17.1 C
New York
Monday, September 27, 2021
Home Literature യാത്രിയോം കൃപയാ ധ്യാൻ ദീജിയെ (കഥ)

യാത്രിയോം കൃപയാ ധ്യാൻ ദീജിയെ (കഥ)

✍വി.കെ.അശോകൻ

ഇടപ്പള്ളി പള്ളിയുടെ മുന്നിൽ ഓട്ടോയിൽ നിന്നുമിറങ്ങി. ഗീ വർഗീസ് പുണ്യാളന്റെ തിരുരൂപത്തിന് മുന്നിൽ വണങ്ങി. പകലോ രാത്രിയോ എന്നില്ലാതെ ഏത് സമയത്തും തിരുരൂപത്തിന് മുന്നിലെത്താം……. ഓരോ യാത്ര പോകുമ്പോഴും ഒരു പ്രാർത്ഥനയോടെയാണ് തുടങ്ങുക. ഗണപതി ക്ഷേത്രം തുറന്നിരിക്കുന്ന സമയമാണെങ്കിൽ അവിടെയും പ്രാർത്ഥിക്കും…. വിഘ്നങ്ങൾ മാറുവാൻ ഒരു തേങ്ങ എറിഞ്ഞുടക്കും…. വിഘ്‌നേശ്വരനും പുണ്യാളനുമിടയിൽ ഒരു അന്തർധാരയുണ്ടത്രേ…. പുണ്യാളന്റെ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത് ഗണപതി ക്ഷേത്രത്തിലാണ്. ഒരു പക്ഷെ അവർ രണ്ടുപേരും കൈ കോർത്ത് ഈ വഴിയൊക്കെ നടക്കുന്നുണ്ടാവാം…..
ബ്രഹ്മാണ്ഡമായ ഈ ലോകത്തിൽ ഓരോ നിമിഷത്തിന്റെ സ്പന്ദനത്തിലും അനേകം പ്രാർത്ഥനകൾ നടക്കുന്നുണ്ടാവണം. എല്ലാ മനുക്ഷ്യരും ഒരേ സമയം ഉറങ്ങാതിരിക്കാനാവണം സൂര്യൻ പലയിടങ്ങളിൽ പല സമയത്തുണരുന്നത്…..
പള്ളിയും പരിസ്സരവും പെരുന്നാൾ കൊണ്ടാടുന്നതിന്റെ അലങ്കാരത്തിലും തിരക്കിലുമായിരുന്നു. അതിനിടയിലാണ് മനസ്സ്‌ കുരങ്ങിനെ പോലെ എവിടെയൊക്കെയോ ചാടി ചാടി പോകുന്നത്. കവി ഭാവനയിൽ മനസ്സ് മാന്ത്രിക കുതിരയാണ്…… പക്ഷെ ചാഞ്ചാട്ടം കൂടുതൽ കുരങ്ങിനാണല്ലോ…… തനിക്കുള്ള ട്രെയിനിന് ഒരു പാട് സമയമുണ്ട്. ഭാരമുള്ള ബാഗില്ലായിരുന്നുവെങ്കിൽ ഈ തിരക്കിലൂടെ നടക്കാമായിരുന്നു. അടുത്തുള്ള ലുലു മാളിലേക്ക് കയറാതിരുന്നതും അത് കൊണ്ട് തന്നെ…… കയറിയാൽ എന്തെങ്കിലുമൊക്കെ വാങ്ങാൻ തോന്നും…. ചുമക്കേണ്ട ഭാരം കൂടും…. ആലുവയിലേക്കുള്ള ബസ്സുകൾ ഇടതടവില്ലാതെ വന്ന് പോയി കൊണ്ടിരിക്കുന്നു.

