾ..(ലേഖനം)

രാഗനാഥൻ വയക്കാട്ടിൽ

മധുരിക്കും ഓർമ്മകളേ
മലർമഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ,മാഞ്ചുവട്ടിൽ::..
റേഡിയോയിലൂടെ മാത്രം കേൾക്കാൻ കഴിഞ്ഞിരുന്ന നാടക ഗാനങ്ങൾ

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം ഒ എൻ വി കുറുപ്പിന്റെ ഗൃഹാതുരമുണർത്തുന്ന വരികൾ യേശുദാസ് / ജാനകി എന്നിവരുടെ മധുരശബ്ദത്തിലൂടെ പലവട്ടം കേട്ടത് നമ്മുടെ ആകാശവാണി യിലൂടെ മാത്രം.

പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയ സഖിയെന്തേ മൗനം: യേശുദാസ് ചിത്ര എന്നിവർ ഞാൻ ഏകനാണ് എന്ന ചിത്രത്തിന് വേണ്ടി പാടിയത്: ചിത്രയോ ഏത് ചിത്ര?ഇതു വരെ കേട്ടിട്ടില്ലല്ലോ എല്ലാവർക്കും സംശയം.തെന്നിന്ത്യൻ ഗാന കോകിലം KSചിത്ര ഇത്രയും പ്രശസ്തിയിലെത്തുമെന്ന് അന്ന് ആരും കരുതിയില്ല. ജാനകി ,സുശീല, വാണി ജയറാം ,മാധുരി എന്നിവർ പിന്നണി തകർക്കുമ്പോൾ ചിത്ര എന്ന് കേട്ടവർ നെറ്റി ചുളിച്ചത് സ്വഭാവികം.

നാൽപതു വർഷങ്ങൾക്കു മുമ്പ് ടെലിവിഷനും സീരിയലുകളും കംപ്യൂട്ടറും ഇന്റർനെറ്റും മൊബൈൽ ഫോണും 2 G ,3G 4G എന്നിവ വരുന്നതിനു മുമ്പ് റേഡിയോ എന്ന താരമായിരുന്നു നാടിന്റെ സ്പന്ദനങ്ങളും വാർത്തകളും ജനങ്ങളെ അറിയിച്ചിരുന്നത്.അക്കാലത്ത് റേഡിയോ ഉള്ള വീടുകൾ തന്നെ അപൂർവ്വം. ട്രാൻസിസ്റ്റർ കണ്ടു പിടിക്കുന്നതിനു മുമ്പേ വാൽവ് റേഡിയോകൾ ആയിരുന്നു ഉണ്ടായിരുന്നത്. വൈദ്യുതിയുണ്ടെങ്കിലേ വാൽവ് റേഡിയോകൾപ്രവർത്തിക്കൂ .ഓൺ ചെയ്താൽ വാൽവ് ചൂടായി രണ്ടു മിനിറ്റോളം സമയം എടുക്കും പ്രവർത്തിച്ചു തുടങ്ങാൻ. വൈദ്യുതിയുള്ള വീടുകൾ തന്നെ അപൂർവ്വമായതിനാൽ ചുരുക്കം വീടുകളിലേ റേഡിയോ ഉണ്ടായിരുന്നുള്ളൂ.പുരുഷൻമാർ ഗ്രാമങ്ങളിലെ കലാവേദികളിലെ പൊതു റേഡിയോ വഴി പരിപാടികൾ കേട്ടിരുന്നു. ട്രാൻസിസ്റ്ററിന്റേയും IC യുടേയും കണ്ടുപിടുത്തം റേഡിയോ ഉപഭോഗത്തിൽ വൻ വിപ്ലവം സൃഷ്ടിച്ചു. 1.5 V സെല്ലിന്റെ നാലു ബാറ്ററി കളിൽ പ്രവർത്തിക്കുന്ന റേഡിയോ ആണ് വ്യാപകമായത്.ഗാനങ്ങളും വാർത്തകളും നാടകങ്ങളും അങ്ങനെ സജീവമായി.

പിന്നീട് പാട്ടുകൾ കേൾക്കാനും റെക്കോഡ് ചെയ്യാനും ടേപ്പ് റിക്കാർഡറുകളും വന്നു. (കാസറ്റിലൂടെ ) അതിനു ശേഷം VCR, കോംപാക്ട് ഡിസ്ക്(CD) VCD, DVD, പെൻഡ്രൈവ് USB, മെമ്മറി കാർഡ് എന്നീ വിധത്തിൽ ഡിജിറ്റൽ യുഗം കുതിക്കുകയാണ്.

