17.1 C
New York
Monday, June 27, 2022
Home Kerala യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പാ വിടവാങ്ങി

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പാ വിടവാങ്ങി

ന്യൂയോർക്ക്: ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും, അമേരിക്കയിലെ പ്രഥമ കോർ എപ്പിസ്കോപ്പയും മലയാളികളുടെ പ്രിയങ്കരനുമായിരുന്ന ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ (85 ) ന്യൂയോർക്കിലെ ഹണ്ടിംഗ്ടൺ ഹോസ്പിറ്റലിൽവച്ച് കർതൃസന്നിധിയിലേക്ക് എടുക്കപ്പെട്ടു.

50 വർഷങ്ങൾക്ക് മുൻപ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് അമേരിക്കയിൽ ആദ്യമായി ഇടവകകൾ രൂപീകരിക്കുവാൻ നിയമിതനായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ പൗരോഹിത്യ പാരമ്പര്യമുള്ള പുരാതന പ്രസിദ്ധമായ ശങ്കരത്തിൽ കുടുംബത്തിൽ കുഞ്ഞുമ്മൻ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനായി 1936 മാർച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ ജനിച്ചു.

പുത്തൻകാവിൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടുകൂടി 12-ാം വയസ്സിൽ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ 1953 ഓഗസ്റ്റ് 29-ന് 17-ാം വയസ്സിൽ ശെമ്മാശുപട്ടം (കോറൂയോ) നൽകി. 1957 ഡിസംബർ എട്ടിന് ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയിൽനിന്ന് യവ്പ്പദിയക്നോ പട്ടവും, 1970 ഓഗസ്റ്റ് 16-ന് യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തായിൽനിന്ന് പൂർണ്ണ ശെമ്മാശ്ശുപട്ടവും സ്വീകരിച്ചു. അഭിവന്ദ്യ ഔഗേൻ മെത്രാപ്പോലീത്തായുടെകൂടെ താമസിച്ച് സുറിയാനി പഠനവും വേദശാസ്ത്ര പഠനവും ആരംഭിച്ചു.
1970 ഓഗസ്റ്റ് 21-ന് തൂമ്പമൺ ഭദ്രാസനത്തിന്റെ ദാനിയേൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്താ വൈദികപട്ടം നൽകി.പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും , പ. ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെയും ; പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെയും കൂടെ താമസിച്ച് വേദശാസ്ത്രത്തിലും ആരാധനാക്രമത്തിലും വിദഗ്ധ പരിശീലനം നേടി . 1980 ഏപ്രിൽ 26-ന് മാർത്തോമ്മാ മാത്യുസ് പ്രഥമൻ കാതോലിക്കാബാവാ 44-ാം വയസ്സിൽ അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ കോർ എപ്പിസ്‌ക്കോപ്പയായി സ്ഥാനാഭിഷേകം ചെയ്തു.

ഓർത്തഡോക്സ് സഭയിലെ പ്രമുഖ സുവിശേഷപ്രസംഗകരിൽ ഒരാളും വേദശാസ്ത്രപണ്ഡിതനും ധ്യാനഗുരുവും മികച്ച സംഘാടകനുമായിരുന്നു വന്ദ്യ കോർ എപ്പിസ്‌കോപ്പ. വേദശാസ്ത്രത്തിൽ ഉപരിപഠനത്തിനായി (S.T.M.) ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്ന് എക്യുമെനിക്കൽ സ്കോളർഷിപ്പ് ലഭിച്ച് 1970 സെപ്റ്റംബർ 12-ന് അമേരിക്കയിൽ എത്തി. പഠനം പൂർത്തിയാക്കിയതിനെത്തുടർന്ന് കിഴക്കിൻ്റെ കാതോലിക്കാ പ. ബസ്സേലിയോസ് ഔഗേൻ ബാവാ അമേരിക്കയിൽ മലങ്കരസഭയുടെ ഇടവകകൾ സ്ഥാപിക്കുവാൻ 1971 ഓഗസ്റ്റ് 2-ന് നിയമിച്ച് കല്പന നൽകി. തുടർന്ന് അതേ വർഷം ഡിസംബറിൽ അമേരിക്കയിലെ മലങ്കരസഭയുടെ പ്രഥമ ഔദ്യോഗിക ഇടവകയായ ന്യൂയോർക്ക് സെൻറ് തോമസ് ഇടവക രൂപീകരിക്കുകയും ബാഹ്യകേരള ഭദ്രാസനത്തിൽ ഉൾപ്പെടുത്തുകയും ആ ഇടവകയുടെ വികാരിയായി 1977 വരെ തുടരുകയും ചെയ്തു.

സെൻറ് തോമസ് ചർച്ച് ന്യൂയോർക്ക്, സെൻറ് ഗ്രിഗോറിയോസ് ചർച്ച് എൽ മോണ്ട്, സെൻറ് തോമസ് ചർച്ച് ഡിട്രോയിറ്റ് , സെൻറ് തോമസ് ചർച്ച് വാഷിംഗ്ടൺ ഡി. സി., സെൻറ് ജോർജ് ചർച്ച് സ്റ്റാറ്റൻ ഐലൻഡ്, സെൻറ് തോമസ് ചർച്ച് ഫിലാഡൽഫിയ, സെൻറ് തോമസ് ചർച്ച് ലോംഗ് ഐലൻഡ്, ന്യൂയോർക്ക് മുതലായ ഇടവകകളുടെ സ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായകമായ പങ്കു വഹിച്ചു. 1986 മുതൽ ലോംഗ് ഐലൻഡ് സെൻറ് തോമസ് ഇടവകയുടെ വികാരിയായി മരണം വരെയും തുടർന്നു. ഇദ്ദേഹം അമേരിക്കയിൽ രൂപീകരിച്ച ഏഴു പള്ളികളും ഇന്ന് ഭദ്രാസനത്തിൽ മികവോടെ നിലകൊള്ളുന്നു.

ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പോലീത്താ ഇദ്ദേഹത്തിന്റെ സഹോദര പുത്രനാണ്. ശങ്കരത്തിൽ മാത്യൂസ് കോർ എപ്പിസ്കോപ്പാ യുടെ സഹോദരപുത്രനായ ഇദ്ദേഹം ശങ്കരത്തിൽ കുടുംബത്തിൽനിന്നുള്ള രണ്ടാമത്തെ കോർ എപ്പിസ്കോപ്പായാണ്. പരേതരായ ജോർജ്ജ്, വർഗ്ഗീസ്, ഏബ്രഹാം എന്നീ മൂന്ന് സഹോദരന്മാരാണ് ഇദ്ദേഹത്തിനുള്ളത്.

കടമ്പനാട് താഴേതിൽ മുണ്ടപ്പള്ളിൽ റിട്ട. ഹെഡ്മാസ്റ്റർ റ്റി. ജി. തോമസിൻ്റെ പുത്രി സുപ്രസിദ്ധ കവയിത്രി ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ ലാണ് ( റിട്ട. എഞ്ചിനീയർ , നാസാ കൗണ്ടി D.P.W ) സഹധർമ്മിണി. രണ്ടു പുത്രന്മാർ മാത്യു യോഹന്നാൻ – ഇൻവെസ്റ്റ്മെന്റ് ബാങ്കർ. തോമസ് യോഹന്നാൻ -അറ്റോർണി.. ലൂണാ ജയാ യോഹന്നാൻ കൊച്ചുമകൾ.

വന്ദ്യ കോർ എപ്പിസ്‌ക്കോപ്പായുടെ ഭൗതിക ശരീരം ലോംഗ് ഐലൻഡ് സെൻറ് തോമസ് ചർച്ചിലെ പൊതുദർശനത്തിനു ശേഷം കബറടക്കുന്നതാണ് .

പൊതുദർശനത്തിന്റെയും, സംസ്കാര ചടങ്ങുകളുടെയും തീയ്യതിയും മറ്റു കൂടുതൽ വിവരങ്ങളും പുറകാലെ അറിയിക്കുന്നതാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: