റിപ്പോർട്ട്:ഏബ്രഹാം തോമസ്, ഡാളസ്
ന്യൂയോര്‍ക്ക്: വിജയം പോലെ പിന്തുടരപ്പെടുന്ന മറ്റൊന്നില്ല. പരാജയം ഏറ്റുവാങ്ങി മുന്നോട്ടു പോവുക വിഷമകരമാണ്. പ്രത്യേകിച്ച് വിജയത്തിന് അടുത്തെത്തി സ്വയം കൃതാനര്‍ഥങ്ങള്‍ മൂലം ഉണ്ടായ പരാജയം. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയവും സെനറ്റിലെ ഭൂരിപക്ഷം നഷ്ടമായതും റിപ്പബ്ലിക്കനുകളെ അന്യോന്യം പഴിചാരാനും വിരല്‍ ചൂണ്ടാനും വീറുള്ളവരാക്കി.
പ്രധാനമായും മൂന്നു ഗ്രൂപ്പുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അധികാര വടംവലി നടത്തുന്നത്. നെവര്‍ ട്രംപേഴ്‌സ്. സം ടൈംസ് ട്രംപേഴ്‌സ്, ഓള്‍വേയ്‌സ് ട്രംപേഴ്‌സ്. ഇംപീച്ച്‌മെന്റ് വിചാരണയില്‍ ട്രമ്പിന് ലഭിച്ച വലിയ സെനറ്റ് പിന്തുണ ഓള്‍വേയ്‌സ് ട്രപേഴ്‌സിനാണ് മേല്‍ക്കോയ്മ എന്ന് തെളിയിച്ചു. മൂന്ന് ജിഒപി ;ഗ്രൂപ്പുകളും തമ്മിലുള്ള യുദ്ധം രൂക്ഷമാണെന്ന് ഇംപീച്ച്‌മെന്റ് വിചാരണയ്ക്കുശേഷം ജിഒപി നേതാവ് ട്രംപിനെതിരെ നടത്തിയ ക്രൂരമായ വിമര്‍ശനം സാക്ഷ്യം വഹിച്ചു. റിപ്പബ്ലിക്കനുകള്‍ അടുത്ത വര്‍ഷം സഭയിലും സെനറ്റിലും ഭൂരിപക്ഷം നേടുകയും 2024 ല്‍ പ്രസിഡന്‍സി ;തിരിച്ചുപിടിക്കുകയും ചെയ്യുമെന്ന് ഒരു വിഭാഗം കരുതുന്നു.
ട്രംപിന് മുന്‍പുള്ള ജിഒപി യുഗത്തില്‍ ചെറിയ ഗവണ്‍മെന്റ്, ധന സംബന്ധമായ ഉത്തരവാദിത്വം, വിദേശത്ത് കരുത്തുറ്റ അമേരിക്കന്‍ സാന്നിധ്യം എന്ന നിര്‍വചനമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ റിപ്പബ്ലിക്കനുകള്‍ തങ്ങളെ നിര്‍വചിക്കുന്നത് ഒരൊറ്റ വ്യക്തിയുമായുള്ള തങ്ങളുടെ ബന്ധത്തിലൂടെയാണ്. ട്രംപുമായുള്ള ബന്ധമാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. നെവര്‍ ട്രംപേഴ്‌സിലെ മിക്കവാറും അംഗങ്ങള്‍ 2016ല്‍ ട്രംപിനെ തള്ളിപ്പറഞ്ഞതാണ്. തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഇവര്‍ പ്രധാന നേതാക്കളാണ്, എന്നാല്‍ ദേശീയ തലത്തില്‍ ഇവര്‍ ആരുമല്ല ഇവരില്‍ ചിലര്‍ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരാണ്.
മെരിലാന്റിന്റെ ലാരിഹോഗന്‍, മാസച്യൂസറ്റ്‌സിന്റെ ചാര്‍ളി ബേക്കര്‍, പണ്ഡിറ്റുമാരായ ബില്‍ ക്രിസ്റ്റോള്‍, ജോണ്‍ മക്കെയിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ഷിമിറ്റ്. ഇവരുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്നത് 2012 ലെ റിപ്പബ്ലിക്കന്‍ നോമിനി മിറ്റ്‌റോംനിയാണ്. റോംനി അതുല്യനാണ്. ഒരു യാഥാസ്ഥിതിക സംസ്ഥാനത്തില്‍ നിന്നുള്ള യാഥാസ്ഥിതിക സെനറ്റര്‍. ട്രംപിന്റെ കാലം പതുക്കെ കഴിയുമെന്ന് ഒരു ചാനലില്‍ പറഞ്ഞ ഹോഗന്‍ പ്രസിഡന്റ് പദത്തിലേയ്ക്കു മത്സരിക്കുമെന്ന് പറഞ്ഞു.
2024 ഒരു നെവര്‍ ട്രംപേഴ്‌സിനും പ്രധാന റോളുണ്ടാവില്ല. പാര്‍ട്ടികള്‍ ദിശ മാറുന്നത് യാദൃശ്ചികമായല്ല, വളരെ പതുക്കെയാണ്. സം ടൈംസ് ട്രംപേഴ്‌സ് ട്രംപിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പാര്‍ട്ടിയുടെ ഇമേജ് ട്രംപില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നു. നിര്‍ണായകമാവുക എത്ര പ്രധാനപ്പെട്ട റിപ്പബ്ലിക്കനുകള്‍ അവരോടൊപ്പം ചേരും എന്ന ചോദ്യത്തിന് ഉത്തരമാണ്. വ്യത്യസ്തമായ ലക്ഷ്യങ്ങളുള്ള രണ്ട് നേതാക്കളാണ് സം ടൈംസ് ട്രംപേഴ്‌സിന്റെ തലപ്പത്ത് – മിച്ച് മക്കൊണലും മുന്‍ സൗത്ത് കാരലിന ഗവര്‍ണറും യുഎന്‍ അമ്പാസിഡറുമായ നിക്ക് ഹേലിയും. സെനറ്റ് ജിഒപി ലീഡര്‍ അവസാന ദിനങ്ങള്‍ വരെ ട്രംപിനെ പിന്തുണച്ചു. പിന്നീട് ജനുവരി 6 ലെ ആക്രമണത്തിന് ട്രംപ് പ്രായോഗികമായും ധാര്‍മ്മികമായും ഉത്തരവാദിയാണെന്ന് ആരോപിച്ചു. കെന്റക്കിയില്‍ നിന്നുള്ള ഈ സെനറ്റര്‍ ഭയക്കുന്നത് മുന്‍ പ്രസിഡന്റുമായി അടുത്ത ബന്ധമുള്ള പാര്‍ട്ടിക്ക് 2022 ലെ ജോര്‍ജിയ, ഒഹായോ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ തിരഞ്ഞെടുപ്പുകള്‍ വിജയിക്കുക വിഷമകരമായിരിക്കും.
ഹേലി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന സ്വഭാവക്കാരിയാണെന്ന് ചിലര്‍ ആരോപിക്കുന്നു.
2016 ല്‍ ആദ്യം ട്രംപിനെ എതിര്‍ത്തു. പിന്നീട് പിന്തുണച്ചു. ട്രംപ് ഭരണകൂടത്തില്‍ ചേരുകയും നേരത്തെ പിരിയുകയും ചെയ്തു. 2020 ല്‍ ട്രംപിനെ പിന്തുണയ്ക്കുകയും തിരഞ്ഞെടുപ്പിനുശേഷം തള്ളിപ്പറയുകയും ചെയ്തു. 2024ല്‍ ട്രംപ് ചിത്രത്തിലേ ഉണ്ടാവില്ല-ഹേലി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഹേലിയുടെ തന്ത്രം ഒരു സ്വതന്ത്രമായ മാര്‍ഗം തിരഞ്ഞെടുത്ത് 2024ല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുക എന്നതാണ്. ;2024 ല്‍ മൃദു സമീപനമുള്ള ട്രമ്പിസത്തെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പിന്താങ്ങുമെന്നാണ് കരുതുന്നത്. സൗത്ത് കാരലിനയില്‍ നിന്നുള്ള സെന. ലിന്‍ഡ് സെഗ്രഹാം സം ടൈംസ് ട്രംപര്‍ ആയിട്ടാണ് അറിയപ്പെടുന്നത്. ആദ്യം ഇനഫ് ഈസ് ഇനഫ് എന്ന് പറഞ്ഞ ഗ്രഹാം പിന്നീട് തിരുത്തി. ട്രംപിന്റെ മരുമകള്‍ ലാറ ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാവിയായി വിശേഷിപ്പിച്ച് അവര്‍ക്കുവേണ്ടി ഗ്രഹാം പ്രചരണം നടത്തുന്നു. എന്നാല്‍ ഗ്രഹാമിന് ടെക്‌സസിലെ ഓള്‍വേയ്‌സ് ട്രംപേഴ്‌സിനെ പോലെ വൈറ്റ് ഹൗസിലെത്താനുള്ള മോഹം ആദര്‍ശ സ്ഥിരതയില്ലായ്മ മൂലം നേടാന്‍ കഴിയില്ലെന്ന് ചിലര്‍ വിലയിരുത്തുന്നു.
ഓള്‍വേയ്‌സ് ട്രംപേഴ്‌സ് ആയ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസും ജോഷ് ഹൗളി (മിസ്സൗറി)യും വ്യത്യസ്തരായ വൈറ്റ് ഹൗസ് മോഹികളാണ്. 2024 ല്‍ ഒരു ട്രംപ് 2.0 ഉണ്ടാകുമെന്ന് ഇവര്‍ കരുതുന്നു. ഇതേ വിഭാഗത്തിലാണ് ടോം കോട്ടണും (അര്‍ക്കന്‍സ), മാര്‍ക്കോ റൂബിയോയും (ഫ്‌ലോറിഡ) ഇവര്‍ക്കെല്ലാം മുകളില്‍ സര്‍വാധിപതിയായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുണ്ട്. പലരോടും പകരം വീട്ടാന്‍ കാത്തിരിക്കുന്നു. 2020 ലെ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാന്‍ ശേഖരിച്ച വാര്‍ ചെസ്റ്റുമായി 2024 ലേയ്ക്കുള്ള പ്രൈമറികളില്‍ അലാസ്‌ക സെന. ലിസ മര്‍കോവിസ്‌കിയും ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പിനയും മറ്റുള്ളവരെയും നേരിടാന്‍ ട്രമ്പ് തയാറെടുപ്പിലാണ്. മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മുന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോവും ഒപ്പം ഉണ്ടാകും.