മഴക്കാലം
രാജസ്ഥാന്റെ രൂപം തന്നെ മാറ്റി മറിക്കുന്ന സമയമാണ്. മഴ പെയ്തു കഴിഞ്ഞാൽ വരണ്ടു ഉണങ്ങിയ ആരവല്ലി പർവ്വതപ്രദേശങ്ങൾ പച്ചനിറമാകും. ആരവല്ലി പര്‍വ്വതനിരകളും കോട്ടകളും തടാകങ്ങളും ഗ്രാമവും മറ്റേതൊരു കാലത്തേക്കാളും മനോഹരമാക്കുന്നു. ചെറുമഴ നനഞ്ഞുള്ള കാല്‍നടയാത്ര അതും ഏകദേശം കാല്‍മുട്ടൊപ്പം വെള്ളമുള്ള റോഡില്‍ കൂടിയുള്ള യാത്ര, ചെളിവെള്ളം തെറിപ്പിച്ചുള്ള ആ പഴയകാല സ്കൂള്‍ യാത്രയാണ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. നിനച്ചിരിക്കാതെ വന്ന മഴയായതു കൊണ്ടാകാം വഴിവക്കിലെ കടയിലെ കുട്ടി അവന്‍റെ കച്ചവടത്തിന്‍റെ കൂടെ ‘കുട വാടകയക്ക് കൊടുക്കാന്‍’ തയ്യാറായിട്ടാണ് അവൻ ഇരിക്കുന്നത്. ആകെ 2- 3 കുടകളെയുള്ളൂ. മഴയായതു കൊണ്ട് സ്കൂളില്‍ പോയില്ല പകരം കട തുറക്കാന്‍ വന്നതാണ്, അവന്‍. അവനുമായുള്ള വര്‍ത്തമാനത്തില്‍ നിന്നാണ് മുട്ടൊപ്പമുള്ള വെള്ളത്തിന്റെ ഉറവിടം മനസ്സിലായത്. അവന്റെ ഭാഷയിൽ പറഞ്ഞാൽ അതെല്ലാം ‘ലാട്രിന്‍ വെള്ളം നിറഞ്ഞൊഴുകുന്നതാണ്.അതോടെ ആര്‍ക്കുംമുന്നോട്ട് പോകേണ്ട.അജ്മീറിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ പുഷ്ക്കര്‍-യാണ് സ്ഥലം.

പുഷ്ക്കര്‍,
നവംബറിൽ നടക്കുന്ന ക്യാമെൽ ഫെസ്റ്റിവലാണ് സഞ്ചാരികളെ ആകർഷിക്കുന്നതെങ്കിലും വ്യത്യസ്തമായ ക്ഷേത്രങ്ങളും അതിൻ്റെ നിർമ്മിതികളും താല്പര്യമുണർത്തുന്നവയാണ്. ഇന്ത്യയിലെ ഏതാനും ബ്രഹ്മക്ഷേത്രങ്ങളിൽ ഒന്നാണ് പുഷ്കറിലുള്ളത്. പഴമ തോന്നിപ്പിക്കുന്ന ഭാവമാണ് ഈ നഗരത്തിനുള്ളത്.
അജ്മീറിൽ നിന്ന് ഏകദേശം 14 കി.മീ ദൂരെയാണ് ഈ സ്ഥലം ബ്രഹ്മാവ് താമരപ്പൂവ് കൊണ്ട് പൗർണ്ണമി ദിനത്തിൽ വജ്രനാഥ് എന്ന രാക്ഷസനെ വധിക്കുകയും ആ സമയം 3 ഇതളുകൾ വള്ളത്തിൽ വീണതായും, ആ പൂവിതളുകളിൽ ഒന്ന് പുഷ്‌ക്കറിൽ വീണതിൻറെ ഫലമായി ഉണ്ടായതാണ് ഈ തടാകം എന്നാണ് ഐതീഹ്യം. കാർത്തിക
പൂർണ്ണമി ദിവസത്തിൽ ലക്ഷക്കണക്കിനാളുകൾ മോക്ഷപ്രാപ്തിക്കായി തടാകത്തിൽ മുങ്ങി നിവരുന്നു.
തടാകത്തിനെ അഭിമുഖീകരിച്ച് കെട്ടി പൊക്കിയ ഭക്ഷണശാലയിലിരുന്ന് തടാകത്തിലേക്ക് വീഴുന്ന മഴത്തുള്ളികളേയും നോക്കി എത്ര സമയം വേണമെങ്കിലും നമുക്ക് ചെലവഴിക്കാം. അവിടത്തെ മറ്റ് വിരുന്നുകാരിൽ അധികവും വിദേശികളായിരുന്നു. അതുകൊണ്ടായിരിക്കാം അവിടത്തെ ഭക്ഷണങ്ങളുടെ മെനുവിലും എല്ലാം വിദേശ ഭക്ഷണങ്ങളുടെ നീണ്ടനിര. അവിടെ വരുന്നവരോട് ചോദിച്ചും പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളവയാണതൊക്കെ. ഞങ്ങളുടെ കൂടെയുള്ളത് വിദേശിയാണെന്നറിഞ്ഞപ്പോൾ പാചകത്തിലെ സംശയങ്ങളും സാംബിൾ പരീക്ഷിക്കലുമായി ഉടമസ്ഥൻ ഞങ്ങളോടപ്പം കുറെ നേരം ചെലവഴിച്ചു. അദ്ദേഹത്തിന്‍റെ പാചകത്തിലെ അറിവും താൽപര്യം കാണുമ്പോൾ – ചിലർ നമ്മളെ എങ്ങനെയാണ് അതിശയപ്പിക്കുക എന്ന് പറയാൻ സാധിക്കില്ല.
രാജസ്ഥാനിലെ ഹിപ്പി ഡെസ്റ്റിനേഷൻ’ എന്നറിയപ്പെടുന്ന സ്ഥലമാണ് പുഷ്ക്കർ . സുലഭമായി ലഭിക്കുന്ന കഞ്ചാവും ഓപ്പീയവുമാണ് അതിനു കാരണമെന്ന് പിന്നാമ്പുറ സംസാരം.200 രൂപ മുതൽ താമസിക്കാനുള്ള റൂമുകൾ ലഭിക്കുന്നതാണ്.
ഉച്ചകഴിഞ്ഞതോടെ മഴ മാറി റോഡിലെ വെള്ളവും താഴ്ന്നു. അപ്പോഴേക്കും ക്ഷേത്രവും അടച്ചു. എന്നാൽ പാതക്ക് ഇരുവശവും തെരുവുകളില്‍ ബഹുവര്‍ണകാഴ്ചകളാണ്. കണ്ണാടിക്കഷ്ണങ്ങൾ പിടിപ്പിച്ചിട്ടുള്ള ബാഗുകളും തുകലിന്റെ ചെരുപ്പുകളും പല നിറത്തിലുള്ള വളകളും ……..മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതു പോലെയാണ് എനിക്ക് അവയൊക്കെ. എന്നാൽ കൂടെയുള്ള വിദേശിക്ക്, ‘ഷോപ്പിംഗ് തലക്ക് പിടിച്ചതു പോലെയായിട്ടുണ്ട്.ഏറ്റവും തിളക്കവും പളക്കവുമുള്ള സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നുണ്ട്.അദ്ദേഹത്തിന് ‘India is a colourful country ‘ ആണ്. ഇന്ത്യയെ മറ്റൊരാളിലൂടെ കണ്ടറിയുന്നതും രസകരം.

Beautiful! 👌