പഴയ റേഡിയോ യുഗത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കട്ടെ.
വന്ദേമാതരത്തോടു കൂടി ആകാശവാണി പരിപാടികൾ ആരംഭിക്കുന്നു. സുഭാഷിതം അടുത്ത പരിപാടി. രാവിലെ പ്രാദേശിക വാർത്തകൾ കോഴിക്കോട് നിലയത്തിൽ നിന്ന് വായിക്കുന്നത് വെൺമണി വിഷ്ണു. അത് കഴിഞ്ഞ് സംസ്കൃത വാർത്ത’ പ്രവാചക ബൽദേവാനന്ദസാഗര: ഗൃഹാതുരത ഉണർത്തുന്ന കാലഘട്ടങ്ങൾ:

ഉച്ചക്ക് 12.30ന് പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ അത് ഒരു കാലം. ചില ദിവസങ്ങളിൽ വാർത്തകൾ വായിക്കുന്നത് പ്രതാപൻ.12.50 ന് ഡൽഹി വാർത്തകൾ വായിക്കുന്നത് ഗോപൻ ആശബ്ദത്തിനു വേണ്ടി കാത്തിരിന്നിട്ടുണ്ട്. പൗരുഷവും പക്വതയും ശബ്ദസ്ഫുടതയും ഒത്തുചേർന്ന ഇടിമുഴക്കം. ശ്വാസകോശം സ്പോഞ്ചു പോലെ എന്ന പരസ്യത്തിലെ ശബ്ദം ഇദ്ദേഹത്തിന്റേതായിരുന്നു എന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അമിത പുക വലി മൂലമാണോ എന്നറിയില്ല അദ്ദേഹത്തിന്റെ ശബ്ദം മോശമാകുകയും ഈയിടെ അദ്ദേഹം നമ്മെ വിട്ടു പോകുകയും ചെയ്തു.ധാരാളം ന്യൂസ് റീലുകൾക്ക് അദ്ദേഹം തന്റെ ശബ്ദം കൊടുത്തിരുന്നു.സുഷമ ‘റാണി’,ശങ്കരനാരായണൻ ഇവരും ദൽഹി പാരായണക്കാർ മാവേലിക്കര രാമചന്ദ്രൻ വായിക്കുന്നതിൽ ധാരാളം തെറ്റുകൾ ഉണ്ടായിരുന്നു. വാർത്തകൾ വായിച്ചിരുന്ന സുഷമയെ കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ ആദ്യമായി കണ്ടു. ആചാര്യൻ പി. ജി .ജനാർദ്ദനൻ മാസ്റ്റരുടെ ശതാഭിഷേക ചടങ്ങിൽ തൃത്തല്ലൂരിൽ.
EVM വ്യാപകമാകും മുമ്പ് ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പു ഫലം അറിയാൻ മൂന്നു ദിവസം വരെ റേഡിയോവിന് മുന്നിൽ രാപ്പകൽ കാത്തിരുന്ന കാര്യം ഓർക്കാനേ വയ്യ. ദേശീയ പ്രദേശിക പാർട്ടികൾക്ക് ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പത്തു മിനിറ്റ് സമയം അനുവദിക്കാറുണ്ട്.

1975 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ആകാശവാണി വാർത്തയിലൂടെ അറിഞ്ഞ് അച്ഛൻ വീട്ടിൽ വന്ന് പറഞ്ഞത് മറക്കാനാവാത്ത സംഭവം.അന്ന് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ല വൈകീട്ട് എല്ലാ’ദി വസവും കാൽനടയായി വാടാനപ്പള്ളിയിൽ പോകുന്ന അച്ഛൻ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും വാർത്തകൾ കേട്ട് വന്നിട്ടാണ് ഇക്കാര്യം പറഞ്ഞത്..

അടിയന്തിരാവസ്ഥ എന്താണെന്ന് അന്ന് അത്ര മനസ്സിലായില്ലെങ്കിലും ഗൗരവമുള്ള സംഗതിയാണെന്ന് ഊഹിക്കാൻ കഴിഞ്ഞു. 1977 ലെ ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും 1982ൽ അധികാരത്തിൽ എത്തിയപ്പോൾ ഇന്ത്യയിലെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയോട് ഇന്ദിരാഗാന്ധി ലൈവ് ആയി സംസാരിക്കുന്നത് ആകാശവാണിയിലൂടെ കേട്ടത് നല്ല ഓർമ്മയായി ഇപ്പോഴും നിൽക്കുന്നു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭാരതം എങ്ങനെയുണ്ട് എന്ന ഇന്ദിരാജി യുടെ ചോദ്യത്തിന് “സാരെ ജഹാം സെ അച്ചാ ” എന്ന് കേട്ടപ്പാൾ ഓരോ ഭാരതീയനും കോരിത്തരിച്ച നിമിഷമായിരുന്നു അന്നത്തെ രാത്രിയിൽ .1982ൽ ഇന്ത്യയിലെ ആദ്യ ഏഷ്യാഡ് ദൽഹിയിൽ നടത്തിയപ്പോൾ മുതൽ ടെലിവിഷൻ ആദ്യമായി കളറിലേക്ക് മാറി. വിദേശത്തു നിന്നും ഡ്യൂട്ടിയിളവിൽ ഗൾഫ് മലയാളികൾ TV കൊണ്ടുവന്നു. തിരുവനന്തപുരം നിലയം 1985ലാണ് ആരംഭിച്ചതെങ്കിലും അതിനു മുമ്പ് Tv കൊണ്ടു വരുന്നവർക്ക് VC Rൽ സിനിമ കാണാമെന്ന ഉപയോഗമേ ഉണ്ടായിരുന്നു..99% ജനങ്ങളുടേയും മുഖ്യ വിവര വാർത്താ വിനോദ വാർത്താ ഉപാധി ആകാശവാണി തന്നെയായിരുന്നു.

1984 ഒക്ടോബർ 30 ന് ഇന്ദിരാജി യുടെ രക്തസാക്ഷിത്വം അറിഞ്ഞതുആകാശവാണിയിലൂടെ. പത്തു ദിവസം ആകാശ വാണിയിൽ വാർത്തകൾ ഒഴികെ ഒരു പരിപാടിയും ഉണ്ടായിരുന്നില്ല. ഔദ്യോഗിക ദു:ഖാചരണം മൂലം.

കേരള നിലയങ്ങൾ പ്രഭാത പരിപാടികൾക്ക് ശേഷം മദ്ധ്യാഹ്ന പ്രക്ഷേപണം തുടങ്ങുന്നത് ഉച്ചക്ക് 12.30 പ്രാദേശിവാർത്തകളോടെ . ഞായർ 12.40 ന് കൗതുക വാർത്തകളും ഉണ്ടാകും വായിക്കുന്നതരാമചന്ദ്രനാണെങ്കിൽ കൂടുതൽ കൗതുകം തോന്നും, ഇടക്കൊക്കെ പ്രതാപൻ വായിക്കാറുണ്ടെങ്കിലും വാർത്താ വായനയുടെ അതേ രീതി തന്നെയാണ് പിന്തുടരുക. യുവവാണി’ റേഡിയോ, നാടകങ്ങൾ’ വയലും വീടും ‘രാത്രിയിൽ (രഞ്ജിനി ) ചലച്ചിത്ര ഗാനങ്ങൾ എന്നിവ ഇഷ്ട പരിപാടികൾ ആയിരുന്നു.1982-87 കാലഘട്ടങ്ങളിൽ എഴുത്തുപെട്ടിയിൽ എല്ലാ ആഴ്ചയും എന്റെ കത്തുകൾ വായിച്ചിരുന്നു – എന്റെ പേരിനോടൊപ്പം ജന്മനാടായ നടുവിൽക്കരയും ചേർത്ത്’. എല്ലാ പരിപാടികളേയും കുറിച്ച് വിശദമായി അവലോകനം നടത്തുന്നതിനാൽ വളരെ പ്രാധാന്യം എന്റെ കത്തിന് ആകാശവാണി തരാറുണ്ട്.കത്തുകൾ വായിക്കുന്നത് സി.പി.രാജശേഖരനും എം.തങ്കമണിയും ആയിരിക്കും.

ഒരിക്കൽ ആകാശവാണി തൃശൂർ നിലയത്തിലെ പ്രോഗ്രാം ഡയറക്ടർ സി.പി.രാജശേഖരനെ കാണാൻ രാമവർമ്മ പുരത്തെ സ്റ്റുഡിയോയിൽ പോയി എഴുത്തുപെട്ടി (ശ്രോതാക്കളുടെ കത്തുകളും അവക്കുള്ള മറുപടിയും എന്ന പരിപാടിയിലൂടെയുള്ള പരിചയം മാത്രമല്ലേ ഉള്ളൂ.എന്നെ അറിയില്ലല്ലോ. അദ്ദേഹത്തിന്റെ ഓഫീസ് റൂമിന് പുറത്ത് CPരാജശേഖരൻ എന്ന് എഴുതി വച്ചിട്ടുണ്ട്.ഞാൻ അകത്ത് കടന്ന് എന്റെ പേര് പറഞ്ഞപ്പോൾ നടുവിൽക്കര അല്ലേ എന്ന് തിരിച്ച് ചോദിച്ചത് ഇന്നും മറക്കാൻ കഴിയില്ല.

