സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് റിയലിസമെന്ന സാഹിത്യചിന്താധാരയുടെ ലക്ഷ്യം. യാഥാതഥ്യവാദമെന്ന നമുക്ക് റിയലിസത്തെ വിളിക്കാം. കുമാരനാശാനിൽ തുടങ്ങിയ നവ- കാല്പനിക പ്രസ്ഥാനം ചങ്ങമ്പുഴയിലൂടെ വളർന്ന് മലയാളകവിതയിൽ നവ്യമായ ഒരു സൗന്ദര്യാനുഭൂതി സൃഷ്ടിച്ചു. ചങ്ങമ്പുഴയെ പിന്തുടർന്ന പല കവികളും കാല്പനികതയുടെ ഭാവനാത്മകമായ ആകാശത്തിലൂടെ നിത്യസഞ്ചാരം ചെയ്തു. കാല്പനികത ലോലവികാരങ്ങളാൽ നിറഞ്ഞാടിയ കവിതാനഭസ്സിലേക്കാണ് റിയലിസത്തിന്റെ നേർക്കാഴ്ചകളുമായി ചില കവികൾ രംഗത്തു വരുന്നത്. അവരിൽ പ്രധാനികൾ വൈലോപ്പിള്ളി ,ഇടശ്ശേരി ,എൻ.വി.കൃഷ്ണവാരിയർ എന്നീ കവികളാണ്. തുടുത്ത വെള്ളാമ്പൽപ്പൊയ്കയല്ല ജീവിതത്തിന്റെ കടലാണ് ഞങ്ങൾക്ക് കവിതയ്ക്കുള്ള മഷിപ്പാത്രമെന്ന് വൈലോപ്പിളളി പാടി. റിയലിസത്തിലൂടെയാണ് കവിത മനുഷ്യന്റെ പച്ചയായ ജീവിതത്തിലേക്ക് കൂടുതൽ അടുത്തത്. നവീനമായ ഒരു സൗന്ദര്യതലമാണ് യാഥാതഥ്യവാദം മലയാളസാഹിത്യത്തിൽ സൃഷ്ടിച്ചത്. ക്ലാസിസിസത്തിന്റെയും കാല്പനികതയുടെയും സൗന്ദര്യഭാവങ്ങളെ അത് ധീരമായി ലംഘിച്ചു. ഒപ്പം ചില മൂല്യങ്ങളെ ഉടച്ചുവാർത്തു. ഭാവനാലോകത്തിനപ്പുറം സാമൂഹ്യയാഥാർത്ഥ്യങ്ങൾക്ക് കവിതയിൽ പ്രാധാന്യം വന്നു. അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ,സാധാരണക്കാരുടെ ജീവിതത്തിനുനേർക്കുപിടിച്ച കണ്ണാടിയെന്ന് റിയലിസത്തെ വിശേഷിപ്പിയ്ക്കാം.
ഫ്രോയ്ഡിന്റെ മനഃശാസ്ത്രതത്വങ്ങൾ , മാർക്സിന്റെ തൊഴിലാളിവർഗ്ഗദർശനം , ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ ചിന്താലോകത്ത് അത്ഭുതകരമായ മാറ്റമാണ് വരുത്തിയത്. പഴയ ചില വിശ്വാസങ്ങൾ തകർക്കപ്പെട്ടു.. ദൈവദത്തസിദ്ധാന്തം ചോദ്യംചെയ്യപ്പെട്ടു. കാലാകാലങ്ങളായി അടിസ്ഥാനവർഗ്ഗത്തെ ചൂഷണംചെയ്യാൻ വേണ്ടി ഉപരിവർഗ്ഗമുപയോഗിച്ചിരുന്ന സാമൂഹ്യനിയമങ്ങൾ ചോദ്യംചെയ്യപ്പെട്ടു. ഇത്തരമൊരു നേരിന്റെ ചുവടുപിടിച്ചാണ് ലോകസാഹിത്യത്തിൽ യാഥാതഥ്യവാദപ്രസ്ഥാനം വളർന്നത്. മലയാളസാഹിത്യത്തിലും ഇതിന്റെ അലയൊലികളുണ്ടായി. കവിത ഭാവനാത്മകമായ ലോകത്തുനിന്ന് സമൂഹമധ്യത്തിലേക്ക് ഇറങ്ങിത്തിരിച്ച കാലമാണ് റിയലിസത്തിന്റേത്.
മലയാളത്തിൽ “കരുത്തിന്റെ കവി ” “മനുഷ്യമഹത്വത്തിന്റെ കവി ” എന്നൊക്കെ വിശേഷിപ്പിയ്ക്കപ്പെട്ട ഇടശ്ശേരി ഗോവിന്ദൻനായരുടെ ” ബുദ്ധനും ഞാനും നരിയും ” എന്ന കവിത ചില പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിമറിക്കുന്നത് നമുക്ക് കാണാം. യാഥാതഥ്യവാദപ്രസ്ഥാനത്തിന്റെ പരുക്കൻ സൗന്ദര്യാംശങ്ങൾ ഈ കവിതയിൽനിന്ന് നമുക്ക് വായിച്ചെടുക്കാം.
അർദ്ധ – പട്ടിണിക്കാരനായ ഒരു മനുഷ്യൻ ജോലിയും കഴിഞ്ഞ് റേഷനരിയും വാങ്ങിച്ചുകൊണ്ട് സന്ധ്യ കഴിഞ്ഞപ്പോൾ കാടിന് അടുത്തുള്ള വഴിയിലൂടെ വീട്ടിലേക്കുപോകുന്നു. വിശന്നിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖവും ദുരിതപൂർണ്ണമായ ജീവിതയാഥാർത്ഥ്യങ്ങൾകണ്ട് പകച്ചു തലതല്ലിയിരിക്കുന്ന കുടുംബിനിയുടെ മുഖവുമാണ് അയാളുടെ മനസ്സുനിറയെ. പ്രക്ഷുബ്ധമായ അയാളുടെ മനോസഞ്ചാരത്തിലൂടെ കവിത വികാസം പ്രാപിക്കുന്നു.
” അരിയില്ല തിരിയില്ല ദുരിതമാണെന്നാലും
നരിതിന്നാൽ നന്നോ മനുഷ്യന്മാരേ ?
എന്നാണ് കവിത ആരംഭിയ്ക്കുന്നത്. സന്ധ്യ കഴിഞ്ഞ് ഇരുൾതിങ്ങുന്ന കാടിനുള്ളിൽ നരി പതുങ്ങിയിരുപ്പുണ്ടെന്ന് അയാൾക്കറിയാം. എങ്കിലും അയാൾക്ക് ഭീതിയൊന്നുമില്ല. ജീവിതസാഹചര്യങ്ങൾ അയാളുടെ പേടി മായ്ച്ചുകളഞ്ഞിരിക്കുന്നു.
” കഴൽനീങ്ങി കാട്ടിലേ, യ്ക്കന്തിയാണമ്പിളി –
ക്കലയുണ്ടേ മാനത്തിൻ ദ്രഷ്ട്രംപോലെ “
വരാനിരിക്കുന്ന ഏതോ ദുരന്തത്തെ സൂചിപ്പിച്ചുകൊണ്ട് അമ്പിളിക്കല ദ്രഷ്ട്രംപോലെ മിന്നിത്തിളങ്ങുന്നു. പോകുന്ന വഴിയോരത്ത് പുരാതനമായ ഒരു ബുദ്ധപ്രതിമയുണ്ട്. ആ നാടിന്റെ ബുദ്ധമതപാരമ്പര്യം ഓർമ്മിപ്പിച്ചുകൊണ്ട് നൂറ്റാണ്ടുകളായി അതവിടെ നിൽക്കുന്നു. നടന്നു ബുദ്ധപ്രതിമയുടെ അടുത്തെത്തിയപ്പോൾ ഇരുട്ടിൽമിന്നുന്ന നരിയുടെ ചുവന്ന കണ്ണുകൾ കണ്ടു. അയാൾ ഭയന്നില്ല .. ഉള്ളിൽ വിവശരായിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം കണ്ടു. ദുരിതത്തിൻ തൂമുഖത്തിനുനേരെ കഠിനശാപമെയ്യുന്ന ഭാര്യയുടെ മുഖംകണ്ടു.
നരി പതുക്കെനീങ്ങി അരുകിലെത്തിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ ദയനീയമുഖം ഓർമ്മിച്ചപ്പോൾ കരുണയുടെ മറ്റൊരു മുഖം തെളിഞ്ഞുവന്നു. അഹിംസാമൂർത്തിയായ ബുദ്ധന്റെ പ്രതിമ നരിയുടെ മുതുകിൽ തള്ളിയിട്ടു അതിനെ കൊന്നു. അങ്ങനെ കണ്ണീരുവറ്റിയ മുഖമുള്ള തന്റെ പിഞ്ചുകുഞ്ഞുങ്ങളോട് അയാൾ കരുണ കാട്ടുന്നു.
പാരമ്പര്യമായ സൗന്ദര്യസങ്കല്പങ്ങളും മൂല്യ ദർശനങ്ങളും ഇവിടെ തകർന്നടിയുന്നു. കാല്പനിക കവി ബുദ്ധതത്വങ്ങളുടെ പ്രകാശത്തെ ആവോളം കോരിനിറച്ചു പാടുമ്പോൾ മനുഷ്യനിലധിഷ്ഠിതമായ മൂല്യവിചാരമാണ് റിയലിസ്റ്റുകവിയ്ക്കുള്ളത്. അദ്ധ്വാനിച്ചു ജീവിതം കഴിച്ചുകൂട്ടുന്നവന് എതു തത്വത്തെക്കാളും വലുതാണ് വിശപ്പെന്ന മഹാസത്യം . ആ കരുണയാണ് ഇടശ്ശേരിയുടെ ബുദ്ധനും ഞാനും നരിയും എന്ന കവിതയിൽ നിറയുന്നത്.
വിനോദ്.വി.ദേവ്.✍