എന്റെ ഗുരു സ്ഥാനീയനും പിതൃസ്ഥാനീയനുമായ വന്ദ്യ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വിയോഗ വാർത്ത നനവാർന്ന കണ്ണുകളോടെ മാത്രമേ കേൾക്കുവാൻ കഴിഞ്ഞുള്ളൂ . ഞാൻ കണ്ടിട്ടുള്ള വൈദീകരിൽ അനുകരണീയമായ ഒരു ശ്രേഷ്ട വ്യക്തിത്വമായിരുന്നു വന്ദ്യ അച്ചന്റേത് . മലങ്കര ഓർത്തഡോൿസ് സഭയുടെ ഇന്നു കാണുന്ന സമൃദ്ധമായ അമേരിക്കൻ ഭദ്രാസനത്തിന്റെ ശില്പികളിൽ ഒരാളാണ് അച്ചൻ . എഴുപതുകളിൽ അമേരിക്കയിൽ എത്തി ന്യൂയോർക്കിൽ താമസിച്ചു അമേരിക്കയുടെ തെക്കും വടക്കും ബഹുദൂരം യാത്ര ചെയ്തു വിശ്വാസികളെ സംഘടിപ്പിച്ചു പള്ളികൾ സ്ഥാപിച്ചു സഭയുടെ കൊമ്പ് അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉയർത്തിയ ഒരു ആചാര്യശ്രേഷ്ഠനാണ് വിട പറയുന്നത് . തന്റെ ഔദ്യോഗിക ജീവിതം മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഉഴിഞ്ഞു വച്ചതായിരുന്നു . കേരളത്തിലെ ഒരു ദേവാലയത്തിന്റെ ശില്പ ചാരുതയോടെ ന്യൂയോർക് ലെവിറ്റ് ടൗണിൽ തലയുയർത്തി നിൽക്കുന്ന സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയം അച്ചന്റെ കഠിന പ്രയത്നത്തിന്റെയും പ്രാർത്ഥനാ അനുഭവത്തിന്റെയും നേർക്കാഴ്ചയാണ് . “നല്ലവനും വിശ്വസ്തനുമായ ദാസാ” എന്ന വിളി കേൾക്കുവാൻ നിശ്ചയമായും അച്ചന് ഇടയാകുമെന്നു ഉറച്ചു വിശ്വസിക്കുന്നു .
വ്യക്തി പരമായി അച്ചനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് എനിക്ക് . ആദ്യമായി അമേരിക്കയിൽ ഒരു കോൺഫെറെൻസിനായി എത്തുമ്പോൾ ന്യൂയോർക്കിൽ പരിചയക്കാരോ ബന്ധുക്കളോ ഒന്നും എനിക്കുണ്ടായിരുന്നില്ല . തീർത്തും ഒരു അപരിചിതനായ എന്നെ – സഭാ കേന്ദ്രത്തിൽ ശുശ്രൂഷ അനുഷ്ഠിക്കുന്ന ഒരു വൈദീകൻ എന്ന ഒരു പരിഗണന മാത്രം മുൻനിറുത്തി – എയർപോർട്ടിൽ വന്നു സ്വീകരിക്കുകയും പിന്നീട് ഒരു മാസത്തേക്ക് ആ വീട്ടിൽ താമസിപ്പിച്ചു ഹൃദയ സ്പർശിയായ ആതിഥ്യം അരുളുകയും ചെയ്തു . ഈ ദിവസ്സങ്ങളിൽ ഒരുമിച്ചു നമസ്കരിക്കുവാനും സഭയെ സംബന്ധിച്ച അനേകം കാര്യങ്ങൾ പരസ്പരം പങ്കു വയ്ക്കുവാനും കഴിഞ്ഞത് നന്ദിപൂർവം ഓർക്കുന്നു . സഭാസ്നേഹം ജ്വലിച്ചു നിന്ന ഒരു തീഷ്ണമതിയായിരുന്നു അച്ചൻ.
സെന്റ്തോമസ് പള്ളിയിൽ അദ്ദേഹം കേവലം ഒരു വൈദീകൻ മാത്രമല്ലായിരുന്നു . ആബാലവൃദ്ധം എല്ലാവരുടെയും സ്നേഹ നിധിയായ പിതാവായിരുന്നു . പള്ളിയിൽ കൈമുത്തിന് ശേഷം എല്ലാ യുവതീയുവാക്കളും കുഞ്ഞുങ്ങളും അവിടെ ദീർഘ നേരം കാത്തു കാത്തു നിന്ന് അച്ചൻ അപ്പച്ചന് ഉമ്മ കൊടുത്തിട്ടു പോകുന്ന രംഗം ആരെയും രോമാഞ്ചമണിയിക്കുന്നതായിരുന്നു . നമ്മുടെ അച്ചന്മാർ കണ്ടു പഠിക്കേണ്ട ശ്രേഷ്ഠമായ പാഠം !!!പള്ളിയിലെ കുഞ്ഞുങ്ങൾക്കായി ശനിയാഴ്ചകളിൽ അച്ചന്റെ വീട്ടിൽ മലയാളം ക്ലാസുകൾ നടത്തുന്നുണ്ടായിരുന്നു . എൽസി കൊച്ചമ്മ ഈ കുട്ടികൾക്കെല്ലാം ഭക്ഷണം ഒരുക്കി അവർക്കു മലയാളം പഠിപ്പിച്ചു കൊടുക്കും . ഇതിൽ കൂടുതൽ ഒരു വൈദീക കുടുംബം എന്ത് ചെയ്യാനാണ്!! ഒരു മാസത്തോളം അച്ചന്റെ വീട്ടിൽ താമസിച്ചു നാട്ടിലേക്കു മടങ്ങിയപ്പോൾ ഒരു കല്പനയും തന്നു . “അമേരിക്കയിൽ എപ്പോൾ വന്നാലും ഈ വീട്ടിൽ താമസിച്ചു കൊള്ളണം” . പിന്നീട് പല കാര്യങ്ങൾക്കായി പോയപ്പോഴും അച്ചന്റെ വാക്ക് അനുസരിച്ചു ആ വീട്ടിലാണ് ഞാൻ കൂടുതൽ താമസിച്ചിട്ടുള്ളത് . വന്ദ്യ ശങ്കരത്തിൽ വല്യച്ചന് ഒരു പകരക്കാരൻ ഇനി ഉണ്ടാവാൻ ഇടയില്ല. ധന്യവും കുലീനവുമായ ആ ജീവിതം നമുക്ക് ഒക്കെ മാതൃകയാവട്ടെ . വന്ദ്യ അച്ചന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു . വന്ദ്യ ആചാര്യാ, സമാധാനത്തോടെ പോവുക !!!