(അന്നത്തെ മറ്റു സ്ഥിരം കത്തെഴുത്തുകാരാണ് ആചാരി തിരുവത്ര, ഗുരുവായൂരപ്പൻ തെന്നിലാപുരം, അപ്പുക്കുട്ടൻ പെരിങ്ങാവ്, റഷീദ് ചക്കരപ്പാടം, നന്ത്യാട്ടുകുന്നം ഗോപീകൃഷ്ണൻ സുധ മേഴത്തൂർ കയ്യമ്മു കോട്ടപ്പട തുടങ്ങി അനേകം പേർ ).രാജശേഖരൻ ചേട്ടൻ പിന്നീട് അഗർത്തല ദൂരദർശനിൽ പോയി. അതിനു ശേഷം കുസാറ്റിഅധ്യാപകനായി ‘ രണ്ടു വർഷം മുൻപ് അന്തരിച്ചു.

ഗാനാലാപനത്തിയേശുദാസിന്റെ ശബ്ദഗാംഭീര്യത്തിനതുല്യമായിരുന്നു അനൗൺസറായ സിപി രാജശേഖരൻ .അപാര സ്ഫുടതയുള്ശബ്ദഗാംഭീര്യം.മണികണ്ഠൻ നായർ ,എം ഡി രാജേന്ദ്രൻ, എസ്.രമേശൻ നായർ വി.എൻ.ഗിരിജ, അക്കിത്തം എന്നിവരും തൃശുർ നിലയത്തിൽ പ്രക്ഷേപണ രംഗത്ത് ഉണ്ടായിരുന്നു.

അക്കിത്തത്തെ ഒരിക്കൽ പരിചയപ്പെടാനും സാധിച്ചു.തൃശൂർ നിലയത്തിലെ റേഡിയോ നാടക കലാകാരൻമാരായിരുന്നു: AN ഗണേശ് മീനാ ഗണേശ് തൃശൂർ എൽസി ,എം തങ്കമണി, AR ആനയറ ‘AN ബാലകൃഷ്ണപിള്ള തുടങ്ങിയവർ ‘ പോലീസ് കഥാപാത്രങ്ങൾ കൂടുതലും AN ബാലകൃഷ്ണപിള്ളയാണ് അഭിനയിച്ചിരുന്നത്.ശ്രീ ബിജുമേനോന്റെ അച്ഛൻ’. മിഖായേലിന്റെ സന്തതികൾ എന്ന ദൂരദർശൻ പരമ്പരയിലൂടെ ശ്രദ്ധേയനായി.പിന്നീട് മലയാള സിനിമയിലെ മുഖ്യ നടനായി മാറിയ സാക്ഷാൽ ബിജു മേനോന്റെ അച്ഛൻ.

സി എൽ ജോസിന്റെ നാടകങ്ങളും സ്ഥിരമായി ഉണ്ടാകും. ലളിതസംഗീത പാഠവും ഹൃദ്യമായ ലളിതഗാനങ്ങളും തൃശൂർ നിലയത്തിൽ നിന്നും പ്രക്ഷേപണം ചെയ്യാറുണ്ട്.തെക്കിനിയിൽചാഞ്ഞിരുന്നു മുത്തശ്ശിയമ്മ എന്ന ഗാനം തൃശൂർ നിലയത്തിൽ നിന്നും ഇടക്കിടെ കേൾക്കാം. ഘനശ്യാമവർണ്ണനിന്നു വിരുന്നു വന്നു എന്ന ലളിത ഗാനം തൃശൂർ നിലയത്തിൽ നിന്നും ഇടക്കിടെ ഉണ്ടാകാറുണ്ട്.

പാഠകം ,ചാക്യാർകൂത്ത്, കുമ്മാട്ടിക്കളി എന്നീ പരിപാടി കളും വില്ലടിച്ചാം പാട്ടും ശാസ്താം പാട്ടുമെല്ലാം ഒരു കാലത്ത് കേൾക്കാൻ ആകാശവാണി മാത്രമായിരുന്നുആശ്രയം.പാമ്പുകൾക്ക് മാളമുണ്ട് പറവക ൾക്കാകാശമുണ്ട് എന്നീ നാടക ഗാനങ്ങളിലൂടെ കെ എസ് ജോർജ്ജിനേയും അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്നീ ഗാനത്തിലൂടെ KPAC സുലോചനയേയും അറിഞ്ഞത് തൃശൂർ നിലയത്തിലെ നാടക ഗാനങ്ങളിലൂടെയായിരുന്നു.

സൽക്കലാദേവി തൻ ചിത്രഗോപുരങ്ങളേ സർഗ്ഗസംഗീതമുയർത്തൂ. എന്ന നാടകഗാനം എത്രയോ തവണ കേട്ടിരിക്കുന്നു. അതുപോലെ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാശമുണ്ട് എന്നീ ഗാനങ്ങളും; റെക്കോഡിലൂടേയോ കാസറ്റിലൂടേയോ ഗാനങ്ങൾ ആസ്വദിക്കാൻ കഴിയുന്നവർ അപൂർവ്വമായതിനാൽ ആകാശവാണി തന്നെയായാരുന്നു ഏക ആശ്രയം.

“ഓണക്കോടിയുടുത്തു വാനം മേഘക്കസവാലേ “എന്ന ദാസേട്ടെന്റ ഗാനം തിരുവനന്തപുരം നിലയത്തിൽ നിന്നും ഇടക്കിടെ പ്രക്ഷേപണം ചെയ്യാറുണ്ട്. കരളിൻ കിളിമരത്തിൽ കാണാത്ത കൂടുകെട്ടി കർണ്ണാനന്ദ കരമായ എത്രയെത്ര ഗാനങ്ങൾ ആകാശവാണിയിലൂടെ ഒഴുകിയെത്തിയിരുന്നു’ എത്രയെത്ര പ്രതിഭകളാണ്ആകാശവാണിയിലൂടെ പ്രശസ്തരായി മറ്റു മേഖകളിലും സ്വീകാര്യത നേടിയത്: പത്മരാജൻ, ഗായകൻ പി.വേണുഗോപാൽ. വീണവിദ്വാൻ അനന്തപത്മനാഭൻ. ആലിലകൾ കൈകൊട്ടി പാടിയിന്നും ആനന്ദഭൈരവി എന്ന ലളിതഗാനത്തിന്റെ ഗാനത്തിന്റെ സംഗീതംഅദ്ദേഹത്തിന്റേതാണ്.പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, എസ്.രമേശൻ നായർ തുടങ്ങി ഒട്ടനേകം പേര്‌ ആകാശവാണിയിലൂടെ പ്രശസ്തരായി.എം ജി രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിച്ച എത്രയെത്ര ഗാനങ്ങളാണ് ആകാശവാണിയിലൂടെ ശ്രോതാക്കളുടെ കർണ്ണങ്ങൾക്ക് ഉത്സവ വിരുന്ന് ഒരുക്കിയത് ‘.

കഥാപ്രസംഗത്തിന്റെ സുവർണ്ണകാലത്ത് ഉത്സവപ്പറമ്പുകളെ ആവേശം കൊള്ളിച്ചിരുന്ന സാംബശിവന്റെ ഡെസ്റ്റിമോണയും അയിഷയും മറ്റു പല കഥാപ്രസംഗങ്ങളും കേൾക്കാൻ അവസരമുണ്ടാക്കിയത് ആകാശവാണിയാണ്.

തിരുവനന്തപുരം നിലയത്തിൽ സതീഷ്ചന്ദ്രൻ TP രാധാമണി, എസ് രാമൻ കുട്ടി നായർ, TN ഗോപിനാഥൻനായർ ,വേണുക്കുട്ടൻ നായർ ജഗതി NK ആചാരി, നാഗവള്ളി ആർ എസ് കുറുപ്പ് ആറന്മുള പൊന്നമ്മ പി.ഗംഗാധരൻ നായർ, വീര രാഘവൻ നായർ എന്നിവർ അക്കാല പ്രശസ്ത നാടക കലാകാരൻമാർ ആയിരുന്നു. റേഡിയോനാടകോത്സവങ്ങൾക്കും തിരുവോണ നാളിൽ വരുന്ന ചലച്ചിത്ര ശബ്ദരേഖക്കും വേണ്ടി കാത്തിരുന്ന ആ നാളുകൾ പുതു തലമുറയോട് പറഞ്ഞാൽ മനസ്സിലാകുമോ! പഴയ കാല മിമിക്രി കലാകാരൻമാർ അന്നത്തെ കാലത്ത് റേഡിയോ പരിപാടികളെ അനുകരിച്ചാണ് പരിപാടികൾ അവതരിപ്പിച്ചിരുന്നത്.
നിങ്ങൾ കേട്ടത് കുടുംബ സംഗമം നാടകം: ഈ നാടകത്തിൽ പങ്കെടുത്തത് എസ്.രാമൻകുട്ടി നായർ, TN ഗോപിനാഥൻ നായർ, വേണുക്കുട്ടൻ നായർ .പി.ഗംഗാധരൻ നായർ തുടങ്ങി വേറെ മുപ്പതോളം നായൻമാരും എന്ന് കളിയാക്കിയായിരുന്നു അന്നത്തെ മിമിക്രി അവതരണങ്ങൾ.

ഞങ്ങളുടെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല.1987 ൽ ആണ് ലഭിച്ചത് അതിനു മുമ്പ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന മർഫി റേഡിയോ ആയിരുന്നു. രാത്രി പത്ത് മണിക്കുള്ള ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ ;ഉറങ്ങാൻ കിടക്കുമ്പോൾ റേഡിയോ തലയണക്കടുത്ത് ചെറിയ ശബ്ദത്തിൽ വക്കും’ പാട്ട് കേട്ട് ഉറങ്ങിപ്പോകും.രാവിലത്തെ പരിപാടികൾ കേട്ട് ഞെട്ടിയുണരും’ അപ്പോഴാണ് ഓഫ് ചെയ്യാതിരുന്ന കാര്യം മനസ്സിലാകുക. ബാറ്ററി ഒരാഴ്ച കൊണ്ട് തീരും. അച്ഛന്റെ ശകാരവും കിട്ടും.1988 ൽ TV വാങ്ങിയപ്പോൾ റേഡിയോയെ പതുക്കെ മറന്നു തുടങ്ങി. കൊച്ചിയിൽ നിന്നും മലയാളം സംപ്രേഷണവും ചിത്ര ഗീതവും സിനിമകളും തുടങ്ങിയപ്പോൾ റേഡിയോവിന് അയിത്തമായി തുടങ്ങി.വാർത്തകൾ കേൾക്കാൻ മാത്രം ആകാശവാണിയെ ചുരുക്കി. പിന്നീട് മുഴുവൻ സമയ ദൂരദർശൻ പരിപാടികളും സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ ഉപഗ്രഹസംപ്രേഷണം തുടങ്ങിയപ്പോഴും റേഡിയോ അനാവശ്യ വസ്തുവായി മാറി
.
FM കൊച്ചി 1992 ൽ വന്നപ്പോഴും അടുത്ത കാലത്ത് സ്വകാര്യFM വന്നതിനു ശേഷവും റേഡിയോ തിരിച്ചുവരവ് തുടങ്ങി പിന്നീട് FM സ്വകാര്യ നിലയങ്ങൾ വന്നപ്പോൾ ടൺ കണക്കിന് ഫണ്ണും കേൾക്കു കേൾക്കൂ കേട്ടുകൊണ്ടിരിക്കൂ ടൈറ്റിൽ വാചകവും വന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലൂടെയും റേഡിയോ പരിപാടികൾ ആസ്വദിക്കാം എന്ന ഒരു മേന്മ TV യേക്കാൾ മുൻപന്തിയിലായി.
കേരളത്തിൽ FM സ്വകാര്യ നിലയങ്ങൾ വന്നില്ലായിരുന്നെങ്കിൽ റേഡിയോ പരിപാടികളുടെ അന്ത്യം ആകുമായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് FM റേഡിയോ ജനഹൃദയങ്ങളിൽ കുടിയേറി’

1984 ന് മുമ്പ് റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമായിരുന്നു.രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമാണ് എന്നാണ് എന്റെ ഓർമ്മ ലൈസൻസ് എടുത്തുകളഞ്ഞത്. രണ്ടു ബാൻഡിനു മുകളിലുള്ള റേഡിയോവിനായിരുന്നു ലൈസൻസ് വേണ്ടിയിരുന്നത്.MW, S Wഎന്നിവ മാത്രമായിരുന്നെങ്കിൽ ലൈസൻസ് വേണ്ട’.SW 1, SW 2 എന്നിങ്ങനെയായാൽ ലൈസൻസ് വേണം: റേഡിയോ റിപ്പയറിംഗ്‌ കടകളിൽ ലൈസൻസില്ലാത്ത റേഡിയോ പരിശോധിക്കാൻ ഉദ്യോഗസ്ഥർവരുമായിരുന്നു .വീടുകളിൽ കയറി പരിശോധിക്കാറില്ല. പോസ്റ്റ് ഓഫീസിലാണ് വാർഷിക ലൈസൻസിനുള്ള തുക അടക്കാറ്. 1984 ൽ ലൈസൻസ് വേണ്ട എന്ന് തീരുമാനിച്ചപ്പോൾ വരുമാന നഷ്ടം നികത്താനാണ് ആകാശ വാണിയിൽ പരസ്യം തുടങ്ങിയത്. അതിനു മുമ്പ് വിവിധ് ഭാരതിയിൽ മാത്രമായിരുന്നു പരസ്യം. റേഡിയോ പരസ്വം തുടങ്ങിയ ഉടനെ തന്നെ ആരംഭിച്ച പരസ്യമാണ് വാഷിംഗ് പൗഡർ നിർമ്മയും.അക്ഷര ശ്ശോകത്തിന്റേയും തിരുവാതിരപ്പാട്ടിന്റേയും രീതിയിലുള്ള ഉജാല പരസ്യവും. തൃശൂർ നിലയം 476.2 മീറ്ററിൽ അതായത് 630 KHzൽ ആണ് പ്രക്ഷേപണം.

തൃശുർ കാർക്ക് ആലപ്പുഴ നിലയവും നല്ല ക്ലാരിറ്റി യിൽ ലഭിക്കും. തിരുവനന്തപുരം നിലയത്തിൽ രാത്രി 6.50 നു ള്ള യുവ വാണിയിൽ ജഗദീഷ് അവതരിപ്പിച്ചിരുന്ന ഇതളുകൾ എന്ന പരിപാടി കേൾക്കാറുണ്ട്. നല്ല കോമഡി സ്കിറ്റായിരുന്നു’ അന്നത്തെ ഹാസ്യ രചയിതാവ് അവതരിപ്പിച്ചിരുന്നത്.ജഗദീഷ് വർഷങ്ങൾക്ക് ശേഷം ഹാസ്യനടനായി മലയാള സിനിമയിൽ തിളങ്ങി.ടിവി അവതാരകനായും പ്രവർത്തിക്കുന്നു.പ്രസ്തുത സമയത്ത് ആലപ്പുഴ തൃശുർ നിലയങ്ങളിൽ വയലും വീടും ആയിരിക്കും. അത് കഴിഞ്ഞാൽ കമ്പോള മൊത്തവ്യാപാര വിലനിലവാര ബുള്ളറ്റിൻ ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സിലെ മാർക്കറ്റിങ്ങ് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയത് എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് വെളിച്ചെണ്ണ ക്വിന്റലിന് എന്ന് തുടങ്ങി അഞ്ചു മിനിറ്റ് വില നിലവാരം. അതിനേയും മിമിക്കുകൾ കോമഡി സ്കിറ്റ് ആക്കിയിരുന്നു. കോഴിമുട്ട തൊണ്ടില്ലാതെ ക്ഷമിക്കണം അടക്ക തൊണ്ടില്ലാതെ എന്നു പറഞ്ഞ് .കമ്പോള നിലവാരത്തിനു ശേഷം 7.25 ന് ഡൽഹിയിൽ നിന്നുള്ള വാർത്തകൾ: പിന്നീട് പ്രാദേശിക പരിപാടികൾ .ചില ഡോക്യുമെൻററികൾ റാണാ പ്രതാപിന്റെ ഡോക്യുമെന്ററകൾ ശ്രദ്ധേയങ്ങളായിരുന്നു’8.45 നും ഒമ്പതിനും ഹിന്ദി ഇംഗ്ലീഷ് വാർത്തകൾ .

അക്കാലത്ത് ഇംഗ്ലീഷ് ഹിന്ദി പരിജ്ഞാനമില്ലാത്തതിനാൽ അര മണിക്കൂർ റേഡിയോവിന് വിശ്രമം കൊടുക്കും..വീണ്ടും മലയാളം പരിപാടികൾ: രാത്രി പത്തിന് മിക്കവാറും ശാസ്ത്രീ യ സംഗീതം ആയിരിക്കും. ശനിയാഴ്ചകളിൽ കഥകളി പദങ്ങൾ.കോഴിക്കോട് നിലയത്തിലെ പരിപാടികളും അക്കാലത്ത് കേട്ടിരുന്നു. ഖാൻ കാവിലിന്റെ നാടകങ്ങളും കാസിം വാടാനപ്പള്ളി എന്ന പേര് കോഴിക്കോട് നിലയം വഴിയാണ് അറിയുന്നത്. കോഴിക്കോടു നിന്ന് ലക്ഷദ്വീ പുകാർക്ക് മഹൽ എന്ന പ്രാദേശിക ഭാഷയിൽ വാർത്തകൾ ഉണ്ടാകാറുണ്ട്.കോയമ്പത്തൂർ സ്റ്റേഷനും തൃശൂർ കാർക്ക് വ്യക്തമായി ലഭിച്ചിരുന്നു. തൃശ്ശിനാപ്പള്ളി നിലയത്തിലെ പരിപാടികൾ രാത്രിയിൽ ലഭിക്കും.ഷോർട്ട് വേവിൽ ( SW) ആണ് ശ്രീലങ്കൻ നിലയത്തിൽ നിന്ന് 3.30നുള്ള മലയാളം പരിപാടികൾ .’ചലച്ചിത്ര ഗാനങ്ങൾ എല്ലാം സന്ദേശഗാനങ്ങൾ ആയിരുന്നു. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് ബന്ധുക്കൾ അയയ്ക്കുന്ന സന്ദേശ ഗാനം .4.30 മുതൽ തമിഴ് പരിപാടികളിലേക്ക് മാറും ഇലങ്കൈ ഒളിപിറപ്പ് കൂട്ടു താപനം ആസ്യ സേവൈ എന്ന് പറഞ്ഞാണ് തമിഴ് പരിപാടികൾ ആരംഭിക്കുക. സൗന്ദർ രാജന്റേയും മറ്റും പാട്ടുകൾ കൂടുതലും ശ്രീലങ്കൻ നിലയം വഴിയാണ് കേട്ടിട്ടുള്ളത്.ചില സമയങ്ങളിൽ ശബ്ദം കുറഞ്ഞു വരും എന്ന ഒരു ന്യൂനത ശ്രീലങ്കയിൽ നിന്നുള്ള പ്രക്ഷേപണത്തിന് ഉണ്ടായിരുന്നു.

ഇന്ന് TV യും ആവശ്യമില്ല. Tvക്ക് പകരം കംപ്യൂട്ടറും കംപ്യൂട്ടർ ചെയ്തിരുന്നത് മൊബൈൽ ഫോണും എന്നായി മാറി. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ മൊബൈലിൽ തന്നെ സിനിമകളും വാർത്തകളും പാചക പരിപാടിയും ക്രിക്കറ്റ് കളിയും കാണാം. യുവാക്കളും കുട്ടികളും മൊബൈലിന്റേയും ടാബ് ലറ്റിന്റേയും അടിമകളായി മാറി. ഫെയ്സ് ബുക്കും, വാട്സ്ആപ്പും ടിക്ടോക്കും ജീവിതത്തിന്റെ ഭാഗമായി.സെൽഫി എന്നത് ഒരു സാധാരണ പ്രയോഗമായി. നമുക്കും സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങാം എന്ന നിലയിൽ എത്തി.

സാങ്കേതിക വിദ്യയുടെ പുരോഗതിയിൽ അടുത്ത ഘട്ടം എന്തായിരിക്കും എന്ന് പ്രവചിക്കുക അസാധ്യം. എത്രയൊക്കെ പുരോഗതിയിൽ എത്തിയാലും എൺപതുകളിലെ റേഡിയോ കാലത്തെ ഗൃഹാതുരതകൾ മനസ്സിന്റെ ഉള്ളറയിൽ മങ്ങാതെ കിടക്കുന്നുണ്ട്.

രാഗനാഥൻ വയക്കാട്ടിൽ

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. ഒരു കാലഘട്ടത്തിലെ പ്രമുഖ വിനോദഉപാധി ആയിരുന്നു റേഡിയോ. അന്ന് എല്ലാവരും റേഡിയോയിലെ ഓരോ പരിപാടികൾ കേൾക്കാനും സമയം കണ്ടെത്തിയിരുന്നു. റേഡിയോ പ്രക്ഷേപണത്തെക്കുറിച്ചു വളരെ അധികാരികമായി എഴുതിയ മികച്ച ലേഖനം. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: