ചിക്കാഗോ: കേരളത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി ലോകത്തിന്റെ ഈറ്റില്ലമായ ചിക്കാഗോയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് -ഐ.ഒ.സി (N) ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് കേരളത്തിലെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു. ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ കേരളത്തിലെ യു.ഡി.എഫ് നേതാക്കളുമായി സൂം മീറ്റിംഗിലൂടെ ആശയവിനിമയം നടത്തുകയും ചെയ്തു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയും പൊള്ളത്തരവും തുറന്നുകാട്ടിക്കൊണ്ട് കേരളത്തിന്റെ ജനഹൃദയങ്ങളിലൂടെ ജൈത്രയാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിയും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂര്യതേജസുള്ള പ്രിയ നേതാവ് പ്രിയങ്കാ ഗാന്ധിയും മലയാളിയുടെ ഹൃദയത്തുടിപ്പുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഐക്യജനാധിപത്യമുന്നണിയുടെ വിജയം ഉറപ്പിച്ച്, ഈ നാടിന്റെ, ഇവിടുത്തെ മതങ്ങളുടെ, ആചാരങ്ങളുടെ, പൈതൃകങ്ങളുടെ, സംസ്കാരത്തിന്റെ സംരക്ഷകരായി മാറുവാന്‍ കേരളത്തില്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് ഉദ്‌ബോധിപ്പിച്ചു.

മാര്‍ച്ച് 30-ന് ചൊവ്വാഴ്ച വൈകിട്ട് 6.30-ന് ബാര്‍ട്ട്‌ലൈറ്റില്‍ വച്ചു നടത്തപ്പെട്ട യോഗത്തില്‍ ഐ.ഒ.സി (എന്‍) ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ലൂയി ചിക്കാഗോ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. കൂടാതെ ഐ.ഒ.സി നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും, യുഡിഎഫ് ചെയര്‍മാനുമായ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡൊമിനിക്ക് തെക്കേത്തല, സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി, പഞ്ചാബ് നാഷണല്‍ പ്രസിഡന്റ് കൃഷന്‍ ശര്‍മ്മ, ട്രഷറര്‍ രാജന്‍ തോമസ്, ഐ.ടി. കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ഉതുപ്പാന്‍, തോമസ് മാത്യു (അഡൈ്വസറി ബോര്‍ഡ്) തുടങ്ങി നിരവധി പേര്‍ യുഡിഎഫിന്റെ വിജയത്തിനായി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
റിപ്പോര്‍ട്ട്: സിനു പാലയ്ക്കത്തടം
IOC (N) General Secretary, Chicago