കുറച്ചു നേരം കാഴ്ചകൾ കണ്ട് നിന്നപ്പോൾ മുഷിവ് തോന്നി. എല്ലാ കാര്യത്തിലും അങ്ങനെയാണല്ലോ. കാണാൻ ആഗ്രഹിച്ചിരുന്ന കാഴ്ചകൾ കുറെ കണ്ട് കഴിയുമ്പോൾ, ഓ ഇത്രയേ ഉള്ളോ … എന്ന തോന്നലാകും.
അപ്പോൾ രണ്ട് ബസ്സുകൾ ഒന്നിച്ചു വന്നു നിന്നു. ആലുവാ…..ആലുവാ എന്ന ഉച്ചത്തിലുള്ള ആരവം രണ്ട് ബസ്സിൽ നിന്നുമുണ്ടായി. പിറകിൽ നിൽക്കുന്ന ബസ്സിൽ സീറ്റൊഴിവ് കണ്ട് അതിൽ കയറിയിരുന്നു. മുന്നിലെ ബസ്സ്‌ നീങ്ങി തുടങ്ങുന്നതിനോടൊപ്പം ഈ ബസ്സും നീങ്ങുകയാണ്. രണഭൂമിയിൽ രഥം പൊടി പറപ്പിച്ചു നീങ്ങുന്ന പോലെ വാഹന വ്യുഹങ്ങൾക്കിടയിലൂടെ ബസ്സിനെ ചീറി പായിക്കുകയാണ് ഡ്രൈവർ. ചവുട്ടു പടിയിൽ നിന്ന് കൊണ്ട് ഡോറിൽ പെരുമ്പറ മുഴക്കി ചെറു വാഹനങ്ങളെ പേടിപ്പിക്കുകയാണ് കിളി…അതിനൊടോപ്പം തന്നെ താളത്തിൽ ബെല്ലടിച്ചു കൊണ്ടിരിക്കുന്നുണ്ട്. ബെല്ലടി ശബ്ദം ഡ്രൈവർക്കാവേശവും നൽകുന്നു.
ബസ്സ്‌ കളമശ്ശേരിയിലെത്തി… വീതി കുറഞ്ഞ റോഡിലേക്ക് കയറിയപ്പോളാണ് എൻ.എ.ഡി. വഴി പോകുന്ന ബസ്സ്‌ ആണെന്ന് മനസ്സിലായത്. വാച്ചിൽ സമയം നോക്കി…..തൻ്റെ ട്രെയിനിനിയും സമയമുണ്ട്….. പതുക്കെ എത്തിയാലും മതി. എങ്കിലും കണ്ടക്ടറോട്‌ ചോദിയ്ക്കാൻ തോന്നി……
ഇത് എൻ.എ.ഡി. വഴിയാണെന്ന് കയറുമ്പോൾ പറയണ്ടേ….
ബോർഡ് നോക്കൻ മേലായിരുന്നോ ചേട്ടായി…. എഴുതി വെച്ചിട്ടുണ്ടല്ലാ…. കണ്ടക്ടർ അലക്ഷ്യമായി പറഞ്ഞു.
അപ്പോഴാണ് മുൻ സീറ്റിലിരുന്ന ഒരു മധ്യവയസ്കൻ തല തിരിച്ചു് എന്നോട് ചോദിച്ചത്…
സാറെ…ഇത് ആലുവ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ കൂടെ തന്നെയല്ലേ പോകുക….
അതെയതേ….

