യുഎഇ: ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ അടുത്ത പ്രസിഡന്റായിരിക്കുമെന്ന് സുപ്രീം കൗൺസിൽ ശനിയാഴ്ച പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിട്ടാണ് അറുപത്തി ഒന്ന് വയസ്സുകാരനായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിരഞ്ഞെടുക്കപ്പെടുന്നത്. 2004 മുതൽ അബുദാബിയുടെ കിരീടാവകാശിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം അബുദാബിയുടെ പതിനേഴാമത് ഭരണാധികാരികൂടിയാണ്. ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങളിൽ നിന്ന് ശനിയാഴ്ച്ച വിളിച്ചു ചേർത്ത സുപ്രീം കൗൺസിലാണ് പുതിയ പ്രസിഡണ്ടിനെതിരഞ്ഞെടുത്തത്. മെയ് 13 ന് 73 ആം വയസ്സിൽ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പിൻഗാമിയായിട്ടാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡണ്ട് ആകുന്നത്.
യുഎഇ സായുധസേനയുടെ തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘടനാ ഘടന, പ്രതിരോധ ശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും, യുഎഇ സായുധസേനയെ വികസിപ്പിക്കുന്നതിലും, 2005 ജനുവരി മുതൽ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായ്ദ് അൽ നഹ്യാൻ പ്രശസ്തനാണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുഎഇ സായുധസേന അന്താരാഷ്ട്ര സൈനിക സംഘടനകളുടെ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ശനിയാഴ്ച പുലർച്ചെ പോസ്റ്റ് ചെയ്ത വികാരനിർഭരമായ ഒരു കവിതയിൽ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തൻ്റെ ദുഃഖം രേഖപ്പെടുത്തി.
“അല്ലാഹു മുഹമ്മദ് ബിൻ സായിദിന് ക്ഷമ നൽകട്ടെ, അവന്റെ പാത ലഘൂകരിക്കട്ടെ, കാരണം അവൻ ശൈഖ് ഖലീഫയുടെ പാരമ്പര്യത്തിന്റ യഥാർത്ഥ വാഹകനാണ്.”
“ഭരണാധികാരിയെ അനുസരിക്കുന്നത് ഒരു കടമയായതിനാൽ സ്നേഹത്തോടെയും സത്യസന്ധതയോടെയും ഞാൻ അദ്ദേഹത്തോട് കൂറും പിന്തുണയും പ്രതിജ്ഞ ചെയ്യുന്നു,” എന്ന് കുറിച്ചു കൊണ്ട് കവിത ഉപസംഹരിച്ചു.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മരണത്തെത്തുടർന്ന് വെള്ളിയാഴ്ച യുഎഇ 40 ദിവസത്തെ ദുഃഖാചരണം ആരംഭിച്ചു. ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സർക്കാർ, സ്വകാര്യ ഓഫീസുകൾ അടച്ചിട്ടിരിക്കുന്നു, മെയ് 17 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.
റിപ്പോർട്ടർ,
രവി കൊമ്മേരി.