17.1 C
New York
Wednesday, July 28, 2021
Home Special രുചിഭേദങ്ങൾ ...

രുചിഭേദങ്ങൾ (ഇന്നലെ, ഇന്ന്, നാളെ)

സുബി വാസു, നിലമ്പൂർ✍

നമ്മൾ മലയാളികൾക്ക് തനതായ ഒരു ഭക്ഷണസംസ്കാരം ഉണ്ട്. എരിവും, പുളിയും, രുചിയും,സുഗന്ധവുമുള്ള നല്ല ഭക്ഷണങ്ങൾ നമ്മുടെ തീൻമേശയിൽ ഉണ്ടായിരുന്നു. സസ്യഹാരങ്ങൾ ഏറ്റവും കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്നു.പൊതുവേ ഭക്ഷണപ്രിയൻ ആണ് മലയാളികൾ.അത് ഏതു ഭക്ഷണം ആയിക്കോട്ടെ നമ്മൾ അതു തേടി കണ്ടുപിടിച്ചു ഉണ്ടാക്കാനും പ്രാഗത്ഭ്യം നേടും.

നമ്മുടെ തീൻമേശയിൽ ഒരുകാലത്ത് ആരോഗ്യപരമായ ഒരു ഭക്ഷണശീലം തന്നെ ഉണ്ടായിരുന്നു. മിക്കവാറും അരികൊണ്ടുള്ള ഭക്ഷണസാധനങ്ങളും, പച്ചക്കറികളും ഫലവർഗങ്ങളും കൂടുതൽ ഉൾപ്പെട്ടതുമായി ഒരു ഭക്ഷണസംസ്കാരമായിരുന്നു നമ്മുടേത്. പ്രതാലിനായി അരികൊണ്ടുള്ള എന്തെങ്കിലും പലഹാരങ്ങൾ നിർബന്ധമാണ്.ദോശ,ഇഡലി, നൂലപ്പം, പുട്ട്, അപ്പം തുടങ്ങി വിവിധ പലഹാരങ്ങൾ.മിക്കതും എണ്ണയോ, ഓയിലോ ചേർക്കാതെ ആവിയിൽ വേവിച്ചത്.അതിലേക്കു കടലയോ, പയറോ, തേങ്ങ ചമ്മന്തിയോ, തേങ്ങപാലോ ഉണ്ടാവും.

നല്ല കുത്തരിയുടെ ചോറും അതിലേക്ക് കാളനും,അവിലും,സാമ്പാറും തോരനും കടുമാങ്ങാ അച്ചാറും ഉണ്ടെങ്കിൽ ഉച്ചയൂണും ഗഭീരമാകും. തൊടിയിൽ നിന്നും കിട്ടുന്ന പപ്പായ, ചീര, മുരിങ്ങ, ചക്ക മാങ്ങ, ചേന, ചേമ്പ് എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.

നാലുമണിക്ക് സ്കൂൾ വിട്ടുവരുമ്പോഴേക്കും അമ്മയുണ്ടാക്കി വക്കുന്ന ഇലയട, ഉണ്ണിയപ്പവും, കിണ്ണത്തപ്പവുമൊക്കെ ഇന്നത്തെ കുട്ടികൾക്ക് പഴം കഥയാകും. ചിലപ്പോൾ വീട്ടിലൊന്നുമില്ലെങ്കിൽ ചെറിയ ചൂടുള്ള കഞ്ഞിയിൽ നാളികേരം ചിരവി ഇട്ടു തരും ഇളം ചൂടെടെ കഴിക്കാൻ നല്ല രസമായിരുന്നു. ഇപ്പോ അതിനു പകരം നൂഡിൽസ്,പപ്സ്, ബർഗർ, സാൻവിച്ചു തുടങ്ങിയവ സ്ഥാനം പിടിച്ചു.

എളുപ്പത്തിൽ ദഹിക്കാൻ പറ്റുന്ന ഭക്ഷണസാധനങ്ങളാണ് കൂടുതലായും നമ്മൾ ഉപയോഗിച്ചിരുന്നത്.അതുപോലെതന്നെ അധ്വാനശീലരായ ആളുകൾ ആയതുകൊണ്ടുതന്നെ ജീവിതശൈലിരോഗങ്ങളെല്ലാം പടിക്കു പുറത്തു നിർത്തിയിരുന്നു.
നമ്മുടെ വ്യായാമം നമ്മുടെ കൃഷിപ്പണിയിൽ ആയിരുന്നു.രാവിലെ പാടത്തു പോവുകയും അധ്വാനിച്ച് വിയർത്തു കയറിവന്നു വിളവെടുത്ത പച്ചക്കറികൾ തന്നെ ഭക്ഷണം ആക്കുകയും ചെയ്തിരുന്ന വലിയൊരു സമൂഹമുണ്ടായിരുന്നു.അതുകൊണ്ടുതന്നെ വലിയ രോഗങ്ങളുമില്ലാത്ത തലമുറയായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ഋതുഭേദങ്ങൾ വന്നപ്പോൾ നമ്മളും ഒരുപാട് മാറി. വിദ്യാസമ്പന്നതയും, മികച്ച ആരോഗ്യവും, വിഷമില്ലാത്ത ഭക്ഷണവും, നല്ല കാലാവസ്ഥയും മെല്ലാം മുഖമുദ്രയായ കേരളം ലോകത്തിന് മുന്നിൽ മികച്ച മാതൃകയായി ഉയർന്നുനിന്നു.

പക്ഷേ ഉപഭോഗ സംസ്കാരത്തിന്റെ ചുവടുപിടിച്ച് മലയാളികൾ അതിന്റെ ചുവട്ടിലേക്കു മാറിയപ്പോൾ നമ്മുടെ കുടുമ്പങ്ങളിലും, ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.മാറ്റങ്ങൾ അത് ഏതു മേഖലയിൽ ആണെങ്കിലും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ ഭക്ഷണരീതിയിൽ ആണ് ഈ മാറ്റം ഏറ്റവും കൂടുതൽ പ്രകടമാണ്. ഭക്ഷണക്രമത്തിലെ ഈ മാറ്റം ഏത് രീതിയിലാണെന്നറിയാൻ ലാബുകളുടെ എണ്ണം നോക്കിയാൽ മതി, അവിടെ സ്ഥിരമായി വരുന്ന രോഗികളുടെ ക്യൂ നോക്കിയാൽ മതി.ആരോഗ്യ രംഗത്തുണ്ടായ വളർച്ച പോലെ തന്നെ ജീവിതശൈലി രോഗത്തിലും നമ്മൾ മലയാളികൾ ഉയർച്ച നേടി.ആഴ്ചകൾ തോറും ജീവിതശൈലീരോഗ ക്ലിനിക്കുകൾ നടത്തുന്നു.രക്തസമ്മർദ്ദം ഹൃദ്രോഗം പ്രമേഹം ഈ രോഗങ്ങളില്ലാത്ത മലയാളി വിരളമാണെന്നു പറയാം അതുപോലെതന്നെ അമിതവണ്ണവും കുടവയറും മലയാളികളുടെ മുഖമുദ്രയായി മാറിയിട്ടുണ്ട്.നമ്മുടെ ഉപഭോഗസംസ്കാരം മാറി വന്നപ്പോൾ ഭക്ഷണക്രമത്തിലും രുചിയിലും വളരെയേറെ മാറ്റങ്ങൾ സംഭവിച്ചു വിദേശീയരെ അന്ധമായി അനുകരിക്കുകയാണ് നാം ചെയ്യുന്നത് വിദേശീയർ തിരസ്കരിച്ച ഭക്ഷണവിഭവങ്ങൾ പോലും ഏറെ പ്രിയത്തോടെ നമ്മൾ സ്വീകരിച്ചു.

നമ്മുടെ ഭക്ഷണ മേശകളിൽ നിന്ന് എത്ര പെട്ടെന്നാണ് നമ്മുടെ പരമ്പരാഗത രുചികൾ ഒഴിഞ്ഞു പോയത്. അതിനു ഒരുപാട് കാരണങ്ങളുണ്ടാകാം. വിദേശ സംസ്കാരത്തിൻറെ അതിപ്രസരണം, അണുകുടുംമ്പങ്ങളിലേക്കുള്ള മാറ്റം, ജീവിതത്തിരക്കുകൾ അങ്ങനെ ഒരുപാട് ഉണ്ട്.
കൂട്ടുകുടുംമ്പവ്യവസ്ഥ ആകുമ്പോൾ അവിടെ ഒരുപാട് ആളുകൾ ഉണ്ടാകും. ഭക്ഷണം ഉണ്ടാക്കുന്നതും, കഴിക്കുന്നതും ഒന്നിച്ചാവും. ജോലിയുള്ളവർ ഉണ്ടെങ്കിലും ഒന്നിച്ചു ചെയ്യുമ്പോൾ അതിന്റെ ഭാരവും, സമയവും ലാഭം. പക്ഷേ അണുകുടുമ്പങ്ങൾ ആവുമ്പോൾ,ഭാര്യയും ഭർത്താവും ജോലി ഉള്ളവരാകുമ്പോൾ അവർക്ക് പെട്ടെന്ന് ഉണ്ടാക്കാനും, കഴിക്കാനും പറ്റുന്നതുമായ ഭക്ഷണക്രമമാണ് പിന്തുടരുക.
അങ്ങനെ ഒരുപാട് കാരണങ്ങൾ ഇതിനുപിന്നിൽ ഉണ്ടെങ്കിലും ഈ ഇത്തരം ഭക്ഷണശീലങ്ങൾ നമുക്ക് സമ്മാനിച്ചത് ജീവിത ശൈലിരോഗാവസ്ഥയാണ്.

നമ്മുടെ നാടുകളിലെ അങ്ങാടികളിൽ കൂടി വെറുതെയൊന്നു നടന്നാൽ കാണാം മനോഹരമായ ഭക്ഷണ വിഭവങ്ങളുടെ ഫ്ളക്സ്സ് വച്ചുകൊണ്ട് തിളങ്ങി നിൽക്കുന്ന ഹോട്ടലുകൾ,ബേക്കറികൾ, തട്ടുകടകൾ, ഫാസ്റ്റ് ഫുടുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ.അവിടെ എണ്ണയിൽ വറുത്തതും പൊരിച്ചതും ആയിട്ടുള്ള മാംസാഹാരങ്ങളാണ് കൂടുതലും.നാലുമണിക്ക് അങ്ങാടിയിൽ കൂടി നടക്കുമ്പോൾ കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് നമുക്ക് അനുഭവപ്പെടുക.അവയുടെ മുന്നിലെ കണ്ണാടി കൂടുകളിൽ ഇത്തരത്തിലുള്ള മാംസവിഭവങ്ങൾ വറത്തും, പൊരിച്ചും, കരിച്ചും വച്ചിരിക്കുന്നത് കാണാം. കമ്പികൂട്ടിൽ ഇലക്ട്രിക് ചൂടിൽ കറങ്ങുന്ന മാംസം, കമ്പിയിൽ കുത്തി നിർത്തിയിരിക്കുന്ന കോഴി അങ്ങനെ എത്രയോ തരത്തിലുള്ള മാംസം.വെറുതെ ഒരു കൗതുകത്തിന്റെ പുറത്ത് അതിൻറെ മെനുവിലേക്ക് നോക്കിയാൽ നമ്മൾ അറിയാത്ത,നമ്മൾ കേട്ടിട്ടില്ലാത്തപേരുകൾ ആണ്. കുഴിമന്തി, അൽഫാം,ചിക്കൻ റോൾ,ചിക്കൻ ഷവർമ, ബർഗർ, അങ്ങനെ പോകുന്ന നീണ്ടനിര.അറേബ്യൻ വിഭങ്ങളാണ് ഇന്ന് മലപ്പുറത്ത്‌ സുലഭമായി കിട്ടുന്നത്.
കാരണം നമ്മുടെ മിക്ക ആളുകളും സൗദി അറേബ്യയിലും, മറ്റു ഗൾഫ് രാജ്യങ്ങളിളുമായി ജോലിചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കണം.
അറേബ്യൻ വിഭവങ്ങൾ മാത്രമല്ല താരങ്ങൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളും, ചൈനീസ്, ഫ്രഞ്ച് വിഭവങ്ങളും അക്കൂട്ടത്തിലുണ്ട്.
അവയുടെയൊക്കെ നിറവും മണവും ഭക്ഷണ പ്രേമികളെ കൂടുതലായിട്ട് ആകർഷിക്കുക്കയും ചെയ്യുന്നു.

ഇതിൻറെ അതിപ്രസരം എത്രത്തോളമാണെന്ന് മനസിലാക്കാൻ ഞാറാഴ്ച്ചയോ, മറ്റു വിശേഷങ്ങൾ ഉണ്ടാവുമ്പോഴോ ആ ഹോട്ടലിനു മുന്നിൽ കാത്തുനിൽക്കുന്ന ആളുകളുടെയും, പാർക്ക് ചെയ്‌തിരിക്കുന്ന വണ്ടികളുടെയും എണ്ണമെടുത്താൽ മതി.പലരും കുടുംമ്പവുമായി വന്നു ഭക്ഷണം കഴിച്ചു പോകുന്നതു കാണാം.

പണ്ടൊക്കെ അച്ഛൻ പണികഴിഞ്ഞു വരുമ്പോൾ കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുവരുന്ന പരിപ്പുവടയും, പഴംപൊരിയും കാത്തിരിക്കുമായിരുന്നു. ഇന്ന് എന്റെ മക്കൾ ഫോണെടുത്തു ഓർഡർ കൊടുക്കുന്നു പിസയും, kfc യുമൊക്കെ മിനുട്ടുകൾ കൊണ്ട് അവരുടെ മുന്നിലെത്തുന്നു.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കേണ്ടതാണു.ശരിയാണ് നമുക്ക് രോഗംവരാതെ നോക്കണമെങ്കിൽ അതിനനുസരിച്ചുള്ള ഒരു ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്.നമ്മുടെ ഇന്നത്തെ ഫാസ്റ്റ് ഫുഡുകളും,റെഡിമേഡ് പാക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണങ്ങളിലും നിറത്തിനും മണത്തിനും ഉപയോഗിക്കുന്ന രുചിക്കൂട്ടുകൾ നമ്മുടെ ശരീരത്തിന് എത്രയോ ഹാനികരമാണ്. വിഷമാണ് നമ്മൾ കഴിക്കുന്നത്. ഭക്ഷണമെന്നത് ആരോഗ്യത്തിനും, ജീവൻ നിലനിർത്താനും വേണ്ട അടിസ്ഥാന ഘടകമാണ് അതുകൊണ്ട് തന്നെ പോക്ഷകങ്ങൾ അടങ്ങിയ തന്നതായ ഒരു ആഹാര ശീലം വളർത്തിയെടുക്കണം. ഈ തെറ്റായ ജീവിതശൈലി നമുക്ക് സമ്മാനിച്ച ഈ രോഗങ്ങളെ ചെറുത്തു നിൽക്കണമെങ്കിൽ നമ്മുടെ ഭക്ഷണക്രമം ക്രമീകരിച്ച് നല്ല വ്യായാമവും,ആരോഗ്യപരവുമായ ഒരു ഭക്ഷണക്രമം നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്.

പോഷകാഹാരക്കുറവു നമ്മളിൽ ഉണ്ടാക്കുന്നത് വെറും പട്ടിണി കൊണ്ട് മാത്രമല്ല. നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറികളുടെയും ഫലവർഗങ്ങളുംഅപര്യാപ്തതകൊണ്ടും ഇങ്ങനെ വരാം.നമ്മുടെ ഇഷ്ടഭക്ഷണങ്ങളായ ബർഗറും, പിസയും, ചിക്കനുമൊക്കെ തരുന്നതിനെക്കാൾ എത്രയോ മടങ്ങു നമ്മുടെ സസ്യാഹാരങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നു. മാംസാഹാരങ്ങളോട് പ്രിയം കൂടിവരികയാണ് ഇന്നത്തെ തലമുറയ്ക്ക് അതുകൊണ്ടുതന്നെ അത്തരം ഫാസ്റ്റ് ഫുഡുകളും ഭക്ഷണക്രമവും ഒഴിവാക്കിക്കൊണ്ട് നമ്മുടെ നമ്മുടെ മക്കൾക്ക് നമ്മുടെ തനത് വിഭവങ്ങൾ പരിചയപ്പെടുത്തി കൊടുത്തുകൊണ്ട്, കഴിപ്പിച്ചുകൊണ്ട് പരമ്പരാഗത ഭക്ഷണ ശീലം കൊണ്ടുവരാൻ ശ്രമിക്കുന്നതാണു ആരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ നാം ചെയ്യേണ്ടത്.

സുബി വാസു, നിലമ്പൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...
WP2Social Auto Publish Powered By : XYZScripts.com