അയാളുടെ മുഖത്ത് ഒരു ആധിയുള്ളത് പോലെ…… പുറമെ കാണുന്ന പച്ച പിടിച്ച വയലുകളോ വെള്ളകെട്ടുകളോ ഒന്നും നോക്കാതെ ഇടയ്ക്കിടെ അയാൾ വാച്ചിൽ നോക്കുന്നു. ഒരാളുടെ ആധി മറ്റൊരാൾക്ക് രസമാണല്ലോ….. ഞാൻ അയാളെ ഇടയ്ക്കിടെ നോക്കിയിരുന്നു. ബസ്സപ്പോൾ നേവൽ ക്വാർട്ടേഴ്‌സ് താണ്ടി….. കോമ്പാറ കഴിഞ്ഞു…..വഴിയരികിൽ ഒരു പഴയ പീടിക മുറിക്ക് മുന്നിൽ പഴമ തോന്നിക്കുന്ന ഒരു ബോർഡ്… തിരക്കഥ എഴുതി കൊടുക്കപെടും…… അപ്പോൾ ഒരു സംശയം തോന്നി…
തിരക്കഥ സിനിമക്ക് വേണ്ടിയാകുമോ….അതോ ജീവിതത്തിന്റെ തിരക്കഥയാണോ ? രണ്ടായാലും എഴുതുന്നയാൾ പച്ച പിടിച്ചിട്ടില്ല……. ബസ്സ് അപ്പോഴേക്കും ഒരു കയറ്റം കയറി….. മുന്നിലിരിക്കുന്ന ആൾ അക്ഷമനാവുകയാണ്……
വെറുതെ ഒന്ന് പരിചയപ്പടണമെന്ന് തോന്നി. ഒരു പക്ഷെ എന്തെങ്കിലും സംസാരിച്ചു കൊണ്ടിരുന്നാൽ അയാളുടെ ആധി കുറയുമായിരിക്കാം….
അയാളെ തോണ്ടി വിളിച്ചു…. ഏത് ട്രെയിനിനാ പോകേണ്ടത്…
കെ.കെ. എക്സ്പ്രെസ്സിനാന്നെ…..സമയമാകുന്നു…. അതെങ്ങാനും വിട്ടുപോയാൽ….
എന്താ പേര് …
സോളമൻ ….
എറണാംകുളത്തെവിടെയാ …
ഓ ..ഞങ്ങളങ്ങ് കുറച്ചു് തെക്ക് നിന്നാ……ഇവിടെ പെണ്ണുമ്പിള്ളേടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാൻ വന്നതാ…. അവൾക്ക് കുറെയായി ഒരു വല്ലായ്മയാന്നെ…… മോളങ്ങു വിജയവാഡയിലാ ….. നേഴ്സ്സാ….. അവള് പെട്ടെന്ന് ടിക്കറ്റൊക്കെ ബുക്ക് ചെയ്ത് റിപ്പോർട്ടും വാങ്ങി അങ്ങോട്ട് വരാൻ പറഞ്ഞു. ഇപ്പൊ ഒന്നിനും ഒരു സമയോം ഇല്ലാത്ത പോലെ….. ഇന്ന് കാലത്തേ കെട്ടും കെട്ടി ഇറങ്ങിയതാന്നെ…. രണ്ട് ദിവസ്സം മുമ്പാ ചെക്ക്അപ്പിന് വന്ന് പോയെ…. അന്നേ റിപ്പോർട്ട് തന്നിരുന്നെങ്കി, കോട്ടയത്തു നിന്നങ്ങു വണ്ടി കയറിയാ മതിയായിരുന്നു…..

അയാൾ അങ്ങിനെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഏതാണ്ട് കാര്യങ്ങൾ പിടി കിട്ടി. അവർക്കെന്തോ കാര്യമായ ആരോഗ്യ പ്രശ്നമുണ്ട്. എറണാംകുളത്തെ ഏതോ വലിയ ആശുപത്രിയിൽ ചെക്ക് അപ്പിന് വന്നിരിക്കണാം. മകൾ ഇപ്പോൾ അവരെ അങ്ങോട്ട് കൊണ്ടുപോകുന്നത് കാര്യമായ രോഗമുള്ളത് കൊണ്ടാവണം. അനേകം അച്ഛനമ്മമാരെ പോലെ നാട്ടിൽ ഇവരും തനിച്ചായിരിക്കും…..
ബസ്സ്‌ സ്റ്റേഷന് മുന്നിലെത്തി. അയാളെ തോണ്ടി ഇറങ്ങാൻ പറഞ്ഞു. അയാൾ എടുത്താൽ പൊന്താത്ത ഒരു ബാഗുമായി മുന്നോട്ട് പോയി. ഭാര്യയെ വിളിച്ചിറക്കാനാവണം….
ഞാൻ പതുക്കെ റോഡ് മുറിച്ചു കടന്നു. സ്റ്റേഷൻ കവാടത്തിൽ എത്തിയപ്പോഴാണ് പഴയ ഒരു സംഭവം ഓർത്തത്. അന്നും ഇത് പോലെ ഇവിടെയെത്തിയപ്പോഴാണ് ഒരാൾരൂപം പൊതിഞ്ഞു കെട്ടി ഒരു ആംബുലൻസിൽ കയറ്റുന്നത് കണ്ടത്…….. സ്റ്റേഷനകത്ത് അടക്കം പറച്ചിൽ കേട്ടു….. ആള് കാലിയായി ….ഫോണിൽ സംസാരിച്ചുകൊണ്ട് നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറാൻ നോക്കിയതാണ്…..
അതാരായിരിക്കും എന്ന ആകാംഷ പിറ്റേന്നത്തെ പത്രവാർത്ത വരെ നിന്നു. പ്രശസ്തനായ ഒരു വ്യാപാരി….കൗശലക്കാരൻ…. പക്ഷെ ഒരു ചെറിയ അശ്രദ്ധ….
ടിക്കറ്റ് കൗണ്ടറിലെ തിരക്കൊക്കെ വെറുതെ ഒന്ന് നോക്കി…. ഇൻഫോർമേഷൻ കൗണ്ടറിന് മുന്നിലെ വൈറ്റ് ബോർഡിൽ തെക്കോട്ടുള്ള ട്രെയിനുകൾ, വടക്കോട്ടുള്ള ട്രെയിനുകൾ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. റയിൽവേക്ക് ദിശാബോധം ഇല്ലെന്ന് ആരാണ് പറയുക….ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിലെ ബുക്ക് സ്റ്റാളിനു മുന്നിൽ കുറച്ചു നേരം വാരികകൾ പരതി. അപ്പോൾ മൂന്നാം നമ്പർ ഫ്ലാറ്റ് ഫോമിലേക്ക് കെ.കെ എക്സ്പ്രസ്സ് ഇരച്ചു വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
അവർ അപ്പുറത്തെത്തിയിരിക്കുമോ ? ഞാൻ ആകാംഷയോടെ അവരെ തിരഞ്ഞു. അവരപ്പോൾ പതുക്കെ നടന്ന് വരുന്നതേയുള്ളൂ….
ചേട്ടാ…ഇതേ വണ്ടി വന്നു നിൽക്കുന്നു….പെട്ടെന്ന് ചെല്ലൂ….അധികം സമയമില്ല ….
എടി…ഒന്ന് വേഗം നട…. ട്രൈയിനങ്ങു പോകും…

അവരിനി നടന്ന് ഫ്ലൈ ഓവർ കയറി അപ്പുറത്തെത്തുമ്പോഴേക്കും വണ്ടി പോകും. ഞാനവരെ കൈ പിടിച്ചു പാളത്തിലേക്കിറക്കി,അപ്പുറത്തെ ഫ്ലാറ്റ് ഫോമിലേക്ക് കയറ്റി…. ബാഗുകൾ എടുത്തുകൊടുത്തു. ഏതെങ്കിലും ഒരു കംപാർട്മെന്റിൽ പെട്ടെന്ന് കയറുവാൻ പറഞ്ഞു. ചെയ്യാൻ പാടാത്തതാണ്….. നിയമ വിരുദ്ധമാണ്….. ചെറുതോ, വലുതോ ആയ നിയമ ലംഘനങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്…..
തൻ്റെ ബാഗെടുക്കാൻ വേണ്ടി തിരിച്ചു കയറുമ്പോഴാണ് അപ്പുറത്തു ബഹളവും ആരുടെയൊക്കെയോ അലർച്ചയും കേട്ടത്. നീങ്ങി തുടങ്ങിയ ട്രെയിൻ നിന്നു. ആൾക്കൂട്ടത്തിനിടയിൽ ഒന്നും മനസ്സിലാകുന്നില്ല. ഇപ്പോൾ ആരൊക്കൊയെ വഴക്ക് പറയുന്ന ശബ്ദം കേൾക്കാം….പലരും ഞെട്ടലിൽ നിന്നും മുക്തമാവാത്ത പോലെ നിൽക്കുന്നു. ട്രെയിൻ നീങ്ങി തുടങ്ങി…. ആൾകൂട്ടം കൊഴിയാൻ തുടങ്ങി…. ബാഗുമായി പടികൾ കയറുമ്പോൾ എതിരെ വന്ന ആളോട് ചോദിച്ചു….. എന്ത് പറ്റിയതാ…
ഒരു പെണ്ണുമ്പിള്ള വണ്ടിക്കടി വീഴേണ്ടതായിരുന്നു….. ഭാഗ്യത്തിന് ആരോ തൂക്കി എടുത്തു….
മനസ്സൊന്ന് വിങ്ങി…ഇനി അവരായിരിക്കുമോ….. വേഗം പടികളിറങ്ങി… ഇപ്പോഴും ഒരു ചെറിയ ആൾകൂട്ടം…
ഓരോരുത്തരും ഓരോന്ന് പറയുന്നു.
-ട്രെയിനിലൊക്കെ നോക്കി കയറണ്ടേ….
-സമയത്തിന് വന്നിരുന്നേൽ വല്ല പ്രശ്നവും ഉണ്ടാവുമായിരുന്നോ…
-ഞാൻ കണ്ടതാ….ഇവരീ പാളം ചാടി കടന്നാ വന്നത്….
-ഓ …വല്ലതും പറ്റിയിരുന്നേൽ
-എന്തിനവരെ പറയുന്നു…..ഇങ്ങേരെ പറയണം. ഇങ്ങേരല്ലേ അവരെ നോക്കേണ്ടത്….
പറയേണ്ടതൊക്കെ പറഞ്ഞു എന്ന ആശ്വാസത്തോടെ ഓരോരുത്തരായി പിരിഞ്ഞു. അപ്പോൾ രണ്ട് കസ്സേരകളിൽ മുഖം താഴ്ത്തിയിരിക്കുന്ന സോളമനും ഭാര്യയും…. അവർ ഒരു കൈ കൊണ്ട് തോൾ ഭാഗം തടവുന്നുണ്ട്…..
ട്രെയിനിൽ കയറാൻ പറ്റാത്തതിന്റെയും, ആളുകൾ ചീത്ത പറഞ്ഞതിന്റെയും ഒക്കെ ആഘാതത്തിലാണവർ…… അപകടത്തിൽ നിന്നും രക്ഷപെട്ടതാണ്‌ എന്ന് ചിന്തിക്കാൻ അവർക്ക് കഴിയുന്നില്ല…. അല്ല കഴിയില്ല. അവരുടെ അവസ്ഥ അതാണല്ലോ….
അവരെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ അടുത്തേക്ക് ചെന്നു…..
അയാളുടെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു….. ചേട്ടാ , എന്തായാലും അപകടമൊന്നും സംഭവിച്ചില്ലല്ലോ…..അങ്ങിനെ ആശ്വസിക്കു….
അത്രയും നേരം ഒരു വീർപ്പുമുട്ടലിൽ ആയിരുന്ന സോളമൻ ഒന്ന് മൂരിനിവർന്നു…… പിന്നെ ആരോടൊക്കെയോ ദേഷ്യം തീർക്കാനെന്ന വണ്ണം ഭാര്യയെ നോക്കി പൊട്ടി തെറിച്ചു…… നിനക്കൊക്കെ പോയി ചത്തൂടെ…. മനുക്ഷ്യന്മാരെകൊണ്ട് പറയിപ്പിക്കാനായിട്ട്……
കേട്ടവർക്ക് അതൊരു തമാശയായി തോന്നി….. ഒരു മരണത്തിൽ നിന്നും രക്ഷപെട്ടവരോടാണ് പോയി ചാകാൻ പറയുന്നത്…..
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോഴാണ് അനൗൺസ്‌മെൻറ് മുഴങ്ങിയത്…..യാത്രിയോം കൃപയാ ധ്യാൻ ദീജിയെ……. ഞാനവിടെ നിന്നും മുന്നോട്ട് നീങ്ങി. അപ്പുറത്തെ ബെഞ്ചിലിരുന്ന്‌ എല്ലാം കണ്ടും കേട്ടുമിരുന്ന ഒരാൾ ചോദിച്ചു….. ഓര് കയ്ച്ചിലായി ല്ലെ ……
ഞാൻ തലയാട്ടി…..പിന്നെ മനസ്സിൽ പറഞ്ഞു….ഓര് മാത്രമല്ല….ഞമ്മളും കയ്ച്ചിലായി…..എന്തെങ്കിലും സംഭവിച്ചരിന്നുവെങ്കിൽ ഞാനും ഉത്തരവാദിയായിരുന്നല്ലോ……..

✍വി.കെ.അശോകൻ
സാകേതം, കൊച്ചി

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: